വില്ലൻ കൊറോണാ
അനുമോൾ ആകെ വിഷമത്തിലാണ്.പരീക്ഷയില്ല, പഠിത്തം ഇല്ല, സ്കൂൾ അടച്ചു. എന്നിട്ടും ഒരു പ്രയോജനവും ഇല്ല കൂട്ടുകാരുമൊത്തു കളിക്കാൻ പോകാനും പറ്റുന്നില്ല. പള്ളിയിലും പാർക്കിലും എന്തിനു വീടിനു പുറത്തിറങ്ങാൻ പോലും പറ്റുന്നില്ല. കഥപുസ്തകങ്ങളും കളർപെൻസിലും കാരംസ്ബോർഡും ടി.വിയും മാത്രം ശരണം. ഏതായാലും അച്ഛനും അമ്മയും ജോലിക്കു പോകുന്നില്ല. ഈ കൊറോണ ആള് കൊള്ളാവല്ലോ. ഇവൻ ആരാന്നു അമ്മയോട് ചോദിക്കാം. അനുമോൾ അമ്മേ….അമ്മേ… എന്നു വിളിച്ചു കൊണ്ട് അടുക്കളയിലേക്കു ഓടി.
അമ്മ പാത്രം കഴുകുന്ന തിരക്കിലാണ്. "എന്താ അനുമോളെ ഇങ്ങനെ വിളിച്ചു കൂവുന്നത്. ഞാൻ ഇവിടെയുണ്ട്. നീ കൈ കഴുകിയോ" അമ്മ ചോദിച്ചു. "ആഹാരം കഴിക്കുന്നതിനു മുൻപും പിൻപും കൈ കഴുകണമെന്നാ ടീച്ചർ പറഞ്ഞിട്ടുള്ളത്. പിന്നെ എന്തിനാ എപ്പോഴും കൈ കഴുകുന്നത്." "അതൊക്കെ ശരിയാമോളെ., ഇപ്പോഴേ.. 'കൊറോണ' എന്നൊരു വൈറസ് ലോകത്തു പടർന്നു പിടിക്കുകയാണ്. അതിൽ നിന്ന് രക്ഷ പെടുവാനാണ് കൈ കഴുകാൻ പറയുന്നത്." "എന്താണമ്മേ കൊറോണ." അവൾ അമ്മയോട് ചോദിച്ചു . "വാ മോളെ പറഞ്ഞു തരാം." ഇത് പറയുന്നതിനിടയിൽ അമ്മ അവളുടെ കൈ കഴുകിച്ചു. അവളെ അടുത്തിരുത്തി പറഞ്ഞുതുടങ്ങി. "വൗവ്വാലുകളിൽ കാണപ്പെടുന്ന ഒരു വൈറസാണിത്. ചൈനയിലാണ് ഇതു ആദ്യമായ് കണ്ടെത്തിയത്. അവിടെയുള്ള ആളുകൾ നമ്മളെപ്പോലെയല്ല. അവർ എല്ലാത്തരം പക്ഷികളെയും മൃഗങ്ങളെയും കൊന്നു ഇറച്ചി തിന്നും. വൗവ്വാലുകളിൽ നിന്ന് ഈ വൈറസ് മനുഷ്യശരീരത്തിൽ കയറി ഒരാഴ്ചക്കുള്ളിൽ രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങും. പനി, ചുമ, തൊണ്ടവേദന, ശ്വാസം മുട്ടൽ അങ്ങനെ പല തരം രോഗലക്ഷണങ്ങൾ കാണിക്കും ആരോഗ്യം ഇല്ലാത്തവർക്കും കൃത്യമായ ചികിത്സ ലഭിക്കാത്തവർക്കും മരണം ഉണ്ടാകാം. ഈ കൊറോണാ വൈറസിനെ കോവിഡ് - 19 എന്ന പേരാണ് കൊടുത്തിരിക്കുന്നത്." "അതിനു നമ്മൾ വൗവ്വാലിന്റെ ഇറച്ചി കഴിക്കുന്നില്ലല്ലോ അമ്മേ…" അനുമോൾ ചോദിച്ചു. "അമ്പടി കേമി നീ കൊള്ളാമല്ലോ മോളെ. ഈ വൈറസ് ബാധ ഉള്ളവരുമായി അടുത്തിടപെട്ടാൽ ഈ വൈറസ് നമ്മിലേക്കും പകരും. നമ്മുടെ കൈയിൽ പറ്റിപിടിക്കുന്ന വൈറസ് നമ്മുടെ കൈകളിൽ നിന്ന് മൂക്കിലും കണ്ണിലും വായിലും തൊടുമ്പോൾ നമ്മുടെ ശരീരത്തിൽ എത്തുന്നു. ഇവൻ നമ്മുടെ ശ്വാസകോശത്തെയാണ് പിടികൂടുന്നത്." "അമ്മേ ഈ കൊറോണ ആളൊരു വില്ലൻ തന്നെ ആണല്ലോ". "അതേ അനുമോളേ അതുകൊണ്ട് നമ്മുക്ക് ഒന്നുകൂടി കൈകഴുകിയേക്കാം". "ശരി അമ്മേ നമ്മുക്ക് കൈ കഴുകി ആ വില്ലനെ കൊന്നുകളയാം". അവർ വാഷ്ബൈസ്‌നറെ അടുത്തേക്ക് നടന്നു.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ
|