കരിപ്പാൽ എസ് വി യു പി സ്കൂൾ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യാലയ ചരിത്രം

1950 ജനുവരി രണ്ടാം തീയതിയാണ് അന്നത്തെ മദ്രാസ് സംസ്ഥാനത്തിലെ മലബാർ നോർത്ത് ജില്ലാ വിദ്യാഭ്യാസ അധികൃതരുടെ അംഗീകാരത്തോടെ ഈ സ്ഥാപനം നിലവിൽ വന്നതെങ്കിലും അതിനു വളരെ മുൻപ് തന്നെ ഇതിന്റെ ചരിത്രമാരംഭിക്കുന്നുണ്ട്. ഈ വിദ്യാലയത്തിന്റെ സ്ഥാപക മാനേജർ പരേതനായ ശ്രീ കെ.കെ. നാരായണൻ നമ്പ്യാരുടെ വീടിന്റെ വരാന്തയിലായിരുന്നു തുടക്കം. അക്ഷരമാകുന്ന  താക്കോൽ കൊണ്ട് മാത്രമേ അറിവിന്റെ വാതായനങ്ങൾ തുറക്കാൻ സാധിക്കുകയുള്ളൂയെന്ന് വളരെ മുൻകൂട്ടി കണ്ട അദ്ദേഹം തന്റെ വീടിന്റെ ഉമ്മറത്ത് പലകമേൽ മണൽ നിരത്തി തന്റെ കുടുംബത്തിലും പുറത്തുമുണ്ടായിരുന്ന കുറച്ചു കുട്ടികളെ അതിനു മുന്നിലിരുത്തി അക്ഷരം പഠിപ്പിക്കാനുള്ള വേദിയൊരിക്കുകയിരുന്നു. ഇന്നത്തെപ്പോലെ സ്ലേറ്റും പെൻസിലുമോ, കടലാസും പേനയുമോ ലഭ്യമല്ലാത്തിരുന്ന അന്നത്തെക്കാലത്ത് മണലിൽ വിരൽ ഉപയോഗിച്ചാണ് എഴുതിയിരുന്നത്. ശ്രീ സി. സി. ചാത്തു നമ്പ്യാരായിരുന്നു ആദ്യത്തെ എഴുത്താശാൻ. പിന്നീട് കോഴിപ്രയിലുള്ള തെയ്യം കലാകാരനായ ശ്രീ. വണ്ണാൻ കണ്ണൻ എന്നയാളെ കൊണ്ടുവന്നു പ്രതിഫലം കൊടുത്തുകൊണ്ടുതന്നെ പഠന പ്രവർത്തനം തുടർന്നു. കുട്ടികളിൽ നിന്നും ഒരു രൂപ വീതം വാങ്ങിയാണ് അദ്ദേഹത്തിന് പ്രതിഫലം കൊടുത്തത്.

തുടർന്ന് വീടിന്റെ സമീപത്തു ഒരു ഓലഷേഡ്ഡ് കെട്ടിയുണ്ടാക്കി. അദ്ധ്യയനം വീടിന്റെ വരാന്തയിൽ നിന്ന് അങ്ങോട്ട് മാറ്റി. ആയിടയ്ക്ക് വിദ്യാഭ്യാസ വകുപ്പിലെ ഒരു ഓഫീസർ തങ്ങൾക്കുകിട്ടിയ ഹർജി പരിഗണിച്ച് നാരായണൻ നമ്പ്യാരെ അന്വേഷിച്ച് വരികയും കുട്ടികളെ പഠിപ്പിക്കുന്ന പ്രവർത്തനവും. ഷെഡ്‌ഡും, അധ്യാപകനെയും നേരിൽ കാണുകയും ചെയ്തു. ഇവിടെ ഒരു സ്കൂൾ അനുവദിച്ചു കിട്ടുന്നതിനാവിശ്യമായ എഴുത്തു കുത്തുകൾ നടത്താൻ അദ്ദേഹത്തെ തന്നെ അധികാരപ്പെടുത്താനായിരുന്നു കമ്മിറ്റി തീരുമാനം. തുടർന്ന് നടത്തിയ പരിശ്രമത്തിന്റെ ഫലമായി 1950 വർഷാരംഭത്തിൽ തന്നെ വിദ്യാലയം ആരംഭിക്കാനുള്ള ഉത്തരവ് ലഭിച്ചു. ആ വർഷം ജനുവരി 2 മുതൽ അംഗീകൃത വിദ്യാലയം ആരംഭിച്ചു.

പിന്നീട് മുൻപ് പ്രതിപാദിച്ചിട്ടുള്ള വെള്ളോറ വില്ലേജാഫീസറുടെ മാനേജ്മെന്റിലുള്ള കാറമേൽ ഹയർ എലിമെന്ററി സ്കൂളിൽ നിന്ന് ശ്രീ. ഇ. കുഞ്ഞമ്പുപൊതുവാൾ എന്ന ഒരു ട്രെയിൻഡ് അധ്യാപകനെ അദ്ദേഹം വിട്ടു തന്നു. കൂടാതെ ശ്രീ. സുകുമാരൻ നായർ എന്ന ഒരു അൺ ട്രെയിൻഡ് അധ്യാപകനെ കൂടി ചേർത്തു. തുടർന്ന് ഓരോ വർഷവും ഓരോ ക്ലാസ്സ്‌ വർധിച്ചപ്പോൾ ആവശ്യത്തിന് കെട്ടിട സൗകര്യമുണ്ടാക്കേണ്ടുന്ന ബാധ്യത വന്നതോടു കൂടി കമ്മറ്റി അംഗങ്ങൾ ഓരോരുത്തരായി പിൻവാങ്ങിയപ്പോഴും, ശ്രീ. നാരായണൻ നമ്പ്യാർ തന്റെ കഴിവ് പരമാവധി ഉപയോഗിച്ച് ആവശ്യത്തിനുള്ള കെട്ടിടവും മറ്റു സൗകര്യങ്ങളും ഉണ്ടാക്കി.1954 ൽ അഞ്ചാം തരം വരെയുള്ള ലോവർ പ്രൈമറി സ്കൂളായി ഇതിന് അംഗീകാരമായി. അന്ന് മൊത്തം 51കുട്ടികളും, ഒരു ട്രെയിൻഡ് അധ്യാപകനും,4അൺ ട്രെയിൻഡ് അധ്യാപകരും ആണ് ഉണ്ടായിരുന്നത്.യാത്ര സൗകര്യവും ജീവിത സൗകര്യവും തീരെ പരിമിതമായിരുന്ന അക്കാലത്ത് അധ്യാപകരെ പിടിച്ചു നിർത്താൻ വലിയ ബുദ്ധിമുട്ടായിരുന്നു. ട്രെയിൻഡ് അധ്യാപകനെ കിട്ടുക ഏറെ ദുഷ്കരമായിരുന്നു. മലയും കാടും, കാട്ടുമൃഗങ്ങളുമുള്ള ഈ പ്രദേശത്തേക്ക് വരുവാൻ മരിച്ചിരുന്നു. നിർബന്ധത്തിനു വഴങ്ങി വന്നവർ തന്നെ അധിക നാൾ ഇവിടെ നിൽക്കാൻ തയ്യാറായില്ല. മാനേജരുടെ വീട്ടിൽ തന്നെയായിരുന്നു അധ്യാപകർക്കുള്ള താമസവും ഭക്ഷണവും. അക്കാലത്ത് അധ്യാപകരെതേടി പ്പോയി തന്നെയായിരുന്നു മാനേജർ ഭൂരിഭാഗം സമയവും ചെലവഴിച്ചിരുന്നത്.അധ്യാപകർക്കുള്ള ശമ്പളവും മാനേജർ മുഖേനയാണ് നൽകിയിരുന്നത്.

ആദ്യം ഹെഡ്മാസ്റ്ററായിരുന്ന ശ്രീ. ഇ. കുഞ്ഞമ്പു പൊതുവാൾ,1950 മാർച്ചിൽ തന്റെ മാതൃവിദ്യാലയത്തിലേക്ക് തിരിച്ചു പോയപ്പോൾ 1952 വരെ ഒ. കുഞ്ഞമ്പു നമ്പ്യാർ ഹെഡ് മാസ്റ്ററായി സേവനം അനുഷ്ഠിച്ചു.തുടർന്ന് അടുത്തില സ്വദേശിയായ ശ്രീ. വി. വി.ബാലകൃഷ്ണൻ ഹെഡ്മാസ്റ്ററായി.ആറു വർഷത്തിലധികം ഇവിടെ ഹെഡ്മാസ്റ്ററായിരുന്ന അദ്ദേഹം സ്ഥലം മാറിയപ്പോൾ രണ്ടു മാസകാലത്തേക്കു മാത്രം ശ്രീ. കെ. വി. കുഞ്ഞിക്കണ്ണൻ ഹെഡ്മാസ്റ്ററായി.അദ്ദേഹവും ഗവണ്മെന്റ് സെർവിസിലേക്ക് മാറിയപ്പോൾ വൈക്കം സ്വദേശിയായ

ശ്രീ. എൻ. രാമൻ കർത്താ പ്രധാന അധ്യാപകന്റെ ചുമതലയേറ്റു. അദ്ദേഹം നാലു വർഷക്കാലം ഹെഡ്മാസ്റ്ററായി തുടർന്നു. അദ്ദേഹത്തിനു ശേഷം ശ്രീ. പി. പി. ജോസഫ് ഹെഡ്മാസ്റ്ററായി. ഏറ്റവും കൂടുതൽ കാലം (1964മുതൽ 1993വരെ )ഹെഡ്മാസ്റ്റരായിരുന്ന അദ്ദേഹം തന്നെയായിരുന്നു ഈ വിദ്യാലയത്തിൽ സേവന കാലം പൂർത്തിയാക്കി വിരമിച്ച ആദ്യ അധ്യാപകൻ. വിദ്യാലയം ഏറ്റവും ഔന്നത്യത്തിൽ എത്തിയത് അദ്ദേഹത്തിന്റെ കാലത്തായിരുന്നു. അധ്യയനം, അച്ചടക്കം, കല, കായികം തുടങ്ങി സമസ്ത മേഖലകളിലും മികവുറ്റ, ആയിരത്തിലധികം കുട്ടികളുള്ള ഒരു വിദ്യാലയമായി ഈ സ്ഥാപനം വളർന്നത് ശ്രീ. പി. പി. ജോസഫ് മാസ്റ്ററുടെ കാലത്താണ്.

1993മാർച്ചിൽ അദ്ദേഹം വിരമിച്ചപ്പോൾ ഹെഡ്മാസ്റ്ററായ ശ്രീ. എൻ. വി. രാഘവൻ ചുമതലയേറ്റു. പല കാരണങ്ങൾ കൊണ്ടും ഇവിടുത്തെ സേവനം മതിയാക്കി സ്ഥലം മാറിപ്പോയ പ്രഗത്ഭരായ ധാരാളം അധ്യാപകർ നമുക്കുണ്ടായിരുന്നു.ശ്രീ. പി. സുകുമാരൻ നായർ, സി.ദാമോദരൻ നമ്പ്യാർ, എം. ഒ. നാരായണൻ നമ്പ്യാർ, വി. അനന്ത പിഷാരടി, വി. വി. ഗോപാലൻ നമ്പ്യാർ, ടി. എൻ രാമചന്ദ്രൻ നായർ, കെ. കെ. മാത്യു, അന്നമ്മ. എം. വി, സെബാസ്റ്റ്യൻ തോമസ് തുടങ്ങിയവരുടെ പേരുകൾ എടുത്തു പറയേണ്ടവയാണ്. എൻ. രോഹിണി എന്ന അധ്യാപിക ഇവിടുത്തെ സേവന കാലത്തിനിടയിൽ നിര്യാതയാകുകയും ചെയ്തു. മൂന്നു പതിറ്റാണ്ടിലധികം സേവനം നടത്തി വിരമിച്ച ശ്രീമതി. സി. ഒ. മറിയാമ്മ, സർവ്വശ്രീ. കെ. ജെ. ജോബ്, ഏ. ജെ. ആന്റണി, പി. വി. ദാമോദരൻ, ടി. വി. നാരായണൻ, സിസ്റ്റർ ചിന്നമ്മ കെ. എം. എന്നീ പേരുകളും എടുത്തുപറയേണ്ടവയാണ്. അതുപോലെ തലവിൽ ദൈവത്താർ എൽ. പി. സ്കൂളിൽ നിന്ന് പ്രൊട്ടക്ഷനായി വന്ന്‌ 1992മുതൽ 1999വരെ ഈ വിദ്യാലയത്തിൽ സേവനം അനുഷ്ഠിച്ച ശ്രീ. കെ. എ. തോമസ് എന്ന അധ്യാപകന്റെ പ്രവർത്തനങ്ങളും സ്മരണീയമാണ്.

1964 വരെ പയ്യന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിൽ ആയിരുന്നു ഈ വിദ്യാലയം പിന്നീട് സൗകര്യാർത്ഥം തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലേക്ക് മാറ്റുകയാണുണ്ടായത്.1982ൽ ഒരു അപ്പർ പ്രൈമറി വിദ്യാലയമായി ഉയർത്തപ്പെട്ടു. ആ  വർഷം തന്നെ ആറാം തരവും 1983ൽ ഏഴാം തരവും നിലവിൽ വന്നു. വീടിന്റെ ഉമ്മറത്ത് ആരംഭിച്ച ഈ സരസ്വതി ക്ഷേത്രം ഓഫീസ് മുറി, സ്റ്റാഫ്‌ മുറി, അധ്യയനത്തിനുള്ള ഓടിട്ട വലിയ ഹാളുകൾ, ജല വിതരണ സംവിധാനം തുടങ്ങിയ എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു വലിയ സ്ഥാപനമായി വളരുകയായിരുന്നു.

        സ്ഥാപക മാനേജർ ശ്രീ. കെ. കെ. നാരായണൻ നമ്പ്യാർ 1970നവംബർ 18ന് ദിവംഗതനായപ്പോൾ അദ്ദേഹത്തിന്റെ മൂത്തമകനായ എൻ. കെ. കൃഷ്ണൻ നമ്പ്യാരെ മാനേജരായി നിയോഗിച്ചു. ഈ പ്രദേശത്തിന്റെ ഐശ്വര്യ കാരിണിയും, സംരക്ഷകയുമായ സോമേശ്വരി ദേവിയുടെ നാമത്തിൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ പുരോഗതിക്ക് നിദാനം ആ അനുഗ്രഹാശിസ്സുകളാണ്‌. അതോടൊപ്പം ശക്തമായ പി. ടി. എ യുടെ പ്രവർത്തനം നല്ലവരായ നാട്ടുകാരുടെ സഹകരണം നിസ്വാർത്ഥരും, കഠിനാധ്വാനികളുമായ അധ്യാപകരുടെ സേവനം ഇവയെല്ലാം ഈ സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് കാരണമായി.