കണ്ണാടി

Schoolwiki സംരംഭത്തിൽ നിന്ന്

Palakkadanpadangal.jpeg


  Palakkadanpanakal.jpg
 മലമ്പുഴ


Malampuzha11.jpg

ചരിത്രം

പാലക്കാട് ജില്ലയിൽ പാലക്കാട് താലൂക്കിൽ കുഴൽമന്ദം ബ്ളോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് കണ്ണാടി ഗ്രാമപഞ്ചായത്ത്. 1954-ൽ കുഴൽമന്ദം പഞ്ചായത്ത് രൂപീകൃതമായി. 1954 മെയ് 24-ന് ആദ്യത്തെ ഭരണസമിതി നിലവിൽ വന്നു. ആദ്യപ്രസിഡന്റ് എൻ.ബി.ബാലചന്ദ്രനും, വൈസ് പ്രസിഡന്റ് കെ.ശങ്കുണ്ണിനായരുമാണ്. കണ്ണാടി പഞ്ചായത്തിലെ ആദ്യത്തെ പ്രസിഡണ്ട് കെ.ആർ.സേതുമാധവനായിരുന്നു (17.12.1963-30.09.1984). ഈ പഞ്ചായത്തിന്റെ കിഴക്ക് കൊടുമ്പ് പഞ്ചായത്തും, പടിഞ്ഞാറ് മാത്തൂർ, കുഴൽമന്ദം പിരായിരി പഞ്ചായത്തുകളും, തെക്ക് തേങ്കുറിശ്ശി, പെരുവെമ്പ് പഞ്ചായത്തുകളും, വടക്ക് പിരായിരി പഞ്ചായത്തും പാലക്കാട് മുനിസിപ്പാലിറ്റിയുമാണ് അതിരുകൾ. കുഴൽമന്ദത്തെ പുൽപുരമന്ദത്തിന് തൊട്ടുവടക്കു ഭാഗത്ത് സ്ഥിതിചെയ്യുന്ന മരുതൂർ ക്ഷേത്രത്തോട് തൊട്ടാണ് കുഴൽമന്ദം കൊട്ടാരം സ്ഥിതിചെയ്യുന്നത്. അതിന്റെ അവശിഷ്ടമായി ഒരു കൽപത്തായവും കൽത്തറയും കൽച്ചുമരും ഇന്നുണ്ട്. കോലത്തിരി രാജാവിന്റെ അധീനതയിലായിരുന്നു ഈ പ്രദേശം. കുഴൽവിളി നടന്നിരുന്ന മൻട്രം (മന്ദം) കുഴൽ മന്ദമായതാണെന്ന് പറയപ്പെടുന്നു. പ്രമുഖ സ്വാതന്ത്ര്യസമരസേനാനി അബ്ദുൾ സാഹിബ് ജീവിച്ചിരുന്ന പ്രദേശമാണിത്. യുദ്ധവിരുദ്ധ സമരം നടത്തിയതിന് കെ.സി.ബാലകൃഷ്ണൻ മാസ്റ്റർ, ടി.സി.വേലപ്പൻ നായർ എന്നിവരെ 18 മാസം കഠിനതടവിനു ശിക്ഷിച്ചു. 1930-ൽ ഇവിടെ നടന്ന മിശ്രഭോജനത്തിന് സാക്ഷ്യം വഹിക്കുവാൻ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി എത്തിയിരുന്നു. ജവഹർലാൽ നെഹ്റു ഈ പഞ്ചായത്ത് സന്ദർശിച്ചിട്ടുണ്ട്. 1928-ൽ കർഷക പ്രക്ഷോഭം ഈ പഞ്ചായത്തിൽ നടന്നു. 1915-ൽ കുഴൽമന്ദത്തിലെ കണ്ണന്നൂരിൽ സ്ഥാപിച്ച എൽ.പി.സ്കൂളാണ് ഈ പഞ്ചായത്തിലെ പ്രഥമ വിദ്യാലയം.എൻ.എച്ച്-47-നു സമീപം സ്ഥിതിചെയ്യുന്ന കുഴൽമന്ദം കന്നുകാലിചന്ത വളരെ പഴക്കമുള്ളതും പ്രശസ്തവുമാണ്. അധിക ഭാഗവും കറുത്തകോട്ടൻ മണ്ണാണ്. ചെറിയ കുന്നുകൾ ഒഴിച്ചാൽ ബാക്കി സമതല പ്രദേശമാണ്.മഹാദേവക്ഷേത്രം, വടക്കുംനാഥക്ഷേത്രം, മരുതൂർ ശ്രീകൃഷ്ണക്ഷേത്രം എന്നിവ ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങളാണ്. കൂടാതെ നിരവധി ക്രിസ്ത്യൻ മുസ്ളീം ദേവാലയങ്ങളും ഈ പഞ്ചായത്തിലുണ്ട്.കണ്ണാടി ഗ്രാമപഞ്ചായത്തിന്റെ ഔപചാരിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത് എഴുത്തുപള്ളിക്കൂടങ്ങൾ ആണ്. ഈ പ്രദേശത്തു ആദ്യമായി സ്ഥാപിക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനം മാധവൻ മാസ്റ്ററുടെ ലോവർ എലിമെന്ററി സ്ക്കൂളാണ്. 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ പറക്കുളത്ത് ആരംഭിച്ച ഈ സ്ഥാപനം പിന്നീട് ബി.ഇ.എം മാനേജ്മെന്റിന് കൈമാറി. പിന്നീട് ഇത് ഹയർ എലിമെന്ററി സ്കൂളായി ഉയർത്തപ്പെട്ടു. ആ കാലഘട്ടത്തിൽ തന്നെ പെൺകുട്ടികൾക്കു വേണ്ടി മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് സ്ക്കൂൾ ആരംഭിച്ചു. നിരവധി ആരാധനാലയങ്ങൾ ഈ പഞ്ചായത്തിലുണ്ട്. നിരവധി ക്ഷേത്രങ്ങളും, മുസ്ളീം പള്ളിയും, ക്രിസ്ത്യൻ ദേവാലയവും പഞ്ചായത്തിന്റെ പല ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്നു. അയ്യപ്പൻ വിളക്ക്, വിഷുവേല, വെടിനാള് ശിവരാത്രി മഹോത്സവം, ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾ, നവരാത്രിമഹോത്സവം തുടങ്ങിയ വിവിധ ഉത്സവങ്ങൾ ഈ പഞ്ചായത്തിലെ ജനവിഭാഗത്തിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്നവയാണ്. ഗ്രാമീണ ഉത്സവങ്ങളിൽ ജാതിമത വ്യത്യാസമില്ലാതെ എല്ലാ ജനവിഭാഗങ്ങളും ഒത്തുകൂടുന്നു. മതസൌഹാർദ്ദത്തിന്റെ വിളനിലമാണ് കണ്ണാടി പഞ്ചായത്ത്. തെരുവത്ത് പള്ളി നേർച്ച, വിളയൻ ചാത്തന്നൂർ പള്ളി നേർച്ച എന്നിവയിൽ മുസ്ലീം സഹോദരങ്ങളോടൊപ്പം മറ്റു ജനവിഭാഗങ്ങളും പങ്കെടുക്കുന്നു. പൊതുപ്രവർത്തകനും മുൻ എം.എൽ.എ യുമായ ജോൺകിട്ട, പുറാട്ടംകളി ആശാനായിരുന്ന കണ്ണന്നൂർകണ്ടു തുടങ്ങി പ്രഗത്ഭർ ജീവിച്ചിരുന്നത് ഈ പഞ്ചായത്തിലായിരുന്നു. കണ്ണന്നൂർകണ്ടുആശാൻ സംസ്ഥാനതല അംഗീകാരം ലഭിച്ച കലാകാരനായിരുന്നു. രാഷ്ട്രീയപ്രവർത്തകനായ കെ.എൻ.കുഞ്ചു, സി.വി.രാമചന്ദ്രൻ തുടങ്ങിയവർ ഈ ഗ്രാമത്തിന്റെ അഭിമാനമാണ്. പഞ്ചായത്തിലെ അറിയപ്പെടുന്ന സാംസ്കാരിക സ്ഥാപനമാണ് പാത്തിക്കലുള്ള തൊഴിൽശാല. നിരവധി ഗ്രന്ഥശാലകളും, വായനശാലകളും പഞ്ചായത്തിലുടനീളം പ്രവർത്തിക്കുന്നു. പുലരി കലാസമിതി, ശിവാനന്ദ് സ്മാരക വായനശാല, പുഞ്ചിരി, യുവജന, സകനിക, സൂര്യ ക്ളബ്, നവ്യ ക്ളബ്, യുവധാര തുടങ്ങിയ സാംസ്കാരികകേന്ദ്രങ്ങളും പഞ്ചായത്തിനെ സാംസ്കാരിക സമ്പന്നമാക്കുന്നു.

കണ്ണാടിയിൽ നിന്നും 15 കിലോ മീറ്റർ അകലത്തിലായി പാലക്കാടിന്റെ പ്രൗഡി വിളിച്ചോതുന്ന മലമ്പുഴ സഞ്ചാരികളെ ആകർഷിക്കുന്ന ഒരു ഉദ്യാന പാർക്കാണ്. ഒപ്പം മലമ്പുഴ ഡാം പാലക്കാടിലെ കർഷകർക്ക് അനുഗ്രഹമാണ്


പൊതുവിവരങ്ങൾ

ജില്ല പാലക്കാട്
ബ്ളോക്ക് കുഴൽമന്ദം
വിസ്തീർണ്ണം 19.8ച.കി.മീ
വാർഡുകളുടെ എണ്ണം 15
ജനസംഖ്യ 21725
പുരുഷൻമാർ 10631
സ്ത്രീകൾ 11094
ജനസാന്ദ്രത 1097
സ്ത്രീ : പുരുഷ അനുപാതം 1017
മൊത്തം സാക്ഷരത 82.03
സാക്ഷരത (പുരുഷൻമാർ) 86.88
സാക്ഷരത (സ്ത്രീകൾ) 70.05

Source : Census data 2001

"https://schoolwiki.in/index.php?title=കണ്ണാടി&oldid=463954" എന്ന താളിൽനിന്ന് ശേഖരിച്ചത്