ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/പ്രണാമം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രണാമം

"അജിത് മാത്യു നിങ്ങളെ നാളെ മുതൽ നമ്മുടെ ഹോസ്പിറ്റലിന്റെ കോവിഡ്-19 പ്രതിരോധ ഡിപ്പാർട്ട്മെന്റിലേക്കു നിയമിക്കുകയാണ്. നല്ല ആത്മവിശ്വാസവും ധൈര്യവും വേണ്ട മേഖലയാണിത് . മരുന്നിലൂടെ രോഗികളുടെ ആരോഗ്യം വർധിപ്പിക്കുന്നതോടൊപ്പം അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും വേണം". ഒരു ചെറു പുഞ്ചിരിയിലൂടെ കാര്യങ്ങളെല്ലാം വിശദീകരിച്ച് ഡോക്ടർ മായ നടന്നു നീങ്ങി.
വീട്ടിലെ കൊടും ദാരിദ്ര്യത്തിലും നാടിനെ സേവിക്കണം എന്ന് ആഗ്രഹത്തോടെ നേഴ്സിങ് തെരഞ്ഞെടുത്ത്, കേരളത്തിലെ തന്നെ മികച്ച ഹോസ്പിറ്റലുകളിൽ ഒന്നായ ഇന്ദിരാഗാന്ധി ഹോസ്പിറ്റലിൽ 8 വർഷമായി സേവനം ചെയ്യുന്ന അജിതയ്ക്ക് ഇതൊരു നല്ല അവസരമാണ് .
"ഹയ്യോ സമയം വൈകി". പഴയ എക്സിസ്റ്റൻസി വാർഡിലേക്ക് കണ്ണോടിച്ച് അജിത പറഞ്ഞു . പെട്ടെന്നു തന്നെ ഉടുപ്പ് മാറ്റി ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങി . ലോക്ക് ഡൗൺ നഗരത്തെ പൂർണ്ണമായി ബാധിച്ചിരിക്കുന്നു .
ഒറ്റയാളില്ല വഴിയിൽ . ഇടയ്ക്ക് രണ്ടുമൂന്ന് വണ്ടി പോയാൽ ആയി. സാധാരണ ദിവസങ്ങളിൽ ഓട്ടോറിക്ഷയിൽ ആയിരിക്കും വീട്ടിലേക്കുള്ള യാത്ര. ഇന്നിപ്പോൾ വഴിയാകെ ശൂന്യമായിരിക്കുന്നു.
കഴിഞ്ഞ പിറന്നാളിന് മത്തായിച്ചൻ(മാത്യൂസ് ) വാങ്ങിത്തന്ന ഫോണെടുത്ത് അജിത് മത്തായിയെ വിളിച്ചു. "ഇച്ചായാ.... ഞാൻ ഹോസ്പിറ്റലിനു മുന്നിൽ നിൽക്കുവാ ആ ബുള്ളറ്റുമെടുത്ത് ഇങ്ങ് വന്നേ."
"എടീ അവിടെത്തന്നെ നിൽക്ക് ഞാൻ ദേ വന്നേ. " മത്തായി മറുപടി പറഞ്ഞു. അജിതയുടെ അപ്പന്റെ കൂട്ടുകാരന്റെ മകനാണ് മാത്യു എന്ന മത്തായി. അപ്പനും കൂട്ടുകാരനും തമ്മിലുള്ള ഏതോ ഒരു കള്ളുകുടിക്കിടയിൽ പറഞ്ഞുറപ്പിച്ചതായിരുന്നു അവരുടെ വിവാഹം. മത്തായി നല്ല ചെറുപ്പക്കാരനാണ്. കലക്ടറേറ്റിലാണ് ജോലി . അതുകൊണ്ടുതന്നെ അജിത മറുത്തൊന്നും ചിന്തിച്ചില്ല. അവർക്കു ആൺ മക്കൾ രണ്ടുപേർ റോബർട്ടും ആൽബർട്ടും .മത്തായി ബുള്ളറ്റുമായി എത്തി. അജിത യാത്രയ്ക്കിടയിൽ പറഞ്ഞു.
" ഇച്ചായാ ഒരു ശുഭ വാർത്തയുണ്ട്"
"എന്താടി സസ്പെൻസ് ഇല്ലാണ്ടൊന്നു പറയ് ." മത്തായി പറഞ്ഞു.
"ഹോസ്പിറ്റലിന്റെ കോവിഡ് 19 ഡിപ്പാർട്ടുമെന്റിലേക്ക്‌ എന്നെ നിയമിച്ചു ."
അതിയായ സന്തോഷത്തോടെ അജിത പറഞ്ഞു.
"ആഹാ കൺഗ്രാറ്റ്സ് . എടീ എനിക്കറിയാമായിരുന്നു . നിനക്ക് അത് സാധിക്കും. രോഗികളെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരുവാൻ." മത്തായി പറഞ്ഞു .
പക്ഷേ ഇത് കേട്ടാൽ ചിലപ്പോൾ അമ്മയ്ക്ക് ദേഷ്യം വരും . നീ അത് കാര്യമാക്കണ്ട. ഞാൻ അമ്മയെ പറഞ്ഞ് മനസ്സിലാക്കി കൊള്ളാം. മത്തായി അജിതയ്ക്ക് മുന്നറിയിപ്പ് നൽകി. വീട്ടിലെത്തി രാത്രി ഭക്ഷണം കഴിക്കുന്നതിനിടയിൽ അജിത് അമ്മയോട് കാര്യം സൂചിപ്പിച്ചു.
"അജിമോളേ അതു വേണ്ട നീ വഴി നമുക്കാർക്കെങ്കിലും രോഗം വന്നാൽ പിന്നെ പറഞ്ഞിട്ട് കാര്യമുണ്ടോ? അതുമാത്രമല്ല ഇന്ന് വാർത്തയിൽ കണ്ടായിരുന്നു. " മത്തായിയുടെ അമ്മ സൂസന്ന പറഞ്ഞു.
"അമ്മേ .. അമ്മ പറഞ്ഞതുപോലെ കുഴപ്പം ഇല്ലാതെ ഞാൻ ശ്രദ്ധിച്ചു കൊള്ളാം . എന്നിലൂടെ ആർക്കും രോഗം വരില്ല. കാരണം അതിനുള്ള മുൻകരുതലുകൾ ഞങ്ങൾ എടുത്തിട്ടുണ്ട്." അജിത് മറുപടി നൽകി.
"അല്ലെങ്കിലും ഇവിടെ എന്റെ വാക്കിന് ആരാ വില കൽപ്പിക്കുന്നത് എന്റെ വർക്കിച്ചൻ ഉണ്ടായിരുന്നേ...". ഇതു പറഞ്ഞ് സൂസന്ന മുറിയിലേക്ക് പോയി.
തന്റെ എല്ലാമെല്ലാമായ വർക്കിച്ചന്റെ വേർപാട് സൂസന്നയിൽ ആഴത്തിലുള്ള മുറിവ് സൃഷ്ടിച്ചിരുന്നു . മത്തായിയുടെ മക്കൾ കൂടെ ഇല്ലായിരുന്നുവെങ്കിൽ സൂസന്ന ആകെ തളർന്നു പോയേനേ. പിള്ളേർക്ക് അമ്മൂമ്മ എന്ന് പറഞ്ഞാൽ ജീവനാണ്. രാത്രി പെട്ടെന്ന് തീർന്നതുപോലെ അജിതയ്ക്ക് തോന്നി. ഇന്ന് ഞാൻ പുതിയ കർത്തവ്യത്തിലേക്കു കടക്കുകയാണ്.അജിത സ്വയം മന്ത്രിച്ചു .
രാവിലത്തേക്കുള്ള ഭക്ഷണവും പാകം ചെയ്‌ത്‌. സൂസന്നയ്ക്ക് വേണ്ട ഗുളികകളും എടുത്തു വച്ചതിനുശേഷം മത്തായിയുടെ ബുള്ളറ്റിൽ കയറി നേരെ ഹോസ്പിറ്റലിലേക്ക് . ഹോസ്പിറ്റലിൽ അന്തരീക്ഷമാകെ മാറ്റിയിരിക്കുന്നു .നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കൂടി കഴിയാത്ത ഒരു വൈറസിനെതിരെ ഒരു കൂട്ടം വെള്ള വസ്ത്ര ധാരികൾ. ആ കൂട്ടത്തിലേക്ക് ഇതാ ഒരാൾ കൂടി സിസ്റ്റർ അജിത മാത്യു.

അൻഷ ക്രിസ്റ്റോ
9 ഇ ഔർ ലേഡീസ് കോൺവെന്റ് ഗേൾസ് ഹൈസ്‌കൂൾ, പള്ളുരുത്തി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ