ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/അപ്പുറത്തമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
അപ്പുറത്തമ്മ

കോരിച്ചൊരിയുന്ന മഴയും മരങ്ങളെ വീശിയടിക്കുന്ന കാറ്റും നെഞ്ചു കുടുക്കുന്ന ഇടിവെട്ടും ആണ് അന്ന് ആ വീടിനെയും വീട്ടുകാരെയും ഭീതിയിലാഴ്ത്തിയത് .ആ വീട്ടിൽ അന്ന് ആളുകളുടെ എണ്ണം പതിവിനെക്കാൾ കൂടുതലായിരുന്നു.
പിറ്റേ ദിവസത്തെ കാര്യമോർത്ത് വീട്ടിലെ മുതിർന്നവർ എല്ലാം പരിഭ്രാന്തരായി . സാധാരണ ആ വീട്ടിലാകെ നാലു പേരെയുള്ളൂ, ബന്ധുക്കളിൽ വച്ച് ഏറ്റവും പ്രായം ചെന്നതും മുതിർന്നതുമായ മുത്തശ്ശി - ഇളയവർ കാർത്ത്യായനിയമ്മ എന്ന് വിളിക്കുന്ന കാർത്ത്യായനി, കാർത്ത്യായനിയമ്മയുടെ മൂത്ത മകൻ കേശവൻ, ഭാര്യ കല്യാണി, മകൾ രാധിക . കാർത്ത്യായനിയമ്മയുടെ ഇളയമകൻ ജയരാജൻ പ്രവാസിയാണ് . മറുനാട്ടിൽ ഭാര്യ കൃഷ്ണേന്ദുവും രണ്ടു മക്കളും ആയി ജീവിക്കുന്നു
അതിലും ഇളയതായ മകൾ ശ്രീലക്ഷ്മി കല്യാണം കഴിഞ്ഞ്‌ ഭർത്താവുമായി ഇപ്പോൾ കൊല്ലത്താണ്. അവരെല്ലാം ഇപ്പോൾ ആ വീട്ടിലുണ്ട് .
പിറ്റേ ദിവസം രാധികയുടെ വിവാഹനിശ്ചയം ആണ്. ആർഭാടമായി ചടങ്ങുകൾ നടത്തണമെന്നായിരുന്നു ബന്ധുക്കളുടെ തീരുമാനം. അതിനാൽ വില കൂടിയ പന്തലും കസേരകളും ഒക്കെ ആ വീട്ടുമുറ്റത്ത് ഉണ്ടായിരുന്നു.
" മഴ ഇപ്പോഴുമുണ്ട്. തീർന്നിട്ടില്ല " എന്ന് ജനലിലൂടെ പുറത്തേക്ക് നോക്കിയിട്ട് കൃഷ്ണേന്ദു പറഞ്ഞു.
" അവസാനത്തെ കല്യാണം ആണിത് . ഇനി അടുത്തതൊക്കെ 10 വർഷം കഴിഞ്ഞിട്ട് . ഇതിപ്പൊ ഇങ്ങനെയായി ".ഒരു ചെറു മൂളലോടെ കല്യാണി അത് ശരിവെച്ചു .
ഇതുകേട്ട് കാർത്ത്യായനിയമ്മ കല്യാണിയോട് ജനലിനടുത്തുള്ള ചാരുകസേരയിൽ കൊണ്ടുപോയി തന്നെ ഇരുത്തുവാൻ ആവശ്യപ്പെട്ടു.
ചാരുകസേരയിൽ ഇരുന്ന്‌ പുറത്തേക്ക് നോക്കിയ ശേഷം കാർത്ത്യായനിയമ്മ പറഞ്ഞു . "രണ്ടു നാഴിക മാത്രമേ ഈ മഴയ്ക്ക് ജീവനുള്ളൂ, അതിനു ശേഷം ഇവിടം ശാന്തമാകും. "
പിന്നീട് കാറ്റ് പതിയെ പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് പോയി. പിന്നീടത് ശാന്തമായി.
ഇത് കേട്ട് തിടുക്കത്തോടെ ജയരാജന്റെ മകൻ കൊച്ചുകുട്ടൻ ചോദിച്ചു . "ഈയമ്മേ അപ്പോൾ ഇടിവെട്ടോ ?"
ചിരിച്ചുകൊണ്ട് കാർത്ത്യായനിയമ്മ പറഞ്ഞു "എന്റെ കൊച്ചൂട്ടാ നമ്മുടെ ഇടിവെട്ട് മഴയുടെ കൂടെ അങ്ങോട്ട് പോകില്ലേ."
അത് കേട്ട് ചിന്തിച്ചിട്ടു കൊച്ചുകുട്ടൻ ചോദിച്ചു " അതെന്താ അങ്ങനെ ? "
അഞ്ചോ ആറോ പല്ലുകൾ മാത്രം അവസാനിക്കുന്ന കാർത്ത്യായനിയമ്മ വീണ്ടും ഒന്ന് ചിരിച്ചിട്ട് പറഞ്ഞു " എന്റെ കൊച്ചു കുട്ടാ , നമ്മുടെ മഴയും ഇടിവെട്ടും കൂട്ടുകാരല്ലേ! അതാ അവരൊന്നിച്ച് പോകുന്നത് . ഇപ്പോൾ മനസ്സിലായോ ? "
എല്ലാം മനസ്സിലായി എന്ന ഭാവത്തോടെ കൊച്ചുകുട്ടൻ തലയാട്ടി. ആശങ്കയോടെ രാധിക കാർത്ത്യായനിയമ്മയോട് ചോദിച്ചു " ഈ പറഞ്ഞതൊക്കെ ശരിയാണോ ?
" എന്താ മോളേ ? " അമ്മ ചോദിച്ചു .
" അല്ല . ഈ രണ്ട് നാഴിക കഴിഞ്ഞാൽ മഴ തീരും, എന്ന് പറഞ്ഞതൊക്കെ ? " രാധിക മറുപടി നൽകി.
" അതാണോ ? അത് ശരിയാ . ഒരു മഴയുടെ വരവും ലക്ഷണവുമോക്കെ കണ്ടാൽ എപ്പോ അത് നിൽക്കും എന്നൊക്കെ നമുക്ക് മനസ്സിലാക്കി എടുക്കാൻ പറ്റും " അമ്മ പറഞ്ഞു .
" അതെങ്ങനെ അമ്മെ  ? ശ്രീലക്ഷ്മി ചോദിച്ചു .
ഒരു നിമിഷം കാർത്ത്യായനിയമ്മ നിശബ്ദയായി. ആ ചാരുകസേരയിൽ കിടന്ന് തന്റെ കുട്ടിക്കാലത്തെ ഓർമ്മകളിലേക്ക് വഴുതി വീണു . എന്നിട്ട് പറയാൻ തുടങ്ങി :
" എന്റെ അച്ഛനും അമ്മയ്ക്കും ഞങ്ങൾ ഏഴ് മക്കളാണ് . അതിൽ ആറും ആൺകുട്ടികളാണ് . എന്റെ ചേട്ടൻമാർ . അതിലെ ഏഴാമത്തെ പെൺകുട്ടിയായിരുന്നു . ഞാൻ . രാവിലെ സൂര്യനുദിച്ചാൽ പൂവൻകോഴി കൂവി കഴിഞ്ഞു ജനലിലൂടെ സൂര്യവെളിച്ചം മുഖത്ത് തട്ടിയ ശേഷം ആണ് ഞാൻ എഴുന്നേൽക്കുന്നത് . അപ്പോഴേക്കും എന്റെ ചേട്ടൻമാർ വീടിനു തൊട്ടടുത്തുള്ള വയലിലേക്ക് കളിക്കാൻ പോയിട്ടുണ്ടാവും . അച്ഛനും അമ്മയും വേലയ്ക്ക് പോയിട്ടുണ്ടാകും . അങ്ങനെ എല്ലാ ദിവസവും ഒറ്റയ്ക്കിരിക്കേണ്ടി വന്നിട്ടുണ്ട് . എല്ലാവരും ഉണ്ടായിരുന്നിട്ടും ഒറ്റപ്പെടൽ എന്താണെന്ന് ഞാൻ മനസ്സിലാക്കി . അത് കഠിനമായ വേദന ഉളവാക്കുന്ന ഒന്നാണെന്ന് ഞാൻ മനസ്സിലാക്കി. ഒരിക്കൽ ചേട്ടന്മാർ കളിക്കുന്ന വയലിലേക്ക് ഞാൻ നടന്നു . അന്നാദ്യമായി ഞാൻ ആ അമ്മയെ കണ്ടു . കീറിയ മുണ്ടും കരിപുരണ്ട ബ്ലൗസും ചിക്കിച്ചിതറിയ നരച്ച മുടിയുമായി ഒരു പ്രായമുള്ള അമ്മ . ആ അമ്മ എന്റെ ചേട്ടന്മാരെ വയലിൽ നിന്ന് ഓടിക്കുകയായിരുന്നു . ഇന്നലെ വിത്തു വിതച്ച മണ്ണായിരുന്നു അത് . ചേട്ടൻമാർ ഓടി നീങ്ങി അവിടെ കളിയ്ക്കാൻ ആരംഭിച്ചു . ഞാൻ പതിയെ അമ്മയുടെ അടുത്തേക്ക് ചെന്നു .ആ അമ്മ അമ്മയുടെ വീട്ടിലേക്ക് കയറി. ഓല കൊണ്ട് മേഞ്ഞ , ഏതു കാറ്റിലും തകർക്കപ്പെടാൻ സാധ്യതയുള്ള ഒരു കൊച്ചു വീട് ആയിരുന്നു അത് . ഞാൻ ആ വീടിന്റെ സമീപം എത്തി . എന്നെ കണ്ടപ്പോൾ ഒരു പുഞ്ചിരിയോടെ ആ അമ്മ ചോദിച്ചു . രവിയുടെ മകൾ അല്ലേ നീ ? ഒന്നും മിണ്ടാതെ അതേയെന്ന എന്ന മട്ടിൽ ഞാൻ തലയാട്ടി . " ചെറുപ്പത്തിൽ എത്ര വട്ടം ഞാൻ എടുത്തോണ്ട് നടന്നതാണ് നിന്നെ . നീ വല്ലോം ഓർക്കുന്നുണ്ടോ ? ഞാൻ ഒന്നും മിണ്ടാതെ ഒരു ചെറുപുഞ്ചിരി മാത്രം മറുപടിയായി നൽകി.
പിന്നീടങ്ങോട്ടുള്ള യാത്ര ഞാൻ പതിവാക്കി . ചോദിച്ചാൽ അപ്പുറത്തേക്ക് എന്നു പറയും. അങ്ങനെ ആ അമ്മയെ ഞാൻ അപ്പുറത്തമ്മ എന്ന് വിളിക്കാൻ തുടങ്ങി .
"അപ്പുറത്തമ്മയോ ? അതെന്താ അങ്ങനെ " കൊച്ചു കുട്ടൻ ചോദിച്ചു .
"കൊച്ചുകുട്ടാ , നീ എന്നെ ഈയമ്മ എന്ന് വിളിക്കുന്നത് പോലെയാണ് ഞാൻ അവരെ അപ്പുറത്തമ്മ എന്നു വിളിക്കുന്നത് " കാർത്ത്യായനിയമ്മ പറഞ്ഞു.
കാർത്ത്യായനിയമ്മ വീണ്ടും തുടർന്നു " അപ്പുറത്തമ്മ ആയിരുന്നു ചെറുപ്പത്തിൽ എനിക്ക് കൂട്ടു ഉണ്ടായിരുന്നത് . അപ്പുറത്തമ്മയുടെ കുഞ്ഞുന്നാളിലെ ഓർമ്മകളും, പഠിക്കാൻ ഇഷ്ടമുണ്ടായിരുന്നിട്ടും അവർക്ക് പഠിക്കാൻ പറ്റാത്ത വിഷമവും അങ്ങനെ എല്ലാം അപ്പുറത്തമ്മ എന്നോട് പങ്കു വെച്ചു . അപ്പുറത്തമ്മക്ക് എല്ലാം അറിയാമായിരുന്നു . മഴയുടെ ലക്ഷണവും കാറ്റിന്റെ വരവും അങ്ങനെ എല്ലാം . "
സത്യം പറഞ്ഞാൽ ഞങ്ങളുടെ നാട്ടിൽ ഏറ്റവും നല്ല നാട്ടറിവ് ഉണ്ടായിരുന്നധ്ട് അപ്പുറത്തമ്മയ്ക്കായിരുന്നു . അപ്പുറത്തമ്മയ്ക്ക് ഭർത്താവും ഒരു മകനും ഉണ്ടായിരുന്നു . ചെറുപ്പത്തിൽ എന്തോ കുസൃതി കാണിച്ചതിന് അച്ഛൻ അടിച്ചതിന്റെ പേരിൽ അമ്മയുടെ മകൻ എങ്ങോട്ടോ ഓടിപ്പോയി .സന്ധ്യയായിട്ടും മകനെ കാണാത്തതിന്റെ പേരിൽ മകനെ അന്വേഷിച്ച് പോയിട്ട് അപ്പുറത്തമ്മയുടെ ഭർത്താവും തിരിച്ചു വന്നില്ല . അങ്ങനെ കഴിഞ്ഞ 40 വർഷം മകനെയും ഭർത്താവിനെയും കാത്തു ജീവിക്കുകയാണ് അപ്പുറത്തമ്മ .
എല്ലാ ദിവസവും ചോറ് കഴിക്കുമ്പോൾ രണ്ടുപേർക്കും ഉണ്ണാനുള്ളത് കൂടി അവർ കരുതും. എന്നെങ്കിലും തന്റെ മകനും ഭർത്താവും വരുമെന്ന് അവർ കരുതി . എല്ലാം തിരിച്ചറിയാൻ കഴിവുണ്ടായിരുന്ന അപ്പുറത്തമ്മക്ക് അവിസ്മരണീയമായ ഈ വേർപാട് മാത്രം ഉൾക്കൊള്ളാനും തിരിച്ചറിയാനും സാധിച്ചില്ല . വിത്തെറിഞ്ഞ് ഒരു മാസം കഴിഞ്ഞതിനു ശേഷമുള്ള ഒരു സന്ധ്യക്ക് ശക്തമായ ഒരു മഴ പെയ്തിറങ്ങി . മഴ കഴിഞ്ഞ് വയലിലേക്ക് ഇറങ്ങിയ അപ്പുറത്തമ്മയുടെ ആ കാഴ്ച കണ്ടു . ശക്തമായ മഴയിൽ കൃഷി മൊത്തം നാശമായിരിക്കുന്നു . അപുറത്തമ്മയുടെ പാതി ജീവൻ പോയ പോലെയായി . പലിശക്കാരൻ മാധവേട്ടന്റെ കയ്യിൽ നിന്നും പലിശക്ക് വാങ്ങിയാണ് അപ്പുറത്തമ്മ കൃഷി ഇറക്കിയത് . അതാണ് ഇപ്പോൾ ..
പലിശയുടെ കാലാവധി കഴിഞ്ഞപ്പോൾ മാധവേട്ടൻ അപ്പുറത്തമ്മയുടെ വീട്ടുമുറ്റത്തെത്തി കാലാവധി പറഞ്ഞിട്ട് കാര്യമില്ല . തന്നെ കൊണ്ട് പണം ഇനി തിരിച്ചടക്കാൻ സാധിക്കില്ല എന്ന മനസ്സിലാക്കിയ അപ്പുറത്തമ്മ സ്വയമേ തന്റെ ഓല മേഞ്ഞ കുടിലും , പ്രിയപ്പെട്ട വയലും ഉപേക്ഷിച്ച് ഒരു പഴയ പെട്ടിയിൽ കുറച്ചു സാധനങ്ങളുമായി അതേ കീറിയ മുണ്ടും കരിപുരണ്ട ബ്ലൗസും ആയി ഈറനണിഞ്ഞ കണ്ണുകളോടെ തന്റെ പഴയ ഓർമ്മകളുമായി നടന്നു നടന്നു നീങ്ങി .
പതിയെ പതിയെ ആ കാഴ്ച എന്റെ കണ്ണുകളിൽ നിന്നും മാഞ്ഞു.
ഒരു നിമിഷം ആ വീടാകെ നിശബ്ദമായി.
ഇത്രയും പറഞ്ഞുനിർത്തി കാർത്ത്യായനിയമ്മ നിറഞ്ഞൊഴുകുന്ന കണ്ണീർ പുഴ മറച്ചുപിടിച്ച് ചാരുകസേരയിൽ ചാഞ്ഞിരുന്നു . പെട്ടെന്ന് ആശങ്കയോടെ കൊച്ചു കുട്ടൻ ചോദിച്ചു
" ഈയമ്മേ അപ്പുറത്തമ്മയുടെ ശരിക്കുള്ള പേര് എന്താണ് ? "
പക്ഷേ ആ ചോദ്യത്തിന് ഉത്തരം ഉണ്ടായിരുന്നില്ല
ചാരു കസേരയിൽ ചാഞ്ഞിരുന്ന കാർത്ത്യായനിയമ്മ പിന്നെ എഴുന്നേറ്റില്ല.
കാർത്ത്യായനിയമ്മ പറഞ്ഞതുപോലെ രണ്ട് നാഴികക്കപ്പുറം മഴ നിന്നില്ല .
കാറ്റു പതിയെ പടിഞ്ഞാറുനിന്നും കിഴക്കോട്ട് പോയി .
പിന്നെ ശാന്തമായി . പക്ഷേ ഒരു ഇളംകാറ്റ് ആ വീടിനെയും വീട്ടുകാരെയും തണുപ്പിച്ചു കൊണ്ടിരുന്നു .


ശ്രേയ ജെയിംസ്
8എഫ് ഔർ ലേഡീസ് കോൺവെന്റ് ഗേൾസ് എച്ച്.എസ്,.പള്ളുരുത്തി.
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ