ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/അക്ഷരവൃക്ഷം/ഒരു ലോക്ക് ഡൗൺ അപാരത

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു ലോക്ക് ഡൗൺ അപാരത


                                     "ലോക്ക് ഡൗൺ" എന്ന വാക്ക് ഞാൻ ആദ്യമായി കേട്ടത്  ഈ  കൊറോണ കാലത്താണ് .  ആളിത്ര കുഴപ്പക്കാരനാണെന്നു ഒറ്റനോട്ടത്തിൽ മനസിലായില്ലെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ ആള് ചില്ലറക്കാരനല്ലെന്നു ബോധ്യപ്പെട്ടു .  ഓരോ ദിവസവും തള്ളിനീക്കാൻ ഞാൻ പാടുപെട്ടു. ടി . വി കാണലും  തല്ലുപിടിത്തവും മറ്റ് തരികിട പരിപാടികളുമായി സമയം തള്ളിനീക്കുമ്പോഴാണ് തറവാട്ടിൽ നിന്ന് അപ്പാപ്പന്റെ  വരവ്.  സത്യത്തിൽ അനിയന്റെ  ലുഡോയിൽ നിന്നും പാമ്പുംകോണിയിൽ നിന്നുമുള്ള ഒരു രക്ഷപെടലായിരുന്നു ആ വരവ് . പണ്ടേ എന്റെ കൂട്ടുകാരനായിരുന്നു അപ്പാപ്പൻ. മൂപ്പരോട് ചുമ്മാ എന്തെങ്കിലും ചോദിച്ചാൽ  മതി പിന്നെ പഴയ കഥകളുടെ മലവെള്ളപ്പാച്ചിലാണ്. ഒരു ദിവസം നാലു മണി ചായക്കൊപ്പം ഞങ്ങൾ ചർച്ച ചെയ്ത വിഷയം "മിസ്റ്റർ കോവിഡി"നെക്കുറിച്ചായിരുന്നു. പതിവ് തെറ്റിക്കാതെ അപ്പാപ്പന്റെ കഥ വന്നു. ഇപ്പൊ കോവിഡ് പണ്ട് വസൂരി. ഒരു വ്യത്യാസവുമില്ല. എനിക്കും വന്നിട്ടുണ്ട് വസൂരി. പെട്ടെന്ന് എന്നിലെ കൗതുകം ഉണർന്നു .  ഞാൻ അപ്പാപ്പനെ പ്രോത്സാഹിപ്പിച്ചു പിന്നെ കഥയുടെ വരവായി.  മിസ്റ്റർ കോവിഡിനെപ്പോലെ നമ്മുടെ നാട് കാണാൻ വന്നതായിരുന്നു  മിസ്റ്റർ വസൂരിയും. വിശാലമനസ്കനായ മിസ്റ്റർ വസൂരി നമ്മുടെ നാട്ടിലേക്ക് വന്ന് തന്റെ  സ്നേഹം ഇവിടുത്തെ പാവപ്പെട്ട  ജനങ്ങൾക്ക് നൽകി അതിൽ സ്നേഹം ലഭിച്ച ഒരാളായിരുന്നു എന്റെ  അപ്പാപ്പൻ .. ...
     ഈ സംഭവം നടക്കുന്നത് തൃശൂർ ജില്ലയിലെ പഴു എന്ന കൊച്ചു ഗ്രാമത്തിൽ ആണ് .  എന്റെ അപ്പാപ്പൻ അവിടെ ഒരു ബന്ധുവിന്റെ  വീട്ടിൽ വിവാഹത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു .  വഴിയിൽ വെച്ച്  അവരുടെ കുടുംബവുമായി അടുത്ത ബന്ധമുള്ള തുപ്രനെ  കണ്ടു .  അദ്ദേഹം  വസൂരി വന്ന്  മൂടിപ്പുതച്ചിരിക്കുകയായിരുന്നു .  എന്റെ  അപ്പാപ്പൻ  വെറുതെ തുപ്രനെ നോക്കി  പരിചയം പുതുക്കി .  അങ്ങനെ വിവാഹവീട്ടിലെത്തി .  സത്കാരത്തിനിടയിൽ  അപ്പാപ്പന് ചില അസ്വസ്ഥതകൾ അനുഭവപ്പെടാൻ  തുടങ്ങി .  ഉടൻ തന്നെ  അമ്മയെ വിവരമറിയിച്ചു ..... അമ്മയുടെ പരിശോധനയിൽ  വസൂരിയാണ് വില്ലൻ എന്ന് കണ്ടെത്തി .  അപ്പോൾതന്നെ അപ്പാപ്പനെ പ്രത്യേക മുറിയിലാക്കി അടച്ചു ... ശുശ്രൂഷിക്കാൻ കുഞ്ഞാപ്പുവിനെ ഏർപ്പാടാക്കി .  വരുത്തിവച്ച ഒരു വിന .  അപ്പാപ്പന്റെ  തുടർന്നുള്ള ദിവസങ്ങൾ ലോക്ക് ഡൗൺ ആയി. പൊടിയരിക്കഞ്ഞിയും ചുട്ട പപ്പടവുമായി ദിവസങ്ങൾ തള്ളി നീക്കി .  ഇടക്ക് കുഞ്ഞാപ്പുവിൽ നിന്ന് പേടിപ്പെടുത്തുന്ന മരണവാർത്തകൾ അപ്പാപ്പന്റെ  ഉറക്കം കെടുത്തി .  അങ്ങനെ ഭീതിതമായ രാപ്പകലുകൾ .  കുറച്ചു നാളുകൾക്കുശേഷം അപ്പാപ്പന്റെ  രോഗം ഭേദമായി .  പക്ഷെ രോഗലക്ഷണകാലത്തു തന്നെ സ്നേഹിച്ച ഏവർക്കും അപ്പാപ്പൻ രോഗം സൗജന്യമായി വിതരണം ചെയ്തിരുന്നു .  അതിൽ കല്യാണപ്പെണ്ണും ഉൾപ്പെട്ടിരുന്നു .  കഥ കേട്ട് ഞങ്ങളെല്ലാവരും ചിരിച്ചു ......അന്ന് മിസ്റ്റർ വസൂരിയുടെ കാലം ഇന്ന് മിസ്റ്റർ കോവിഡിന്റെ കാലം .  എന്തായാലും നമ്മൾ അതിജീവിക്കും .......


ബ്ലെസ്സി ജോസ് കെ
7 B ഒ എൽ എഫ് ജി എച് എസ് മതിലകം
കൊടുങ്ങല്ലൂർ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ