ഒ.എൽ.എൽ.എച്ച്.എസ്സ്.എസ്സ്. ഉഴവൂർ/അക്ഷരവൃക്ഷം/മാറുന്ന പരിസ്ഥിതിയും പലതരം രോഗങ്ങളും

Schoolwiki സംരംഭത്തിൽ നിന്ന്
മാറുന്ന പരിസ്ഥിതിയും പലതരം രോഗങ്ങളും

ഏതാണ്ട് അരനൂറ്റാണ്ട് മുമ്പുള്ള നമ്മുടെ പരിസ്ഥിതിയും ഇപ്പോഴുളള പരിസ്ഥിതിയും തമ്മിൽ താരതമ്യം ചെയ്താൽ അതൊരു വല്ലാത്ത മാറ്റം തന്നെ എന്നു വേണമെങ്കിൽ പറയാം. പണ്ട് പച്ചപ്പിൽ കുളിച്ച് എങ്ങും തെളിനീരരുവികൾ ഒഴുകികൊണ്ടിരുന്നു. എങ്ങും ശുദ്ധവായു തളം കെട്ടിയുരുന്ന ഒരു പരിസ്ഥിതിയായിരുന്നു നമുക്കുണ്ടായിരുന്നത്.

മലരണിക്കാടുകൾ തിങ്ങിവിങ്ങി
മരതകകാന്തിയിൽ മുങ്ങിമുങ്ങി
കരളും മിഴിയും കവർന്നു മിന്നി
കറയറ്റോരാലസ്സൽ ഗ്രാമഭംഗി...

എന്നാണ് പ്രശസ്തകവി ചങ്ങമ്പുഴ ഈ പ്രകൃതിഭംഗിയെക്കുറിച്ച് പാടിയത്. എന്നാൽ ഇന്നോ ഇതുലല്ലതുമാണോ സ്ഥിതി?. എങ്ങും പച്ചപ്പ് വറ്റിപ്പോകുവാൻ തുടങ്ങിയിരിക്കുന്നു. പണ്ട് ഇവിടെ ഒരു തെളിനീരരുവിയുണ്ടായിരുന്നു എന്ന് ഭൂതകാലത്തെ ഒാർമ്മിപ്പിക്കുവാൻ വേണ്ടി മാത്രം നിലനിൽക്കുന്ന് പുഴയുടെ അസ്ഥികൂടം എന്തിന് ?. ജീവന്റെ നിലനിൽപ്പിന് അവശ്യഘടകമായ ശുദ്ധമായ പ്രാണവായുപോലും ശോഷിച്ചുകൊണ്ടിരിക്കുന്നു. ആഹാരമില്ലാതെ ഏതാനും ദിവസങ്ങളും, ജലമില്ലാതെ ഏതാനും മണിക്കൂറുകളും ജീവിക്കാൻ സാധിക്കുമെങ്കിൽ പ്രാണവായുവില്ലാതെ അഞ്ചുനിമിഷംപോലും ജീവിക്കുക അസാധ്യമാണ്. അപ്പോൾ വരും തലമുറ എന്തു ചെയ്യും ?. പരിസ്ഥിതിയെ ദുരുപയോഗം ചെയ്യുന്നവർ ഓർക്കുക, വരും തലമുറ എങ്ങനെ ഈ ഭൂമിയിൽ ജീവിക്കും. ചിന്തിക്കേണ്ട കാര്യമാണത്. ഇതുപോലെതന്നെ നാം നേരിടുന്ന മറ്റൊരു പ്രശ്നമാണ് ശുചിത്വമില്ലായ്മ. . ലക്ഷക്കണക്കിനു വാഹനങ്ങൾ നിത്യേന പുറം തള്ളുന്ന പുകയും, ഫാക്ടറികൾ പുറത്തുവിടുന്ന പുകയും ചേർന്നുണ്ടാകുന്ന അന്തരീക്ഷമലിനീകരണം, ഭൂമിയിൽ ജീവന്റെ നിലനിൽപ്പിനുതന്നെ ഭീഷണിയായി മാറുന്ന കാലമാണിത്. കീടനാശിനികൾ തുടങ്ങി ഫാക്ടറിമാലിന്യങ്ങൾ വരെ നിറഞ്ഞ് വൃത്തിഹീനമായി കിടക്കുന്ന പൊതു നിരത്തുകളുടെ ഒരു ദൃശ്യമാണ് നാമിവിടെ കാണുന്നത്.

എവിടെ തിരിഞ്ഞങ്ങു നോക്കിയാലും അവിടെല്ലാം പൂത്ത മരങ്ങൾ മാത്രം എന്നാണ് പണ്ട് പാടിയിരുന്നതെങ്കിൽ, ഇന്ന് ഇതിൽ നിന്നും തികച്ചും വ്യത്യസ്തമായി അവിടെല്ലാം മാലിന്യക്കൂമ്പാരങ്ങൾ മാത്രം എന്നു പാടേണ്ട സ്ഥിതിവരെ എത്തിയിരിക്കുന്നു. ഫലമോ ? ചികിത്സ ലഭ്യമല്ലാത്ത പലതരം മാരകരോഗങ്ങൾക്കും, മരണങ്ങൾക്കും മനുഷ്യർ അടിമകളായി.

പരിസരശുചിത്വം വ്യാപകമായി നഷ്ടപ്പെട്ടതോടെ കൊതുകശല്യം അസഹനീയമായിരിക്കുന്നു. ഇതിന്റെ ഫലമായി ചിക്കുൻഗുനിയ, ഡെങ്കിപ്പനി, മലേറിയ എന്നീ രോഗങ്ങളും പടർന്നു തുടങ്ങി. കിണറുകളിലെയും കുളങ്ങളിലെയും, പുഴകളിലെയും, കായലുകളിലെയും ജലം മലിനമായതോടെ കോളറ, ടൈഫോയിഡ്. മഞ്ഞപ്പിത്തം തുടങ്ങിയ ജലജന്യരോഗങ്ങളും പടർന്നിരിക്കുന്നു.

ഇതിൽനിന്നും 'താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീഴും' എന്ന ചൊല്ലാണ് ഓർമ്മ വരുക. അതുകൊണ്ട് ഇനിയെങ്കുലും പ്രകൃതിയെ സംരക്ഷിക്കുക. പരിസരശുചിത്വം പാലിക്കുക. വ്യക്തിശുചിത്വം പാലിക്കുക. അങ്ങനെ നല്ലൊരു നാളേയ്ക്കായി, ആരോഗ്യകരമായ സമൂഹത്തിനായി നമുക്ക് പ്രവർത്തിക്കാം.

സാന്ദ്ര ബിജു
10 B ഒ.എൽ.എൽ എച്ച്.എസ് .എസ് ഉഴവൂർ
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം