ഒളശ്ശ ഗവ എൽപിഎസ്/എന്റെ ഗ്രാമം
എന്റെ ഗ്രാമം അയ്മനം
പ്രാദേശിക സാമൂഹിക ചരിത്രം
അയ്മനത്തിന്റെ ചരിത്രം ഐതിഹ്യങ്ങളിലും യാഥാർത്ഥ്യങ്ങളിലും കോർത്തിണക്കപ്പെട്ടതാണ്. പഞ്ചപാണ്ഡവർ വനവാസകാലത്ത് താമസിച്ചിരുന്ന വനപ്രദേശത്തിന് ഐവർ വനം എന്ന പേരുണ്ടായതായും ക്രമേണ ഈ സ്ഥലം ഐമനം ആയി എന്നുമാണ് ഐതിഹ്യം. തെക്കുംകൂർ, ചെമ്പകശ്ശേരി എന്നീ നാട്ടുരാജാക്കൻമാരുടെ അധീനതയിലായിരുന്ന രണ്ടു ഭൂവിഭാഗങ്ങളായ കുടമാളൂരും അയ്മനവും കൂടി ചേർന്നുണ്ടായതാണ് ഇന്നത്തെ അയ്മനം ഗ്രാമപഞ്ചായത്ത്. കുമാരനല്ലൂർ ക്ഷേത്രത്തിലെ ഊരാണ്മസ്ഥാനം നഷ്ടപ്പെട്ട ചെമ്പകശ്ശേരി മനയിലെ വിധവയും മകൻ ഉണ്ണി നമ്പൂതിരിയും മുത്തശ്ശിയും അയ്മനം എന്ന പേരിലറിയപ്പെട്ടിരുന്ന ഇവരുടെ ആശ്രിതനും കൂടി തിരുവിതാംകൂറുകാരായ ചില പട്ടാളക്കാരുടെ സഹായത്തോടെ തെക്കുംകൂർ രാജാവിൽ നിന്നും കൌശലപൂർവ്വം നേടിയ പ്രദേശമാണ് കുടമാളൂർ. ഉണ്ണിനമ്പൂതിരിയുടെയും മറ്റും ദയനീയ സ്ഥിതി മനസിലാക്കിയ തെക്കുംകൂർ രാജാവ് ഉടവാൾ കൊണ്ട് ഒരു ദിവസം വെട്ടിപ്പിടിക്കാവുന്ന സ്ഥലം തന്റെ രാജ്യത്തുനിന്നും സ്വന്തമാക്കിക്കൊള്ളാൻ കല്പിച്ചുപോലും, സമർത്ഥനായ അയ്മനം പട്ടാളക്കാരുടെ സഹായത്താൽ രാജാവുനൽകിയ ഉടവാൾ കൊണ്ട് വെട്ടിപ്പിടിച്ച ഊര് അഥവാ ദേശം കാലക്രമേണ കുടമാളൂർ എന്നു പ്രസിദ്ധമായി എന്നാണ് ഒരൈതിഹ്യം. ചെമ്പകശ്ശേരി രാജസദസ്സിലെ കവിയായിരുന്ന കുഞ്ചൻ നമ്പ്യാർ കുടമാളൂരിൽ താമസിച്ചാണ് കിരാതം വഞ്ചിപ്പാട്ട് എഴുതിയിട്ടുള്ളത് എന്നു ചില രേഖകളിൽ കാണാം. കുടമാളൂര് ചെമ്പകശ്ശേരി മന്ത്രിമാരുടെ ആസ്ഥാനമായിരുന്നെങ്കിൽ, അയ്മനം തെക്കുംകൂർ മന്ത്രിമാരുടെ ആസ്ഥാനമായിരുന്നു. കോട്ടയും കൊട്ടാരവും സ്ഥിതി ചെയ്തിരുന്ന തളികോട്ട അയ്മനത്തിന്റെ തെക്കെ അതിർത്തിയിലായിരുന്നു. പിന്നോക്ക വിഭാഗത്തിൽപ്പെട്ട ചേരമർ സഭ, ഭരതർ മഹാസഭ, വണിക വൈശ്യസംഘം, വിശ്വബ്രഹ്മ സമാജം, വിശ്വകർമ്മസഭ എന്നിവയും ഈ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിക്കുന്നു. രാജഭരണം അവസാനിച്ചിട്ടും ജന്മിത്വം ശക്തമായി നിലനിന്നിരുന്ന ഒരു പ്രദേശമായിരുന്നു അയ്മനം. സ്വാതന്ത്ര്യത്തിനു ശേഷവും അയ്മനം പഞ്ചായത്തിലെ കൃഷി ഭൂമി മുഴുവൻ മൂന്നു ജന്മിമാരുടെ കൈവശമായിരുന്നു. പുന്നപ്ര വയലാർ സമരത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് അഖില തിരുവിതാംകൂർ കർഷക തൊളിലാളി യൂണിയൻ മങ്കൊമ്പ് കേന്ദ്രമാക്കി രൂപം കൊണ്ടു. അഖില തിരുവിതാംകൂർ കർഷക തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ കൂലിക്കും പതത്തിനും വേണ്ടി പല ഭാഗങ്ങളിലും സമരങ്ങൾ നടത്തുകയുണ്ടായി.
സാംസ്കാരിക ചരിത്രം
കുടമാളൂർ കരികുളങ്ങര ദേവിക്ഷേത്രത്തിലെ ഒറ്റതൂക്കം എന്ന വഴിപാട് കേരളത്തിലെ അപൂർവ്വം ചില ക്ഷേത്രങ്ങളിൽ മാത്രം കണ്ടു വരുന്ന ഒരു പ്രത്യേക ചടങ്ങാണ്. പരിപ്പ് ശിലക്ഷേത്രത്തിലെ മേടം ഉൽസവം, അയ്മനം നരസിംഹപുരം ക്ഷേത്രത്തിലെ ചിങ്ങമാസത്തിലെ തിരുവോണനാളിലെ ആറാട്ട്, കുമ്മനം ഇളങ്കാവ് ക്ഷേത്രത്തിലെ മീനഭരണി ഉൽസവത്തോടനുബന്ധിച്ച് കുത്തിയോട്ടം എന്നിവയൊക്കെ സാംസ്കാരിക പാരമ്പര്യം വിളിച്ചറിയിക്കുന്ന ഉൽസവാഘോഷങ്ങളാണ്. കുടമാളൂർ സെന്റ് മേരീസ് പള്ളിയിൽ ദു:ഖവെള്ളിയാഴ്ച ദിവസം നടക്കുന്ന നീന്തുനേർച്ച വളരെ പ്രസിദ്ധമാണ്. ഹൈന്ദവരും ക്രിസ്ത്യാനികളും മുസ്ളീങ്ങളുമാണീ ഗ്രാമത്തിലെ പ്രധാന മതവിഭാഗങ്ങൾ. അവരുടെ ആരാധനാലയങ്ങളെ കേന്ദ്രമാക്കി വ്യത്യസ്തങ്ങളും വൈവിദ്ധ്യങ്ങളുമായ വിവിധ ആഘോഷങ്ങൾ ആചാരവിധിപ്രകാരം നടത്തിവരുന്നു. കുടമാളൂരിൽ സി.വി.എൻ.കളരിയും, കുടയംപടിയിൽ ഗരുഡ ജിംനേഷ്യവും കായികരംഗത്ത് മികച്ച പരിശീലനങ്ങൾ നൽകിവരുന്നു. പ്രൊഫ: അയ്മനം കൃഷ്ണകൈമൾ പ്രസിദ്ധനായ അദ്ധ്യാപകനും അറിയപ്പെടുന്ന ഗ്രന്ഥകാരനുമാണ്. അദ്ദേഹത്തിന്റെ ഡാക്ടർ ഫൌസ്റ്റ് എന്ന ആട്ടകഥ അനുവാചകരിൽ സ്ഥിരപ്രതിഷ്ഠനേടിയ ഗ്രന്ഥമാണ്. കഥകളി വേദികളിലെ നിത്യയൌവ്വനകളായ സ്ത്രീ കഥാപാത്രങ്ങളെ അവിസ്മരണീയമായ വിധത്തിൽ അരങ്ങിൽ അവതരിപ്പിച്ചിട്ടുള്ള കുടമാളൂർ കരുണാകരൻ നായർ എന്ന അനുഗ്രഹീതകലാകാരന്റെ കലാരംഗത്തെ നിസ്തുലമായ സേവനങ്ങളുടെ അംഗീകാരം എന്ന നിലയിൽ അദ്ദേഹത്തിന്റെ ഷഷ്ഠ്യബ്ദിപൂർത്തിയോടനുബന്ധിച്ച് നിർമ്മിച്ചിട്ടുള്ള കുടമാളൂർ കരുണാകരൻ നായർ ഷഷ്ഠ്യബ്ദിപൂർത്തി സ്മാരകഹാൾ എന്ന ദൃശ്യസ്മാരക മന്ദിരം അമ്പാടിക്കവലയ്ക്കു സമീപം തലയുയർത്തി നിൽക്കുന്നു. അഷ്ടവൈദ്യപ്രമുഖരിൽപ്പെട്ട കൊട്ടാരക്കരവൈദ്യനായിരുന്ന ഒളശ്ശ ചിരട്ടമൺ മൂസ്സിന്റെ പിൻതുടർച്ചക്കാരനായ നാരായണമൂസ്സും വൈദ്യശാസ്ത്രരംഗത്ത് പ്രാഗൽഭ്യം തെളിയിച്ച മഹത് വ്യക്തിയാണ്. നാടകലോകത്തും, സിനിമാവേദിയിലും തനതായ ശൈലിയിലൂടെ വ്യക്തിമുദ്രപതിപ്പിച്ച് തൊട്ടതൊക്കെ പൊന്നാക്കി ജ്വലിച്ചു നിന്ന എൻ.എൻ.പിള്ള, ഈ ഗ്രാമത്തിന്റെ മറ്റൊരു കീർത്തിസ്തംഭമാണ്.
അവലംപം : വികാസ് പിഡിയ