ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ/അക്ഷരവൃക്ഷം/സ്വാതന്ത്ര്യം തന്നെയമൃതം
സ്വാതന്ത്ര്യം തന്നെയമൃതം
സ്വാതന്ത്ര്യം തന്നെയമൃതം കിഴക്കൻ ചക്രവാളത്തിൽ സൂര്യന്റെ പൊൻകിരണങ്ങൾ വെട്ടം ചുരത്തി തുടങ്ങി. തന്റെ ചേച്ചിയുടെ പാത പിന്തുടർന്ന് ഒരു ഡോക്ടറാകാനുള്ള തയ്യാറെടുപ്പിലാണ് അമ്മുവും. എൻട്രൻസ് എക്സാമിന്റെ റിസൾട്ടും കാത്തിരിക്കുകയാണവൾ. അവൾ തന്റെ ചേച്ചിയുടെ വെള്ളക്കുപ്പായം ഒന്നുകൂടി മാറോണച്ചു. ഇനിയൊരിക്കലും തനിക്ക് കാണാൻപറ്റാത്തത്ര അകലങ്ങൾ താണ്ടിപ്പോയ ചേച്ചിയുടെ ആ വെള്ളക്കുപ്പായം അവൾക്ക് എന്തെന്നില്ലാത്തൊരു ശക്തി നൽകിക്കൊണ്ടിരുന്നു. അവൾ കലണ്ടറിലേക്ക് ഒന്നുകൂടി നോക്കി, അതെ ഇന്ന് എൻട്രസ് എക്സാമിന്റെ റിസൾട്ട് വരുന്ന തീയതി എന്നുറപ്പിച്ചു! അവൾ നേരെ അടുക്കളയിലേക്കോടി. നിറഞ്ഞ പ്രതീക്ഷയോടെ തന്റെ മാതാപിതാക്കളുടെ അരികിലേക്കണഞ്ഞു. റിസൾട്ട് പ്രസിദ്ധീകരണ സമയമടുത്തതും അവൾ തന്റെ മൊബൈൽ ഫോണെടുത്ത് റിസൾട്ട് പരിശോധിച്ചു. ഒരിക്കലും വറ്റാത്ത പ്രതീക്ഷയുടെ തിളക്കം ആ കണ്ണുകളിൽ നിറഞ്ഞുനിന്നു. ഒരു നിമിഷം അവൾ മതിമറന്നു നിന്നു പോയി. റിസൾട്ട് കണ്ട അവൾ വിശ്വസിക്കാനാവാത്ത മട്ടിൽ ഒന്നുകൂടി അത് പരിശോധിച്ചു, അതെ തന്റെ പേരു തന്നെ - അമൃത.പി.എൻ. എം.ബി.ബി.എസ് എൻട്രൻസ് പരീക്ഷയിൽ ഒന്നാംറാങ്ക്! ഇതറിഞ്ഞ അമൃതയിൽ ഒരു അമൃതവർഷം തന്നെ നടന്നു. എന്നാൽ ഈ സന്തോഷവേളയിലും അവളുടെ അച്ഛന്റെയും അമ്മയുടെയും മനസ്സിൽ വലിയൊരു ആളൽ മൊട്ടിടുകയായിരുന്നു എന്നവൾ അറിഞ്ഞിരുന്നില്ല. പിന്നീടങ്ങോട്ട് അമൃതയ്ക്ക് സാംസ്കാരിക സംഘടനകളുടേയും പഠിച്ച വിദ്യാലയങ്ങളുടേയും എല്ലാം എല്ലാം അനുമോദനച്ചടങ്ങുകളുടെ പൂരമായിരുന്നു. മന്ത്രിമാർ തുടങ്ങി പ്രാദേശിക നേതാക്കൾ വരെയുള്ളവരുടെ ഫോൺ കോളുകളും നേരിട്ടെത്തി സമ്മാനങ്ങൾ സമ്മാനിക്കലും. കാരണം പൊതു വിദ്യാലയത്തിന്റെ ഒരു ഐക്കണാണ് അമൃതയിന്ന്. അംഗൻവാടി മുതൽ + 2 വരെ ഗവ: വിദ്യാലയത്തിൽ മാത്രം പഠിക്കുകയും നാട്ടിലെ സാംസ്കാരിക പ്രവർത്തകരോടൊപ്പം പാട്ടും പ്രസംഗവും ഒക്കെയായിരുന്നു അമൃതയുടെ വിനോദം. അങ്ങനെ അവൾ തന്റെ എം.ബി.ബി.എസ് പഠനത്തിനായ് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് ചേക്കേറി. അവിടുത്തെ അതിമനോഹരമായ കാംപസ് അവളിൽ മറ്റൊരു വിസ്മയലോകം തന്നെ സൃഷ്ടിച്ചു. എങ്കിലും ഒരു മായയ്ക്കും അടിമപ്പെടാതെ നിറഞ്ഞ ഏകാഗ്രതയോടെയും അർപ്പണമനോഭാവത്തോടെയും സാമൂഹിക പ്രതിബദ്ധതയോടെയും അമൃത തന്റെ എം.ബി.ബി.എസ് പഠനം പൂർത്തിയാക്കി. മികച്ച റാങ്കോടുകൂടി തന്നെ തന്റെ എം.ബി.ബി.എസ് പഠനം പൂർത്തിയാക്കിയ അവൾ തന്റെ സേവന രംഗത്ത് ആദ്യ കാൽവെയ്പ് നടത്തിയതും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തന്നെയായിരുന്നു. മകളുടെ ഈ താത്പര്യത്തെ ഒരു കാലത്ത് ഏറെ പ്രോത്സാഹിപ്പിച്ച അവളുടെ മാതാപിതാക്കളുടെ ഉള്ള് ദിനംപ്രതി ആശങ്കാഭരിതമായി. അങ്ങനെ ദിവസങ്ങൾ കടന്നു പോയി. ആയിടെയാണ് ലോകത്തെയാകെ ഞെട്ടിവിറപ്പിക്കാൻ ആ മഹാമാരി എത്തിയത് - അതെ, കൊവിഡ്- 19. ലോകം മുഴുവൻ ഭീതിയിലാണ്ടപ്പോഴും സഹായത്തിനു തയ്യാറായ സന്നദ്ധ പ്രവർത്തകരുടെ കൂട്ടത്തിൽ അമൃതയും പങ്കുചേർന്നു. തന്റെ ജോലിയോടും തന്റെ രാജ്യത്തോടുമുള്ള സ്നേഹവും ആത്മാർഥതയും അവളുടെ പ്രവൃത്തിയിൽ വ്യക്തമായിരുന്നു. മകളുടെ ഈ പ്രവൃത്തി അവളുടെ മാതാപിതാക്കളുടെ മനസ്സ് കൂടുതൽ അസ്വസ്ഥമാക്കി. ഇതിനുമുമ്പ് ലോകത്തെയാകെ ഞെട്ടിവിറപ്പിച്ച മറ്റൊരു മഹാമാരിയിലായിരുന്നല്ലോ തങ്ങളുടെ പൊന്നോമനയുടെ ജീവനും പോയത്. ഇപ്പോൾ അതേ സാഹചര്യത്തിലാണ് അമൃത മോളുമെന്നറിയുമ്പോൾ ഏതൊരച്ഛന്റെയും അമ്മയുടെയും മനസ്സിൽ ഭയം മുളപ്പൊട്ടുന്നത് തികച്ചും സ്വാഭാവികമാണ്. ഈയൊരു സാഹചര്യത്തിൽ തന്റെ ജോലിയിൽ നിന്ന് വിട്ടു നിൽക്കാൻ അവർ തന്റെ മകളോട് പറഞ്ഞെങ്കിലും അവൾ അതിന് തയാറായില്ല. മകളില്ലാതെ അവർ ആ വീട്ടിൽ ദിവസങ്ങൾ തള്ളി നീക്കി. അങ്ങനെയിരിക്കെ, രോഗികളെ പരിചരിച്ച അഞ്ച് ഡോക്ടർമാർക്ക് രോഗം പിടിപെട്ടു, അതിലൊന്ന് അമ്മുവായിരുന്നു. രക്ഷ നേടാൻ പറ്റാത്ത വിധം രോഗം മൂർച്ചിച്ചുക്കൊണ്ടിരുന്നു.എന്നാൽ അത്ഭുതമെന്നു പറയട്ടെ, അധികം വൈകാതെ തന്നെ അവൾ രോഗമുക്തി നേടി. ഒരുപക്ഷേ, അവളുടെ മാതാപിതാക്കളുടെ കണ്ണീർ നനവുള്ള പ്രാർത്ഥനയാകാം അവളെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്. ഒരു രോഗിയുടെ യാതനകൾ മനസ്സിലാക്കിയവൾ തികച്ചും സേവന മനോഭാവത്തോടെ രോഗികളെ പരിചരിക്കാൻ വീണ്ടും തയാറായി. അങ്ങനെ ദിവസങ്ങൾ കടന്നു പോയി. ജനങ്ങൾ കൂടൂതൽ ജാഗരൂഗരായി. ബോധവത്കരണ പ്രവർത്തനങ്ങൾ ഓൺലൈനായി നടന്നു ക്കൊണ്ടിരിന്നു. അതിൽ സജീവ സാന്നിധ്യമായിരുന്നു അമ്മു. തന്റെ രോഗാനുഭവം അവൾ മറ്റുള്ളവരുമായ് പങ്കുവച്ചു. താൻ പരിചരിച്ച രോഗികളുടെ യാതനകളും. ഇത്തരം ബോധവത്കരണങ്ങൾക്കിടയിൽ സാധാരണക്കാരുടെ പുറത്തിറങ്ങാനുള്ള ത്വരയിലേക്ക് അവളുടെ ശ്രദ്ധ ആകർഷിക്കപ്പെട്ടു. കൂട്ടിലകപ്പെട്ട കിളിയെപ്പോലെ സ്വാതന്ത്യത്തിനായ് കൊതിച്ചു നിൽക്കുന്ന ഇത്തരം മനുഷ്യരുടെ സ്ഥിതി അവളെ മറ്റൊരു തരത്തിൽ ചിന്തിപ്പിച്ചു. 'ലോക് ഡൗൺ' എന്ന പേരിൽ ജനങ്ങളെ വീടിനകത്തു തളച്ചിടുന്ന ഈ ഏർപ്പാട് ശാസ്ത്ര രംഗത്തിന്റെ തോൽവിയുടെ പ്രതീകമല്ലേ! ഈ രോഗത്തിനൊരു വാക്സിൻ എത്രയും പെട്ടന്ന് കണ്ടെത്തിയല്ലേ മതിയാകൂ? Break the chain' അല്ല 'Break the lock down' എന്നത് തികച്ചും അത്യന്താപേക്ഷിതമാണ്. രണ്ട് ലോകമഹായുദ്ധങ്ങൾ കഴിഞ്ഞു. അണുബോംബെന്ന മനുഷ്യസൃഷ്ടി ഒരു രാജ്യത്തെയാകെ ചുട്ടെരിച്ചു. ഇന്നതിലും വലിയ വെല്ലുവിളിയായ് ഒരു വൈറസ് മാറിയിരിക്കുന്നു. നഗ്നനേത്രങ്ങൾ കൊണ്ടു പോലും കാണാൻ പറ്റാത്തത്ര ചെറിയ വൈറസിനു മുന്നിൽ ലോക ജനതയാകെ അടച്ചിട്ട മുറിയിൽ കൊട്ടിയടക്കപ്പെട്ടിരിക്കുന്നു. തികച്ചും തലകുനിക്കേണ്ട സാഹചര്യം തന്നെയാണിന്ന് ലോക ആരോഗ്യ ശാസ്ത്രം അഭിമുഖീകരിക്കുന്നത്. ഒരു രോഗം കണ്ടുപിടിച്ചാൽ അതിനു മരുന്ന് കണ്ടുപിടിക്കാൻ ശാസ്ത്രലോകം എടുക്കുന്ന സമയം വളരെ കൂടുതലാണ്. റോബോട്ടുകളെയും കൃത്രിമ അവയവങ്ങളെയും നിർമ്മിക്കുന്ന ഈ ഐ.ടി യുഗത്തിൽ ഒരു മരുന്ന് കണ്ടു പിടിക്കാൻ ഒരുപാട് സമയമെടുക്കുന്നത് ശാസ്ത്രലോകത്തിന്റെ തോൽവി തന്നെയാണെന്നു പറയാം. അതെ, പക്ഷേ ശാസ്ത്രലോകത്തെ മാത്രമായ് നാം പഴിക്കരുത് അതിനു ഞാൻ സമ്മതിക്കില്ല. ശാസ്ത്രം പഠിച്ച ഞാൻ അതിൽ പൂർണ്ണവിശ്വാസം അർപ്പിക്കുന്നവരെ കണ്ടില്ലെന്നു നടിക്കരുത്. ഒരു പുത്തൻ ലോകത്തിനു വേണ്ടി, അസ്വാതന്ത്ര്യത്തിന്റെ ചലങ്ങലകൾ വീണ്ടും പൊട്ടിച്ചെറിയാൻ ഈ കൊറോണയെന്ന മഹാമാരിക്ക് ഞാൻ മരുന്ന് കണ്ടെത്തുക തന്നെ ചെയ്യും. എന്റെ ഈ സ്വപ്നം ഞാൻ യാഥാർത്ഥ്യമാക്കുക തന്നെ ചെയ്യും. കൊറോണയെന്നല്ല, ഏതൊരു മഹാമാരിക്കും മരുന്ന് ഞാൻ കണ്ടെത്തുക തന്നെ ചെയ്യും. ഞാനും എന്റെ പ്രവർത്തനവും ഇനി ശാസ്ത്രരംഗത്തേക്കു മാത്രം, ജനങ്ങൾക്കു വേണ്ടി മാത്രം. അമ്മു ഇതിന് ഒരു മരുന്ന് കണ്ടെത്തുമെന്ന തന്നെ നമുക്ക് പ്രത്യാശിക്കാം. ഈ സമൂഹത്തിൽ ജീവിക്കുന്ന നാം ഓരോരുത്തരും തന്നെയാണ് ഒരർത്ഥത്തിൽ അമൃത. ഒരു വൈറസ്സിനും വഴിമുടക്കാനുള്ളതല്ല മനുഷ്യ ജീവനും ജീവിതവും.പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം. സ്വാതന്ത്ര്യം തന്നെയമൃതം.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ