ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ/അക്ഷരവൃക്ഷം/തനിയാവർത്തനം

Schoolwiki സംരംഭത്തിൽ നിന്ന്
തനിയാവർത്തനം

ഞാൻ ഒരു മാധ്യമ പ്രവർത്തകയാണ്. ജോലി ചെയ്യുന്നത് വടക്കേ ഇന്ത്യയിലും . എന്നെ പോലെ നിരവധി പേരുണ്ടിവിടെ. ഇന്നത്തെ ഈ ദിവസവും അതു നൽകിയ ഓർമ്മകളും കാലത്തിനുപോലും മായ്ക്കാൻ കഴിയാത്തവയാണ്. ഞങ്ങൾ താമസിക്കുന്ന ഫ്ലാറ്റിന് അഭിമുഖമായി ഒരു ചെറിയ കുടിലുകാണാം. എന്നും രാവിലെ അവിടുത്തെ ചെറിയ രണ്ടു കുട്ടികളെയും കണ്ടു കൊണ്ടാണ് ഞങ്ങൾ പുറപ്പെടാറുള്ളത്. മൂന്നു വയസ്സുകാരൻ സേതുപതിയും അനുജത്തി അവനിയും. അച്ഛൻ പ്രജാപതി ,അമ്മ റാണി. ആഢ്യത്വം അവരുടെ പേരുകളിൽ ഒതുങ്ങുന്നു

ഒരു ദിവസം വൈകുന്നേരം സിറ്റ് ഔട്ടിൽ ഇരിക്കുമ്പോഴാണ് ആ രണ്ടു കുട്ടികൾ നിലത്തു നിന്ന് എന്തോ പെറുക്കി തിന്നുന്നത് കണ്ടത്. കന്നുകാലികളുടെ ഗോതമ്പു പുല്ലിൽനിന്നും ഗോതമ്പ് ശേഖരിക്കുകയാണവർ ആ ചിത്രം പകർത്തുന്നതിനിടെ ഞങ്ങളവർക്ക് ഒരു നേരത്തെ ഭക്ഷണം വാഗ്ദാനം ചെയ്തു. അവർക്ക് ലഭിക്കുന്ന വാഗ്ദാനങ്ങളെല്ലാം കേവലം വാക്കുകളിലൊതുങ്ങുന്ന അനുഭവങ്ങളാണവർക്ക് . അതിനാലാവാം ആ മൂന്നു വയസുകാരൻ വാഗ്ദാനം നിരസിച്ചു. ഇതുവരെ ഒന്നും മിണ്ടിയിട്ടില്ലെങ്കിൽ പോലും ആ വീട്ടുകാരോടെ നിക്ക് ഒരടുപ്പം പ്രകടമായിരുന്നു. ഇതൊക്കെയെന്തിനാണിപ്പോൾ ഓർത്തെടുക്കുന്നത് എന്നല്ലേ? ആവശ്യമുണ്ട്.

ഒരാഴ്ച്ചയിലേറെയായി ജോലി ഭാരം താങ്ങനാവാത്തതാണ്. പലരും പലയിടങ്ങളിലാണ്. ലോകത്തെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസ് ഇവിടെയും സാമീപ്യമറിയിച്ചിരിക്കുന്നു. നഗരങ്ങളിലെയുംആശുപത്രികളിലെയും വിവരം ശേഖരിക്കാൻ ഞങ്ങൾ നിയോഗിക്കപ്പെടു. ഇന്നലെ എനിക്ക് പല ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും പോകേണ്ടി വന്നു. സുരക്ഷാ സംവിധാനമൊക്കെയുണ്ടെങ്കിലും ഒരു പേടിയെന്നെയും ബാധിച്ചിരുന്നു. ക്യാമറാമാനായി എന്റെ കൂടെയുണ്ടായിരുന്നത് ആ നാട്ടുകാരൻ തന്നെയായിരുന്നു. ഭാഷ വശമില്ലാത്തതിനാൽ ഞങ്ങളുടെ ആശയ വിനിമയം ആംഗ്യങ്ങളിൽ ചുരുങ്ങി.

ഞങ്ങൾ അവിടെയുള്ളപ്പോഴാണ് പരിചിതമായൊരു ശബ്ദം കാതിലിരച്ചു കയറിയത്.കരച്ചിലിനപ്പുറമുള്ള നിലവിളി. അത് റാണിയാണ്. മകനെയും ചേർത്ത് പിടിച്ച് കിതച്ചോടിയെത്തിയ അവർ കയറുന്നതിനു മുന്നേ പുറത്താക്കപ്പെട്ടു. വേറൊരാശുപത്രി നിർദേശിച്ച് അവരെ പുറത്താക്കി. കാരണമെന്താണെന്ന് ഞങ്ങളറിഞ്ഞു. രോഗമേ തായാലും ആ കുഞ്ഞിന് മരണമുറപ്പാണ്.അതേറ്റെടുക്കാൻ അവർ തയ്യാറായിരുന്നില്ല. ഞങ്ങൾ അടുത്ത ആശുപത്രിയിലേക്ക് നീങ്ങി. അപ്പോഴും ആ കുടുംബത്തെ ഞങ്ങൾ കണ്ടു. അവരെ അവിടെ നിന്നും ആട്ടിപായിച്ചു.വീണ്ടും അവർ യാത്ര തുടർന്നു. പിന്നാലെ ഞങ്ങളും.പിന്നെയും പലയിടങ്ങളിലും അവഗണന.

അവർ നാലുപേരും നടത്തത്തിനിടയിൽ പല വാഹനങ്ങൾക്കും കൈ കാണിച്ചു, ഫലമില്ലെന്നറിഞ്ഞിട്ടും.ഒടുവിലൊന്ന് നിർത്തി. പ്രതിഫലമാവശ്യപ്പെട്ടപ്പോൾ ആ അമ്മ കഴുത്തിലെ നൂലു മാലയെ ഓർത്തു. അത് പോരെന്ന് പറഞ്ഞ് അയാൾ പോയി. ഇനി അവരുടെ നാലാമത്തെ ആശുപത്രിയിലേക്കുള്ള പര്യടനമാണ്. ഞങ്ങളുമവരെ കാൽനടയായനഗമിച്ചു. ആ അമ്മയുടെ ഓരോ കാൽവയ്പ്പിലും തന്റെ മകനോടുള്ള സ്നേഹം നിറഞ്ഞു. അവർക്കൊരു വാഹനത്തിനായി ഞങ്ങളും ശ്രമം തുടങ്ങി. ഒടുവിൽ ഒരു വണ്ടി നിർത്തി.അത് കന്നുകാലികളെ കൊണ്ടു പോകുന്നതായിരുന്നു. രണ്ടു പേരെ മാത്രമേ അവർ കയറ്റൂ. റാണിയും മകനും കയറട്ടെയെന്ന് പ്രജാപതി പറഞ്ഞു. തുടർന്ന് ആ അച്ഛനും മകളും ഞങ്ങൾ ഇരുവരും നടന്നും ഓടിയും ഒരു വിധം അവിടെയെത്തി. അപ്പോഴേക്കും ഞങ്ങൾ നാലു കിലോമീറ്റർ പിന്നിട്ടിരുന്നു. ഞങ്ങളെത്തുമ്പോഴേക്കും അവരെ ഉള്ളിൽ കടത്തുന്നതേയുള്ളൂ. രോഗലക്ഷണങ്ങൾ അറിഞ്ഞപ്പോൾ തന്നെ അവർ സുരക്ഷാ മുൻകരുതൽ പാലിച്ചു. അമ്മ മാറിൽ നിന്ന് മാറിയപ്പോൾ തന്നെ അവന്റെ ശ്വാസം നിലച്ചു.അൽപ്പസമയത്തിനകം തന്നെ അവന്റെ ശ്വാസം നിലച്ചു. അവൻ വീണ്ടും അമ്മയുടെ കൈകളിലേക്ക്. തന്റെ വിധിയെ പഴിച്ചവർ തിരികെ നടന്നു. കുഞ്ഞിന് കൊറോണയാണെന്നറിഞ്ഞിട്ടും അമ്മയവനെ നേഞ്ചോട് ചേർത്ത് മടങ്ങുകയാണ്. വിതുമ്പിക്കൊണ്ട് .

ഞങ്ങളും അവരുടെ പിറകെനടന്നു.അമ്മയുടെ ഒറ്റപ്പെട്ട കരച്ചിലല്ലാതെ ആരും ഒന്നും മിണ്ടുന്നില്ല.നിശബ്ദതയെ കീറിമുറിച്ച് ക്യാമറാമാൻ അവനിയെയും ചേർത്ത് നടക്കുന്ന പ്രജാപതിയോ ടെന്തൊക്കെയോ ചോദിച്ചു.നിറകണ്ണുകളോടെ അദ്ദേഹം എന്തൊക്കെയോ പറഞ്ഞു.എങ്ങനെയാണ് ഒരു മനുഷ്യന്റെ ദുർബലതയെ മുതലെടുക്കാൻ കഴിയുന്നതെന്ന് ഞാനോർത്തു. അതിലതിശയിക്കാനില്ല.പീഢനത്തിനിരയായ സ്വന്തം സഹോദരിയുടെ ചിത്രം പകർത്തേണ്ടിവന്ന അദ്ദേഹത്തിന് ഇതൊന്നും ഒരു ക്രൂരതയല്ല.

ഞങ്ങളാകുടിലിലെത്തി.തുടർന്നാ പിഞ്ചുശരീരം കുഴിയിലേക്ക്.ആ കുടിലിലെ തേങ്ങൽ ഇപ്പൊഴും കേൾക്കാം.ഇന്നെനിക്ക് ഉറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല. ആ അമ്മയുടെ ദയനീയമായ കരച്ചിൽ മനസിൽ അലയടിക്കുന്നു. നേരമിരുടി വെളുത്തു. കർട്ടൺ നീക്കി ഞാൻ ജനാല നോക്കി. ആ കുഞ്ഞു പെൺകുട്ടി അവനി ഗോതമ്പുമണികൾ ശേഖരിക്കുകയാണ്. ഒരോഹരി ചേട്ടന്റെ സ്ഥാനത്ത് വച്ച ശേഷം ബാക്കി അവൾ കഴിക്കുന്നു. അത് അധികനേരം നോക്കി നിൽക്കാനെനിക്ക് കഴിഞ്ഞില്ല.ആ വീട്ടിലിനിയും മരണങ്ങളുണ്ടാകും. ക്രൂരമാണെങ്കിലും സത്യമതാണ്. ശവക്കുഴികളിനിയും രൂപപ്പെടുന്നതും ഞാൻ കാണേണ്ടി വരും. എന്റെ കൂടെയുള്ളവർ ഇന്ന് നാട്ടിലേക്ക് വരുന്ന ദിവസമാണ്.ഞാനും തിരിക്കാനൊരുങ്ങി .

പക്ഷെ, എന്നെയും വല്ലായ്മകൾ ബാധിച്ചതായി തോന്നി. എനിക്കും ക്യാമറാമാനും രോഗം പിടിപെട്ടേക്കാം. കൊറോണ യാണെന്നറിഞ്ഞിട്ടും. ഞങ്ങളെ അവരുടെ കൂടെ നടക്കാൻ പ്രേരിപ്പിച്ചതെന്താവാം? ആ കുടുംബത്തെ സഹായിച്ച ഞങ്ങൾക്ക് അസുഖം ബാധിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ഇനിയൊരവസരം വിദൂരമാണെന്നറിഞ്ഞിട്ടും നാട്ടിലേക്കില്ലെന്ന് നിശ്ചയിച്ചു.ഞാനിതിനെ പ്രതിരോധിച്ചേക്കാം. എന്നാൽ, എന്നയറിയുന്നവരും ഞാനറിയുന്നവരെല്ലാവരും അങ്ങനെയാകണമെന്നില്ല. എന്റെ കൂടെയുള്ളവർ ഇപ്പോൾ പകുതി ദൂരം പിന്നിട്ടു കാണും. ഞാനിവിടെ തുടരും.ആ ചെറിയ കുടുംബത്തിലെയും പ്രദേശത്തെയും മരണങ്ങൾ എനിക്കിനിയും റിപ്പോർട്ട് ചെയ്യേണ്ടിവരും. അതെന്റെ തൊഴിലിന്റെ ഭാഗമാണ്. ഞാനും കണ്ണിയായ ഈ മഹാമാരിയിൽ ആരെയും കണ്ണി ചേർക്കാതെ ഞാനതുക്കുന്നു.'

ഡയറിയിലെ അവസാന വരിയുമെഴുതി ദക്ഷ രണ്ടുതുള്ളി കണ്ണീരിന്റെ അകമ്പടിയോടെ പെൻ ഡയറിയിൽ ചരിച്ചുവച്ചു. ആ കുടിൽ മങ്ങിയ വെളിച്ചത്തിൽ ഒന്നുകൂടി നോക്കി. എന്നിട്ടവൾ പതിയെ കിടക്കയിലേക്കലിഞ്ഞു. ഒരിടവേളയെന്നപോലെ

ദിയ സി
10 എ ഐ എം എൻ എസ് ജി എച്ച് എസ് എസ് െയ്യിൽ
തളിപ്പറമ്പ് സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ