ഏ.വി.എച്ച്.എസ് പൊന്നാനി/അക്ഷരവൃക്ഷം/ശുചിത്വമില്ലായ്മയുടെ വിന

    ശുചിത്വമില്ലായ്മയുടെ വിന

ഒരിടത്ത് നാലംഗങ്ങളടങ്ങുന്ന ഒരു ചെറിയ കുടുംബമുണ്ടായിരുന്നു. അച്ഛൻ, അമ്മ, ചേട്ടൻ, അനുജത്തി എന്നിവരായിരുന്നു ആ നാലംഗങ്ങൾ. അതിൽ ചേട്ടന് പൊതുവേ ശുചിത്വമില്ലാത്ത പ്രകൃതമായിരുന്നു. ഒരു ദിവസം അനുജത്തിക്ക് പോളിയോ വാക്സിനേഷനായി അച്ഛനും അമ്മയും അനുജത്തിയുമായി കുറച്ചകലെയുള്ള ആരോഗ്യ കേന്ദ്രത്തിലേക്ക് പോയിരിക്കുകയായിരുന്നു. എന്നാൽ ചേട്ടൻ അവരോടൊപ്പം പോകാൻ കൂട്ടാക്കിയില്ല. തന്റെ കൂട്ടുകാരോടൊത്ത് കിട്ടിയതക്കത്തിന് പാടത്തെ ചെളിയിലും തോട്ടിലെ മാലിന്യത്തിലുമെല്ലാം ഇറങ്ങി മീൻ പിടിച്ചും മറ്റും കളിച്ചു രസിക്കുകയായിരുന്നു. വിശപ്പും ദാഹവുമൊന്നും കളിയുടെ ഹരത്തിൽ അവരെ അലട്ടിയിരുന്നില്ല.

മീൻ പിടിത്തത്തിന് ശേഷം അവർ അടുത്ത ആളൊഴിഞ്ഞ പറമ്പിൽ ഒളിച്ചുകളിയിലേർപ്പെട്ടു. ഇതിനിടയിൽ ചേട്ടൻ ഒളിച്ചിരുന കുറ്റിക്കാട്ടിൽ സമീപം വവ്വാലുകൾ ചപ്പിയ പേരക്കയും മാങ്ങയുമെല്ലാം കിടന്നിരുന്നത് വിശപ്പിന്റെ കൂടി ആവേശത്തിൽ ചേട്ടൻ എടുത്തു ഭക്ഷിച്ചു. അനുജത്തിക്ക് പോളിയോ കൊടുത്ത് അവർ മടങ്ങിയെത്തിയപ്പോൾ അല്പം വൈകി മൂന്നു മണിയായി. അവരെ കണ്ടതും അവൻ ഓടി വന്നു. അമ്മ ഭക്ഷണം വിളമ്പിയതും കൈ പോലും കഴുകാൻ കൂട്ടാക്കാതെ ഊണുവാരിക്കഴിച്ചു. അച്ഛനറിഞ്ഞപ്പോൾ വഴക്കു പറഞ്ഞു. ഇനി നിന്നെ ഇക്കാര്യത്തിൽ വഴക്കു പറയില്ലെന്നും നീ അനുഭവിക്കുമ്പോഴേ പഠിക്കൂവെന്നും അച്ഛൻ താക്കീത് ചെയ്തു. അന്ന് രാത്രിയിൽ അവന് നല്ല വയറുവേദന അനുഭവപ്പെട്ടു. അമ്മ എന്തൊക്കെയോ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കിയെങ്കിലും വയറു വേദനക്ക് ശമനമുണ്ടായില്ല. തുടർന്ന് പിറ്റേ ദിവസം തലേ ദിവസം പോളിയോ എടുക്കാൻ പോയ ഹോസ്പിറ്റലിൽ കൊണ്ടു പോയി ഡോക്ടറെ കാണിച്ചു. ഡോക്ടർ പരിശോധിക്കുമ്പോഴും അവൻ വേദന സഹിക്കാതെ പുളയുകയായിരുന്നു. ഡോക്ടർ പറഞ്ഞു ഇവിടെ അഡ്മിറ്റ് ചെയ്ത് തുടർച്ചയായി അഞ്ച് ദിവസം അണുബാധക്കുള്ള ഇൻജക്ഷനെടുക്കണമെന്ന്. ഇത്ര വലിയ അണുബാധക്ക് കാരണമെന്താണെന്ന് തിരക്കിയ ഡോക്ടറോട് അവൻ കരഞ്ഞുകൊണ്ട് തലേന്നത്തെ സംഭവങ്ങൾ വിവരിച്ചു. ജീവിതത്തിൽ ശുചിത്വമില്ലായ്മ കാരണം ഉണ്ടാകുന്ന അസുഖങ്ങളെ കുറിച്ച് ഡോക്ടർ വിവരിച്ചു കൊടുത്തു. അവൻ തന്റെ ജീവിതത്തിൽ ഇനി ഒരിക്കലും ശുചിത്വമില്ലാതെ നടക്കുകയില്ലെന്ന് ഡോക്ടർക്കും മാതാപിതാക്കൾക്കു വാക്കു കൊടുക്കുമ്പോൾ മനസ്സിൽ അവൻ സ്വയം ശുചിത്വ പ്രതിജ്ഞ എടുക്കുകയായിരുന്നു.

അനശ്വര.ടി
7C ഏ വി ഹെെസ്ക്കൂൾ
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Kannans തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ