ഏലപ്പാറ

Schoolwiki സംരംഭത്തിൽ നിന്ന്

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ, അഴുത ബ്ലോക്ക് പഞ്ചായത്തിൽ, ഇടുക്കി വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് ഏലപ്പാറ ഗ്രാമപഞ്ചായത്ത്. മലയോരത്തിന്റെ മനോഹാരിതയിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന ഹൈറേഞ്ച് പ്രദേശമാണ് ഏലപ്പാറ. സമുദ്ര നിരപ്പിൽ നിന്ന് 1050 മീറ്റർ ഉയരത്തിലുള്ള വളരെ വിശാലവും നിബിഡവുമായ ഈ പ്രദേശത്തിനു ഭൂപ്രകൃതിപരമായി ഒട്ടനവധി പ്രത്യേകതകളുണ്ട്. 192 ച.കി.മീ. ഭൂവിസ്തൃതിയുള്ള പഞ്ചായത്തിനെ കാത്തു സൂക്ഷിക്കുന്ന സഹ്യസാനുക്കളിലെ ഏറ്റവും ഉയർന്ന അണ്ണൻ തമ്പി മലകളും ജലാശയങ്ങളും തണുപ്പുകൊണ്ട് വേനലിൽ പോലും താടി ഇടിക്കുന്ന വാഗമൺ പ്രദേശങ്ങളും കോലാഹലമേട്ടിലെ അതിവിശാലമായ മൊട്ടക്കുന്നുകളും മഞ്ഞുമൂടിയ മലഞ്ചെരിവുകളും പ്രകൃതിയുടെ വരദാനമായ നീരുറവകളും വെടിക്കുഴി, ഏലപ്പാറ അരുവികളും വളഞ്ഞ് പുളഞ്ഞ് ഇഴഞ്ഞു നീങ്ങുന്ന റോഡുകളും എല്ലാമെല്ലാം കൂടിക്കലർന്ന പ്രകൃതി സൌന്ദര്യത്തിന്റെ പറുദീസയാണിവിടം. സുഖവാസ കേന്ദ്രമായ പീരുമേട്ടിലെ കുട്ടിക്കാനത്തുനിന്നും വന്യമൃഗസംരക്ഷണ കേന്ദ്രമായ തേക്കടിക്കും മുല്ലപ്പെരിയാർ അണക്കെട്ടിനും വളരെ അടുത്തായിട്ടാണ് ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. പഞ്ചായത്തിലെ ആദ്യത്തെ ക്രിസ്ത്യൻ ദേവാലയം ബോണാമിയിലെ ലുഥർ മിഷൻ പള്ളിയാണ്. ആദ്യത്തെ ഹൈന്ദവ ദേവാലയം ഉപ്പുകുളം ശ്രീകൃഷ്ണസ്വാമി ക്ഷേത്രമാണ്. ഹൈറേഞ്ചിലെ തോട്ടവ്യവസായത്തിന്റെ ചരിത്രം ആരംഭിക്കുന്നത് ഏലപ്പാറ പഞ്ചായത്തിൽ നിന്നാണ്. നിബിഡവനങ്ങളും ജൈവസമ്പത്തും കൊണ്ട് അനുഗ്രഹീതമായിരുന്നു ഈ ഭൂപ്രദേശം. പഞ്ചായത്തിലെ ഉപ്പുകുളത്തുനിന്നാണ് മണിമലയാർ ആരംഭിക്കുന്നത്. മീനച്ചിലാറിന്റെ ഉത്ഭവം കോലാഹലമേട് വാർഡിന്റെ അതിർത്തിയിൽ നിന്നാണ്. ഏലപ്പാറ ഗ്രാമപഞ്ചായത്തിൽ നിന്ന് ജോൺ ദാനിയൽ മൺറോ ആണ് ഇന്നത്തെ ഇടുക്കി ജില്ലയിലെ തോട്ട വ്യവസായത്തിന്റെ പുരോഗതിക്ക് അടിത്തറ പാകിയത്. തോട്ടവ്യവസായം പഞ്ചായത്തിന്റേയും പീരുമേട് താലൂക്കിന്റേയും മുഖഛായ മാറ്റി.


"https://schoolwiki.in/index.php?title=ഏലപ്പാറ&oldid=396587" എന്ന താളിൽനിന്ന് ശേഖരിച്ചത്