എ എം യു പി എസ് മാക്കൂട്ടം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ/മാക്കൂട്ടം സ്കൂളും ഞാനും

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


മാക്കൂട്ടം സ്‌കൂളും ഞാനും / എൽ ഐ സി മുഹമ്മദ്

ആ വർഷവും സ്‌കൂൾ തുറന്നത് ജൂൺ ഒന്നാം തിയ്യതിയായിരുന്നു. പത്തര മണിയായപ്പോൾ സ്‌കൂൾ ബെൽ മുഴങ്ങി. അതുവരെ ഓത്തുപളളി ക്ലാസിലായിരുന്ന ഞാൻ പുറത്തിറങ്ങി. വരാന്തയിലും മുറ്റത്തും കുറേ കുട്ടികളും അധ്യാപകരും. ഓത്തുപളളി ക്ലാസിലെ കുട്ടികൾ പുറത്തിറങ്ങിയപ്പോൾ പുറത്തുളളവർ അകത്ത് കയറി ഇരുന്നു. കൂട്ടത്തിൽ ഞാനും കയറി. എങ്ങിനെയെന്നറിയില്ല, എത്തിപ്പെട്ടത് ഒന്നാം തരത്തിൽ തന്നെ ആയിരുന്നു. പെരവൻ മാസ്റ്റർ പല കുട്ടികളുടെയും പേര് വിളിച്ചു. പേരു വിളിക്കാത്ത എന്നെപ്പോലെയുളള വേറെയും രണ്ട് മൂന്ന് കുട്ടികൾ. നാളെ വരുമ്പോൾ ബാപ്പയെയോ, ഏട്ടന്മാരെയോ ഒരാളെ കൂട്ടിവരണം. ഇവിടെ ഒപ്പിട്ട് തരണം. മാസ്റ്റർ സൗമ്യനായി നിർദ്ദേശിച്ചു.

വീട്ടിലെത്തി ജ്യേഷ്ഠനോട് വിവരം പറഞ്ഞു. അടുത്ത ദിവസം കൂടെ ആരും വന്നില്ല, ഞാൻ ക്ലാസിൽ പോയി. പിന്നീടുളള ദിവസങ്ങളിലും തഥൈവ. അവസാനം ജൂൺ 11-ാം തിയ്യതി എന്റെ ജ്യേഷ്ഠൻ മൊയ്തീൻകോയ എന്നോടൊപ്പം സ്‌കൂളിലെത്തി. മാസ്റ്റർ നിർദ്ദേശിച്ച സ്ഥലങ്ങളിൽ ഒപ്പ് രേഖപ്പെടുത്തി. പെരവൻ മാസ്റ്റർ എന്റെ ജനന തിയ്യതി ഓർമ്മിച്ചെടുത്തു. അന്നേക്ക് ആറ് വയസ്സ് പൂർത്തിയാകുന്ന രൂപത്തിൽ 1952 ജൂൺ മാസം 11-ാം തിയ്യതി. ആ തിയ്യതി എന്റെ ജീവിതത്തെ ഇത്രത്തോളം സ്വാധീനിക്കുമെന്ന് അന്ന് ഓർത്തിരുന്നില്ല. ഇന്നും പേരക്കുട്ടികളും സഹപ്രവർത്തകരും ജന്മദിനം ആശംസിക്കുമ്പോഴും ഓരോ കാര്യങ്ങൾക്ക് വേണ്ടിയുളള പ്രൊഫൈൽ തയ്യാറാക്കുമ്പോഴും ജന്മം നൽകിയ ഉമ്മയെ ഓർക്കുന്നതോടൊപ്പം ജന്മദിനം നൽകിയ പെരവൻ മാസ്റ്ററേയും ഓർത്ത് പോവാറുണ്ട്.

ഒന്നാം തരത്തിൽ ഒരു ഡിവിഷൻ മാത്രമായിരുന്നു. രണ്ടാം തരത്തിൽ എത്തിയപ്പോൾ രണ്ട് ഡിവിഷനായി. ചെറുണ്ണി മാസ്റ്റർ ആണ് രണ്ടാം തരം ബി യിൽ. ഷർട്ടും മുണ്ടും ഇസ്തിരിയിട്ട് ധരിക്കുന്ന സ്‌കൂളിലെ ഏക അധ്യാപകൻ. കറുത്ത ശരീരത്തിൽ വടിവൊത്ത വെളള വസ്ത്രം ധരിച്ചെത്തുന്ന ആ അധ്യാപകനെ എനിക്ക് വളരെ ഇഷ്ടമായിരുന്നു. അയമ്മദ് കുട്ടി മാസ്റ്ററായിരുന്നു മൂന്നാം ക്ലാസ് ബി യുടെ അധിപൻ. 28 വിദ്യാർത്ഥികളുണ്ടായിരുന്ന ക്ലാസിൽ മാർക്കടിസ്ഥാനത്തിൽ 28-ാം സ്ഥാനത്തിന് വേണ്ടി ഞാനും അമ്പലപ്പറമ്പിൽ മുഹമ്മദാലിയും തമ്മിൽ ഓരോ ക്ലാസിലും മത്സരമായിരുന്നു. ക്ലാസ് ലീഡറായിരുന്ന ഉണ്ടോടിയിൽ മാമുവുമായി എന്തോ കാര്യത്തിന് ഉടക്കി. മറ്റ് രണ്ട് മൂന്ന് പേരേയും കൂട്ടി ക്ലാസ് ടീച്ചറുടെ അടുത്ത് പോയി ലീഡറിൽ അവിശ്വാസം അറിയിച്ചു. മാസ്റ്റർക്ക് അധികം കാലതാമസം വേണ്ടിവന്നില്ല. ക്ലാസിൽ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. മാമു പരാജയപ്പെട്ടു. പകരം രാരുക്കുട്ടിയെ ക്ലാസ് ലീഡറായി തെരഞ്ഞെടുത്തു.

അഞ്ചാം തരം വരെ ക്ലാസ്സുണ്ടായിരുന്ന സ്‌കൂളിൽ ഞാൻ നാലാം തരത്തിൽ എത്തിയപ്പോൾ അഞ്ചാം ക്ലാസ് നഷ്ടപ്പെട്ടു. നാലാം തരം ബിയിൽ ചന്തുമാസ്റ്റർ, ക്ലാസ് മാസ്റ്ററുടെയും സ്‌കൂൾ ഹെഡ്മാസ്റ്ററുടെയും ചുമതല ഒരുമിച്ച് നിർവ്വഹിച്ചു. ക്ലാസ്സുകളിൽ വായിച്ചറിയിക്കേണ്ട മെമ്മോകൾ ഒരു നോട്ട് ബുക്കിൽ ഹെഡ്മാസ്റ്റർ തന്നെ എഴുതിത്തരും. അത് എല്ലാ ക്ലാസുകളിലും എത്തിച്ച് ക്ലാസ് അധ്യാപകരുടെ ഒപ്പ് വാങ്ങിക്കേണ്ട അറ്റൻഡറുടെ ചുമതല പലപ്പോഴും എനിക്കാണ് ലഭിക്കാറ്. ഒരു ദിവസം ഒരു മെമ്മോയുമായി രണ്ടാം തരം എ യിൽ എത്തിയപ്പോൾ ഷർട്ട് അഴിച്ച് കസേരയിൽ ആറിയിട്ട് (ബനിയൻ അക്കാലത്ത് അധികമാരും ധരിക്കാറില്ല) കുട്ടികളുടെ മുമ്പിൽ നിൽക്കുന്ന രാഘവൻ മാസ്റ്ററെയാണ് കണ്ടത്. എന്റെ കൈയിൽ നിന്ന് മെമ്മോ ബുക്ക് വാങ്ങി ഒപ്പിടാതെ നേരെ ഹെഡ്മാസ്റ്ററുടെ മുമ്പിലെത്തി, ക്രുദ്ധനായി സംസാരിക്കുന്നതാണ് കണ്ടത്. ഷർട്ടില്ലാതെ ക്ലാസ് എടുത്തതിനുളള ഷോകോസ് നോട്ടീസായിരുന്നു ബുക്കിൽ എന്ന് അപ്പോഴാണ് മനസ്സിലായത്. ഇന്നത്തെ ഓഫീസ് റൂമും സ്റ്റാഫ് റൂമും അടങ്ങുന്ന ബിൽഡിംഗിൽ ഒതുങ്ങിയിരുന്നു അന്നത്തെ സ്‌കൂൾ. പടർന്ന് പന്തലിച്ച ഇന്നത്തെ സ്‌കൂളിന്റെ മുമ്പിലൂടെ പോകുമ്പോൾ ഇന്നും ആ പഴയ കാല സ്മരണകൾ ഓടിയെത്താറുണ്ട്.