എ എം യു പി എസ് മാക്കൂട്ടം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ/പടികടന്നെത്തുന്ന പദനിസ്വനം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


പടികടന്നെത്തുന്ന പദനിസ്വനം / അഷ്‌റഫ് കൂടത്താൾ

കുസൃതി കുറുമ്പു കാട്ടി നടന്ന ബാല്യകാലത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് വെറുതെ ഒന്നെത്തി നോക്കുമ്പോൾ മാക്കൂട്ടത്തിന്റെ മൂന്നാം ക്ലാസിലേക്കാണ് ഓർമകൾ ചെന്നെത്തിയത്. ഹെഡ്മാസ്റ്ററായി തോർത്ത് മുണ്ട് തലയിൽ കെട്ടിയ വെളുത്തു മെലിഞ്ഞ ആ ചെറിയ (വലിയ) അധ്യാപകൻ അഹമ്മദ് കുട്ടി മാസ്റ്ററും മുതിർന്ന അധ്യാപകൻ അസൈൻ മാസ്റ്ററും മുന്നിൽ നിൽക്കുന്നു. രണ്ട് പേരും എന്റെ കുടുംബക്കാരുമാണ്. ദൂരെ സ്ഥലങ്ങളിൽ നിന്നും വരുന്ന അധ്യാപികമാർക്ക് താമസവും ഭക്ഷണവും ഒരുക്കിയിരുന്നത് സ്‌കൂളിന്റെ തൊട്ടടുത്തുളള എന്റെ ഉമ്മയുടെ തറവാടായ കല്ലുട്ടിയ്യിൽ മാമുഹാജിയുടെ വീട്ടിലായിരുന്നു. അതുകൊണ്ട് തന്നെ ടീച്ചർമാർക്കെല്ലാം എന്നോട് ഒരു പ്രത്യേക മമതയുണ്ടായിരുന്നെങ്കിലും പഠനത്തിൽ വളരെ പിന്നോട്ടായതിനാൽ എന്റെ ഉമ്മാന്റെ അളിയനായ അസൈൻ മാസ്റ്റർ, അവനെ അങ്ങിനെ വിട്ടാൽ പോരാ...ഒരു വർഷം കൂടി ഇവിടെ ഇരിക്കട്ടെ എന്നൊരു പ്രമേയമങ്ങു പാസാക്കി. വീട്ടുകാർ അത് സന്തോഷത്തോടെ അംഗീകരിക്കുകയും ചെയ്തു.

പുതിയ വർഷമായി. കൂടെ പഠിച്ചവരെല്ലാം പുതിയ ക്ലാസിലേക്ക് പോയി. എന്റെ ക്ലാസിൽ പുതിയ കുട്ടികളും. അവർക്കിടയിൽ ഞാൻ ക്ലാസ് കാരണവരായി വാണു. അഞ്ചു പൈസക്ക് കൊപ്പര മിഠായി കിട്ടുന്ന കാലം. സഹപാഠികളിൽ തടിമാടന്മാരായ രണ്ട് പേരെ 'ആനപ്പുറത്ത്' കയറ്റിയാണ് അന്ന് മിഠായികൾ വാങ്ങിയിരുന്നത്. പ്രാരാബ്ധങ്ങൾക്ക് നടുവിലായതിനാൽ ഉപ്പൂത്തി ഇലയിൽ വാങ്ങുന്ന ഉപ്പുമാവിനും സ്‌കൂളിനടുത്തുളള ചാമ്പയ്ക്ക, ചതുരപ്പുളി എന്നിവക്കൊക്കെ നല്ല രുചിയായിരുന്നു. അന്ന് കൂട്ടുകാരൊന്നിച്ച് കല്ലിൽ തല്ലിപ്പൊട്ടിച്ച് കഴിച്ച പച്ചമാങ്ങയുടെ രുചി പിന്നീടൊരിക്കലും നാവിൽ പതിഞ്ഞിട്ടില്ല. പങ്കുവെക്കലിന്റെയും പങ്കിട്ടെടുക്കലിന്റെയും നിറഞ്ഞ പാഠങ്ങൾ അനുഭവിച്ചറിഞ്ഞത് ഈ വിദ്യാലയാങ്കണത്തിൽ നിന്നാണ്. അതിന്നും തുടർന്നുപോരുന്നതിൽ നിറഞ്ഞ സംതൃപ്തിയുണ്ട്.

ഓർമയുടെ താളുകൾ മറിക്കുമ്പോൾ ഒരുപാട് ഗുരുക്കന്മാരുടെ മിഴിവാർന്ന ചിത്രങ്ങൾ ഇന്നും തെളിഞ്ഞു നിൽക്കുന്നു. ഏഴ് ബി ക്ലാസിൽ ഞങ്ങളുടെ ക്ലാസ് അധ്യാപകൻ അമ്മദ് മാസ്റ്റർ ആയിരുന്നു. താളം തെറ്റി പോകുന്ന കണക്കുകൾക്ക് അന്ന് സർ തന്നിരുന്ന ശിക്ഷ(ണം)കൾ ആവാം ഇന്ന് കണക്കുകൾ തെറ്റാതെ ഓരോ കാര്യവും മുന്നോട്ട് കൊണ്ട് പോവാൻ എന്നെ പ്രാപ്തനാക്കിയത്. കഥകളിലൂടെ ഇംഗ്ലീഷ് പഠിപ്പിച്ച കാദർമാസ്റ്റർ, സാമൂഹ്യശാസ്ത്രം പഠിപ്പിച്ച സുലൈമാൻ മാസ്റ്റർ, ഉഷ ടീച്ചർ, മാളു ടീച്ചർ, ഗംഗാധരൻ മാസ്റ്റർ, മൊയ്തീൻ മാസ്റ്റർ അങ്ങിനെ ഒരുപാട് അധ്യാപകരുമായുളള മാക്കൂട്ടത്തിലെ ആ നല്ല കാലങ്ങൾ. സഹപാഠിയായിരുന്ന ആമ്പ്രമ്മൽ മണിയുടെ മോണോ ആക്ട് ഇന്നും മനസ്സിൽ നിറഞ്ഞ് നിൽക്കുന്നു.

ശശി മാഷുടെ നേതൃത്വത്തിൽ അന്ന് ഫുട്‌ബോൾ ടൂർണ്ണമെന്റും ഓട്ടമത്സരവും നടത്തിയതിന്റെ ആവേശമാണ് ഇന്ന് ഞാൻ പ്രതിനിധാനം ചെയ്യുന്ന മലർവാടി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്‌കൂളിൽ ക്ലാസ് തല ഫുട്‌ബോൾ ടൂർണ്ണമെന്റും കുന്നമംഗലം ഗ്രാമപഞ്ചായത്ത് സ്‌കൂൾ തല ഫുട്‌ബോൾ ടൂർണ്ണമെന്റും വിവിധ വിദ്യാഭ്യാസ കലാ കായിക പരിപാടികളും നടത്താൻ പ്രചോദനമായത്. ഈ വർഷം കുന്നമംഗലം പഞ്ചായത്ത് എൽ.പി, യു.പി സ്‌കൂൾ തല ഫുട്‌ബോൾ ടൂർണ്ണമെന്റിൽ മാക്കൂട്ടത്തിന് ഇരട്ടക്കിരീടം നേടിയെടുക്കാൻ സാധിച്ചു. മാക്കൂട്ടത്തിന്റെ ഓരോ വിജയവും ആത്മഹർഷത്തോടെ നോക്കി നിൽക്കുന്നതോടൊപ്പം അതിന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുകയും ചെയ്യുന്നു. ഒരുപാട് കുരുന്നുകൾക്ക് അറിവിന്റെ കൈത്തിരി തെളിയിച്ച എന്റെ മാക്കൂട്ടം, ഇന്ന് തൊണ്ണൂറിന്റെ നിറവിൽ എത്തിയിരിക്കുകയാണ്. നമ്മുടെ പ്രദേശത്തെ മികച്ച വിദ്യാലയങ്ങളിലൊന്നായ ഈ അറിവിന്റെ വിളക്കുമാടം ഇനിയും ഒരുപാട് കാലം ജ്വലിച്ച് നിൽക്കട്ടെ എന്ന പ്രാർത്ഥനയോടെ..