എ എം യു പി എസ് മാക്കൂട്ടം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ/എന്റെ സ്ലൈറ്റിൽ വീണ മഴവില്ല്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എന്റെ സ്ലൈറ്റിൽ വീണ മഴവില്ല് / സുമയ്യ ഫർവിൻ

ഒന്നിച്ചിരുന്ന കാലത്തിന്റെ കയ്പ്പും മധുരവും വരാനിരിക്കുന്ന കാലത്തേക്ക് വിവർത്തനം ചെയ്യാൻ ഈ അക്ഷരങ്ങൾക്ക് കഴിയുമെന്ന വിശ്വാസമുണ്ട്. ഓരോ വഴികളിലൂടെ സഞ്ചരിച്ച് ഓരോ കഥകൾ ആയി മാറുന്ന ഒരു കാലത്താണ് പിണങ്ങിപ്പോയ അക്ഷരങ്ങൾ കൂട്ടിരിക്കാൻ വരിക. മധ്യ വേനലവധി കഴിഞ്ഞു ആലസ്യത്തിൽ നിന്നുണരുന്ന സ്‌കൂളുകൾ ഇനി ബഹളമയം. 2008-09 അധ്യയന വർഷത്തിലാണ് ആറാം തരത്തിൽ മാക്കൂട്ടത്തിലേക്ക് ചുവടുവച്ചത്.

അവധിക്കാലത്തിന് വിട നൽകി വീണ്ടും വിദ്യാലയങ്ങൾ സജീവമായി. പുതിയ അറിവുകൾ തേടി കുരുന്നുകൾ അക്ഷരമുറ്റത്തേക്ക് ചുവടുവച്ചു. മണിമുകിലുകൾ വിദ്യാലയങ്ങൾക്ക് മേലാപ്പൊരുക്കി, ഉത്സവഛായ പകർന്ന് വീണ്ടും ഒരു ജൂൺ. നന്മകൾ നിറഞ്ഞ ക്ലാസുകൾ. പ്രിയപ്പെട്ട അധ്യാപകർ, കൂട്ടുകാർ. രണ്ടുവർഷം കൊണ്ട് രണ്ടായിരം വർഷത്തെ ഓർമ്മകൾ. കുഞ്ഞുമനസ്സിലെ കുസൃതിയും പഠനവും നിഷ്‌കളങ്കതയും ചേർന്നൊരുക്കിയ നല്ലകാലം. ചതിയും വഞ്ചനയും ഒന്നും വേണ്ടാത്ത യു പി ക്ലാസുകൾ. ബാലേട്ടന്റെ ജീപ്പിൽ ആർത്തുല്ലസിച്ച് സ്‌കൂളിലേക്കുളള യാത്രകൾ. മാക്കൂട്ടത്തിലെ അധ്യാപകർക്കും കൂട്ടുകാർക്കും ഒപ്പം ചേർന്ന് ആഘോഷമാക്കിയ ശാസ്ത്രമേളകളും കലോത്സവങ്ങളും.  അബൂബക്കർ സാറും ഉഷ ടീച്ചറും പ്രധാനാധ്യാപകരായ ആ രണ്ട് വർഷങ്ങൾ. ക്ലാസ് ടീച്ചർമാർ ഷമീർ മാഷും ഷീജ ടീച്ചറും.  നമ്പൂതിരി സാറും ശാന്തമ്മ ടീച്ചറും പഠിപ്പിച്ച മലയാളം. ഇഷ്ടമില്ലാതിരുന്നിട്ടും സാജിദ് സാറും മുഹമ്മദ് സാറും ഹിന്ദിയെ എന്റേതുകൂടി ആക്കി മാറ്റി. ആയിഷടീച്ചർ കാണാതെ ഗെയിം കളിച്ച ഐടി പിരീഡുകൾ.

എന്നെ ഞാനാക്കിയത് ഇവിടം ആയിരുന്നു. അസംബ്ലിയിൽ നിന്ന് അംഗീകാരം ലഭിച്ച സർട്ടിഫിക്കറ്റുകളും ട്രോഫികളും പുസ്തകങ്ങളും വീട്ടിലെ അലമാരയിൽ നിന്നും എന്നെ നോക്കി പുഞ്ചിരിക്കുമ്പോൾ ഓർത്തു പോകുന്നു വീണ്ടും ആ നല്ല ദിനങ്ങൾ. ആർത്തുല്ലസിച്ച് വാർഷികദിനങ്ങൾ. മത്സരിച്ചു മൂന്ന് വോട്ടിന് തോറ്റു പോയ ഇലക്ഷൻ. ശരിക്കും പിന്നീടങ്ങോട്ട് സ്‌കൂളിലും കോളേജിലും എല്ലാം മത്സരിച്ചു ജയിക്കാൻ ആ തോൽവി എന്നും വഴികാട്ടിയായിരുന്നു. വിനോദയാത്രയുടെ അനർഘനിമിഷങ്ങൾ, ഒത്തൊരുമയുടെ ഓണപ്പൂക്കളങ്ങൾ... എല്ലാം ഒരു ചലച്ചിത്രം മായുന്ന പോലെ കൺമുന്നിൽ മിന്നി മറയുന്നു. പരീക്ഷ കഴിഞ്ഞു, യു പി കാലഘട്ടം കഴിഞ്ഞു. ഞാൻ വീണ്ടും വിദ്യാഭ്യാസത്തിന്റെ അടുത്ത പടികളിലേക്ക് കടന്നു. പക്ഷേ, അക്കാലം ഓർത്തിരിക്കുമ്പോൾ ഒരു കണ്ണുനീർ പൊടിയാതിരിക്കുന്നതെങ്ങിനെ? കാലചക്രം നീങ്ങുന്നത് അറിഞ്ഞിരുന്നില്ല. അന്ന് എന്നോടൊപ്പം കൂട്ടായിരുന്നവർ ഉപരിപഠന സാധ്യതകൾ തേടി. ഞാനും നാടുവിട്ടു. ചുറ്റും ഇരുട്ട് സൃഷ്ടിക്കുന്ന ഫ്‌ളാറ്റുകൾക്ക് നടുവിലിരുന്ന് ഇതെഴുതുമ്പോൾ ഓർത്തുപോകുന്നു ആ നല്ല ദിനങ്ങൾ. എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ. ഓർത്തിരിക്കാൻ കരയാൻ ബാക്കിയായത് കാലം ബാക്കിവെച്ച ഓർമ്മകൾ മാത്രം.

പിന്നീട് പലപ്പോഴും ആ പഴയ കൂട്ടുകാർ ഓർമ്മകളിൽ തെളിഞ്ഞു. ആ പഴയ ഓട്ടോഗ്രാഫ് പേജുകളിൽ വാക്കുകളായി അവർ ഇപ്പോഴുമുണ്ട്. ചിലർ ഇടക്കെപ്പോഴോ കൺമുന്നിൽ നിറഞ്ഞു പക്ഷേ ആ കണ്ണുകളിൽ എന്നും ആ പഴയ കുഞ്ഞു കണ്ണുകളിലെ ആത്മാർത്ഥത ഞാൻ കണ്ടിരുന്നില്ല. ഇടക്ക് ചേർന്ന പൂർവ വിദ്യാർത്ഥി സംഗമം കുറച്ചുപേരെ തിരിച്ചുനൽകി. ഇന്നും മാക്കൂട്ടത്തിന്റെ മുന്നിലൂടെ നീങ്ങുമ്പോൾ ജാലക തിരശ്ശീലകൾക്കിടയിലൂടെ കണ്ണോടിക്കും ആ പഴയ നാൾവഴികളെ.. പഴയ കുസൃതിക്കുട്ടിയെ....

വിജ്ഞാനത്തിന് അക്ഷരങ്ങൾ പഠിപ്പിച്ചു തന്ന വിദ്യാലയമേ, അതിജീവനം എന്ന വാക്കിന്റെ ഭയമില്ലാതെ ആർദ്രമായ കാലത്തിന്റെ മലയാളത്തിന്റെ നന്മകൾ കണ്ടെത്താൻ എന്നിൽ ഉറവ കണ്ടെത്തിയ നിന്നെ നമിക്കുന്നു. സ്വന്തം ജീവനെ ഭാഷയാക്കി തന്ന അധ്യാപകരെ ആദരിക്കുന്നു. ഭാവുകങ്ങളും ആശംസകളും നേരുന്നു. ഇതിനേക്കാൾ മനോഹരമായി കഥകളുമായി നമ്മുടെ പഴയ തലമുറ നമ്മെ ഹരം കൊള്ളിക്കുമായിരിക്കും. കാരണം അവരുടെ കഥകൾ നമ്മളെക്കാൾ രസകരമാണ്. ഓർമ്മകൾക്ക് വണ്ടികയറിയ പഴയ തലമുറ എത്രയോ സുകൃതികൾ. എങ്കിലും ഞാൻ കാലത്തോട് നന്ദി പറയുന്നു. സീലു പതിച്ച യൂണിഫോമിൽ പൊതിഞ്ഞ് പാവകളെപ്പോലെ വണ്ടിയും കാത്തുനിൽക്കുന്ന, യാന്ത്രിക ജീവിതം തളളിനീക്കുന്ന പലരെയും കാണുമ്പോൾ ഞാൻ ആശ്വസിക്കുന്നു.  ഞാൻ ജീവിക്കുക തന്നെയായിരുന്നു എന്റെ വിദ്യാലയത്തിൽ... ഏവരും പകർന്ന സ്‌നേഹവും കരുതലും ഒരിറ്റു കണ്ണുനീർ നനവോടെ വീണ്ടും ഓർക്കുന്നു. കൈപിടിച്ച് നടന്നവരെ ഒരു നോക്കുകാണാൻ.. ആ തിരുമുറ്റത്തെത്താൻ ഒരുവട്ടംകൂടി...