എ എം യു പി എസ് മാക്കൂട്ടം/അക്ഷരവൃക്ഷം/ഇവൻ നീചനായ ഭരണാധികാരി

Schoolwiki സംരംഭത്തിൽ നിന്ന്
ഇവൻ നീചനായ ഭരണാധികാരി

ഇപ്പോൾ ലോകജനതയെ ഭരിച്ചുകൊണ്ടിരിക്കുന്ന കൊറോണ എന്ന സ്വേച്ഛാധിപതി തന്റെ ജനതയ്ക്ക് ഭയം മാത്രമാണ് നൽകുന്നത്. മറ്റെല്ലാ ഭരണാധികാരികളെയും കൂട്ടിൽ അടച്ച് അവൻ സ്വയം ഭൂമി എന്ന സിംഹാസനത്തിൽ ഇരുന്ന് താണ്ഡവമാടിക്കൊണ്ടിരിക്കുന്നു. ആർക്കും തന്നെ തടുക്കാൻ കഴിയില്ല എന്ന അവബോധത്താൽ കൊറോണ ദിനംപ്രതി ശക്തനാകുന്നു. ചൈനയിലെ വുഹാനിൽ ജനിച്ച കൊറോണ കുറച്ചുനാൾ ചൈനയിൽ തന്നെ ഭരണം ഏറ്റെടുത്തു. പിന്നീട് ആണ് തനിക്ക് രാജ്യങ്ങൾ വെട്ടിപ്പിടിക്കണം എന്നും ലോകം മുഴുവൻ കീഴടക്കണം എന്നും തോന്നിത്തുടങ്ങിയത്. ഇപ്പോൾ ഇതാ ആയുധങ്ങളോ സൈന്യമോ ഇല്ലാതെ ലോകമെമ്പാടും ഉള്ള ജനങ്ങളെ തന്റെ കാൽക്കീഴിലാക്കിയിരിക്കുന്നു. അതി ശക്തനായ ഈ ഭരണാധികാരിയുടെ കാൽക്കീഴിൽ ആണെന്നറിഞ്ഞിട്ടും ജനങ്ങൾ പ്രതീക്ഷ വെടിഞ്ഞിട്ടില്ല. ഓരോ ദിനവും ഈ നീചനായ ഭരണാധികാരിക്ക് എതിരെ ഓരോ മനുഷ്യ ശരീരവും പോരാടുകയാണ് . ഭൂമിയിലെ സമാധാനത്തെ കുഴിച്ച് മൂടിയ ഈ മഹാമാരിയെ തുരത്തി വീണ്ടുമൊരു സുന്ദര ഭൂമി പണിതുയർത്താൻ പാടുപെടുകയാണ്. ജനങ്ങൾക്കിടയിലും ഉണ്ട് ശക്തർ. പ്രതിദിനം ഈ മഹാമാരിയെ തുരത്താൻ പോരാടിക്കൊണ്ടിരിക്കുന്ന നമ്മുടെ ആരോഗ്യപ്രവർത്തകർ തീർച്ചയായും മാലാഖമാരുടെ പ്രതീകമാണ്. ജനങ്ങളുടെ സുരക്ഷ മാത്രം മുന്നിൽ പ്രതിഷ്ഠിച്ചു അവരിൽ അവബോധം നിറയ്ക്കണം എന്ന ലക്ഷ്യത്തോടെയാണ് രാഷ്ട്രീയ നേതാക്കളും മാധ്യമപ്രവർത്തകരും മറ്റു രക്ഷാപ്രവർത്തകരും പോരാടുന്നത്. കണ്മുന്നിൽ കാണാൻ പോലും സാധിക്കാത്ത ഈ നീചനായ ഭരണാധികാരിയുടെ മുന്നിൽ നീതിപീഠം പോലും തലകുനിക്കേണ്ടുന്ന അവസ്ഥയാണ്. നീചന്മാർ ആയിരുന്ന മനുഷ്യർ, പ്രകൃതിയോട് ദയ കാണിക്കാതെ അതിനെ നശിപ്പിച്ചിരുന്നവർ ആയിരുന്നു. കൊറോണയെ ഒരുപക്ഷേ പ്രകൃതി തന്നെ ഏർപ്പാടാക്കിയതാവാം . തന്നെ നശിപ്പിക്കാൻ ശ്രമിച്ചവരെയെല്ലാം പരസ്പരം അകറ്റി, അവരിൽ ഭയം കുത്തിനിറച്ച് വീർപ്പുമുട്ടിക്കുകയാണ്. ഇതിനാൽ ഭൂമി ചിലപ്പോൾ സന്തോഷിക്കുന്നുണ്ടാവാം. എങ്കിൽ പോലും ജനങ്ങളുടെ ക്രൂരതകൾ ഇല്ലാതാവുമോ എന്ന് സംശയം മാത്രം. ആർഭാട ജീവിതം നയിച്ചിരുന്നപ്പോൾ ഓർത്തില്ല ഭൂമിയിൽ ഭിക്ഷ യാചിച്ചു ജീവിക്കുന്നവരും ഉണ്ടെന്ന്. തിളങ്ങുന്ന വസ്ത്രം ധരിച്ച് വീട്ടിൽ നിന്നിറങ്ങിയപ്പോൾ ചിന്തിച്ചില്ല, ഒരുനാൾ ഉപയോഗശൂന്യമായി കിടക്കുന്നതിനാൽ ഉറുമ്പുകൾ ഭക്ഷണം ആക്കും എന്ന്. പണ്ട് പ്രകൃതി വിഭവങ്ങൾ വലിച്ചെറിഞ്ഞു പുച്ഛിച്ചപ്പോൾ മനസ്സിലൂടെ കടന്നു പോയില്ല ഒരുനാൾ അതും അലഞ്ഞു നടക്കേണ്ടി വരും എന്ന്. മനുഷ്യർ ഇപ്പോൾ എല്ലാം ഓർക്കുന്നു, ചിന്തിക്കുന്നു. കൂട്ടിൽ അടയ്ക്കപ്പെട്ടിരുന്ന പക്ഷി മൃഗാദികൾ ഇന്ന് പാറി നടന്നു ഉല്ലസിക്കുന്നു. കൂട്ടിൽ അടയ്ക്കപ്പെട്ട ജനങ്ങളെ നോക്കി പരിഹസിച്ചു കൊണ്ട്. ഈ മഹാമാരിയെ അതിജീവിക്കാൻ നമുക്ക് സാധിച്ചാൽ നാം എന്നും സ്മരിക്കണം, ഈ നാളുകളിൽ നമുക്ക് ലഭിച്ച ഗുണപാഠങ്ങൾ. നാം അതിജീവിക്കും, വിശ്വാസം കൈവിടരുത് . ഈ ഭയാനകമായ ഭരണകൂടത്തിൽ നിന്നും നമുക്ക് നമ്മെ തന്നെ രക്ഷിക്കാം, ഒറ്റക്കെട്ടായി നിന്ന് പോരാടാം. കേവലം ഇതൊരു വൈസ് മാത്രം. നാം കൈകോർത്താൽ എല്ലാം സാധ്യമാവും. പണം കൊണ്ടല്ല പരസ്പര സ്നേഹവും പരിചരണവും കരുതലും കൊണ്ട്. സമാധാനം വീണ്ടെടുക്കാൻ ഒറ്റക്കെട്ടായി നിൽക്കാം നമുക്ക്. യുദ്ധം ചെയ്യാം കൊറോണ എന്ന സ്വേച്ഛാധിപതിയെ തുരത്താൻ. തീർച്ചയായും ഈ സമയവും കടന്ന് പോകും!!



മുഹമ്മദ് അമീൻ. എം
6 C മാക്കൂട്ടം എ.എം.യു.പി സ്കൂൾ
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം