എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/വിദ്യാരംഗം‌/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും, വായന മാസാചരണത്തിന്റെ ഉദ്ഘാടനവും 2024 ജൂൺ 19ന് സ്കൂൾ അസംബ്ലിയിൽ വെച്ച് നടത്തി.സ്കൂൾ ഹെഡ്മിസ്ട്രസ് അനില സാമൂവേൽ അധ്യക്ഷയായിരുന്ന അസംബ്ലിയിൽ സ്വാഗതം പറഞ്ഞത് അധ്യാപിക ബിന്ദു ഫിലിപ്പാണ്. ഉദ്ഘാടനം നിർവഹിച്ചത് കോഴഞ്ചേരി സെന്റ് തോമസ് കോളേജ് മലയാള വിഭാഗം അധ്യാപികയായ പ്രൊഫസർ.ഡോ. സാറാമ്മ വർഗീസ് ആണ്.മുഖ്യ സന്ദേശം നൽകിയത് സ്കൂൾ മാനേജർ ഡോ. റ്റി റ്റി.സഖറിയ അച്ചൻ ആണ്. പി. ടി. എ വൈസ് പ്രസിഡന്റ് സുഷമ ആശംസകൾ അറിയിച്ചു. അധ്യാപിക പ്രൈസി ചെറിയാൻ  നന്ദി അറിയിച്ചു.

പ്രതിജ്ഞ

അബിത ജഹാൻ വായനാദിന പ്രതിജ്ഞ അസംബ്ലിയിൽ  ചൊല്ലിക്കൊടുത്തു.

മഹത് വ്യക്തിത്വങ്ങളുടെ ഉദ്ധരണികൾ സമർപ്പണം

കുട്ടികൾ വായനയുമായി ബന്ധപ്പെട്ട മഹത് വ്യക്തികളുടെ ഉദ്ധരണികൾ അവതരിപ്പിച്ചു.

വായനാദിന സന്ദേശം

കുമാരി ഉപന്യ ആർ വായനാദിന സന്ദേശം നൽകി.

ജന്മദിന സമ്മാനം

മാസ്റ്റർ ഷോൺ ഐപ്പ് ബിജോയ് ജന്മദിന സമ്മാനമായി സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം സംഭാവന ചെയ്തു.

വായനയുടെ ലോകം - ബോധവൽക്കരണ ക്ലാസ്

സ്കൂൾ ലൈബ്രറിയിൽ മലയാളഭാഷയോട് ആഭിമുഖ്യം പുലർത്തുന്ന കുട്ടികളെ ഉൾപ്പെടുത്തി വായനയുടെ പ്രാധാന്യത്തെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് നടന്നു. മലയാള വിഭാഗം അദ്ധ്യാപികയായ പ്രൊഫസർ ഡോ. സാറാമ്മ വർഗീസ് ആണ് ക്ലാസുകൾക്ക് നേതൃത്വം നൽകിയത്.

മത്സരങ്ങൾ

വായനാദിനവുമായി ബന്ധപ്പെട്ട് വിവിധതരത്തിലുള്ള മത്സരങ്ങൾ സ്കൂളിൽ നടത്തി. ഹൈസ്കൂൾ,യുപി വിഭാഗത്തിൽ നിന്നും ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയ കുട്ടികൾക്ക് സർട്ടിഫിക്കറ്റ് നൽകി.

കലാ മത്സരങ്ങൾ

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ, ജൂൺ 24, 2024 തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് നടന്ന സാംസ്കാരിക പരിപാടിയിൽ പ്രസംഗം, കാവ്യാലാപനം, നാടൻപാട്ട്, പുസ്തകാസ്വാദനം, അഭിനയം എന്നീ വിവിധ മത്സരങ്ങൾ ഉൾപ്പെട്ടിരുന്നു. ഈ പരിപാടിയിൽ യുപി, എച്ച്എസ് വിഭാഗങ്ങളിൽ നിന്നുള്ള നിരവധി വിദ്യാർഥികൾ സജീവമായി പങ്കെടുത്തു. വിജയികളായ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു.

ബഷീർ ദിനം ദൃശ്യാവിഷ്കാരം

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ, ജൂലൈ അഞ്ചിന് ആചരിച്ച ബഷീർ ദിനത്തിൽ, വൈക്കം മുഹമ്മദ് ബഷീറിന്റെ അനശ്വര കൃതിയായ 'പാത്തുമ്മയുടെ ആട്' എന്ന നോവലിലെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകി.

സാഹിത്യ സെമിനാർ

ജൂലൈ 30-ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന ആറന്മുള ഉപജില്ലാ സാഹിത്യ സെമിനാറിൽ, നമ്മുടെ സ്‌കൂളിലെ എട്ടാം ക്ലാസുകാരിയായ ഗൗരി കൃഷ്ണ എസ്, എം. മുകുന്ദനും മയ്യഴിപ്പുഴയുടെ തീരങ്ങളിലും എന്ന വിഷയത്തിൽ അവതരിപ്പിച്ച പ്രബന്ധത്തിന് രണ്ടാം സ്ഥാനം ലഭിച്ചു.

കലാകൃത

പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് പദ്ധതിയും, വിദ്യാരംഗവും സംയുക്തമായി കലാകൃത എന്ന പേരിൽ ഒരു ചിൽഡ്രൻസ് തിയേറ്റർ ക്യാമ്പ് സംഘടിപ്പിച്ചു. പ്രശസ്ത നാടകകാരനും അദ്ധ്യാപകനുമായ മനോജ് സുനി ക്യാമ്പിന് നേതൃത്വം നൽകി. സ്കൂൾ പ്രഥമ അദ്ധ്യാപിക അനില സാമുവൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു, വിദ്യാരംഗം കൺവീനർ ലീമ മത്തായി നന്ദിയർപ്പിച്ചു. കൈറ്റ് മിസ്ട്രെസ് ആശാ പി മാത്യു, പിടിഎ വൈസ് പ്രസിഡന്റ് സന്ധ്യ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.ഒരു ദിവസം നീണ്ടുനിന്ന ക്യാമ്പ് വിദ്യാർത്ഥികളിൽ ഊർജ്ജം നിറച്ചു. പിടിഎ പ്രതിനിധികൾ സാമ്പത്തിക സഹായം നൽകി. മനോജ് സുനി എഴുതിയ ഉമ്പളങ്ങ എന്ന പുസ്തകം സ്കൂളിന്റെ ഗ്രന്ഥശാലയ്ക്ക് സംഭാവന ചെയ്തു.

ചിൽഡ്രൻസ് തിയേറ്റർ ക്യാമ്പ്

വിദ്യാർത്ഥികളുടെ നിരീക്ഷണ ശേഷി വളർത്തുന്ന പ്രവർത്തനങ്ങളിലൂടെ ക്യാമ്പ് ആരംഭിച്ചു. ചെറുപ്പം മുതലേ കുട്ടികളിൽ ഉറങ്ങുന്ന കലാകാരനെ ഉണർത്തുകയും അവരുടെ സർഗ്ഗശാല തുറക്കുകയും ചെയ്യുന്ന മികച്ച ഒരു വേദിയാണ് ചിൽഡ്രൻസ് തിയേറ്റർ ക്യാമ്പ്. ഈ ക്യാമ്പുകൾ കുട്ടികളിൽ നാടകം, നൃത്തം, പാട്ട്, വേഷവിധാനം, സംഭാഷണം തുടങ്ങിയ വിവിധ കലാരൂപങ്ങളിലുള്ള താൽപര്യം വളർത്തുന്നു. ചിൽഡ്രൻസ് തിയേറ്റർ ക്യാമ്പുകൾ കുട്ടികളുടെ മാനസിക വികാസത്തിന് വളരെ പ്രധാനമാണ്. ഇത് അവരുടെ സർഗ്ഗശാല തുറക്കുകയും അവരെ സമഗ്രമായ വ്യക്തിത്വങ്ങളായി വളർത്തുകയും ചെയ്യുന്നു.

ചിൽഡ്രൻസ് തിയേറ്റർ ക്യാമ്പുകൾ കുട്ടികളിൽ വളർത്തുന്ന ഗുണങ്ങൾ

  • കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുക, വ്യത്യസ്ത വേഷങ്ങൾ അണിയുക
  • വേഷങ്ങൾക്കനുസരിച്ച് ശബ്ദവും ചലനവും മാറ്റുക
  • ലളിതമായ നൃത്തചുവടുകൾ പഠിക്കുക
  • പാട്ടുകൾ പാടുക
  • നൃത്തവും പാട്ടും കൂട്ടിച്ചേർത്ത് ചെറിയ അവതരണങ്ങൾ നടത്തുക
  • വ്യത്യസ്ത വികാരങ്ങൾ പ്രകടിപ്പിക്കാൻ പഠിക്കുക
  • ചെറിയ സംഭാഷണങ്ങൾ അഭിനയിക്കുക
  • ഒരുമിച്ച് പ്രവർത്തിക്കാൻ പഠിക്കുക
  • പ്രശ്‌നങ്ങൾക്ക് പരിഹാരങ്ങൾ കണ്ടെത്തുക തുടങ്ങിയ ഗുണങ്ങൾ ഈ ക്യാമ്പിലൂടെ വിദ്യാർത്ഥികൾ സ്വായത്തമാക്കി.

ചിൽഡ്രൻസ് തിയേറ്റർ ക്യാമ്പ് വഴി കുട്ടികൾ സ്വായത്തമാക്കുന്ന പ്രധാന നൈപുണികൾ

സർഗ്ഗാത്മക ചിന്ത

പുതിയ ആശയങ്ങൾ ഉണ്ടാക്കാനും, പ്രശ്‌നങ്ങൾക്ക് പരിഹാരങ്ങൾ കണ്ടെത്താനും കുട്ടികൾ പഠിക്കുന്നു.

ആത്മവിശ്വാസം

തങ്ങളുടെ കഴിവുകളിൽ വിശ്വസിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു.

സംഘടനാ കഴിവുകൾ

ഒരു സംഘത്തിന്റെ ഭാഗമായി പ്രവർത്തിക്കാൻ പഠിക്കുന്നു.

ആശയവിനിമയം

മറ്റുള്ളവരുമായി ആശയങ്ങൾ പങ്കിടാൻ പഠിക്കുന്നു

സഹകരണം

ഒരുമിച്ച് പ്രവർത്തിക്കാനുള്ള കഴിവ് വളർത്തുന്നു.

വിശദീകരണ ശേഷി

തങ്ങളുടെ ആശയങ്ങൾ വ്യക്തമായി വിശദീകരിക്കാൻ പഠിക്കുന്നു.

ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ്

ഒരു കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ പഠിക്കുന്നു.

സമയബോധം

നിശ്ചിത സമയത്തിനുള്ളിൽ ജോലികൾ പൂർത്തിയാക്കാൻ പഠിക്കുന്നു.

വേഷവിധാനം

വ്യത്യസ്ത വേഷങ്ങൾ അണിയാനും അവയ്ക്ക് അനുയോജ്യമായ ചലനങ്ങളും ശബ്ദങ്ങളും ഉണ്ടാക്കാനും പഠിക്കുന്നു.

ശരീരഭാഷ

ശരീരഭാഷ ഉപയോഗിച്ച് വികാരങ്ങൾ പ്രകടിപ്പിക്കാൻ പഠിക്കുന്നു.

ഉപജില്ല സർഗോത്സവം

ആറന്മുള ഉപജില്ല സർഗോത്സവത്തിൽ യുപി, എച്ച്എസ് വിഭാഗങ്ങളിലെ വിദ്യാർഥികൾ കാവ്യാലാപനം, പുസ്തകാസ്വാദനം, കഥാരചന, കവിതാരചന, നാടൻപാട്ട്, അഭിനയം തുടങ്ങിയ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. നാടൻപാട്ട്, പുസ്തകാസ്വാദനം, ചിത്രരചന എന്നീ വിഭാഗങ്ങളിൽ നിന്ന് ജില്ലാതലത്തിലേക്ക് മികച്ച പ്രകടനം കാഴ്ചവച്ച നാല് കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു.

സർഗോത്സവം  2024

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സർഗോത്സവം  2024 പത്തനംതിട്ട ജില്ല നാടൻപാട്ട് മത്സരത്തിൽ ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിലെ ഹരിനാരായണൻ രണ്ടാം സ്ഥാനം കരസ്ഥമാക്കി സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി.

സുഗതകുമാരി അനുസ്മരണം

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി സുഗതകുമാരി ടീച്ചർ വിട പറഞ്ഞിട്ട്  നാലു വർഷം പൂർത്തിയാക്കുന്ന ഡിസംബർ 23 ന് ടീച്ചറുടെ ജന്മഗൃഹമായ ആറന്മുള വാഴുവേലിൽ തറവാട്ടിൽ വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ  ഒത്തു ചേർന്നു. ടീച്ചറുടെ കവിതകൾ കൊണ്ട് കാവ്യാർച്ചന നടത്തി. സർഗോത്സവം സബ് ജില്ലാതലത്തിൽ കാവ്യാലാപന വിജയികളായ  കുട്ടികളും അധ്യാപകരും  രാവിലെ 9.30 ന് ആറന്മുള വാഴുവേലിൽ വീട്ടിൽ എത്തി ടീച്ചറുടെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി കാവ്യാർച്ചന ആരംഭിച്ചു. ഡയറ്റ് മുൻ ഫാകൽറ്റിയും വിദ്യാരംഗം കോഡിനേറ്ററും ആയിരുന്ന ഡോ.ദേവി കെ കെ, പത്തനംതിട്ട ബിപിസി ശ്രീമതി ശ്രീലത എന്നിവർ ടീച്ചറെ അനുസ്മരിച്ചു. പത്തനംതിട്ട ജില്ലാ  വിദ്യാരംഗം ജോയിൻ കോഡിനേറ്റർ  ശ്രീമതി രശ്മി രവീന്ദ്രൻ നന്ദിയും അറിയിച്ചു.

കാവ്യാർച്ചന

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരിയും പരിഷ്കർത്താവുമായ സുഗതകുമാരി ടീച്ചർ വിട പറഞ്ഞിട്ട് നാലു വർഷം പൂർത്തിയാകുന്ന ഡിസംബർ 23-ന്, ടീച്ചറുടെ ജന്മഗൃഹമായ ആറന്മുള വാഴുവേലിൽ തറവാട്ടിൽ വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.

കാവ്യാർച്ചനയും പുഷ്പാർച്ചനയും

സർഗോത്സവം സബ്-ജില്ലാതല കാവ്യാലാപന മത്സരത്തിലെ വിജയിയായ കുട്ടികളും അധ്യാപകരും രാവിലെ 9.30-ന് ആറന്മുള വാഴുവേലിൽ വീട്ടിൽ ഒത്തു ചേർന്നു. ടീച്ചറുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി പരിപാടി ആരംഭിച്ചു.

സുഗതകുമാരിയുടെ സ്മരണയിൽ കലാപ്രതിഭകൾ

ഇടയാറന്മുള ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി കുമാരി ഗൗരി കൃഷ്ണ എസ് വരച്ച സുഗതകുമാരി ടീച്ചറിന്റെ രേഖാചിത്രം വിദ്യാരംഗം പത്തനംതിട്ട ജില്ലാ കോർഡിനേറ്റർ ശ്രീമതി രഞ്ജു ടീച്ചറിന് കൈമാറി. ഇടയാറന്മുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി കുമാരി നിരഞ്ജന വരച്ച, ടീച്ചറുടെ കവിതകളുടെ പേരുകൾ ഉൾപ്പെടുത്തിയ മറ്റൊരു രേഖാചിത്രം കൊട്ടാരക്കര തമ്പുരാൻ മ്യൂസിയം ചാർജ് ഓഫീസർ ശ്രീ മിൽട്ടൺ ഏറ്റുവാങ്ങി.

കവിതാലാപനവും അനുസ്മരണവും

പല സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ കാറ്റ്, പൂച്ച, അമ്പലമണി, ഒരുതൈ നടാം, ഒരു പാട്ട് പിന്നെയും, കണ്ണന്റെ അമ്മ തുടങ്ങിയ പ്രമുഖ കവിതകൾ ആലപിച്ചു. ഡയറ്റ് മുൻ ഫാക്കൽറ്റിയും വിദ്യാരംഗം കോർഡിനേറ്ററുമായ ഡോ. ദേവി കെ.കെ., പത്തനംതിട്ട ബി.പി.സി. ശ്രീമതി ശ്രീലത എന്നിവർ ടീച്ചറെ അനുസ്മരിച്ചു.

ഡോക്യുമെന്റേഷൻ

ഇടയാറന്മുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ പരിപാടിയുടെ മുഴുവൻ പ്രവർത്തനങ്ങളും ഡോക്യുമെന്റ് ചെയ്തു, ചടങ്ങിനെ കൂടുതൽ ശ്രദ്ധേയമാക്കി.

സംപൂർണ്ണതയോടെ സമാപനം

പത്തനംതിട്ട ജില്ലാ വിദ്യാരംഗം ജോയിന്റ് കോർഡിനേറ്റർ ശ്രീമതി രശ്മി രവീന്ദ്രൻ നന്ദി അറിയിച്ച് പരിപാടി സമാപിച്ചു. കാവ്യസ്മരണയിലൂടെ സുഗതകുമാരി ടീച്ചറുടെ ജീവിതവും സൃഷ്ടികളും പുതുതലമുറയ്ക്ക് മാതൃകയായി അവതരിപ്പിക്കപ്പെടുന്നത് ശ്രദ്ധേയമായിരുന്നു.

സുഗതകുമാരി അനുസ്മരണചിത്രങ്ങൾ കാണുവാൻ സന്ദർശിക്കുക