എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരവൃക്ഷം/ പരിസരം ,ശുചിത്വം, രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസരം ,ശുചിത്വം, രോഗപ്രതിരോധം


പ്രാചീനകാലം മുതലേ നമ്മുടെ പൂർവ്വികർ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധയുള്ളവരായിരുന്നു. ശുചിത്വം ഒരു സംസ്കാരമാണെന്ന് തിരിച്ചറിഞ്ഞവരായിരുന്നു നമ്മുടെ പൂർവ്വികർ. ആരോഗ്യം പോലെതന്നെ വ്യക്തികൾക്കായാലും സമൂഹത്തിനായാലും ശുചിത്വം ഏറെ പ്രാധാന്യമുള്ളതാണ്. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്നുവെന്ന് അവകാശപ്പെടുമ്പോഴും ശുചിത്വത്തിന്റെ കാര്യത്തിൽ നാം ഏറെ പുറകിലാണെന്ന് കൺതുറന്ന് നോക്കുന്ന ഏവർക്കും മനസ്സിലാക്കാവുന്നതാണ്. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു ? വ്യക്തിശുചിത്വത്തിൽ ഏറെ പ്രാധാന്യം കൽപ്പിക്കുന്ന മലയാളി പരിസര ശുചിത്വത്തിലും എന്തുകൊണ്ടാണ് ആ പ്രാധാന്യം കൽപ്പിക്കാത്തത് ? നമ്മുടെ ബോധനിലവാരത്തിന്റെയും, കാഴ്ച്ചപ്പാടിന്റെയും പ്രശ്നമാണത്. ആരും കാണാതെ വീട്ടിലെ മാലിന്യങ്ങൾ നിരത്തുവക്കിൽ ഇടുന്നതിലൂടെയും, അയൽക്കാരന്റെ പറമ്പിലേക്കെറിയുന്നതിലൂടെയും, മലയാളി തന്റെ കപടസാംസ്കാരിക മൂല്യബോധത്തിന്റെ തെളിവ് പ്രകടിപ്പിക്കുകയല്ലേ ചെയ്യുന്നത് ? ഈ അവസ്ഥ തുടർന്നാൽ 'മാലിന്യകേരളം' എന്ന ബഹുമതിക്ക് നാം അർഹരാകുകയില്ലേ ? ഈ അവസ്ഥയ്ക്ക് മാറ്റം വന്നേ പറ്റൂ. ഇതുമൂലം നമുക്ക് കിട്ടുന്ന പ്രതിഫലം പകർച്ചവ്യാധികളാണ്. ശുചിത്വം വേണമെന്ന് എല്ലാവർക്കുമറിയാം, എന്നിട്ടും ശുചിത്വമില്ലാതെ നാം ജീവിക്കുന്നു.


കുട്ടികളായാലും, മുതിർന്നവരായാലും ശരീരത്തിന്റെ അധ്വാനത്തിനനുസരിച്ചുമതി ഭക്ഷണം. ആഹാരത്തിലൂടെ ലഭിക്കുന്ന ഊർജം കത്തിച്ച് കളയാൻ കഴിയാത്തവരുടെ ശരീരത്തിൽ അത് കൊഴുപ്പായി ശേഖരിക്കപ്പെടുന്നു. അധികമായാൽ അമൃതും വിഷമെന്നോർക്കണം. പഫ്സ്, ബർഗർ, സമൂസ എന്നിവയെല്ലാം പരമാവധി ഒഴിവാക്കുക. നാം മനസ്സുവെച്ചാൽ നമ്മളുടെ രോഗ പ്രതിരോധശേഷി നമുക്കുതന്നെ വീണ്ടെടുക്കാൻ സാധിക്കും. വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങളുണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും, ജീവിതശൈലീ രോഗങ്ങളേയും ഒഴിവാക്കാൻ സാധിക്കും. കൂടെക്കൂടെയും ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പിട്ടു കഴുകുക. പൊതുസ്ഥല സമ്പർക്കത്തിനുശേഷം നിർബന്ധമായും കൈകൾ സോപ്പിട്ടു കഴുകേണ്ടതാണ്. ഇതുവഴി കൊറോണ, എച്ച് ഐ വി, ഇൻഫ്ലുൻസ മുതലായ നിരവധി വൈറസുകളെയും, ചില ബാക്ടീരിയകളെയുമൊക്കെ എളുപ്പത്തിൽ കഴുകി കളയാം. സാമൂഹ്യബോധവും പൗരത്വബോധവുമുള്ള ഒരു സമൂഹത്തിൽ മാത്രമേ ശുചിത്വം സാദ്ധ്യമാവുകയുള്ളൂ. ഒരോരുത്തരും അവരവരുടെ കടമകൾ നിറവേറ്റിയാൽ ശുചിത്വം താനേ കൈവരും. ഞാനുണ്ടാക്കിയ മാലിന്യം സംസ്കരിക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണെന്ന് ഒരോരുത്തരും ചിന്തിച്ചാൽ പൊതുശുചിത്വം സ്വയമുണ്ടാകും.


മാനവസമൂഹമേ, വ്യക്തിശുചിത്വം പാലിക്കൂ. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കൂ. രോഗപ്രതിരോധശേഷി കൈവരിക്കൂ. രോഗത്തിൽനിന്നും മുക്തിനേടൂ!

അക്ഷയ എം നായർ
10 എ എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറൻമുള
ആറന്മുള ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം