എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ/അക്ഷരവൃക്ഷം/ വ്രണിതവിചാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
വ്രണിതവിചാരങ്ങൾ

കക്ഷത്തിലിറുക്കിവച്ചിരുന്ന ചെറിയ കറുത്ത ഹാൻഡ്ബാഗ് രാഘവേട്ടൻ പുറത്തെടുത്തു.വിറയാർന്ന വാർധക്യത്തിന്റെ വിയർപ്പുതുള്ളികൾ അതിന്റെ കറുപ്പു നിറത്തെ ഭാഗികമായി ഭക്ഷിക്കുകയായിരുന്നു വർഷങ്ങളായി. അയാൾ മെല്ലെ സിബ്ബ് തുറന്ന്, തിരുകി വെച്ചിരുന്ന മാസ്ക് പുറത്തെടുത്തു. ഒരാഴ്ച മുമ്പ് ലോക്ക്ഡൌൺ തുടങ്ങിയപ്പോൾ വീട്ടിൽ സാധനങ്ങളുമായി വന്ന പോലീസുകാരൻ തന്നതാണ്. കുറേ കാലത്തിനു ശേഷം പുറത്തിറങ്ങുന്നതാണ്. അതുകൊണ്ട് അപ്പോൾ തന്നെ ഉപയോഗിക്കാം എന്ന് കരുതിക്കാണും. ബാഗിലെ ഒരു മൂലയിൽ അടുക്കിവെച്ചിരിപ്പുണ്ടായിരുന്നു,പഴയ ലോട്ടറി ടിക്കറ്റുകൾ. കാലപ്പഴക്കത്തിന്റെ അടയാളമെന്നോണം ഒരു മഞ്ഞനിറം അവയെ പിടികൂടിയിട്ടുണ്ടായിരുന്നു. എല്ലാദിവസവും അതിരാവിലെ ആ മലയോരപ്പട്ടണത്തിന്റെ അടിവാരത്തിലുള്ള ഏജൻസിയിൽനിന്നും ടിക്കറ്റുകളെടുത്ത് നഗരവീഥികളിലൂടെ നടന്ന് വിൽപ്പന നടത്തിവരികയായിരുന്നു. അയാളുടെ പാദമുദ്ര പതിയാത്ത ഒരു മണൽത്തരി പോലും ആ കൊച്ചുനഗരത്തിൽ ഇല്ലായിരുന്നു.

പക്ഷേ ഇപ്പോൾ ദിവസങ്ങളായി ജോലിയില്ലാതായിട്ട്. രാജ്യത്ത് എല്ലാവരും വീട്ടിലിരിക്കുകയാണല്ലോ, കോവിഡ് എന്നുള്ള അസുഖം വരാതിരിക്കാനാണത്രേ. വല്ലപ്പോഴും മാത്രമേ രാഘവേട്ടൻ പത്രം വായിക്കാറുള്ളൂ. ലോകവിവരം ലഭിക്കുന്നതാകട്ടെ പരിചയക്കാരിൽനിന്നും. അയാൾ പുറത്തെടുത്ത മാസ്ക് ധരിച്ചു. പക്ഷേ ഒരു സുഖക്കേട്, മൂക്കും വായയുമൊക്കെ മൂടിക്കെട്ടുമ്പോൾ ആകെ മൊത്തം ഒരു അസ്വാസ്ഥ്യം. വാഹനങ്ങളൊഴിഞ്ഞ മലയോരനിരത്ത് അപൂർവ്വമായ ഒരു കാഴ്ചയാണ്. നഗരവീഥികളിലും ഊടുവഴികളിലുമെല്ലാം അഭൂതപൂർവ്വമായ ഒരു മൂകത തളം കെട്ടി നിൽക്കുന്നു.

പശ്ചിമഘട്ടത്തിന്റെ പരിപാവനതയെ പ്രതിഫലിപ്പിക്കുന്ന ആ കൊച്ചുപട്ടണത്തതിന് ശീതളഛായ പകരുന്ന വൃക്ഷത്തലപ്പുകൾ വാഹനങ്ങളുടെ വിഷപ്പുക കലരാത്ത ശുദ്ധവായു ശ്വസിച്ച് ഇളംകാറ്റിൽ തലയാട്ടുന്നു. അതിന്റെ ചില്ലകളിൽ അണ്ണാരക്കണ്ണന്മാർ ഓടിക്കളിക്കുന്നതു കണ്ടപ്പോൾ യവനികയ്ക്കു പിന്നിൽ മറഞ്ഞ പോയകാലത്തിന്റെ പോക്കുവെയിലോളങ്ങൾ നഗരവത്കരണത്തിന്റെ പുകമറ നീക്കി പുറത്തുവരുന്നതുപോലെ. ആ കൊച്ചുപട്ടണത്തിന്റെ മാറ്റങ്ങളെ സശ്രദ്ധം വീക്ഷിച്ചുകൊണ്ട് റോഡരികിൽ വഴിപോക്കർക്ക് തണലായി നിൽക്കുന്ന ആൽമരത്തിന്റെ ചുവട്ടിൽ രാഘവേട്ടൻ ഇരുന്നു. നഷ്ടപ്പെട്ടുപോയ എന്തോ ഒന്ന് അയാളുടെ ഉള്ളുണർത്തി. മനസ്സിന്റെ ഉദ്യാനത്തിൽ പൂത്തുലഞ്ഞുനിന്ന ഇലഞ്ഞിമരത്തിൽ നിന്നും ഒരു പൂവുതിർന്നുവീണു. അതിന്റെ വാസന വ്രണിതമായ ചിന്തകൾക്ക് ആശ്വാസം പകർന്നു. മനസ്സിന്റെ ചുമരിൽ നെൽവയലുകൾ നിറഞ്ഞുനിൽക്കുന്ന ഗ്രാമചിത്രം തെളിഞ്ഞുവന്നു. സമൃദ്ധി കതിരിടുന്ന വയലുകൾ, അന്നം ദൈവമായിരുന്ന നാളുകൾ,പ്രകൃതി കനിഞ്ഞരരുളിയ പ്രതീക്ഷയുടെ ദീപ്തനാളങ്ങൾ... എല്ലാം കണ്മുന്നിൽ വന്നു മറയുന്ന പോലെ...

പക്ഷേ ഇരുമ്പുകരങ്ങൾ മണ്ണിന്റെ മാറിലേക്കാഴ്ന്നിറങ്ങയപ്പോൾ രാഘവേട്ടനുൾപ്പെടെയുള്ള മണ്ണിന്റെ മക്കൾക്ക് മാതൃഭൂവിനെ വിട്ട് പോരേണ്ടിവന്നു. നാഗരികത നിഷ്പ്രഭമാക്കിയ സ്വപ്നങ്ങൾ സ്വരുക്കൂട്ടി അയാളെപ്പോലുള്ള ആയിരങ്ങൾക്ക് ചുരം കയറേണ്ടി വന്നു. എല്ലാം ഓർക്കുമ്പോൾ നോവിന്റെ കണികകൾ കൺകോണിൽ വന്നുനിറയുന്നു. പക്ഷേ പാവപ്പെട്ടവന്റെ വയറ്റിൽ ആളുന്ന അഗ്നിയേക്കാൾ തീക്ഷ്ണമല്ല ഏത് പണക്കാരന്റെയും സമ്പന്നത എന്ന കാര്യത്തിൽ അയാൾ വിശ്വസിച്ചിരുന്നു. നഗരജീവിതത്തിൽ ലയിക്കാൻ പ്രയാസമായിരുന്നു. പക്ഷേ ഇപ്പോഴും ഒഴുക്കിന് സമാന്തരമായി ഓരം ചേർന്ന് നടക്കുന്നു...

രാഘവേട്ടന് രണ്ട് മക്കളാണ്. ഇരുവരും വിദൂരനഗരത്തിലെ അറിയപ്പെടുന്ന ഡോക്ടർമാർ. പക്ഷേ മക്കൾ നല്ല നിലയിലായിട്ടും ലോട്ടറി വിൽപ്പന നിർത്താൻ രാഘവേട്ടന് ഭാവമില്ല. ഇപ്പോൾ രണ്ടുപേരും കൊറോണ രോഗികളെ ചികിത്സിക്കുന്ന ഡ്യൂട്ടിയിലാണ്. അതുകൊണ്ട് സദാസമയവും ആശുപത്രിയിലാണ്. ജീവിതത്തിനും മരണത്തിനും ഇടയിലുള്ള നേർത്ത ഇടനാഴിയിൽ പ്രാണൻ കവരുവാനായി പടരുന്ന കൊറോണ എന്ന ഇരുളിനെ ഇല്ലാതാക്കാൻ തീവ്രശ്രമത്തിലാണ് തന്റെ മക്കൾ എന്ന കാര്യത്തിൽ അയാൾക്ക് അഭിമാനമേ ഉണ്ടായിരുന്നുള്ളൂ. നഗരവീഥികളിൽ തളം കെട്ടി നിൽക്കുന്ന നിശബ്ദതയെ ഭേദിച്ചുകൊണ്ട് ഒരു പോലീസ് വാഹനം കടന്നുപോകുന്ന ശബ്ദം കേട്ട്,രാഘവേട്ടൻ പതുക്കെ എഴുന്നേറ്റ് വീട്ടിലേക്ക് തിരിച്ച് നടക്കാൻ തുടങ്ങി. അയാൾ മാസ്ക് താഴ്ത്തി, ആവുന്നത്ര ശുദ്ധവായു വലിച്ചെടുത്തു. മലിനമായ വായു മാത്രം ലഭിച്ചുകൊണ്ടിരുന്ന ശ്വാസകോശങ്ങൾക്ക് അതൊരു പുത്തനുണർവ്വായിരുന്നു. ലോക്ക്ഡൌണിന് ശേഷം പഴയ സ്ഥിതിയിലേക്ക് എപ്പോഴാണ് എത്തിച്ചേരുക എന്ന് അയാൾക്ക് അറിയില്ലായിരുന്നു. പക്ഷേ, അകലങ്ങളിലെവിടെയോ മണ്മറഞ്ഞുപോയ കാലത്തിന്റെ അവ്യക്തചിത്രങ്ങൾ പ്രത്യക്ഷമായി തുടങ്ങിയിരുന്നു... രാഘവേട്ടന് അത് അപ്പോൾ കാണാൻ കഴിയുന്നുണ്ടായിരുന്നു...

രൂപക് വി.പി.
9 B എ വി എസ് ജി എച്ച് എസ് എസ് കരിവെള്ളൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ