എ.യു.പി.സ്കൂൾ പരിയാപുരം സെൻട്രൽ/അക്ഷരവൃക്ഷം/രോഗവും രോഗപ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
രോഗവും രോഗപ്രതിരോധവും
      കൊറോണ എന്ന മഹാവിപത്തിൻ്റെ പിടിയിലാണ് നമ്മളിപ്പോൾ, നമുക്കിപ്പോൾ വളരെയധികം ജാഗ്രത പുലർത്തേണ്ട സമയമാണ് .കൊറോണയെ നിയന്ത്രിക്കാനായി ആരോഗ്യ വകുപ്പും സർക്കാരും ധാരാളം നിർദ്ദേശങ്ങൾ നൽകി മുന്നോട്ടു പോയ്ക്കൊണ്ടിരിക്കുന്നു ഈ നിർദ്ദേശങ്ങൾ പാലിക്കാൻ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്.

2019 ഡിസംബറിൽ ആയിരുന്നു കൊറോണ വൈറസിൻ്റെ തുടക്കം .പിന്നീട് ഇത് ലോകമെമ്പാടും പരന്നു പിടിച്ചു. ശ്വാസകോശ രോഗം ഉണ്ടാക്കുന്ന ഒരു പുതിയ ഇനം RNAവൈറസാണ് 2019 nCoV ഗോളാകൃതിയായ വൈറസിൻ്റെ പുറം ഭാഗത്ത് സൂര്യരശ്മികൾ പോലെ കാണുന്ന മുനകളാണ് ഈ വൈറസിന് കൊറോണ എന്ന പേര് വരാൻ കാരണം. രോഗാണു ഒരു വ്യക്തിയുടെ ശരീരത്തിൽ എത്തി രോഗലക്ഷണങ്ങൾ കാണിക്കാനെടുക്കുന്ന സമയത്തിനെയാണ് ഇൻക്യുബേഷൻ പിരീഡ് എന്ന് പറയുന്നത് .

       2 മുതൽ 14 ദിവസം വരെയാണ് വൈറസിൻ്റെ ഇൻക്യുബേഷൻ പിരീഡ് .രോഗലക്ഷണങ്ങൾ കാണിക്കുന്ന വ്യക്തിയുമായോ പക്ഷിമൃഗാദികളുമായോ സമ്പർക്കം പുലർത്തുന്നതിലൂടെയും തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തേക്ക് വരുന്ന സ്രവങ്ങളുടെ കണങ്ങളിലൂടെയും ഈ രോഗം പകരാം. പനി, ചുമ, ജലദോഷം, ശ്വാസതടസ്സം, തൊണ്ടവേദന എന്നിവ ഈ രോഗത്തിൻ്റെ ലക്ഷണങ്ങളാണ്. ഈ പുതിയ ഇനം വൈറസുൾപ്പെടെ 7 കൊറോണ വൈറസുകളാണ് മനുഷ്യന് രോഗമുണ്ടാക്കുന്നതായി കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളത് .ഇത് ഒരു പുതിയ ഇനം വൈറസായതുകൊണ്ടു തന്നെ ഇതിൻ്റെ ജനിതക ഘടകങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ പ്രതിരോധ കുത്തിവെപ്പുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. കൊറോണ വൈറസിനെതിരേ പ്രതിരോധ മരുന്ന് കണ്ടെത്താൻ നെട്ടോട്ടത്തിലാണ് ലോകം . മലേറിയയ്ക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്സി ക്ലോറോക്വിൻ കൊറോണക്കെതിരെ ഫലപ്രദമെന്നാണ് പഠനം സൂചിപ്പിക്കുന്നത്. രോഗം ഏറ്റവും രൂക്ഷമായ അമേരിക്കയിൽ ഈ മരുന്ന് ശേഖരിക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. പ്രതിരോധ കുത്തിവെപ്പ് കണ്ടെത്തുന്നതു വരെ കൊറോണ രോഗികൾക്ക് ആവശ്യമായ ചികിത്സ ലഭ്യമല്ല .

നമ്മൾ ഒരു വ്യക്തിക്ക് കൊറോണ സ്ഥിരീകരിക്കുകയാണെങ്കിൽ ആദ്യം തന്നെ ചെയ്യേണ്ടത് ആ വ്യക്തിയുമായിട്ട് അടുത്ത് ഇടപഴകിയവരെ കണ്ടെത്തുകയാണ് .എന്നിട്ടവരെ 28 ദിവസം നിരീക്ഷിക്കണം. ഈ 28 ദിവസവും അവരുടെ ഇൻക്യുബേഷൻ പിരീഡാണ്. ഈ പിരീഡിൽ ഏതെങ്കിലും ഒരു ദിവസമായിരിക്കാം ആ വ്യക്തിക്ക് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്. ഈ ദിവസങ്ങളിൽ ആ വ്യക്തിക്ക് രോഗലക്ഷണങ്ങൾ ഇല്ല എങ്കിൽ നമുക്ക് നിരീക്ഷണം അവസാനിപ്പിക്കാം. അഥവ രോഗലക്ഷണങ്ങൾ കാണുകയാണെങ്കിൽ ആ വ്യക്തിയെ നമുക്ക് ഐസോലേറ്റ് ചെയ്ത് ചികിത്സിക്കാം. അതായത് ഒറ്റക്ക് ഒരു വാർഡിൽ ചികിത്സിക്കുക എന്നർത്ഥം പിന്നീടവരുടെ സ്രവങ്ങൾ ബയോളജി ലാബിലേക്ക് ടെസ്റ്റ് ചെയ്യാൻ നൽകുന്നു. ഇങ്ങനെയുള്ള തുടർച്ചയായ ടെസ്റ്റുകളിൽ ആ വ്യക്തിക്ക് നെഗറ്റീവാണെങ്കിൽ നമുക്ക് നിരീക്ഷണം അവസാനിപ്പിക്കാം . പോസിറ്റീവാണെങ്കിൽ ആ വ്യക്തിയുമായിട്ട് ഇടപഴകിയവരെ കണ്ടെത്തി 28 ദിവസം നിരീക്ഷിക്കുക .പുതിയ രോഗികൾ വരുന്നത് വരെ ഈ പ്രക്രിയ തുടരാവുന്നതാണ് . ഇത് തന്നെയാണ് ചൈനയിൽ നിന്ന് വന്ന വ്യക്തികളുടെ കേസിലും ഉപയോഗിക്കുന്നത്. രോഗബാധിതയുള്ള പ്രദേശങ്ങളിൽ നിന്ന് എത്തിയവർ പൊതുസ്ഥലങ്ങളിൽ ഇറങ്ങി നടക്കാതിരിക്കാൻ ശ്രദ്ധിക്കുക. കൂട്ടം കൂടി നിൽക്കുന്നിടത്ത് നിന്ന് 1 മീറ്റർ അകലം പാലിക്കാൻ ശ്രദ്ധിക്കുക . ബാത്ത് അറ്റാച്ച് ഉള്ളതും വായുസഞ്ചാരം ഉള്ളതുമായ മുറിയിൽ കുടുംബാംഗങ്ങളോട് സമ്പർക്കം പുലർത്താത്ത രീതിയിൽ കഴിയേണ്ടതാണ്. വിദേശത്ത് നിന്ന് വന്നവരിൽ രോഗലക്ഷണങ്ങൾ കാണുകയാണെങ്കിൽ ജില്ലാ കണ്ട്രോൾ റൂമിൽ അറിയിച്ച് അവരുടെ നിർദ്ദേശങ്ങൾ പാലിക്കാവുന്നതാണ്.

   എല്ലാ ജില്ലകളിലെയും ആരോഗ്യ വകുപ്പിൻ്റെ കീഴിൽ പ്രത്യേകം സജ്ജമാക്കിയ ആരോഗ്യ കേന്ദ്രങ്ങളുണ്ട്. രോഗലക്ഷണങ്ങൾ കാണിക്കുന്ന വ്യക്തികളുണ്ടെങ്കിൽ ഹെൽപ് ലൈൻ ദിശാ നമ്പറായ 1056 ലേക്കോ ജില്ല കണ്ട്രോൾ റൂമിലേേക്കോ അറിയിച്ച് അവർ സജ്ജമാക്കിയ വാഹനത്തിൽ രോഗിയെ ആരോഗ്യ കേന്ദ്രങ്ങളിൽ എത്തിക്കാവുന്നതാണ്. നമ്മൾ ഉപയോഗിച്ച മാസ്ക് യാതൊരു കാരണവശാലും പൊതുവഴികളിൽ വലിച്ചെറിയരുത്. അത് അടപ്പുള്ള വേസ്റ്റ് ബിന്നുകളിൽ നിക്ഷേപിക്കുക. ഡിസ്പോസിബിൾ മാസ്കാണ് ഉപയോഗിച്ചതെങ്കിൽ അത് കത്തിച്ച് നശിപ്പിക്കാവുന്നതാണ്. നിരീക്ഷണത്തിലുള്ള വ്യക്തിക്ക് തുമ്മാനോ ചുമയ്ക്കാനോ തോന്നുകയാണെങ്കിൽ തൂവാല കൊണ്ടോ ടിഷ്യു കൊണ്ടോ മൂക്കും വായയും പൊത്തി ചുമയ്ക്കാവുന്നതാണ്. നിരീക്ഷണത്തിലുള്ള വ്യക്തി ഉപയോഗിച്ച മേശ, കസേര, വസ്ത്രങ്ങൾ കൂടാതെ ബാത്ത് റൂം കക്കൂസ് എന്നിവയെല്ലാം ബ്ലീച്ചിംഗ് ലായനി ഉപയോഗിച്ച് വൃത്തിയാക്കേണ്ടതാണ്. ബ്ലീച്ചിംഗ് ലായനി ഉണ്ടാക്കുന്നതിനായി 1 ലിറ്റർ വെള്ളവും 3 സ്പൂൺ ബ്ലീച്ചിംഗ് പൗഡറും കലക്കി കുറച്ചു നേരം അനങ്ങാതെ വയ്ക്കുക. തെളിഞ്ഞു വന്ന വെള്ളം നമുക്ക് ഉപയോഗിക്കാവുന്നതാണ്. ബ്ലീച്ചിംഗ് ലായനി ഉപയോഗിച്ച് വൃത്തിയാക്കണം എന്ന് പറയാൻ കാരണം ഒരു രോഗി ഉപയോഗിച്ച വസ്തുക്കളിൽ ധാരാളം അണുക്കളുണ്ടാവും. ഈ വസ്തുക്കളെ അണുവിമുക്തമാക്കാൻ ഏറ്റവും കൂടുതൽ കഴിവുള്ളത് ബ്ലീച്ചിംഗ് ലായനിക്കാന്ന്. പിന്നീട് നമ്മുടെ കൈ നന്നായി വൃത്തിയായിരിക്കാൻ ശ്രദ്ധിക്കുക. അതിനായി ഹാൻഡ് വാഷും സാനിറ്റൈസറും ഉപയോഗിക്കാവുന്നതാണ്. ഹാൻഡ് വാഷ് ഉപയോഗിച്ച് കൈ കഴുകുമ്പോൾ 20 സെക്കൻ്റ് നന്നായി പതപ്പിച്ചു കഴുകണം. 

നമ്മൾ പുറത്തു നിന്ന് ധാരാളം തെറ്റായ വാർത്തകൾ കേൾക്കുന്നു. ഇതൊന്നും കേട്ട് നമ്മൾ ആശങ്കപ്പെടരുത്. ആശങ്കയല്ല ജാഗ്രതയാണ് വേണ്ടത്.

ശ്രീലയ .പി
6- A പരിയാപുരം സെൻട്രൽ എ യു പി സ്കൂൾ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം