എ.ബി.എച്ച്.എസ്. ഓമല്ലൂർ/അക്ഷരവൃക്ഷം/പ്രതിരോധത്തിന്റെ പ്രയാണത്തിലൂടെ.....

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധത്തിന്റെ പ്രയാണത്തിലൂടെ.....

നഗ്നനേത്രങ്ങൾ കൊണ്ടോ, സാധാരണ മൈക്രോസ്കോപ്പ് കൊണ്ടോ കാണാൻ കഴിയാത്ത ജീവനുള്ളതിന്റെയും ഇല്ലാത്തതിന്റെയും അതിർവരമ്പിൽ കൂടി കടന്നുപോകുന്ന ഒരു സൂക്ഷ്മജീവി ഇന്ന് സമസ്തലോകത്തെയും നിശ്ചലമാക്കിയിരിക്കുന്നു. 2019 ഡിസംബർ 31ന് ചൈനയിലെ വുഹാൻ പ്രവിശ്യയിലെ മത്സ്യ ചന്തയിൽ നിന്നും അജ്ഞാതരോഗമായി ജൈത്രയാത്ര തുടങ്ങി, നാൽപ്പത്തി ഒന്നാം ദിനം കോവിഡ് 19 എന്ന് നാമകരണം ചെയ്യപ്പെട്ട്, എഴുപത്തിയൊന്നാം ദിനം ലോകാരോഗ്യ സംഘടന മഹാമാരി എന്ന് പ്രഖ്യാപിച്ച ഈ വൈറസ് നൂറുദിനം പിന്നിട്ടപ്പോൾ ലോകത്തെ മുഴുവൻ പടർന്നു പിടിച്ച ഒരു മഹാവ്യാധിയായി മാറിക്കഴിഞ്ഞു. ഏതു കുഴപ്പം പിടിച്ച പ്രശ്നങ്ങൾക്കും ശാസ്ത്രം ഉത്തരം നേടിത്തരും എന്നുണ്ടെങ്കിലും ഈ സമസ്യയുടെ മുൻപിൽ ശാസ്ത്രലോകവും ആദ്യം ഒന്ന് പകച്ചു പോയി. എന്നാൽ ഇപ്പോൾ ശാസ്ത്രം കോവിഡ് 19ന്റെ സങ്കീർണ്ണതയുടെ ചുരുളഴിച്ചു തുടങ്ങിയിരിക്കുന്നു. എന്നിരുന്നാലും' ഉയർന്ന വ്യാപന ശേഷിയുടെ ശാസ്ത്രീയ അടിത്തറ എന്ത്? ഈ സ്ഥിതിവിശേഷം ലോകത്ത് എത്ര നാൾ തുടരും? പ്രതിരോധിക്കാനുള്ള ഫലവത്തായ മാർഗ്ഗങ്ങൾ എങ്ങനെ വികസിപ്പിക്കാം? ' തുടങ്ങിയ ചോദ്യങ്ങൾ ഇന്ന് നിലനിൽപ്പിന്റെ ചോദ്യംമായി മാറിയിരിക്കുന്നു.

                          ആരും ആരുടേയും മുകളിലല്ല എന്നതാണ് കോവിഡ് 19 പഠിപ്പിച്ച വലിയ പാഠം. പാടിപ്പുകഴ്ത്തപ്പെട്ട പടിഞ്ഞാറിന്റെ  ആരോഗ്യ സംവിധാനങ്ങൾ തകർന്നടിയുന്നതിനും എന്നാൽ വ്യക്തമായ കാഴ്ചപ്പാടിലൂടെ പടുത്തുയർത്തിയ   ഭാരതത്തിന്റെ  പ്രത്യേകിച്ചും കേരളത്തിലെ ജനകീയ ആരോഗ്യ സംവിധാനങ്ങൾ  പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും പുത്തൻ ലോക മാതൃകകൾ ചമയ്ക്കുന്നതിനും  സാക്ഷിയായി. ലോക പോലീസാകാൻ  കിണഞ്ഞു ശ്രമിക്കുന്ന പല വൻശക്തി രാജ്യങ്ങളും മരുന്നിനായി മറ്റുള്ള രാജ്യങ്ങളുടെ മുൻപിൽ കേഴുന്ന കാഴ്ച കൊറോണക്കാലത്തെ ഒരു വൻ പാഠമായി  മാറി. ഇവിടെയാണ് കേരളം വ്യത്യസ്ത പുലർത്തുന്നത്.
    
                            ഉദാരവത്കരണ കാലത്ത് എല്ലാം കമ്പോളത്തിന് വിട്ടുകൊടുക്കുമ്പോൾ പരിമിതികൾക്കകത്ത് നിന്നുകൊണ്ട് ബദൽ മാർഗങ്ങൾ ക്ക് നേതൃത്വം നൽകാനും പ്രതിസന്ധിഘട്ടങ്ങളിൽ അസാധാരണമായ നേതൃത്വ മികവോടെ സമൂഹത്തെ ഒറ്റക്കെട്ടായി അണിനിരക്കുന്നതിനും  കഴിഞ്ഞുവെന്നതാണ്  കേരളത്തിലെ ലോകത്തിനു മുൻപിൽ കോവിഡ് കാലത്തിൽ വ്യത്യസ്തമാക്കുന്നത്. നിയന്ത്രണാതീതമായിരുന്ന ഒരു മഹാ ദുരന്തത്തെ വളരെ ശാസ്ത്രീയമായി നിയന്ത്രിക്കുന്ന കാര്യത്തിൽ കേരള സർക്കാരിന്റെ  പ്രവർത്തനം വളരെ പ്രശംസനീയമാണ്. സർക്കാരിന്റെ  നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകരുടെയും, സമൂഹത്തിന്റെ യും ശക്തമായ ഇടപെടലുകൾ കൊണ്ടാണ് ഈ മഹാമാരിയെ നിയന്ത്രണത്തിലാക്കാൻ കഴിഞ്ഞത്. അതിരുകളില്ലാത്ത കരുതലിന്റെയും  സേവനത്തിന്റെയും  മറുവാക്കായി,  ചെന്നെത്തുന്ന ഇടങ്ങളിലെല്ലാം ആതുരശുശ്രൂഷയുടെയും മനുഷ്യത്വത്തെയും മഹത്തായ മാതൃക സൃഷ്ടിക്കുന്ന ആരോഗ്യ പ്രവർത്തകരും, സാമൂഹിക പദവി പരിഗണിക്കാതെ എല്ലാവർക്കും മെച്ചപ്പെട്ട ആരോഗ്യ സൗകര്യം ഉറപ്പുവരുത്തുക എന്ന ദീർഘവീക്ഷണവും, പൊതു സമൂഹ പിന്തുണയും കേരള സമൂഹ നേട്ടങ്ങൾ പ്രധാനമാണ്. കടൽകടന്ന് വികസിതരാജ്യങ്ങളിൽ എത്തിച്ചേർന്നതോടെ രക്ഷപ്പെട്ടു എന്ന് പറഞ്ഞിരുന്ന പലരും ഇന്ന് കേരളത്തിന്റെ സുരക്ഷിതത്വത്തെ കുറിച്ച് വാതോരാതെ പറയുന്നു. ഈ അവസരത്തിൽ നാം കേരളത്തെ ഓർത്ത് അഭിമാനിക്കണം.

                               ഈ കൊറോണ വൈറസ് ലോകത്തിന് നൽകിയ സന്ദേശങ്ങൾ തികച്ചും അതുല്യ അവിസ്മരണീയമാണ്. ലാഭക്കണ്ണോടെ  പ്രവർത്തിക്കുന്ന കോർപ്പറേറ്റ് മുതലാളിമാർക്ക്,  ആരോഗ്യരക്ഷാ സംവിധാനം തീറെഴുതി അതിസമ്പന്ന മുതലാളിത്ത രാഷ്ട്രങ്ങൾ ഈ മഹാമാരിയെ ചെറുക്കാനാകുന്നില്ല. സ്വകാര്യ ലാഭവും നിക്ഷേപവും  ലക്ഷ്യമാക്കുന്ന സമ്പന്ന രാഷ്ട്രങ്ങൾ, ആരോഗ്യ-വിദ്യാഭ്യാസ മേഖലകളെ ചരക്കാക്കി മാറ്റി, പൊതുജനാരോഗ്യ മേഖലയിൽ നിന്ന് പിൻവാങ്ങിയതുകൊണ്ടാണ് കൊറോണ  വ്യാപിച്ചപ്പോൾ പരിശോധന നടത്താനോ ചികിത്സ നൽകാനോ  പൊതു ആരോഗ്യ സംവിധാനങ്ങൾ ഇല്ലാതെ പോയത്. ഇതുതന്നെയാണ് കൊറോണ  ഒരു മഹാദുരന്തമായി  മാറുവാൻ വഴിയൊരുക്കിയതും. അതിനാൽ ഇനി, ലോകരാഷ്ട്രങ്ങളിൽ ഉണ്ടാകുന്ന     നയങ്ങളെങ്കിലും മനുഷ്യൻറെ ജീവിത പുരോഗതി ലക്ഷ്യമിടുന്നത് ആയിരിക്കണം. അതുപോലെതന്നെ, പ്രതിരോധ ഗവേഷണത്തിനും, ആയുധ കച്ചവടത്തിനും ആയി നീക്കിവയ്ക്കുന്ന വൻതുക, സാധാരണ മനുഷ്യനന്മയ്ക്കായി മാറ്റുമ്പോഴേ, തുരങ്കത്തിനപ്പുറത്തെ വെളിച്ചത്തിലേക്ക് നടത്താൻ കഴിയൂ എന്ന് ഇനിയെങ്കിലും നാം ഓർക്കണം. അതിനാൽ പൊതുജന ആരോഗ്യത്തിനും , ക്ഷേമത്തിനും, ഉതകുന്ന നയങ്ങളിലൂടെ, മിശ്രിത സമ്പദ് വ്യവസ്ഥയിൽ ഊന്നിയ സുസജ്ജമായ ആരോഗ്യ സംവിധാനം കെട്ടിപ്പടുക്കുവാൻ കൊറോണ ഒരു നിമിത്തം ആകട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു.#
നിയ അന്ന വറുഗീസ്
9 A എ ബി എച് എസ്
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം