എ.ബി.എച്ച്.എസ്. ഓമല്ലൂർ/അക്ഷരവൃക്ഷം/നഷ്ടപെട്ട പ്രണയം

Schoolwiki സംരംഭത്തിൽ നിന്ന്
നഷ്ടപ്പെട്ട പ്രണയം
    രാവിലെ ഒമ്പതര മണിയായിട്ടുണ്ടാവും. ഒതുങ്ങിയ സ്ഥലത്ത്, വർഷങ്ങൾക്കു മുൻപ് താൻ പ്രത്യേകമായി കണ്ടെത്തിയ ആ ലോഡ്ജുമുറിയിലേക്ക് ഗോവിന്ദ് ജയരാജ്‌ എന്ന യുവാവ് തിരിച്ചെത്തുകയാണ്. ഒരു വെളുത്ത, പുതിയ മോഡൽ വാഗൺ-ആർ കാറിലാണ് ഇത്തവണ അവന്റെ വരവ്. 
    മൂന്നുനാലു വർഷമായി അടുത്തറിയാവുന്ന ഭരത് മനോഹറിന്റെ മുഖം ഗോവിന്ദ് നന്ദിയോടെ ഓർത്തു. തന്നോടൊന്നും ചോദിക്കാതെ ആ ചെറുപ്പക്കാരൻ തന്റെ യാത്രക്കായി ഈ കാർ ഏർപ്പാട് ചെയ്തു. പ്രതിഫലമൊന്നും വാങ്ങാതെ ഇതിനു മുമ്പും അയാൾ പലതവണ ഗോവിന്ദിനെ സഹായിച്ചിട്ടുണ്ട്. അവന് തിരികെ എന്തെങ്കിലും സഹായം ചെയ്യണമെന്ന് ഗോവിന്ദ് നേരത്തേമുതലേ ചിന്തിക്കാറുണ്ട്. പക്ഷേ ഇതുവരെയും അതിനു കഴിഞ്ഞിട്ടില്ല. 
    യാത്രക്കിടെ ചെയ്തുതീർക്കാൻ ജോലികളൊന്നുമില്ലാതിരുന്നതിനാൽ ഗോവിന്ദ് ഇങ്ങനെ വെറുതെ ചിന്തിച്ചുകൊണ്ടിരുന്നു. സമയം പോകാൻ ഇത് ധാരാളമായിരുന്നു അവന്.
    ഏതാണ്ട് ഒരു മണിക്കൂർ നേരത്തെ യാത്രക്കുശേഷം ഗോവിന്ദ് ലോഡ്ജിൽ എത്തിച്ചേർന്നു. ഡ്രൈവറുടെ പൊടുന്നനെയുള്ള "സാറേ" എന്ന വിളികേട്ട് ഗോവിന്ദ് ഞെട്ടിത്തിരിഞ്ഞ്, ചിന്താലോകത്തുനിന്ന് തിരികെയെത്തി. സ്വയം കാറിൽനിന്ന് ഇറങ്ങാൻ തുടങ്ങിയപ്പോൾ ഡ്രൈവർ വീണ്ടും തന്റെ ഇടിവെട്ടുപോലുള്ള ശബ്ദം പ്രയോഗിച്ചു :" സാർ ഇപ്പോൾ ഇറങ്ങണ്ട. ഞാൻ ഈ സാധങ്ങളൊക്കെ മുറിയിൽ കൊണ്ടുവച്ചിട്ട് വരാം. എന്നിട്ട് ഞാൻ സഹായിക്കാം. " അതിന് മറുപടിയായി `ശരി ´ എന്ന അർഥത്തിൽ തലയാട്ടിയതിനുശേഷം ഗോവിന്ദ് കാറിനുള്ളിൽത്തന്നെയിരുന്നു. 
    ഒരു മണിക്കൂർ നേരത്തെ യാത്രയിൽ കൂടെയുണ്ടായിരുന്ന ഒരേയൊരാൾ ആണെങ്കിലും ഗോവിന്ദ് അപ്പോഴാണ് ആ ഡ്രൈവറെ ശ്രദ്ധിക്കുന്നത്. കോഴിമുട്ടക്കുമുകളിൽ മഞ്ചാടിക്കുരു വച്ചതുപോലെ വലിയ ശരീരവും ചെറിയ ശിരസ്സുമുള്ള രൂപം. കണ്ടാൽ ഏകദേശം അൻപതുവയസ്സു പ്രായം തോന്നിക്കുമെങ്കിലും ആ മുഖത്തെ പ്രസരിപ്പ് യൗവനത്തുടിപ്പിനെ വെല്ലുമെന്ന് ഗോവിന്ദിന് തോന്നി. ഈ ചെറിയ തലയിൽനിന്നാണ് അൽപ്പം മുമ്പ് ഘനഗംഭീരമായ ശബ്ദം കേട്ടതെന്നോർത്തപ്പോൾ അവന് ചിരി വന്നു.
    സാധനങ്ങളൊക്കെ മുറിയിൽ കൊണ്ടുവച്ചതിനു ശേഷം ആ ഡ്രൈവർ ഗോവിന്ദിനെ നടക്കാൻ സഹായിച്ചു. മുകളിലെ നിലയിലേക്ക് പടികൾ കയറിച്ചെന്നപ്പോഴാണ് ഗോവിന്ദ് തന്റെ ചെറുവിരലുകളുടെ പ്രാധാന്യം മനസ്സിലാക്കിയത്. ഡ്രൈവർ ഒപ്പമുണ്ടായിരുന്നത് ആശ്വാസമേകിയെങ്കിലും പരിക്കുപറ്റിയ വിരലുകളുമായി പടി കയറാൻ അവൻ കുറച്ചു കഷ്ടപ്പെട്ടു.
    തന്റെ മുറിയിലേക്കുള്ള വാതിലിനു സമീപമെത്തിയശേഷം ഗോവിന്ദ് ചുറ്റും നോക്കി. ഒരു നിമിഷത്തേക്ക്, തന്നെ സ്വീകരിക്കാൻ ആരെങ്കിലുമുണ്ടോ എന്ന് അവൻ നിരീക്ഷിച്ചു. ഇല്ലെന്നു കണ്ടതോടെ സ്വയം സമാധാനിക്കാനും അവൻ കാരണം കണ്ടുപിടിച്ചു. താൻ ശത്രുരാജ്യങ്ങൾ കീഴടക്കിയശേഷം തിരിച്ചെത്തിയതല്ലെന്നും ഒടിഞ്ഞ കാലുകൾക്ക് ചികിത്സ തേടിയശേഷം വന്നതാണെന്നും ഗോവിന്ദ് ഓർത്തു.
    പൊടിയൊക്കെ തട്ടി സുന്ദരനാക്കി ഇട്ടിരുന്ന ഒരു കസേരയിലേക്ക് ഗോവിന്ദിനെ ഇരുത്തിയിട്ട് ഡ്രൈവർ പോകാനൊരുങ്ങി. പെട്ടെന്ന് ഗോവിന്ദിന്റെ മനസ്സിലേക്ക് താൻ ഇതുവരെ ആ ഡ്രൈവറോട് പേരുപോലും ചോദിച്ചില്ല എന്ന വസ്തുത കടന്നുവന്നു. "ചേട്ടന്റെ പേരെന്താ? " ഗോവിന്ദ് ചോദിച്ചു. "ശിവൻ " ഡ്രൈവർ മറുപടി പറഞ്ഞു. യാത്രപറഞ്ഞു പോകുന്ന ഡ്രൈവറിനെ ഗോവിന്ദ് സൂക്ഷിച്ചുനോക്കി. പക്ഷേ അവന് ഉദ്ദേശിച്ചതുപോലെ രുദ്രാക്ഷമാലകളെയോ  നാഗശ്രേഷ്ഠന്മാരെയോ കാണാനായില്ല.
    ഡ്രൈവർ പോയതോടെ ഗോവിന്ദ് ഒറ്റയ്ക്കായി. കുറച്ചു സമയം കൂടി കാത്തിരുന്നാൽ ഭക്ഷണവുമായി ഹോട്ടൽ തൊഴിലാളി ഷഫീഖ് വരും. കൂടെ ഭരത്തും ഉണ്ടാവും. അത്രയും സമയം തന്നോടൊപ്പം തന്റെ നിഴൽ മാത്രമേയുള്ളൂ. നടക്കാൻ വയ്യെങ്കിലും അവൻ എഴുന്നേറ്റ് നടന്ന് മുറിയാകെ നോക്കി. എല്ലാം അടുക്കി വച്ചിട്ടുണ്ട്. ഭരത് ആയിരിക്കണം ചെയ്തത്. ആശുപത്രിയിൽനിന്ന് അന്നേദിവസം കൊണ്ടുവന്ന സാധനങ്ങളും അടുക്കിവച്ചിട്ടുണ്ട്. അത് ഡ്രൈവർ ചെയ്തതാവും. അതിനായിരിക്കും ഡ്രൈവർ ശിവൻ സാധനങ്ങൾ വച്ചിട്ട് ഇറങ്ങിയാൽ മതി എന്നു പറഞ്ഞത്. വിലപിടിപ്പുള്ളതൊന്നുമില്ലാത്തതുകൊണ്ട് ഡ്രൈവർ ശിവൻ എന്തെങ്കിലും മോഷ്ടിച്ചോ എന്ന ചിന്തക്ക് പ്രസക്തിയില്ലായിരുന്നു. ആ ഡ്രൈവറിനോടും ഗോവിന്ദ് മനസ്സിൽ നന്ദി പറഞ്ഞു. മുമ്പുണ്ടായിരുന്നതിനേക്കാൾ വൃത്തിയായി തന്റെ മുറി കിടക്കുന്നതുകണ്ട്‌ അവന് സന്തോഷമായി.
    അങ്ങനെ ഒറ്റക്കിരിക്കുന്ന സമയത്താണ് ഗോവിന്ദിന്റെ മനസ്സിൽ പുതിയൊരാശയം പൊട്ടിപ്പുറപ്പെടുന്നത്. നാട്ടിലേക്ക് ഒന്ന് പോകണം. കുട്ടിക്കാലം ചെലവഴിച്ച ആ നാട്ടിലേക്ക് (അവിടെ അവനെ കാത്തിരിക്കാനൊന്നും ആരുമില്ലായിരുന്നു. കാരണം അവന്റെ കുടുംബമൊക്കെ അവിടെനിന്നു താമസം മാറിയിട്ട് വർഷം കുറച്ചായി. ) വലിയ ജോലിയൊന്നുമില്ലാതെ വീട്ടിൽ കുത്തിയിരിക്കുന്നതിലും നല്ലത് പ്രകൃതിരമണീയമായ ആ നാട്ടിൻപുറത്തേക്ക് ഒരു യാത്ര പോകുന്നതാണെന്ന് അവനു തോന്നിക്കാണണം. കാലിലെ പരിക്കൊക്കെ ഭേദമായതിനുശേഷം യാത്ര പോകാമെന്ന് അവൻ തീർച്ചപ്പെടുത്തി.
    കേരളം കോവിഡ് -19 എന്ന മഹാമാരിയെ അതിജീവിച്ച കഥ ഗോവിന്ദിന് വളരെ പ്രിയപ്പെട്ടതായിരുന്നു. ആശുപത്രിയിലുണ്ടായിരുന്ന സമയത്താണ് കോവിഡ് -19 എന്ന ക്ഷണിക്കപ്പെടാത്ത അതിഥിയെ കേരളത്തിൽ നിന്ന് പൂർണമായി തുരത്തി എന്ന റിപ്പോർട്ട്‌ ആരോഗ്യ വകുപ്പ് പുറത്തു വിട്ടുവെന്ന സന്തോഷവാർത്ത ഗോവിന്ദിന്റെ കാതിലെത്തുന്നത്. ഒറ്റയ്ക്കിരുന്ന് അതിനെപ്പറ്റി ആലോചിക്കുകയായിരുന്നു ഗോവിന്ദ്. ചുരുങ്ങിയ നാളുകൾ കൊണ്ട് ഈ രോഗം മനുഷ്യരാശിക്ക് വലിയൊരു ഭീഷണി തന്നെയാണുയർത്തിയത്. സന്തോഷവും സമാധാനവും നഷ്ടപ്പെട്ട നാളുകൾ. അങ്ങനെയിരിക്കെ `ഹോട്ടൽ വിശാഖ´ത്തിലെ ജീവനക്കാരൻ ഷഫീഖും ഭരത് മനോഹർ എന്ന പ്രിയ സുഹൃത്തും ഗോവിന്ദിന്റെ മുറിയിൽ എത്തിച്ചേർന്നു. അങ്ങനെ അവൻ ഏകാന്തതയിൽ നിന്ന് മോചിതനായി. പിന്നീട് അവരുടെ ചർച്ച ആരംഭിച്ചു. മിക്ക ദിവസങ്ങളിലും ഗോവിന്ദിന്റെ ലോഡ്ജുമുറിയിൽ ഈവിധമുള്ള ഘോരഘോരമായ സംവാദങ്ങൾ അരങ്ങേറുക പതിവാണ്. കോവിഡ് രോഗത്തെ അതിജീവിച്ച പരിചയക്കാരുടെ അനുഭവങ്ങളും രോഗവ്യാപനസമയത്തെ സംഭവങ്ങളും അവരുടെ ഇത്തവണത്തെ സംസാരവിഷയങ്ങളായി. ഇരുപത്തിമൂന്നു വയസ്സേയുള്ളൂവെങ്കിലും അനുഭവങ്ങളുടെ കാര്യത്തിൽ ഷഫീഖ് ഒരുപടി മുന്നിലാണെന്ന് ഗോവിന്ദിനറിയാം. കേരളം കൊറോണ വൈറസിനെ കീഴ്പ്പെടുത്തിയെങ്കിലും കേരളത്തിനുപുറത്ത് ഒരുപാട് സ്ഥലങ്ങളിൽ അവ ഇപ്പോഴും നിലനിൽക്കുന്നുവെന്നത് സ്വതവേ ധൈര്യമുള്ളവനെങ്കിലും ഗോവിന്ദിനെ ഭയപ്പെടുത്തി.
    ഗോവിന്ദിന്റെ ജോലിയെക്കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ. ഗോവിന്ദ് ഒരു സാഹിത്യകാരനാണ്. ജോലിയൊന്നുമില്ലാത്തവർക്ക് തിരഞ്ഞെടുക്കാവുന്ന ഒരു മേഖലയാണ് `എഴുത്ത് ´ എന്ന് പൊതുവെ പറയാറുണ്ട്. പക്ഷേ ഗോവിന്ദ് എഴുതാൻ തുടങ്ങിയത് അങ്ങനെയൊന്നുമായിരുന്നില്ല. എഴുതാൻ അവന് ഒരു പ്രത്യേക കഴിവുണ്ടായിരുന്നു. കൂടാതെ സ്ഥിരവരുമാനത്തിനായി ലോഡ്ജിൽനിന്ന് ഒരു കിലോമീറ്ററോളം ദൂരെയുള്ള ഒരു ഹോട്ടലിൽ അവൻ ജോലിചെയ്യുന്നുമുണ്ട്. ഒരുപക്ഷേ ഒരു സാഹിത്യകാരനായതുകൊണ്ടായിരിക്കാം ഗവണ്മെന്റ് ഉദ്യോഗസ്ഥനായ ഭരതിനും ഗോവിന്ദിനോട് ഒരു പ്രത്യേക  വിധേയത്വമുള്ളത്. ഭരതിന്റെ വീട്ടിൽ നല്ല ഒരു ലൈബ്രറിയുണ്ടെന്ന കാര്യം ഗോവിന്ദിനും നന്നായറിയാം.
    ദിവസങ്ങൾ കഴിഞ്ഞു. ഗോവിന്ദ് യാത്രക്കായി തിരഞ്ഞെടുത്ത ദിനമെത്തി. താൻ കളിച്ചുവളർന്ന കുറ്റിക്കാടുകളെയും കാട്ടരുവികളെയുമൊക്കെ ഓർത്തെടുത്ത്, വളരെ പ്രതീക്ഷകളോടെത്തന്നെ ഗോവിന്ദ് ഭരതിനോടും മറ്റും താത്ക്കാലികമായി യാത്രപറഞ്ഞ് തന്റെ യാത്രയാരംഭിച്ചു. പ്രതീക്ഷയുടെ ചിറകുകളിലേറി അവന്റെ വാഹനം പറന്നുയർന്നു.
    സമയം കടന്നുപോയി. നിർദ്ദിഷ്ട സ്ഥലത്ത് എത്തിച്ചേരാറായെന്ന് ഗോവിന്ദിനു മനസ്സിലായി. അവൻ ചുറ്റും നോക്കിത്തുടങ്ങി. ആകാശത്തെ കാർമേഘങ്ങൾ അവിടമാകെ അന്ധകാരം വിതറിയിരുന്നുവെങ്കിലും ഗോവിന്ദിന് എല്ലാം വ്യക്തമായി കാണാൻ കഴിഞ്ഞു. ഗോവിന്ദ് ചുറ്റും കണ്ണോടിച്ചുകൊണ്ടേയിരുന്നു. വർഷങ്ങൾ പലതു പിന്നിട്ടശേഷവും മധുരത്തോടെ, സുഗന്ധത്തോടെ തങ്ങിനിൽക്കുന്ന ഓർമ്മകളെ അന്വേഷിക്കുകയായിരുന്നു ഗോവിന്ദ്. അതിനു വേണ്ടി അവൻ പഴയ ഗോവിന്ദായി മാറി -കുട്ടിയുടുപ്പും, തുന്നിക്കെട്ടിയ നിക്കറുമിട്ട് പറമ്പുകൾ തോറും ചാടിമറിഞ്ഞ ആ പഴയ ഗോവിന്ദ്.
    വീണ്ടും കുറച്ചു സമയം ഗോവിന്ദ് അങ്ങനെ അന്വേഷിച്ചുകൊണ്ടേയിരുന്നു. പതിയെപ്പതിയെ പഴയ പറമ്പുകളും കുറ്റിക്കാടുകളും വിശാലമായ മൈതാനങ്ങളും തനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു എന്ന സത്യം ഗോവിന്ദ് തിരിച്ചറിഞ്ഞു. മാനംമുട്ടെ ഉയർന്നുനിൽക്കുന്ന, തന്റെ മുന്നിലുള്ള വർണശബളമായ കെട്ടിടസമുച്ചയങ്ങൾ താൻ ഓടിച്ചാടിനടന്ന മൈതാനങ്ങളെ ചവിട്ടിമെതിച്ച്‌ നാമാവശേഷമാക്കിക്കഴിഞ്ഞുവെന്ന് ഒരു ഞെട്ടലോടെ അവൻ മനസ്സിലാക്കി. അത്യധികം വിഷമത്തോടെ അവൻ യാത്ര വീണ്ടും തുടർന്നു.
    കൂട്ടുകാരോടൊപ്പം താൻ നീന്തിത്തുടിച്ച കൊച്ചരുവി എവിടെയുണ്ടെന്ന് ഗോവിന്ദിന് മനസ്സിലായി. അങ്ങോട്ടുള്ള വഴി അവൻ ഒട്ടും മറന്നിട്ടുണ്ടായിരുന്നില്ല. എന്നാൽ അവിടെയും നിരാശ മാത്രമായിരുന്നു ഫലം. മരിച്ചുമണ്ണടിഞ്ഞുകഴിഞ്ഞിരുന്ന പുഴയുടെ ഓർമ്മക്കെന്നോണം അവിടവിടെയായി മണൽക്കൂനകൾ സ്ഥിതിചെയ്യുന്നു. ശരീരം വിച്ഛേദിക്കപ്പെട്ട നിലയിലായിരുന്ന, സമീപത്തുള്ള വൃക്ഷങ്ങളെല്ലാം തന്റെ അരുവിക്ക് എന്നേ ആദരാഞ്ജലികൾ അർപ്പിച്ചിരിക്കണം.
    നൈരാശ്യത്തിന്റെ പടുകുഴിയിൽനിന്നുകൊണ്ട് ഗോവിന്ദ് ആകാശത്തേക്ക് തലയുയർത്തി നോക്കി. കറുത്തിരുണ്ട കാർമേഘങ്ങൾ ഏതു നിമിഷവും വിങ്ങിപ്പൊട്ടിക്കരഞ്ഞേക്കാം. പെട്ടെന്ന്, ഒരു മിന്നായം പോലെ ഗോവിന്ദിന്റെ മനസ്സിലൂടെ പ്രളയക്കെടുതിയും തുടർച്ചയായ ഉരുൾപൊട്ടലുകളും കടന്നു പോയി. അവ വാസ്തവത്തിൽ പ്രകൃതി നടപ്പാക്കിയ ശിക്ഷാവിധികൾ തന്നെയായിരിക്കുമോ?
    ഗോവിന്ദിന് തന്റെ പേന ചലിപ്പിക്കാനായി പുതിയൊരാശയം കൂടി ലഭിച്ചിരിക്കുന്നു. പരിസ്ഥിതിയെ നശിപ്പിക്കുന്നത് നിർത്താത്ത കാലത്തോളം ഇനിയും ഒരുപാട് ദുരന്തങ്ങൾ മനുഷ്യരെ തേടിയെത്തിയേക്കാം. ഗോവിന്ദിന്റെ നനഞ്ഞ കണ്ണുകൾക്ക്‌ കൂട്ടുചേരാൻ മാനത്തുനിന്ന് ഒരു തുള്ളി അവന്റെ മുഖത്തു വീണു. ഗോവിന്ദ് വീണ്ടും ആകാശത്തേക്ക് നോക്കി. അതിന്റെ അനന്തതയിൽ എവിടെയോ സർവവ്യാപിയായി നിലനിൽക്കുന്ന, ഒരുപാടു തവണ നാമകരണം ചെയ്യപ്പെട്ടിട്ടുള്ള അനശ്വര ചൈതന്യത്തെ തന്റെ മനസ്സിൽ ധ്യാനിച്ച്, ഒരു പേമാരിക്കായി കാതോർത്തുകൊണ്ട് ഗോവിന്ദ് നിന്നു.
                        ..............
അമൽമോൻ എച്
9B എ ബി എച് എസ്സ്
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ