എ.എൽ.പി.എസ്. തോക്കാംപാറ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

കോട്ടക്കൽ ആര്യ വൈദ്യശാല

കോട്ടക്കൽ ആര്യവൈദ്യശാല

ഭാരതീയ ആരോഗ്യ പരിപാലന രീതിയായ ആയുർവേദത്തിന്റെ ഉപയോഗത്തിനും പരിപോഷണത്തിന്നും വേണ്ടി സ്ഥാപിച്ച ഒരു സ്ഥാപനമാണ്‌ കോട്ടക്കൽ ആര്യവൈദ്യ ശാല. 1902-ൽ വൈദ്യരത്നം പി.എസ്.വാരിയരാണ്‌ ഇത് സ്ഥാപിച്ചത്. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ സ്ഥാപനത്തിൽ ലോകത്തിലെ എല്ലാ ഭാഗങ്ങളിൽ നിന്നും ആളുകൾ ചികിൽസയ്ക്കായി എത്തുന്നു. ആയുർവേദ മരുന്നു നിർമ്മാണം, ആയുർവേദ മരുന്നുകളൂടെ ഗവേഷണം, ആയുർവേദ ഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണം, ആയുർവേദ കലാലയത്തിന്റെ നടത്തിപ്പ് തുടങ്ങിയ പ്രവൃത്തികളും ഈ സ്ഥാപനം നടത്തുന്നു. ലോകജനതക്ക് കോട്ടക്കൽ സുപരിചിതമാകുന്നത് കോട്ടക്കൽ ആര്യവൈദ്യ ശാല എന്ന മഹത്തായ സ്ഥാപനത്തിന്റെ ഖ്യാതിയിലൂടെയാണ്.

പി എസ് വി നാട്യസംഘം

കോട്ടക്കൽ പി എസ് വി നാട്യസംഘം

കോട്ടയ്ക്കലിൽ കഥകളി എന്ന ക്ലാസിക്കൽ കലയുടെ അവതരണത്തിനും പഠനത്തിനുമായി ആരംഭിച്ച കഥകളി ക്ലബ് ആണ് പി.എസ്.വി നാട്യസംഘം. 1939ൽ വൈദ്യരത്‌നം പി.എസ്.വാര്യരാണ് ഇതു സ്ഥാപിച്ചത്. കോട്ടയ്ക്കൽ ആര്യവൈദ്യശാല നേരിട്ടു നടത്തുന്ന കഥകളി ക്ലബ് ആണിത്. 1909ൽ പി.എസ്.വാര്യർ പരമശിവവിലാസം ഡ്രാമ കമ്പനി എന്ന ഒരു നാടകവേദിയും തുടങ്ങിയിരുന്നു. സംഗീതനാടകങ്ങളാണ് ആദ്യകാലത്ത് അവതരിപ്പിച്ചിരുന്നത്. പി.എസ്.വാര്യർ തന്നെയാണ് നാടകം എഴുതി സംഗീതം പകർന്ന് അവതരിപ്പിച്ചിരുന്നത്. കേരളത്തിൽ അങ്ങോളമിങ്ങോളം കമ്പനി സഞ്ചരിച്ച് നാടകങ്ങൾ അവതരിപ്പിച്ചു. കോഴിക്കോടും പാലക്കാടും അദ്ദേഹം സ്ഥിരം നാടകശാലകളും സ്ഥാപിച്ചിരുന്നു. കഥകളിയുടെ പ്രോത്സാഹനാർഥമാണ് പി.എസ്.വാര്യർ കഥകളി ക്ലബ് ഉണ്ടാക്കിയത്. മികച്ച അധ്യാപകരെനിയമിച്ച് കഥകളി പഠിപ്പിച്ചു. അവിടെ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത മഹാരഥന്മാരിൽ പട്ടിക്കാംതൊടി രാവുണ്ണിമേനോൻ, ഗുരു കുഞ്ചുക്കുറുപ്പ്, കവളപ്പാറ നാരായണൻ നായർ, വാഴേങ്കട കുഞ്ചുനായർ, കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ, കോട്ടയ്ക്കൽകൃഷ്ണൻ കുട്ടി നായർ, കോട്ടയ്ക്കൽ കുട്ടൻ മാരാർ, കോട്ടയ്ക്കൽ വാസു നെടുങ്ങാടി, കലാമണ്ഡലം ഉണ്ണികൃഷ്ണൻ തുടങ്ങിയവർ ഉൾപ്പെടുന്നു. നിരവധി വിദേശരാജ്യങ്ങളിൽ പര്യടനം നടത്തി കഥകളി അവതരിപ്പിച്ചിട്ടുണ്ട് പി.എസ്.വി നാട്യസംഘം.

അത്താണി

അത്താണി. കോട്ടക്കൽ പുത്തൂർ വയലിൽ നിന്നുള്ള ദൃശ്യം.  

കോട്ടക്കൽ പരിസര പ്രദേശങ്ങളിൽ ഇത്തരം അത്താണികൾ ധാരാളമായിട്ടുണ്ട്. കോട്ടക്കൽ ചന്തയിലേക്ക് മറ്റു ദൂരെ നിന്നുള്ള ഗ്രാമീണ പ്രദേശങ്ങളിൽ നിന്നും പച്ചക്കറികളും, വെറ്റില, അടയ്ക്ക, തേങ്ങ തുടങ്ങിയ നാണ്യവിളകളും ഗതാഗത സൗകര്യങ്ങൾ ഇല്ലാതിരുന്ന കാലഘട്ടത്തിൽ തലച്ചുമടായിട്ടാണ് എത്തിച്ചിരുന്നത്. ഇങ്ങനെ കിലോമീറ്ററുകളോളം ചുമടുമായി നടക്കുന്നവർക്ക് ചുമടിറക്കി വിശ്രമിക്കാനും പരസഹായമില്ലാടെ ചുമട് കയറ്റാനും ഇത്തരം അത്താണികൾ വലിയ പങ്ക് വഹിച്ചിരുന്നു. ചുമടുമായി വരുന്ന ആൾ തന്റെ തല അത്താണിയോട് ചേർത്ത് വെക്കുകയും ചുമട് കൈ കൊണ്ട് തള്ളി അത്താണിയിൽ കയറ്റി വെക്കുകയും വിശ്രമ ശേഷം ഇതേ രീതിയിൽ തിരിച്ച് ചുമട് തലയിലേക്ക് വെയ്ക്കുകയും ചെയ്യും. ഇത്തരം അത്താണികൾ പഴയകാല പാതകളുടെ ഇരു വശങ്ങളിലും, നീണ്ട് കിടക്കുന്ന പാട വരമ്പുകളിലും ഇന്നും കാണാവുന്നതാണ്.

ഔഷധോദ്യാനം

ഔഷധോദ്യാനം

കോട്ടക്കൽ ആര്യ വൈദ്യശാലയുടെ ഭാഗമായി നല്ലൊരു ഔഷധ ഉദ്യാനം ഉണ്ട്. അവിടുത്തെ സസ്യങ്ങൾ ഔഷധനിർമ്മാണത്തിനായി പൊതുവെ ഉപയോഗിക്കാറില്ല. പഠനത്തിനു വേണ്ടിയുള്ളതാണ് അത്. ആയിരത്തോളം അപൂർവ്വ സസ്യങ്ങൾ അവിടെയുണ്ട്. എല്ലാം വേർതിരിച്ച് ശാസ്ത്രീയ നാമങ്ങൾ കൊടുത്ത് പ്രദർശിപ്പിച്ചിരിക്കുകയാണ്. ഗുജറാത്തിലും രാജസ്ഥാനിലും വനപ്രദേശങ്ങളിൽ വളരുന്ന ചെടിയായ ഗുഗ്ഗുലു, നദിക്കരയിലും അരുവിയോരങ്ങളിലും വളരുന്ന അർജുന വൃക്ഷം, ആന്ധ്രപ്രദേശത്തെ വനങ്ങളിൽ വളരുന്ന രക്തചന്ദനം, നേപ്പാളിൽ കാണപ്പെടുന്ന രുദക്ഷമുണ്ടാകുന്ന ചെടികൾ, ആരോഗ്യപച്ച തുടങ്ങി വിവിധ രാജ്യങ്ങളിൽ വളരുന്ന ചെടികളുടെ വലിയൊരു ശേഖരം തന്നെ ഇവിടെയുണ്ട്. 1984 ൽ മുഖ്യമന്ത്രി ആയിരുന്ന ശ്രി. കെ. കരുണാകരനാണ് ഔഷധത്തോട്ടം ഔപചാരികമായി ഉദ്ഘാടനം ചെയ്തത്. സസ്യങ്ങളെപ്പറ്റി പഠനം നടത്തുന്ന അനേകർ ഇവിടെ വന്ന് സസ്യ ഔഷധികളെപ്പറ്റിയുള്ള വിവരങ്ങൾ ശേഖരിച്ചു പോവുന്നു. ഗ്രന്ഥങ്ങളിൽ പേരു മാത്രം കണ്ടിട്ടുളള  ഔഷധങ്ങളെ പലരും നേരിൽ കണ്ട് തിരിച്ചറിയുന്നത് ഇവിടെ വന്നിട്ടാണ്. എട്ടേക്കറിലുള്ള ഇത് ഒരു മാതൃകാ ഉദ്യാനമാണ്. കോട്ടക്കലിൽ തന്നെ വേറെയും രണ്ട് തോട്ടങ്ങൾ ആര്യ വൈദ്യശാല ഉണ്ടാക്കിയിട്ടുണ്ട്.

ഭാരത മുറി

ഭാരതമുറി

കോട്ടക്കൽ കിഴക്കേ കോവിലകത്തെ ഒരു മുറി ഭാരത മുറി എന്നാണ് അറിയപ്പെടുന്നത്. കൊടുങ്ങല്ലൂർ കുഞ്ഞികുട്ടൻ തമ്പുരാൻ മഹാഭാരതം സംസ്കൃതത്തിൽ നിന്നും മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തത് ഇവിടെ വെച്ചായിരുന്നു. ഒരു ലക്ഷത്തി ഇരുപത്തിഅയ്യായിരം ശ്ലോകങ്ങളുള്ള മഹാഭാരതം 874 ദിവസങ്ങൾ കൊണ്ടായിരുന്നു മൊഴിമാറ്റം ചെയ്യപ്പെട്ടത്. ആ സമയത്തെല്ലാം തന്നെ കൊടുങ്ങല്ലൂർ കുഞ്ഞികുട്ടൻ തമ്പുരാൻ കോട്ടക്കൽ കിഴക്കേ കോവിലകത്തെ ഈ മുറിയിലായിരുന്നു താമസിച്ചിരുന്നത്. കോട്ടക്കലിൽ നിന്നാണ് ഈ പരിഭാഷ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചത്. അതിന്റെ അക്കാലത്തെ പതിപ്പ് ഇപ്പോഴും കോവിലകത്തെ ഭാരതമുറിയിൽ സൂക്ഷിച്ചിട്ടുണ്ട്.

കോട്ടക്കൽ കോവിലകം

കോട്ടക്കൽ കിഴക്കേ കോവിലകം

വള്ളുവക്കോനോതിരിയുടെ അധീനതയിലായിരുന്നു ആദ്യം ഈ പ്രദേശങ്ങൾ. അദ്ദേഹത്തിന്റെ മന്ത്രിമാരിൽ മുഖ്യനായിരുന്നു കരുവായൂർ മൂസ്സ്. അദ്ദേഹം ഈ പ്രദേശത്തെ കോനോതിരിയുടെ രക്ഷാ സങ്കേതമാക്കി. വെങ്കിട്ടത്തേവർ ക്ഷേത്ര പരിസരത്ത് നാലു ഭാഗവും മതിലും ചുറ്റും ആഴമുള്ള കിടങ്ങുകളുമുള്ള കോട്ട കെട്ടിയത് അദ്ദേഹമാണ്. കൊത്തളങ്ങളും ഉണ്ടായിരുന്നു. പത്തുപതിനഞ്ചു കൊല്ലമേ ആയുള്ളു അത് പൊളിച്ചു കളഞ്ഞിട്ട്. വെങ്കിട്ടക്കോട്ട എന്നാണ് അന്നിത് അറിയപ്പെട്ടിരുന്നത്. സംസ്കൃത രേഖകളിൽ ശ്വേത ദുർഗ്ഗം എന്നു കാണാം. പിന്നീടാണ് കോട്ടയ്ക്കൽ ആയത് രണ്ടു പേരിനും കാരണം കോട്ട തന്നെയാണ്. വളവക്കോനാതിരിയും സാമൂതിരിയും ശത്രുക്കളായിരുന്നു. ഈ ശ്രുത മൂലം സാമൂതിരിയു സഹായിയായ എളയതിനെ വള്ളുവക്കോനാതിരി കൊല്ലിച്ചു. ഇതിന് പ്രതികാരമായി വള്ളുവക്കോനാതിരിയുടെ സ്ഥാനിയായ കരുവായൂർ മൂസ്സിനെ അദ്ദേഹത്തിന്റെ ആസ്ഥാനമായ കോട്ടക്കലിൽ വെച്ച് കൊല്ലുവാൻ സാമൂതിരി തീരുമാനിച്ചു. അതിന് സാമൂതിരി ചുമതലപ്പെടുത്തിയത് കിഴക്കേ കോവിലകത്തെ ഒരംഗത്തെയാണ്. അദ്ദേഹം മൂസ്സിനെ കോട്ടയ്ക്കകത്തുവെച്ച് കീഴടക്കി കൊലപ്പെടുത്തി. മൂസ്സിന്റെ കീഴിൽ ആറു കണ്ടളാണ് ഉണ്ടായിരുന്നത്. അതിൽ കോട്ടക്കൽ, ഇന്ത്യനൂർ, കാവതികളം എന്നീ മൂന്നു കളങ്ങൾ മൂസ്സിനെക്കൊന്ന് തന്റെ അഭിമാനം രക്ഷിച്ച കിഴക്കേ കോവിലകത്തെ അനന്തിരവന് സാമൂതിരി നൽകി. ഇങ്ങനെയാണ് കോട്ടക്കൽ പ്രദേശം കിഴക്കേ കോവിലകത്തിന്റെ കൈവശം വന്നത്.

കോട്ടക്കൽ പൂരം

കോട്ടക്കൽ ക്ഷേത്രത്തിലെ വാർഷിക ഉത്സവമാണ് കോട്ടക്കൽ പൂരം. ധന്വന്തരിയായി അവതാരമെടുത്തമഹാവിഷ്ണുവിന് സമർപ്പിച്ചിരിക്കുന്ന ആഘോഷമാണിത്. ഭാരതീയഐതിഹ്യമനുസരിച്ച്, വൈദ്യശാസ്ത്രത്തിന്റെയും ആരോഗ്യത്തിന്റെയും രക്ഷാധികാരി ധന്വന്തരിയാണ്. ജാതിമത ഭേതമന്യേ എല്ലാവരും ഒത്തുകൂടുന്ന കോട്ടക്കൽ പൂരം കോട്ടക്കലിന്റെ ജനകീയ ഉത്സവമാണ്.  വൈവിധ്യമാർന്ന പരിപാടികളോടെയാണ് ഉത്സവദിനങ്ങൾ ആഘോഷമാക്കുന്നത്. പ്രമുഖ സംഗീതജ്ഞർ എല്ലാദിവസവും ഹിന്ദുസ്ഥാനി, കർണാടക സംഗീതം എന്നിവ അവതരിപ്പിക്കുന്നു. കഥകളി, ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത് എന്നിവയുടെ അവതരണം ഈ ഉത്സവത്തെ അപൂർവ ദൃശ്യാനുഭവമാക്കി മാറ്റുന്നു. പഞ്ചവാദ്യമേളം ആസ്വദിക്കാൻ നൂറുകണക്കിന് ആളുകൾ ഒത്തുകൂടുന്നു. ഇവയെല്ലാം ചേർന്ന് ഈ ഉത്സവത്തെഅതിന്റെ മതപരമായ പ്രാധാന്യത്തിന് പുറമെ എല്ലാ വിഭാഗം ആളുകളും ആസ്വദിക്കുന്ന മനോഹരമായസാംസ്കാരിക ഉത്സവമാക്കി മാറ്റുന്നു.

വെങ്കട്ടത്തേവർ ശിവക്ഷേത്രം

വെങ്കട്ടത്തേവർ ശിവക്ഷേത്രവും ക്ഷേത്ര കുളവും.

പുരാതനമായ ക്ഷേത്രമാണ് കോട്ടക്കൽ വെങ്കിട്ടത്തേവർ ശിവക്ഷേത്രം. സാമൂതിരികൊവിലകത്തിന്റെ ശാഖയായകോട്ടക്കൽ കിഴക്കേകോവിലകത്തിന്റെ ഊരാഴ്മയിലുള്ള ഈ ക്ഷേത്രം പഴമകൊണ്ടും, പ്രൗഢി കൊണ്ടും  ഈപ്രദേശത്തെ അദ്വിതീയ ക്ഷേത്രമാണ്. ഉഗ്രമൂർത്തിയായ പരമശിവനാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. കിഴക്കോട്ട്ദർശനമായി കുടികൊള്ളുന്ന ശിവന് ഉപദേവതകളായി ഗണപതിയും അയ്യപ്പനും നാഗദൈവങ്ങളുമുണ്ട്. കൂടാതെക്ഷേത്രസമീപത്തുതന്നെ പ്രത്യേകം ക്ഷേത്രങ്ങളിൽ സാമൂതിരിയുടെ പരദേവതയായ തിരുവളയനാട്ടമ്മയുംവേട്ടേയ്ക്കരനും കുടികൊള്ളുന്നു. മകരമാസത്തിൽ തിരുവാതിര കൊടികയറിയുള്ള എട്ടുദിവസത്തെ ഉത്സവവുംശിവരാത്രിയുമാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. ഇവിടുത്തെ ചുമർ ചിത്രങ്ങൾ പ്രസിദ്ധമാണ്.

പാലപ്പുറ പള്ളി

900 വർഷത്തിന്റെ ചരിത്ര പ്രാധാന്യമുണ്ട് കോട്ടക്കൽ പാലപ്പുറ പള്ളിക്ക്. വള്ളുവനാട് രാജവംശത്തിന്റെകീഴിലായിരുന്ന കോട്ടക്കലിലെ പ്രഭു കരുവായൂർ മൂസ്സ് വിട്ട്‌ നൽകിയ സ്ഥലത്ത് മുസ്ലിംകൾ പണികഴിപ്പിച്ചതാണ്പള്ളി. കാക്കാത്തോട് മുതൽ പള്ളിമാട് വരെയുള്ള സ്ഥലമാണ് കരുവായൂർ മൂസ്സ് പള്ളി പണിയാനായി നൽകിയത്. വില്ലൂരിലേക്ക് നിലവിലുണ്ടായിരുന്ന പാലത്തിനപ്പുറത്തെ സ്ഥലമായിരുന്നു ഇത്. അങ്ങനെയാണ് പാലപ്പുറ പള്ളിഎന്ന് നാമം വരുന്നത്. ഓലമേഞ്ഞ കൊച്ചു പള്ളിയാണ് അക്കാലത്ത് നിർമിച്ചത്. കാലാന്തരത്തിൽ മുസ്‌ലിംജനസംഖ്യ കൂടിവന്നതോടെ പലഘട്ടങ്ങളിലായി പള്ളി വിപുലീകരിച്ചു.

ആയുർവേദ മ്യൂസിയം

കോട്ടക്കൽ ആയുർവേദ മ്യൂസിയം

2002-ൽ കോട്ടക്കലിലെ ആര്യ വൈദ്യശാലയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് വൈദ്യരത്നം പി.എസ്.വാരിയർ മ്യൂസിയം സ്ഥാപിതമായത്. ഈ മ്യൂസിയത്തിൽ വൈദ്യരത്നം പി.എസ്.വാരിയരുടെ ശേഷിപ്പുകൾ സംരക്ഷിക്കുകയും ആര്യ വൈദ്യശാലയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലുകൾ അടയാളപ്പെടുത്തുകയും ചെയ്യുന്നു. ആയുർവേദ മേഖലയിലെ നവോത്ഥാന പ്രസ്ഥാനങ്ങളുടെ പ്രക്രിയയെ ഇത് രേഖപ്പെടുത്തുകയും പത്തൊൻപതാം നൂറ്റാണ്ടിലെയും ഇരുപതാം നൂറ്റാണ്ടിലെയും ആയുർവേദത്തിന്റെ ചരിത്രത്തെ ചിത്രീകരിക്കുകയും ചെയ്യുന്നു. രോഗികൾക്ക് ആശുപത്രി സൗകര്യങ്ങൾ ഒരുക്കുന്നതിനായി 1924 ലാണ് മ്യൂസിയം ഉൾക്കൊള്ളുന്ന പൈതൃക കെട്ടിടം നിർമ്മിച്ചത്. ആയുർവേദ ചികിത്സകൻ 'വൈദ്യരത്‌നം പി എസ് വാര്യർ മ്യൂസിയം' ദിനംപ്രതി ജീവിതത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള നൂറുകണക്കിന് ആളുകളെ ആകർഷിക്കുന്നു.

ഇന്ത്യനൂർ മഹാഗണപതി ക്ഷേത്രം

ഇന്ത്യനൂർ മഹാഗണപതി ക്ഷേത്രം

കോട്ടയ്ക്കൽ പട്ടണത്തിൽ നിന്ന് 6 കി.മീ. അകലെ ഇന്ത്യനൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന പുരാതനക്ഷേത്രമാണ് ഇന്ത്യനൂർ മഹാഗണപതി ക്ഷേത്രം. 5000 വർഷത്തോളം പഴക്കമുള്ള ദേവചൈതന്യമാണ്ഇവിടുത്തേത്. പുരാതനേ കേരള ചരിത്രവുമായി ക്ഷേത്രത്തിനുബന്ധമുണ്ട്. കൊടുങ്ങല്ലൂർ തലസ്ഥാനമാക്കികേരളം ഭരിച്ച ഇന്ദു കോത വർമ്മ (AD 944-962) ഇന്ത്യനൂർ മഹാഗണപതി ക്ഷേത്രം പുതുക്കി പണിത കാര്യംരേഖപ്പെടുത്തിയ വട്ടെഴുത്ത് ശില ക്ഷേത്രത്തിന്റെ കിഴക്ക് വലിയ ബലിക്കല്ലിന് സമീപത്തു നിന്ന് കോഴിക്കോട്സർവ്വകലാശാലയിലെ ചരിത്ര ഗവേഷകർ 1968-ൽ കണ്ടെടുക്കുകയുണ്ടായി. "ഇന്ത്യനൂർ ശാസനം" എന്ന പേരിൽ കോഴിക്കോട് സർവ്വകലാശാലയിലെ ചരിത്ര വിഭാഗത്തിൽ സൂക്ഷിച്ചിട്ടുണ്ട്.

കൈലാസ മന്ദിരം

കൈലാസ മന്ദിരത്തിന്റെ പ്രവേശന കവാടം.

1928 ൽ പി എസ് വാര്യരാണ് ആര്യവൈദ്യശാലയുടെ സമീപത്ത്‌ കൈലാസ മന്ദിരം പണികഴിപ്പിച്ചത്. എട്ടുകെട്ടിൽ പണികഴിപ്പിച്ച ഈ തറവാട് വീട്ടിലാണ് വാരിയർ കുടുംബത്തിലെ എല്ലാ അംഗങ്ങളും ഇന്നും കൂട്ടുകുടുംബമായി താമസിക്കുന്നത്. ലോക പ്രശസ്തരായ പല വ്യക്തികളും കൈലാസമന്ദിരത്തിൽ വന്ന് താമസിച്ചിട്ടുണ്ട്. കൈലാസ മന്ദിരത്തിലെ പ്രവേശന കവാടം വളരെ പ്രശസ്തമാണ്. മതമൈത്രിയുടെ അടയാളമായ ചിഹ്നങ്ങളാലാണ് അത് രൂപപെടുത്തിയിട്ടുള്ളത്. കോട്ടയ്ക്കലിൽ 1929 ൽ  നടന്ന മൂന്നാം സമസ്ത കേരള സാഹിത്യ പരിഷത്ത് സമ്മേളനത്തിൽ പങ്കെടുത്ത നാനാജാതിക്കാർക്കും വേണ്ടി ‘കൈലാസ മന്ദിരം’  വാരിയർ ഒരുക്കിക്കൊടുത്തു. മതമൈത്രിയുടെ അടയാളമാണ് കൈലാസ മന്ദിരം.

പി എസ് വാരിയർ

ആയുർവേദ മ്യൂസിയത്തിന് മുന്നിൽ സ്ഥാപിച്ച പി എസ് വാര്യരുടെ പ്രതിമ.

1869 മാർച്ച് മാസം 16-ന് മീനമാസത്തിലെ അശ്വതിനാളിൽ ഇന്നത്തെ മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലിൽ പന്നീമ്പള്ളി വാര്യത്ത് പി.എസ്. വാര്യർ ജനിച്ചു. മരായമംഗലത്തു മങ്കുളങ്ങര രാമവാര്യരും പന്നീമ്പള്ളി കുടുംബാഗമായ കുഞ്ഞിക്കുട്ടി വാരസ്യാരുമായിരുന്നു അച്ഛനമ്മമാർ. ശങ്കരൻ എന്നായിരുന്നു പേരെങ്കിലും ശങ്കുണ്ണി എന്ന ഓമനപ്പേരിലാണ് അന്ന് അറിയപ്പെട്ടിരുന്നത് ശങ്കുണ്ണിയുടെ മാതാപിതാക്കൾ അദ്ദേഹത്തിന് 12 വയസ്സാവുമ്പോഴേക്കും മരിച്ചു. അങ്ങനെ ശങ്കുണ്ണി വീടിന്റെ കാരണവരായിത്തീർന്നു. ആദ്യഗുരു കൈക്കുളങ്ങര രാമവാര്യരായിരുന്നു. കോണത്തു അച്യുതവാര്യരിൽ നിന്നും വൈദ്യം പഠിച്ചു. പിന്നീട് കുട്ടഞ്ചേരി അഫ്ഫൻ മൂസ്സിൽ നിന്നും ശിക്ഷണം നേടി. അന്ന് മഞ്ചേരിയിൽ ഭിഷഗ്വരനായിരുന്ന ദിവാൻ ബഹാദൂർ ഡോ. വി. വർഗ്ഗീസിന്റെ അടുക്കൽ കണ്ണുചികിത്സക്കു പോയതിനു ശേഷം അലോപ്പതിയിൽ ശങ്കുണ്ണിക്ക് താല്പര്യം ജനിച്ചു. അദ്ദേഹത്തോടൊപ്പം താമസിച്ച് അലോപ്പതിയിലും വിജ്ഞാനം നേടി. മലയാളത്തിലെ ആദ്യത്തെ വൈദ്യമാസികയായ ധന്വന്തരി അദ്ദേഹം ആരംഭിച്ചു. ചികിത്സാസംബന്ധിയായ വിവിധ ഗ്രന്ഥങ്ങൾ രചിച്ചു. അവയിൽ പ്രധാനപ്പെട്ടതാണ് ചികിത്സാസംഗ്രഹം, ബൃഹച്ഛാരീരം, അഷ്ടാംഗസംഗ്രഹം തുടങ്ങിയവ. പി.എസ്.വി. നാട്യസംഘം എന്ന കഥകളിസംഘവും അദ്ദേഹം നടത്തിയിരുന്നു.1902-ൽ, ജന്മനാടായ കോട്ടയ്ക്കലിൽ, വൈദ്യരത്നം പി.എസ്. വാര്യർ സ്ഥാപിച്ച ആയുർവ്വേദ ചികിത്സാകേന്ദ്രമാണ് കോട്ടയ്ക്കൽ ആര്യ വൈദ്യശാല. ആധുനിക ഗവേഷണശാലകളും, മരുന്നു നിർമ്മാണ സംവിധാനങ്ങളുമുള്ള ആര്യ വൈദ്യശാലയ്ക്ക് കോട്ടയ്ക്കൽ, ഡെൽഹി, കൊച്ചി എന്നിവിടങ്ങളിൽ ശാഖകളുണ്ട്. പി.എസ്. വാര്യരുടെ വിൽപത്ര പ്രകാരം ചാരിറ്റബിൾ ട്രസ്റ്റായി മാറിയ വൈദ്യശാലയുടെ നടത്തിപ്പ് അവകാശം അദ്ദേഹത്തിന്റെ കുടുംബവും, സ്ഥാപനവുമായി ബന്ധപ്പെട്ട ഏഴുപേർ നയിക്കുന്ന ബോർഡിനാണ്. വൈദ്യശാലയുടെ ഭാഗമായി തന്നെ കഥകളിയെ പ്രോത്സാഹിപ്പിക്കാനായി പി.എസ്.വി നാട്യസംഘം എന്ന പേരിൽ ഒരു കഥകളി സംഘവും പ്രവർത്തിക്കുന്നുണ്ട്. 1944 ജനുവരി 30-ന് തന്റെ 75-ആം വയസ്സിൽ പി.എസ്. വാര്യർ അന്തരിച്ചു.

പി കെ വാരിയർ

പന്ന്യംപിള്ളി കൃഷ്ണൻകുട്ടി വാരിയർ എന്നാണ് മുഴുവൻ പേര്. (5 ജൂൺ 1921 – 10 ജൂലൈ 2021) പ്രസിദ്ധനായ ആയുർവേദ വൈദ്യനായിരുന്നു. കോട്ടക്കലിൽ ആണ് ജനനം. ആര്യ വൈദ്യശാലയിലെ പ്രധാന വൈദ്യനും സ്ഥാപനത്തിന്റെ മാനേജിങ്ങ് ട്രസ്റ്റിയുമായിരുന്നു അദ്ദേഹം. ആര്യ വൈദ്യശാലയുടെ സാരഥി, പ്രഗത്ഭനായ ചികിത്സകൻ, സാമൂഹ്യ സാംസ്കാരിക ജീവിതത്തിലെ സജീവ പങ്കാളി, സർവോപരി എല്ലാവരുമാദരിക്കുന്ന മനുഷ്യ സ്നേഹിയായിരുന്നു അദ്ദേഹം.

മനോരമ തമ്പുരാട്ടി

പതിനെട്ടാം നൂറ്റാണ്ടിലെ സംസ്കൃത പണ്ഡിതയായിരുന്നു മനോരമ തമ്പുരാട്ടി . അവർ കോഴിക്കോട് സാമൂതിരി രാജവംശത്തിന്റെ ശാഖയായ കോട്ടക്കൽ കിഴക്കേ കോവിലകത്തിൽ പെട്ടവരായിരുന്നു. രാജകുടുംബത്തിലെ അംഗമായതിനാൽ അക്കാലത്ത് സ്ത്രീകൾക്ക് സാധാരണമല്ലാത്ത പരമ്പരാഗത സംസ്കൃത വിദ്യാഭ്യാസം നേടാൻ അവർക്ക് ഭാഗ്യമുണ്ടായി. അവർ ഭാഷയിൽ പ്രാവീണ്യം നേടിയതിനാൽ ചെറുപ്പത്തിൽ തന്നെ വിവിധ ശാസ്ത്രങ്ങളെക്കുറിച്ചുള്ള അറിവിന്റെ നിധിയിലേക്ക് പ്രവേശനം ലഭിച്ചു. സംസ്കൃതത്തിൽ നിരവധി ശ്ലോകങ്ങൾ രചിച്ച അവർ ഒരു പ്രതിഭാധനയായ കവയിത്രിയായി കേരളം മുഴുവൻ അറിയപ്പെട്ടു. എന്നിരുന്നാലും കുറച്ച് ശ്ലോകങ്ങൾ ഒഴികെ അവരുടെ കൃതികൾ അധികമൊന്നും ലഭ്യമല്ല.

യു എ ബീരാൻ

1925 മാർച്ച് 9 ന് ഇന്ത്യയിലെ കോട്ടക്കലിൽ ജനിച്ചു. 1940 കളിൽ ഇന്ത്യൻ ആർമിയിൽ സേവനമനുഷ്ഠിച്ച ശേഷം 1950 കളുടെ തുടക്കത്തിൽ ബോംബെയിലെ ഒരു ബ്രിട്ടീഷ് എഞ്ചിനീയറിംഗ് സ്ഥാപനത്തിൽ ജോലി ചെയ്തു. പിന്നീട് മുസ്ലീം ലീഗിൽ ചേരുകയും അതിന്റെ കോഴിക്കോട് ജില്ലാ സെക്രട്ടറിയാവുകയും ചെയ്തു. ബീരാൻ ഒടുവിൽ സംസ്ഥാന സെക്രട്ടറിയായി. 1970, 1977, 1980, 1982, 1991 വർഷങ്ങളിൽ മുസ്ലീം ലീഗ് സ്ഥാനാർത്ഥിയായി അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. എ.കെ.ആന്റണിയുടെ ജനുവരി 1978 ജനുവരി 27 മുതൽ 1978 നവംബർ 3 വരെ വിദ്യാഭ്യാസ സാമൂഹിക ക്ഷേമ മന്ത്രിയായിരുന്നു ബീരാൻ. 1982 മെയ് 24 മുതൽ 1987 മാർച്ച് 25 വരെ കെ. കരുണാകരന്റെവ്യവസായ കേന്ദ്രത്തിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിയായി ബീരാൻ വീണ്ടും സേവനമനുഷ്ഠിച്ചു. ബീരാൻ സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടർ, കേരള മത്സ്യത്തൊഴിലാളി വെൽഫെയർ കോർപ്പറേഷൻ ഇവയിൽ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മുൻ സബ് എഡിറ്ററും അസി." ചന്ദ്രിക" യുടെ എഡിറ്ററും "അറബ് വേൾഡ് ആന്റ് യൂറോപ്പും" രചിക്കുകയും മറ്റ് പുസ്തകങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിക്കുകയും ചെയ്ത പ്രതിഭാധനനായ എഴുത്തുകാരനും "അഖില കേരള സാഹിത്യ പരിഷത്ത്" സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായി ബീരാൻ കുറച്ചുകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. യു എ ബീരാൻ 2001 മെയ് 31 ന് അന്തരിച്ചു. 2001 ജൂലൈ 5 ന് കേരള നിയമസഭ ആദരാഞ്ജലി അർപ്പിച്ചു.