എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/വിദ്യാലയം പ്രതിഭകളിലേയ്ക്ക്

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാലയം പ്രതിഭകളിലേയ്ക്ക്

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ 2019-20 വർഷത്തിൽ സംഘടിപ്പിച്ച പദ്ധതിയാണ് വിദ്യാലയം പ്രതിഭകളിലേയ്ക്ക്. കുട്ടികൾക്ക് പാഠപുസ്തകത്തിന് പുറത്തുള്ള പുതിയ അനുഭവം നൽകുക' എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി ഓരോ വ്ദ്യാലയവും അതത് വിദ്യാലയ പരിസരത്തുള്ള പ്രതിഭകളുമായി സംവദിച്ച് അവരുടെ അനുഭവങ്ങൾ അറിയുകയും അവരെ ആദരിക്കുകയും ചെയ്യുന്ന പദ്ധതിയാണിത്. ഈ പദ്ധതിയുടെ ഭാഗമായി നമ്മുടെ വിദ്യാലയത്തിലെ മക്കൾ നമ്മുടെ നാട്ടിലെ പ്രാദേശിക പ്രതിഭകളെ ആണ് ആദരിച്ചത്. പലരും പ്രാദേശികമായി പ്പോലും അറിയപ്പെടാത്തവർ.

കെ ടി പ്രഭാകരൻ നായർ (ചിത്രകലാ വിദ്ധൻ)

എ ​എൽ പി  സ്കൂൾ ഊർങ്ങാട്ടിരി യിൽ വിദ്യാലയം പ്രതിഭകളിലേക്ക് പദ്ധതിക്ക് തുടക്കമായി.  വിദ്യാലയത്തിന്റെ തൊട്ടടുത്ത് താമസിക്കുന്ന ചിത്രകലാ വിദഗ്ധനായ ശ്രീ കെടി     പ്രഭാകരൻ നായരെ ആണ് വിദ്യാലയത്തിലെ വിദ്യാർത്ഥികളും അധ്യാപകരുമടങ്ങുന്ന  സംഘം സന്ദർശിച്ചത്. ചിത്ര കല യുടെ ബാലപാഠങ്ങളും പഴയകാല രീതികളും അദ്ദേഹം വിശദീകരിച്ചു. കുഞ്ഞുങ്ങളോട് വളരെ ആവേശത്തോടെ സംസാരിച്ചു. വര തുടങ്ങാനുണ്ടായ സാഹചര്യങ്ങൾ  വിശദീകരിച്ചു. ജീവിതസാഹചര്യങ്ങളെക്കുറിച്ചും, പഴയകാലത്തെ  ജീവിതരീതികളെക്കുറിച്ചും  സംസാരിച്ച അദ്ദേഹം, കുട്ടികളുടെ വിവിധ സംശയങ്ങൾക്ക് മറുപടി നൽകി.

വിജേഷ് പി (സീരിയൽ അഭിനേതാവ്)

കേരള വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ച വിദ്യാലയം പ്രതിഭകളിലേയ്ക്ക് പദ്ധതി പ്രകാരം വേഴക്കോട് താമസിക്കുന്ന വിജേഷിനെ ആദരിക്കാനാണ് നവംബർ27 ന് ഞങ്ങളുടെ മക്കൾ പോയത്. 2009 ലെ കേരളപ്പിറവി ദിനം ഉദ്ഘാടനം ചെയ്തത് വിജേഷായിരുന്നു. അന്നേ ഒരാദരം നമ്മൾ കൊടുത്തതാണ്. സിനിമാ സീരിയൽ നടനായ ഈ അഭിനേതാവ് ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥി കൂടിയാണ്. മുന്നിലെത്തിയ കുഞ്ഞിമക്കളോടൊപ്പം വിജേഷ് ചിലവഴിച്ച ഒന്നര മണിക്കൂറോളം സമയം അവർക്ക് ആനന്ദവും അറിവും പകരുന്നതായിരുന്നു. പ്ലാസ്റ്റിക്കിനെതിരേ, ബേക്കറി പലഹാരങ്ങൾക്കെതിരെ എല്ലാം സംസാരിച്ച് സിനിമ സീരിയൽ കാണുന്നതിലെ അപകടാവസ്ഥകളെ മനസിലാക്കി കൊടുത്ത് സംസാരിച്ചത് കുഞ്ഞിമക്കളുടെ മനസിൽ ആഴത്തിൽ പതിഞ്ഞിട്ടുണ്ട്. പാട്ടും മിമിക്രിയും പഴയകാല വിദ്യാലയ ജീവിതാനുഭവങ്ങളെല്ലാം ചേർത്ത് വെച്ച് സംസാരിച്ച വിജേഷ് നാടൻ വിഭവമായി അവലും പഴവും നൽകിയാണ് മക്കളെ യാത്രയാക്കിയത്.

സുരേഷ്ബാബു പി ( സിന്ദഗി ബാബു) (പരസ്യ -ബാനർ എഴുത്ത് കലാകാരൻ)

വിദ്യാലയം പ്രതിഭകളിലേയ്ക്ക് പദ്ധതി യിൽ ഞങ്ങൾ കുഞ്ഞിമക്കൾക്ക് മുന്നിലേക്ക് നയിച്ച മറ്റൊരു പ്രതിഭ സുരേഷ് ബാബു ​ എന്ന സിന്ദഗി ബാബു ആയിരുന്നു. വർഷങ്ങൾക്ക് മുൻപ് ചൂളാട്ടിയിലെ പ്രമുഖ പരസ്യ കലാ കേന്ദ്രമായിരുന്നു സിന്ദഗി ആർട്സ് ചൂളാട്ടിപ്പാറ. മനോഹരമായി ബാനറും ചുമരെഴുത്തുകളും എഴുതുന്നു എന്ന് മാത്രമല്ല പ്രാദേശികമായ നാടകങ്ങളിലെ അഭിനേതാവ് കൂടിയായിരുന്നു ഇദ്ദേഹം. ഉപജീവനമാർഗമായി ഈ മേഖലയെ തിരഞ്ഞെടുത്തതും അതിലേക്ക് വഴി തെളിച്ചവരെയും ഇക്കാലത്തിനിടയിൽ അദ്ദേഹത്തിൻറെ തൊഴിൽരംഗത്ത് നേരിട്ടുള്ള പ്രതിസന്ധി കളും പ്രയാസങ്ങളും സന്തോഷങ്ങളും എല്ലാം പങ്കു വെച്ച അദ്ദേഹം വിദ്യാലയ വുമായി ബന്ധപ്പെട്ട നിരവധി ഓർമകളാണ് മക്കൾക്ക് മുന്നിൽ നിരത്തിയത്. എത്രയൊക്കെ പ്രതിസന്ധി നേരിട്ടിട്ടും ഫ്ലക്സ് എന്ന മഹാവിപത്തിലേക്ക് പോകാതെ പിടിച്ച് നിന്ന നിലപാടും പരിസ്ഥിതി മലിനീകരണവും പ്രകൃതിയും എല്ലാം അദ്ദേഹത്തിൻറെ സംസാരത്തിൽ ഉൾപെട്ടിരുന്നു. മാത്രമല്ല നാളിതുവരെ ഒറ്റ പ്ലാസ്റ്റിക്ക് ഫ്ലക്സ് പോലും ഉപയോഗിക്കാത്ത നമ്മുടെ വിദ്യാലയത്തെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല.

അഭിലാഷ് പി ( കരകൗശല കലാകാരൻ)

ഞങ്ങളുടെ മക്കൾ ആദരിച്ച മറ്റൊരു പ്രതിഭയായിരുന്നു ശ്രീ അഭിലാഷ്.

ചിരട്ടയിൽ തയ്യാറാക്കിയ പലതരം കരകൗശല വസ്തുക്കളുടെ ഒരു വൻ ശേഖരത്തിന്റെ ഉടമയാണ് അഭിലാഷ് അവയുടെ നിർമാണ രീതി ക ളെ കുറിച്ച് കുട്ടികൾ അറിവു നേടി

ഒന്നര മണിക്കൂറോളം കുട്ടികൾ അദ്ദേഹവുമൊത്ത് ചെലവഴിച്ചു.കരകൗശല വിരുന്നിനൊപ്പം ഗംഭീരമായൊരു മധുരവിരുന്നും അഭിലാഷ് ഒരുക്കിവെച്ചിരുന്നു.

ഉപയോഗശൂന്യമായി നാം വലിച്ചെറിയുന്ന ചിരട്ടയെ എത്രത്തോളം മനോഹരമായി പലതരം രൂപങ്ങളാക്കി മാറ്റാം എന്ന് അദ്ദേഹം വിശദമായി തന്നെ മക്കളോട് പങ്ക് വെച്ചു. ചിരട്ടയെ ഉരച്ച് മിനുസപ്പെടുത്തി മുറിച്ചെടുത്ത് ഒട്ടിക്കുന്നതടക്കം ചെയ്ത് കാണിച്ചു. സ്കൂൾ കാലഘട്ടത്തിലെ പ്രവർത്തനങ്ങളടക്കം ഓർത്തെടുത്ത് അദ്ദേഹം വിവരിച്ചു.

ഒരു ശിങ്കാരിമേളം കലാകാരൻ കൂടിയായ അദ്ദേഹം നമ്മുടെ വിദ്യാലയത്തിലെ ആ വർഷത്തിലെ PTAസമിതിയംഗം കൂടിയാണ് ഇദ്ദേഹം

സത്യാനന്ദൻ ( വാദ്യകലാകാരൻ)

ഞങ്ങളുടെ മക്കൾ ആദരിച്ച മറ്റൊരു പ്രതിഭയായിരുന്നു കാട്ട്യാടിപ്പൊയിൽ പ്രദേശത്തെ ശ്രീ സത്യാനന്ദൻ. വാദ്യകലയായ ചെണ്ടമേളത്തിൽ മികവ് തെളിയിച്ച വ്യക്തിയാണിദ്ദേഹം. മേളത്തിൻറെ ഒരു ട്രൂപ്പ് തന്നെ ഇവരുടേതായി നിലവിലുണ്ട്. ചെണ്ടയെന്ന വാദ്യോപകരണത്തെ പരിചയപ്പെടുത്തുന്നതോടൊപ്പം, ചെണ്ടയുടെ നിർമാണരീതി, പലതരം ചെണ്ടകൾ, ചെണ്ടകോലിൻറെ നിർമാണരീതി എന്നീ കാര്യങ്ങൾ വിശദീകരിച്ചു. അദ്ദേഹം ഈ രംഗത്തേക്ക് വരാനുണ്ടായ സാഹചര്യവും, പഠിച്ചെടുക്കാനുണ്ടായ ബുദ്ധിമുട്ടുകളും എല്ലാം മക്കൾക്ക് മുന്നിൽ അവതരിപ്പിച്ചു.

ചെണ്ട നേരിട്ട് പരിചയപ്പെടുത്തുകയും ചെയ്തു. സ്വതന്ത്രമായി ചെണ്ടയെന്ന വാദ്യോപകരണത്തെ പരിചയപ്പെടാനായതിൻറെ ആവേശത്തിലാണ് മക്കൾ അവിടുന്ന് മടങ്ങിയത്.സസ

യു അബ്ദുൽ ലത്തീഫ് മൗലവി (തൊഴിൽ വിദഗ്ധൻ)

ഞങ്ങളുടെ മക്കൾ ആദരിച്ച മറ്റൊരു വ്യക്തി കുട്ടികളിൽ മിക്കവരുടെയും മദ്രസാ ഉസ്താദും, സാമൂഹ്യ സേ വക നും, കളരി അഭ്യാസിയും, കരാട്ടെ ബ്ലാക്ക് ബെൽറ്റ് ജേതാവും, കരാട്ടെ മാസ്റ്ററും, ലൈറ്റ് & സൗണ്ട് ഓപ്പറേറ്ററും, ഇലക്ട്രോണിക് റിപ്പയർ കാരനും, തെങ്ങുകയറ്റ തൊഴിലാളിയും, നിരവധി ഓമന മൃഗങ്ങളുടെയും പക്ഷികളുടെയും രക്ഷിതാവുമായ ശ്രീ അബ്ദുൽ ലത്തീഫ് മുസ്ല്യാരെ ആയിരുന്നു.

മേൽപറഞ്ഞത് അദ്ദേഹം ജീവിതത്തിൽ നേടിയെടുത്ത ഡിഗ്രികളായിരുന്നു. മിക്കവയും ഒറ്റയ്ക്ക് പഠിച്ചെടുത്തവ. ഏതൊരു ജോലി ചെയ്യുന്നതിലും ആനന്ദം കണ്ടെത്തുകയും ചെയ്യുന്നു.

കുഞ്ഞുങ്ങളോടൊപ്പം ചിലവഴിച്ച മുഴുവൻ സമയവും വിസ്മയ ത്തോടെ യാണ് അവർ അദ്ദേഹത്തെ ശ്രവിച്ചത്. യന്ത്രം ഉപയോഗിച്ച് തെങ്ങുകയറുന്നത് പരിശീലിക്കാൻ അവസരം നൽകുകയും ചെയ്തു.


ചിത്രങ്ങൾ കാണാം