എ.എം.എൽ.പി.എസ്.. ചെർപ്പുളശ്ശേരി നോർത്ത്/സ്കൂളിനെ കുറിച്ചു കൂടുതൽ

അക്ഷരം പഠിക്കാനുള്ള അവകാശം മേലാളന്മാർക് മാത്രം അരുളപ്പാട് ചെയ്ത കാലം. ജന്മം നൽകിയ കുടുംബത്തിന്റെ സാമൂഹ്യമായ ഔന്ന്യത്യമാണ് വിദ്യ നേടാനുള്ള അടിസ്ഥാന യോഗ്യതയായി പരിഗണിച്ചിരുന്നത് . ജാതിപരവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥ അനുഭവിച്ചവർക്ക് വിദ്യാഭ്യാസം പ്രഥമ ആവശ്യമായി പരിഗണിക്കാൻ കഴിയുമായിരുന്നില്ല. ഭക്ഷണത്തിന് വഴിയില്ലാത്തവർക്ക് , കിടപ്പാടമില്ലാത്തവർക്ക് , ഉടുതുണിക്ക് മറുതുണിയില്ലാത്തവർക്ക് വിദ്യാഭ്യാസം എങ്ങനെ ജീവിതാവശ്യമായി പരിഗണിക്കാൻ കഴിയും ?

അവർ ജന്മം കൊണ്ട് മനുഷ്യരാണെങ്കിലും മേലാളമനുഷ്യന്റെ ജീവിതം സ്വപ്നം കാണാൻ പോലും അർഹതയില്ലാത്തവരായിരുന്നു.  ഭക്ഷണത്തിനു വേണ്ടി കഷ്ടപ്പെടുന്ന കുടുംബത്തിലെ കുട്ടി ഭക്ഷണസമ്പാദനത്തിനു വേണ്ടി പ്രവർത്തിക്കുന്നു. സവർണ്ണസമ്പന്ന സമൂഹത്തിന്റെ കൃഷിയിടങ്ങളിൽ പണിയെടുത്തതും കതിർപെറുക്കിയും ചില്ലറ കച്ചവടങ്ങളിൽ ഏർപ്പെട്ടും മുഴുകുന്നു.

അക്ഷരാഭ്യാസം ഒരു ചെറു ന്യൂനപക്ഷത്തിന് മാത്രമായി അരുളപ്പാടുചെയ്ത സാമൂഹ്യസാഹചര്യത്തിലാണ് ഈ വിദ്യാലയം പിറവിയെടുത്തത്. ഒട്ടും ലാഭതാല്പര്യമില്ലാതെ പ്രവർത്തിച്ച ദേശസ്നേഹികളുടെ പ്രയാസം നിറഞ്ഞ ഇടപെടലുകളാണ് നൂറു തികഞ്ഞ ഈവിദ്യാലയ മുത്തശ്ശിക്ക് ജന്മം നൽകിയത്.