എൽ എം എസ്സ് എൽ പി എസ്സ് അഞ്ചുമരംകാല/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കേരളത്തിന്റെ തെക്കേയറ്റത്ത് കിഴക്ക് മാറി പശ്ചിമഘട്ടനിരകളോട് ചേർന്ന് കിടക്കുന്ന ഒരു പഞ്ചായത്താണ് വെളളറട ഗ്രാമപഞ്ചായത്ത്. മണ്ണിനോട് മല്ലടിച്ച്, കാട്ടുമൃഗങ്ങളോട് പൊരുതിജീവിക്കുന്ന, കൃഷി ചെയ്ത് നിത്യവൃത്തിയിൽ ഏർപ്പെടുന്ന ഒരു ഗ്രാമീണ ജനത ഉൾക്കൊള്ളുന്ന ഈ പ്രദേശം. വിദ്യാഭ്യസം എത്തിനോക്കിയിട്ടില്ലാത്ത ഈ പ്രദേശത്തേക്കാണ് സുവിശേഷവുമായി 1890 കാലഘട്ടങ്ങളിൽ റവ. എ.റ്റി. ഫോസ്റ്റർ എന്ന എൽ. എം.എസ്. മിഷണറി കടന്നു വരുന്നത്.
വിദേശമിഷണിയായിരുന്ന റവ. എ.റ്റി. ഫോസ്റ്ററിന്റെ ത്യാഗോജ്ജ്വലമായ പ്രവർത്തനഫലമായി 1899 ലാണ് ഈ സഭ സ്ഥാപിതമാകുന്നത്. അഞ്ചുമരങ്ങളുടെ ഇടയിലായിരുന്നു ഈ സഭാമന്ദിരം. ആയതിനാൽ അഞ്ചുമരംകാല എന്ന പേരും ഈ സ്ഥലത്തിന് വന്നു. ജനങ്ങൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്ന പല പ്രവർത്തനങ്ങൾ നടന്നെങ്കിലും 1926 കാലഘട്ടത്തിലാണ് ഇവിടെ പ്രൈമറി ക്ലാസ്സുകൾ ആരംഭിക്കുന്നത്. അതോടൊപ്പം എഴുത്തും വായനയും അറിഞ്ഞുകൂടാത്തവർക്ക് ഒരു പഠനക്ലാസ്സും നടന്നുവന്നു. 1930 ൽ സ്ഥാപിച്ച പള്ളി കെട്ടിടത്തിലായിരുന്ന സ്കൂൾ ക്ലാസ്സുകളും പ്രവർത്തിച്ച് വന്നത്. 1939 ലാണ് സ്കൂളിൽ 4-ാം ക്ലാസ്സ് ആരംഭിക്കുന്നത്.
പുതിയൊരു ദൈവാലയം പണി കഴിപ്പിച്ചതോടെ സ്കൂൾ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ നിന്നും ആരാധനകൾ പുതിയ ദൈവാലയകെട്ടിടത്തിലേക്ക് മാറ്റി. സി.എസ്.ഐ. സിനഡ് 1994 ൽ ഗ്രാമീണ സ്കൂളുകളുടെ വികസനത്തിനായി കോർപ്പസ് സ്കീമിലൂടെ അനുവദിച്ച തുക ഉപയോഗിച്ച് മഹായിടവക വിദ്യാഭ്യാസ സമിതി ഓഫീസ് സ്ഥിതി ചെയ്യുന്ന കോൺക്രീറ്റ് കെട്ടിടവും കുടി വെള്ളത്തിനായി വാട്ടർടാങ്കും പമ്പ് സെറ്റും സ്ഥാപിച്ചു.
പഴയ 5 മുറികളുള്ള സ്കൂൾ കെട്ടിടം പൊളിച്ച് 2004 കാലത്ത് ഗ്ലാഡ്സൺ തിരുമേനി തറക്കല്ലിട്ട് പണിത ഇരുനിലകളും 10 ക്ലാസ്സ് മുറികളുമുള്ള കെട്ടിടമാണ് ഈ സ്കൂളിന്റെ മുഖഛായ മാറ്റിയത്.
ഇന്ന് 12 ഡിവിഷനുകളിലായി പ്രീ കെ ജി, എൽ കെ ജി, യു കെ ജി, സ്റ്റാൻഡേർഡ് 1-4 വിഭാഗങ്ങളിലായി 400 ഓളം വിദ്യാർത്ഥികൾ വിദ്യ അഭ്യസിച്ചു വരുന്നു. 97 വർഷങ്ങളായി 6 തലമുറകളായി ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ-സാംസ്കാരിക- സാമൂഹ്യ മണ്ഡലങ്ങളിൽ ഈ വിദ്യാലയം പങ്ക് ചെറുതല്ല. ഇന്ന് സമൂഹത്തിന്റെ നാനാതുറകളിലും ഈ പ്രദേശത്തെ പൗരന്മാർക്ക് പ്രാധിനിത്യം വഹിക്കാൻ കഴിഞ്ഞത് ഈ വിദ്യാലയത്തിലൂടെ ലഭ്യമായ മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ ആണെന്ന് നിസംശയം പറയാം. ഈ നാട്ടുകാരുടെയും വിശ്വാസസമൂഹത്തിന്റെയും പൂർവ്വവിദ്യാർതഥികളുടെയും സ്വകാര്യഅഹങ്കാരമായി നിലകൊള്ളുന്ന ഈ സ്കൂൾ ഇനിയും മേൽക്കുമേൽ അഭിവൃദ്ധിപ്പെടട്ടെയെന്ന് ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യാം.