ഉള്ളടക്കത്തിലേക്ക് പോവുക

എൽ. വി. എച്ച്.എസ്. പോത്തൻകോട്/അംഗീകാരങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്

ഏറ്റവും മികച്ച ജൂനിയർ റെഡ്ക്രോസ് യൂണിറ്റിനുള്ള  പുരസ്കാരം രണ്ടാം പ്രാവശ്യവും പോത്തൻകോട് ലക്ഷ്മീവിലാസം ഹൈസ്കൂളിന്

തിരുവനന്തപുരം ജില്ലയിലെ ഏറ്റവും മികച്ച ജൂനിയർ റെഡ്ക്രോസ് യൂണിറ്റിനുള്ള  പുരസ്കാരം രണ്ടാം പ്രാവശ്യവും പോത്തൻകോട് ലക്ഷ്മീവിലാസം ഹൈസ്കൂളിനു ലഭിച്ചു. 2025-2026 അധ്യയന വർഷത്തിൽ ജെ.ആർ.സി യൂണിറ്റ് നടത്തിയ ശ്രദ്ധേയമായ കാരുണ്യ പ്രവർത്തനങ്ങളും സാമൂഹിക സേവനങ്ങളും വിലയിരുത്തിയാണ് അഭിമാനകരമായ അംഗീകാരം ഈവർഷവും ലഭിച്ചത്.ആർ.സി.സി രോഗികൾക്കായി സംഘടിപ്പിച്ച “ചോറുപൊതി വിതരണം” മികച്ച കാരുണ്യ പ്രവർത്തനമായി പ്രത്യേകം പരിഗണിക്കപ്പെട്ടു. വിദ്യാർത്ഥികളിൽ മാനവികതയും സഹാനുഭൂതിയും വളർത്തുന്ന ഈ പ്രവർത്തനം സമൂഹത്തിൽ വലിയ മാതൃകയായി മാറി.റെഡ്ക്രോസ് ദിനമായ ഏപ്രിൽ 8-ന് തിരുവനന്തപുരം റെഡ്ക്രോസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ശ്രീ സി.പി.ജോൺ എം.എൽ.എയിൽ നിന്ന് ലക്ഷ്മീവിലാസം ഹൈസ്കൂളിലെ ജെ.ആർ.സി കൗൺസിലർമാരും ജൂനിയർ റെഡ്ക്രോസ് കേഡറ്റുകളും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.സേവന മനോഭാവവും കാരുണ്യ പ്രവർത്തനങ്ങളോടുള്ള പ്രതിബദ്ധതയും ഉയർത്തിപ്പിടിക്കുന്ന ഈ നേട്ടം വിദ്യാലയത്തിനും മുഴുവൻ പോത്തൻകോടിനും അഭിമാന നിമിഷമായി.

ആറരപ്പതിറ്റാണ്ടിന്റെ പാരമ്പര്യം, എസ് എസ് എൽ സി യിൽ പൊൻതിളക്കം; തിരുവനന്തപുരം ജില്ലയിൽ ഒന്നാമനായി പോത്തൻകോട് ലക്ഷ്മീ വിലാസം ഹൈസ്കൂൾ....

​തലസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് പുതിയൊരു ചരിത്രം രചിച്ചുകൊണ്ട് പോത്തൻകോട് ലക്ഷ്മി വിലാസം ഹൈസ്കൂൾ എസ്എസ് എൽ സി പരീക്ഷാഫലത്തിൽ ഉജ്ജ്വല നേട്ടം കൈവരിച്ചു. ഇത്തവണ പരീക്ഷയെഴുതിയ വിദ്യാർത്ഥികളിൽ 63 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് (Full A+) ഉറപ്പാക്കി തിരുവനന്തപുരം ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ ഒന്നാം സ്ഥാനമാണ് ഈ വിദ്യാലയം കരസ്ഥമാക്കിയിരിക്കുന്നത്. ആധുനിക പഠന സൗകര്യങ്ങളും ചിട്ടയായ അക്കാദമിക പദ്ധതികളും ഒത്തുചേർന്നപ്പോൾ ഒരു ഗ്രാമീണ വിദ്യാലയം സംസ്ഥാനത്തെ തന്നെ മികച്ച വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ പട്ടികയിലേക്ക് ഔന്നത്യത്തോടെ ഉയർത്തപ്പെട്ടു.

​64 വർഷത്തെ ദീർഘമായ വിദ്യാഭ്യാസ പാരമ്പര്യമുള്ള ലക്ഷ്മി വിലാസം ഹൈസ്കൂൾ, കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ ഉൾക്കൊണ്ടാണ് ഈ വിജയഗാഥ രചിച്ചത്. ഗ്രാമീണ മേഖലയിലെ വിദ്യാർത്ഥികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിൽ ഈ വിദ്യാലയം ദശാബ്ദങ്ങളായി പുലർത്തുന്ന ജാഗ്രതയുടെ ഫലമാണ് ഈ നൂറുമേനി തിളക്കം. അധ്യാപകരുടെ അർപ്പണബോധവും രക്ഷിതാക്കളുടെ സജീവമായ പങ്കാളിത്തവുമാണ് ഓരോ വർഷവും അക്കാദമിക നിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ നടപ്പിലാക്കിയ പ്രത്യേക പരിശീലന പരിപാടികൾ വിദ്യാർത്ഥികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു.

​വലിയ ഭൗതിക സാഹചര്യങ്ങളുള്ള സ്വകാര്യ വിദ്യാലയങ്ങളോട് കിടപിടിക്കുന്ന തരത്തിൽ ഒരു പൊതുവിദ്യാലയം ഇത്തരമൊരു നേട്ടം കൈവരിച്ചത് കേരളത്തിന്റെ വിദ്യാഭ്യാസ മാതൃകയുടെ കരുത്താണ് വ്യക്തമാക്കുന്നത്. 63 വിദ്യാർത്ഥികൾക്ക് ലഭിച്ച ഈ ഉന്നത വിജയം വരും തലമുറയ്ക്കും വലിയൊരു പ്രചോദനമാകും. അച്ചടക്കവും വിജ്ഞാനവും ഒത്തുചേരുന്ന പഠനാന്തരീക്ഷമാണ് ലക്ഷ്മി വിലാസത്തെ ജില്ലയിലെ മറ്റ് വിദ്യാലയങ്ങളിൽ നിന്നും വേറിട്ടുനിർത്തുന്നത്. ആറരപ്പതിറ്റാണ്ടിന്റെ പാരമ്പര്യം പേറുന്ന ഈ വിദ്യാലയം തങ്ങളുടെ അക്കാദമിക മികവിലൂടെ നവകേരളത്തിന്റെ വിദ്യാഭ്യാസ ഭൂപടത്തിൽ സ്വയം അടയാളപ്പെടുത്തുകയാണ്.

ലക്ഷ്മി വിലാസം സ്കൂളിന് അഭിമാന നിമിഷം

തിരുവനന്തപുരം ജില്ലയിൽ ഏറ്റവും കൂടുതൽ ഫുൾ A + വാങ്ങിയ വിദ്യാലയത്തിനുള്ള അവാർഡ് ലക്ഷ്മി വിലാസം ഹൈസ്കൂൾ പോത്തൻകോടിന്.

സ്കൂളിന് വേണ്ടി ഹെഡ്മിസ്ട്രസ്സ് അനീഷ് ജ്യോതി ടീച്ചർ എം എൽ എ ജി.ആർ അനിലിൽ നിന്നും ജയകുമാർ ഐഎസിൽ നിന്നും പുരസ്കാരം ഏറ്റു വാങ്ങി. ജില്ലാ പത്തായത്ത് അഗം ശ്രീമതി കാർത്തിക, പോത്തൻകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ബിന്ദു, വെമ്പായം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റും പൂർവ്വ വിദ്യാർത്ഥിയുമായ അമിതാ ബാബു പി.ടി.എ വൈസ് പ്രസിഡൻ്റ് വാവറ അമ്പലം അജികുമാർ, അദ്ധ്യപകരായ ശ്രീമതിമാർ അഞ്ചലി, രജിത അദ്ധ്യാപകരായ വിഷ്ണു, ദീപു, മാനേജ്മെൻ്റ് പ്രതിനിധി പ്രവീൺ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു