എൻ എസ് ഗേൾസ് എച്ച് എസ് മാന്നാർ/അക്ഷരവൃക്ഷം/അമ്മസ്പർശം

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മസ്പർശം


രാത്രി ഏറെ ആയിരിക്കുന്നു. എത്ര ശ്രമിച്ചിട്ടും അമ്മയ്ക്ക് ഉറങ്ങാൻ കഴിയുന്നില്ല. മനസ്സ് ആകെ അസ്വസ്ഥമാണ്.നാളെമകനും കുടുംബവും വിദേശത്തേക്ക് പോവുകയാണ്.കഴിഞ്ഞ ഒരു മാസക്കാലം പേരക്കുട്ടികളുടെ ബഹളത്താൽ വീട് ഉണർന്നിരുന്നു .ഇനി അവരെ കാണണമെങ്കിൽ രണ്ടു വർഷം കാത്തിരിക്കണം.അതിനൊരു ജീവിതം തനിക്ക് ബാക്കി കാണുമോ, ആവോ? വയസ്സ് എഴുപത് കഴിഞ്ഞിരിക്കുന്നു. മകൻ്റെ ബാല്യത്തിൽ തന്നെ അവൻ്റെ അച്ഛൻ മരിച്ചു പോയിരുന്നു. പിന്നീടുള്ള ജീവിതം മകനു വേണ്ടി മാത്രമായിരുന്നു. അവൻ്റെ ബാല്യകൗമാര യൗവനത്തിലെ വളർച്ച ഉൾപുളകത്തോടെയാണ് എന്നും കണ്ടിരുന്നത്. അതിരാവിലെ തന്നെ എഴുന്നേറ്റു.കുളിച്ച് അമ്പലത്തിൽ പോയി മക്കളുടെ നന്മയ്ക്കും സുഖത്തിനും വേണ്ടി പരദേവതകളോട് മനമുരുകി പ്രാർത്ഥിച്ചു.അമ്പലത്തിൽനിന്നും കിട്ടിയ പ്രസാദം മകൻ്റെ നെറ്റിയിൽ തൊട്ടു കൊണ്ട് അമ്മചോദിച്ചു' മോനെ വയസ്സു ചെന്ന അമ്മയെ തനിച്ചാക്കി നിങ്ങൾക്ക് പോകണമെന്നുണ്ടോ? ഇവിടെ എത്തിൻ്റെ കുറവാണുള്ളത് അമ്മയുടെ അടുക്കൽ നിന്നു കൂടെ'. പോകാതിരിക്കാൻ പറ്റാത്തതിൻ്റെ ജോലിയുടെ ഉത്തരവാദിത്തതിൻ്റെ, കുട്ടികളുടെ പഠിപ്പിൻ്റെ കുറേയേറെ കാര്യങ്ങൾ മകൻ അമ്മയോട് പറഞ്ഞു പേരക്കുട്ടികളുടെ നെറുകയിൽ ഉമ്മ വെച്ച് തേങ്ങുന്ന മനസ്സുമായി അമ്മ അകത്തേക്ക് പോയി. ജീവിതത്തിൽ ഒറ്റപ്പെട്ടു പോയ അമ്മയ്ക്കുകൂട്ടുള്ളത് ഇപ്പോൾ വാല്യക്കാരി ശാന്തമ്മ മാത്രം. വിദേശത്തുള്ള മകനോടും പേരക്കുട്ടികളോടും എന്നും രാത്രിയിൽ സംസാരിച്ചും, പരിഭവവും, പരാതിയും, ശകാരവും മെല്ലാം ശാന്തയോട് പങ്കുവെച്ച് ദിവസങ്ങൾ കടന്നു പോയി. ഓർക്കാപുറത്തായിരുന്നു മഹാമാരിയുടെ ആക്രമണമുണ്ടായത്. ലോകത്ത് എല്ലായിടത്തും ഒരുപോലെ ദുരിതം വിതച്ച് കൊറോണ എന്ന രോഗം മനുഷ്യർക്ക് ഒരു പേടി സ്വപ്നമായിമാറി. ചെയ്യാൻ പാടില്ലാത്തതായി തീർന്നുഎല്ലാം. പരസ്പരം സഹകരിച്ചുകൂടാ, പുറത്തിറങ്ങിക്കൂടാ..... വിലക്കുകളുടെ ഒരുവേലിയേറ്റം തന്നെ. സമൂഹത്തിൽ ഒറ്റപ്പെടുന്ന അവസ്ഥ. അമ്മയ്‌ക്ക് ആകെ വിഷമമായി.ഇപ്പോൾ വിദേശത്തുള്ള മകൻ്റെ കുടുംബത്തിൻ്റെ അവസ്ഥ എന്തായിരിക്കും. മകൻ വിളിച്ചിട്ട് ഒരാഴ്ചയ്ക്കുമേലായി വയസ്സായ എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ.......... അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. പെട്ടെന്ന് ഫോൺ ബെല്ലടിച്ചു, മകനാണ് "അമ്മയക്ക് സുഖമാണോ?" സങ്കടം കൊണ്ട് അമ്മയ്ക്ക് സംസാരിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. വീടിനുള്ളിൽ കഴിയുന്നതിൻ്റെ, ജോലിക്ക് പോകാൻ കഴിയാത്തതിൻ്റെ, കുട്ടികൾക്ക് സ്ക്കൂളിൽ പോകാൻ കഴിയാത്തതിൻ്റെ, ഭക്ഷണ സാധനങ്ങൾ കിട്ടാനില്ലാത്തതിൻ്റെ, നാട്ടിലേക്ക് വരാൻ കഴിയാത്തതിൻ്റെ അങ്ങനെ നൂറു കൂട്ടം പരാതികൾ മകൻ അമ്മയോട് പറഞ്ഞു. മകനെ ആശ്വസിപ്പിച്ചു കൊണ്ട് അമ്മ പറഞ്ഞു "മോനെ, നീ ഒന്നുകൊണ്ടും തളരരുത് എല്ലാം ശരിയാകും. അമ്മയുടെ സ്നേഹവും കരുതലും പ്രാർത്ഥനയും എപ്പോഴും നിങ്ങൾക്കൊപ്പമുണ്ട്. അമ്മ നിങ്ങളുടെ വരവിനായി കാത്തിരിക്കുന്നു." പ്രകാശൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി.തന്നെ പൊന്നുപോലെ വളർത്തിയ അമ്മ.ഇല്ലായ്മകളൊന്നും അറിയിക്കാതെ പഠിപ്പിച്ചു വലുതാക്കിയ അമ്മയുടെ കരുതലിൻ്റെ, സ്നേഹത്തിൻ്റെ, ത്യാഗത്തിൻ്റെ നാളുകൾ മകൻ തൻ്റെ മക്കളോടു പറഞ്ഞു. കുട്ടികൾക്ക് അച്ഛമ്മയോട് അതുവരെ തോന്നാതിരുന്ന അടുപ്പവും സ്നേഹവും തോന്നി. ഈ മഹാമാരിയുടെ കാലം കഴിഞ്ഞാൽ എത്രയും പെട്ടെന്ന് അച്ചമ്മയുടെ അടുക്കലേക്ക് നമുക്ക് പോകണം. അതുവരെ തിരിച്ചറിയാതിരുന്ന അമ്മയുടെ സ്നേഹത്തിൻ്റെ തണലിൽ ചേക്കേറുവാൻ മകൻ്റെ മനസ്സ് കൊതിച്ചു......

ദേവേന്ദു ആർ
7B നായർസമാജംഗേൾസ് ഹൈസ്ക്കൂൾ, മാന്നാർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കഥ