എൻ എസ് എസ് എച്ച് എസ് ഈര/അക്ഷരവൃക്ഷം/ മഹാമാരി
മഹാമാരി
21-ാം നൂറ്റാണ്ടിലെ ആദ്യ മഹാമാരിയാണ് കോവിഡ്-19 എന്ന് പറയാമെങ്കിലും ഇന്നത്തെ വൻശക്തികളെല്ലാം ഈ വെെറസിന്റെ ശക്തിക്കും വേഗത്തിനും മുൻപിൽ പിടിച്ചു നിൽക്കാൻ പറ്റാതെ പതറുന്ന കാഴ്ച നമ്മൾക്കു നൽകുന്ന പാഠം വളരെ വലുതാണ്. പ്രകൃതിചൂഷണം നിർത്തിയില്ലെങ്കിൽ ഇത് അവസാനത്തേതായിരിക്കില്ലെന്നു തന്നെയാണ്. ഒരു രോഗാണുവിനു മുൻപിൽ മനുഷ്യനും അവന്റെ ശക്തിയും ആയുധങ്ങളും ഒന്നുമല്ലെന്ന് നാം കണ്ടു കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ വർഷത്തെ അവസാന ദിനമായ ഡിസംബർ 31ന് ആദ്യമായി ചൈനയിൽ സ്ഥിരീകരിക്കപ്പെടുകയും ഈ വർഷത്തിന്റെ തുടക്കം മുതൽ കാട്ടുതീ പോലെ ആളിക്കത്തി പടർന്നു കൊണ്ടിരിക്കുന്ന ഈ പകർച്ചവ്യാധി കൂടുതൽ രാജ്യങ്ങളിലേക്ക് പടരുന്നതിനിടെ മാർച്ച് 11നാണ് ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിക്കുന്നത്. വുഹാനിൽ ആക്രമണം തുടങ്ങി 5 മാസങ്ങൾ കഴിയുമ്പോഴും കോവിഡ് ഒരു പിടികിട്ടാപ്പുള്ളിയെ പോലെ ഭീതി പടർത്തി താണ്ഡവമാടികൊണ്ടിരിക്കുകയാണ്. നിലവിൽ ലോകത്ത് 212ഓളം രാജ്യങ്ങൾ കോവിഡുമായി യുദ്ധത്തിലേർപ്പെട്ടിരിക്കുന്നു. ആകെ രോഗബാധിതരുടെ എണ്ണം 36 ലക്ഷവും മരണസംഖ്യ 2.50 ലക്ഷവുമായി മുന്നേറികൊണ്ടിരിക്കുന്നു. ഇതുപോലെ മാനവരാശിയുടെ ചരിത്രത്തിൽ ലോകമെമ്പാടും ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കിയ അതിഭീകര മഹാമാരികൾ വേറേയുമുണ്ട്. കോളറ, പ്ലേഗ്, വസൂരി, പകർച്ചപ്പനി, എയിഡ്സ് എന്നിവ. ഒരുസ്ഥലത്ത് പൊട്ടിപ്പുറപ്പെട്ട് ലോകമെമ്പാടും പടർന്നുപിടിച്ച് മരണം വിതയ്‌ക്കുന്ന രോഗങ്ങളാണ് ആഗോള മഹാമാരികൾ (Pandemic). മഹാമാരി ഗണത്തിലുള്ള മറ്റൊരു രോഗമേ ഇപ്പോൾ ഭൂമിയിലുള്ളളു, അരനൂറ്റാണ്ട് മുൻപ് ഉദ്ഭവിച്ച എയ്ഡ്സ്.
ചൈനയിലെ ഹ്യൂബെ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിലാണ് ഇപ്പോഴത്തെ കൊറോണ വൈറസ് ബാധയായ കോവിഡിന്റെ ഉദ്ഭവം. ലോകാരോഗ്യ സംഘടന ജനുവരി 30ന് ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ആദ്യഘട്ടത്തിൽ "നോവെൽ കൊറോണ വൈറസ്" എന്നറിയപ്പെടുകയും ചെയ്ത ഈ രോഗത്തിന് കോവിഡ്-19 എന്ന പേര് നൽകുന്നത് കഴിഞ്ഞ ഫെബ്രുവരി 11നാണ്. മാർച്ച് 11ന് കോവിഡിനെ മഹാമാരിയായി പ്രഖ്യാപിക്കുമ്പോൾ തന്നെ ലോകത്തിലെ 125 രാജ്യങ്ങളിലേക്ക് ഈ രോഗം വ്യാപിച്ചു കഴിഞ്ഞിരുന്നു. അതിനിടയിൽ 1.80 ലക്ഷം പേർക്ക് രോഗം ബാധിക്കുകയും ആറായിരത്തിലധികം പേർ മരിക്കുകയും ചെയ്തിരുന്നു.
പുതിയ കൊറോണ വൈറസിന്റെ ഉദ്ഭവം ആദ്യ ഘട്ടത്തിൽ ചെെന മറച്ചുവച്ചു എന്ന ആരോപണം നിലവിലുണ്ട്. സാമ്പത്തികവും വ്യാപാരപരവും രാഷ്ട്രീയവുമായ കാരണങ്ങളാലാണ് ഇതെന്നും കേൾക്കുന്നു. വുഹാൻ സെൻട്രൽ ഹോസ്പിറ്റൽ നേത്ര വിദഗ്‌ധനായ ഡോ. ലീ വെൻലിയാങ്ങ് ഇത് സാർസിനു സമാനമായ പകർച്ചവ്യാധിയുടെ തുടക്കമാണെന്നു മറ്റു ഡോക്ടർമാർക്കു മുന്നറിയിപ്പു നൽകി സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വിടുകയായിരുന്നു. എന്നാൽ ഇത്തരത്തിൽ രോഗവ്യാപനത്തിന്റെ ലക്ഷണമൊന്നുമില്ലെന്നു വുഹാൻ മുൻസിപ്പൽ ഹെൽത്ത് കമ്മിഷൻ ഡിസംബർ 31ന് പ്രഖ്യാപിക്കുകയും അഭ്യൂഹങ്ങൾ പടർത്തുന്നുവെന്നു കാട്ടി ഡോ. ലീയ്ക്ക് അധികൃതർ സമൻസ് അയക്കുകയും ചെയ്തതോടെ ഇത്തരം ‘നിയമവിരുദ്ധ’ പ്രവർത്തനങ്ങൾ നടത്തില്ലെന്ന് ജനുവരി മൂന്നിന് ഡോ. ലീ പൊലീസ് സ്‌റ്റേഷനിൽ സത്യവാങ്മൂലം സമർപ്പിക്കുകയുണ്ടായി.
അജ്ഞാത രോഗത്തെക്കുറിച്ച് യാതൊരു വാർത്തകളും പ്രസിദ്ധീകരിക്കരുതെന്നു ദേശീയ ആരോഗ്യ കമ്മിഷൻ സ്ഥാപനങ്ങൾക്കും നിർദേശം നൽകുകയും രോഗം ഒരാളിൽ നിന്നു മറ്റൊരാളിലേക്കു പകരുന്നതായി തെളിവില്ലെന്നും കമ്മിഷൻ വ്യക്തമാക്കുകയുണ്ടായി. ജനുവരി 15ന് ജപ്പാനിൽ ഒരാൾക്കും ജനുവരി 20ന് ചെെനയിലെ ഗുവാങ്‌ഡോങ് പ്രവിശ്യയിൽ രണ്ടു പേർക്കും രോഗം സ്ഥിരീകരിച്ചതോടെയാണു വൈറസ് മനുഷ്യരിൽ നിന്നു മനുഷ്യരിലേക്കു പകരുന്നതാണെന്ന് കമ്മിഷൻ സമ്മതിക്കുന്നത്. തുടർന്ന് ജനുവരി 22ന് വുഹാൻ സന്ദർശിച്ച ലോകാരോഗ്യ സംഘടന സംഘം വുഹാനിൽ വൈറസ് മനുഷ്യരിൽ നിന്നു മനുഷ്യരിലേക്കു പടരുന്നതായി ഉറപ്പിക്കുകയായിരുന്നു. കൊറോണയെക്കുറിച്ച് ആദ്യം മുന്നറിയിപ്പു നൽകിയ ഡോ. ലീയ്ക്ക് ഫെബ്രുവരി ഒന്നിന് കോവിഡ് സ്ഥിരീകരിക്കുകയും ആറു ദിവസത്തിനുള്ളിൽ അദ്ദേഹം രോഗം ബാധിച്ച് മരിക്കുകയും ചെയ്തു. എന്നാൽ നവംബർ മുതൽ തന്നെ രോഗം പടർന്നു തുടങ്ങിയെന്നും ഡിസംബർ ആയപ്പോഴേക്കും അഞ്ഞൂറോളം പേർ രോഗബാധിതരായെന്നുമുള്ള വാർത്തകൾ പിന്നീട് പുറത്തുവന്നു.
പനി, ക്ഷീണം, വരണ്ട ചുമ എന്നിവയാണ് കൊവിഡ്-19 ന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങൾ. ചില രോഗികൾക്ക് കഴയ്ക്കലും വേദനയും, മൂക്കൊലിപ്പ്, ജലദോഷം, തൊണ്ടവേദന അല്ലെങ്കിൽ വയറിളക്കം എന്നിവ ഉണ്ടാകാം. ഈ ലക്ഷണങ്ങൾ സാധാരണയായി സൗമ്യവും ക്രമേണ ആരംഭിക്കുന്നതുമാണ്. ചില ആളുകൾ രോഗബാധിതരാകുന്നു, പക്ഷേ രോഗലക്ഷണങ്ങളൊന്നും കാണിക്കുകയോ, അസുഖം തോന്നുകയോ ചെയ്യുകയില്ല. മിക്ക ആളുകളും (ഏകദേശം 80%) പ്രത്യേക ചികിത്സ ആവശ്യമില്ലാതെ രോഗത്തിൽ നിന്ന് കരകയറുന്നു. കൊവിഡ്-19 പിടിപ്പെടുന്ന ഓരോ 6 പേരിൽ ഒരാൾക്ക് ഗുരുതരമായ രോഗം പിടിപെടുകയും ശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുകയും ചെയ്യുന്നു. പ്രായമായ ആളുകൾ, ഉയർന്ന രക്തസമ്മർദ്ദം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ അല്ലെങ്കിൽ പ്രമേഹം പോലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്ക് ഗുരുതരമായ രോഗം വരാനുള്ള സാധ്യത കൂടുതലാണ്. പനി, ചുമ, ശ്വസിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവർ വൈദ്യസഹായം തേടണം.
കോവിഡിന് നിലവിൽ ഫലപ്രദമായ മരുന്നുകളൊന്നും കണ്ടുപിടിച്ചിട്ടില്ല. പല രാജ്യങ്ങളിലും മരുന്ന് കണ്ടുപിടിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. കൊവിഡ്-19 രോഗത്തിൻറെ ലക്ഷണങ്ങൾക്ക് അനുസരിച്ച് രോഗതീവ്രതയും മരണനിരക്കും കുറയ്ക്കുന്നതിനായി ഇംഗ്ലീഷ് മരുന്നുകളും ആയുർവേദ മരുന്നുകളും ഹോം റെമഡികളുമെല്ലാം നിലവിലുണ്ട്. എന്നാൽ രോഗം മുഴുവനായി മാറ്റാൻ ഈ മരുന്നുകൾക്ക് കഴിയുമെന്ന കാര്യത്തിൽ തെളിവുകളൊന്നുമില്ല.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വെളിയനാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വെളിയനാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം