എൻ. എസ്സ്.എച്ച്. എസ്സ്. എസ്സ്. വാളൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

വാളൂർ ഗ്രാമത്തിലോ സമീപപ്രദേശങ്ങളിലോ ഒരു വിദ്യാലയം ഇല്ലാതിരുന്ന സാഹചര്യത്തിൽ ചംക്രമത്ത് ശങ്കരമേനോൻ, ചംക്രമത്ത് നാരായണമേനോൻ എന്നീ മഹദ് വ്യക്തികളാണ് വിദ്യാലയം സ്ഥാപിതമാകുന്നതിനു വേണ്ടി പ്രവർത്തിച്ചത്. പ്രിപ്പറേറ്ററി വിദ്യാലയമായാണ് ഇതിൻറെ തുടക്കം. എറണാകുളം ജില്ലയുടെ വടക്കേ അറ്റത്തും തൃശൂർ ജില്ലയുടെ തെക്കേ അറ്റത്തുമുള്ള ഗ്രാമവാസികൾക്ക് പഠനത്തിന് ഏകാശ്രയമായിരുന്നു ഈ വിദ്യാലയം.. 1945ൽ ഈ വിദ്യാലയം ഹൈസ്കൂളായി ഉയർന്നു. ഏതാനും വർഷം മുമ്പ് അന്നത്തെ മാനേജരായിരുന്ന ഗോവിന്ദമേനോൻറെ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിൻറെ മകൻ ശശി ചംക്രമത്ത് മാനേജരായി ചുമതലയേറ്റു. സാധാരണവിദ്യാലയങ്ങളിൽനിന്ന് ഒട്ടേറെ സവിശേഷമായ വ്യത്യസ്തതകൾ ഉള്ള ഒരു വിദ്യാലയമാണ് വാളൂർ സ്കൂൾ. വിഷയങ്ങൾ പഠിക്കുക എന്ന പ്രാഥമികകൃത്യത്തിനപ്പുറം സംസ്കാരസമ്പന്നമായ ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യവും വിദ്യാലയത്തിനുണ്ട്. ഒപ്പം പരിസ്ഥിതിസൗഹൃദപരമായ ജീവിതകാഴ്ചപ്പാട് കുട്ടികളിൽ വളർത്താനുള്ള ഭഗീരഥപ്രയത്നങ്ങളിലാണ് വിദ്യാലയം ഏർപ്പെട്ടിരിക്കുന്നത്. ജൈവകൃഷിയും കൃഷിപാഠശാലയും പ്രാദേശിക പിടിഎയും സംസ്ഥാനതലത്തിൽതന്നെ മാതൃകയായ പ്രവർത്തനങ്ങളായി. പഞ്ചവാദ്യമുൾപ്പടെയുള്ള കലകൾ പാഠ്യപദ്ധതിയേക്ക് കൊണ്ടുവന്നും കഥക് ,ഒഡീസി, ഹിന്ദുസ്ഥാനി സംഗീതം, കഥകളി, കൂടിയാട്ടം എന്നിവ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തിയും ഭാരതീയസംസ്കൃതിയിലേക്ക് കുട്ടികളെ കൈപിടിച്ചുയർത്താൻ വിദ്യാലയത്തിന് കഴിയുന്നുണ്ട്.സമ്പന്നമായ രക്ഷാകർതൃ, പൂർവവിദ്യാർത്ഥി പിൻബലവും പൊതുസമൂഹത്തിന്റെ കൈത്താങ്ങും വിദ്യാലയത്തെ മുന്നോട്ടു നയിക്കുന്നതിന് ചാലകശക്തിയാകുന്നു. പഴയതെങ്കിലും പ്രൗഢമായ ഭൗതികസാഹചര്യങ്ങളാണ് വിദ്യാലയത്തിനുള്ളത്. വൃക്ഷനിബിഡമായ അന്തരീക്ഷം ഏതെ കൊടുംവേനലിന്റെ കാഠിന്യംപോലും അറിയാതെ കുട്ടികൾക്ക് പഠനപ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സഹായകമാകുന്നു. മികവുറ്റ ലാബ്, ഐ.ടി ലാബ് സംവിധാനങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. കലാകായിക ശാസ്ത്രരംഗങ്ങളിൽ മികവുറ്റ നേട്ടങ്ങൾ കൈവരിക്കാൻ വിദ്യാർത്ഥികൾക്ക് കഴിയുന്നു. രണ്ടുവർഷം മുമ്പ് ചെന്നൈയിൽ നടന്ന ദക്ഷിണേന്ത്യൻ സ്കൂൾ ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനം നേടാൻ ഇവിടത്തെ പ്രതിഭകൾക്ക് കഴിഞ്ഞു.