എൻ.എ.എ.എം.എ.എൽ.പി.എസ് തേൾപ്പാറ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


പ്രകൃതിയുടെ പരിലാളനങ്ങളേറ്റ് വളരുന്ന തേൾപാറ പ്രദേശം വിദ്യാഭ്യാസരംഗത്തും സാമ്പത്തിക സാംസ്‌കാരിക രംഗത്തും വളരെ പിന്നിലായിരുന്നു.വിദ്യാഭ്യാസം ഇവർക്ക് എന്നും ഒരു കിട്ടാകനിയായിരുന്നു.കുടിയേറ്റ മേഖലയായ ആന്റണിക്കാട് ,ടി .കെ കോളനി ,പൊട്ടിക്കല് ,തേൾപാറ ,പാട്ടക്കരിമ്പ് എന്നിവിടങ്ങളിലെ കുട്ടികൾക്ക് ആകെ ആശ്രയം പെടയന്താൾ ,ചോക്കാട് ,കവളമുക്കട്ട സ്കൂളുകൾ ആയിരുന്നു.അതും കൂലം കുത്തിയൊഴുകുന്ന കോട്ടപ്പുഴ മുറിച്ചു കടന്നു വേണം പോകാൻ .യാത്രാക്ലേശം മൂലം ബഹുപൂരിപക്ഷം കുട്ടികളും പ്രത്യേകിച്ചു പെൺകുട്ടികൾ സ്കൂളിൽ പോയിരുന്നില്ല .ഈ സാഹചര്യത്തിൽ ശ്രീ .പി എ തോമസ് പാമ്പൂതൂക്കലിന്റെ നേതൃത്വത്തിൽ അഡ്വക്കറ്റ് വി.ശിവരാമൻ നായർ ,കുന്നത്തു പ്രഭാകരൻ നായർ ,റ്റി .ടി .കെ രാമൻകുട്ടി (അനിയേട്ടൻ ) എന്നിവർ സ്കൂളിനായി പ്രവർത്തനം ആരംഭിച്ചു .അദ്ദേഹത്തിന്റെ സഹോദരി ശ്രീമതി ഏലിക്കുട്ടി തോമസ് സ്കൂളിന് സ്ഥലം വിട്ടുകൊടുത്തു .ശ്രീ പി എ തോമസിന്റെ നിരന്തരമായ പരിശ്രമത്തിന്റെ ഫലമായി 1982 ൽ സ്കൂളിന് അംഗീകാരം ലഭിച്ചു .അദ്ദേഹത്തിന്റെ പിതാവ് പരേതനായ എൻ . എ അഗസ്റ്റിൻ നന്തിയാട്ടുകണ്ടത്തിലിന്റെ സ്മാരകമായിട്ടാണ് സ്കൂൾ നിലകൊള്ളുന്നത്.

ധാരാളം പട്ടികവർഗ്ഗക്കാരും പട്ടികജാതി ക്കാരും മുസ്ലിം ,ഹിന്ദുതിയ്യ പിന്നോക്കവിഭാഗത്തിലുള്ള കുട്ടികളെ ഉൾപ്പെടുത്തി 1982 ൽ സ്‌കൂൾ പ്രയാണം ആരംഭിച്ചു.100 കുട്ടികളും മൂന്നു അധ്യാപികരുമാണ് ആരംഭത്തിൽ ഉണ്ടായിരുന്നത്‌ .തോമസ് മാത്യൂ ,മരിയജോസഫ് ,അബ്‌ദുൾ റഷീദ് എന്നിവരായിരുന്നു .തോമസ് മാത്യു കാക്കനാടൻ പ്രഥമാധ്യാപകനായി സേവനമനുഷ്ഠിച്ചു .തേൾപാറ ബാലവാടിയിലെ ഇന്ദിര ടീച്ചർ നിർലോഭംഇവരെ സഹായിക്കാനെത്തി .പിന്നീട് മരിയ ടീച്ചർ അസിസ്റ്റന്റ് ഇൻചാർജായി.സ്കൂൾകെട്ടിടത്തിന്റെ അഭാവത്തിൽ സെന്റ്‌ മേരീസ് പള്ളി യുടെ താൽക്കാലിക ഷെഡിൽ ആ സ്‌കൂൾ പ്രവർത്തനം തുടങ്ങിയത് .

1983 ഫെബ്രുവരി 11 ന് എൻ .എ അഗസ്റ്റൻ മെമ്മോറിയലിന്റെ പുതുതായി പണിതുയർത്തിയ കെട്ടിടം അന്നത്തെ മുഖ്യമന്ത്രിയായ കെ.കരുണാകരന്റെ അഭാവത്തിൽ ജസ്റ്റിസ് വി .ശ്രീരാമൻ നായർ ഉദ്‌ഘാടനംചെയ്തു .ശ്രീ .ടി.കെ.ഹംസ എംഎൽഎ ചടങ്ങിൽ പങ്കെടുത്തു .ശ്രീമതി അന്നമ്മ അഗസ്‌റ്റിൻനാന്ദിയാട്ടുക്കണ്ടത്തിൽ ഭദ്രദീപം കൊളുത്തി .1983ൽ പ്രഥമ ഹെഡ്മാസ്റ്ററായി ശ്രി തോമ്സമാത്യൂ

കാക്കനാടൻ സ്വമേധയാ രാജി സമർപ്പിക്കുകയും സി .തെരേസ കുറ്റിയാനിയെ അസ്സിസ്റ്റന്റെ ഇൻ ചാർജ് ആയി മാനേജർ നിയമിക്കുകയും ചെയ്‌തു കലാ ക്ഷേതൃ ത്തിന്റെ സുഗമമായ വളർച്ചയ്ക് ആവശ്യമായ ഭൗതിക സൗകര്യങ്ങൾ ഒരുക്കുവാനുള്ള പ്രയാസം പരിഗണിച്ചു പേര് നിലനിർത്തിക്കൊണ്ടു തന്നെ എം എസ് എഫ് എസ് സംന്യാസസമൂഹത്തിന് സ്കൂൾ കൈമാറുകയുണ്ടായി .

അന്നത്തെ മാനേജർ ഫാ.സെബാസ്റ്റ്യൻ കുഴുപ്പിൽ ആയിരുന്നു .വളർച്ചയുടെ ഓരോ പടവുകളിലും 3 ടീച്ചർമാർ വീതം നിയമിതരാവുകയും ചെയ്തു .1985 ൽ 420 കുട്ടികളുമായി ലോർ പ്രൈമറി വിഭാഗം പൂർത്തിയായി .പിന്നീട് ഫാ. ജോസഫ് ഒറവനാന്തടം ,ഫാ.തോമസ് ചെന്നക്കാട്ടുകുന്നേൽ ,ഫാ.ജോസഫ് കോക്കണ്ടത്തിൽ ,ഫാ.ജോസഫ് വട്ടപ്പാറ എന്നിവർ യഥാക്രമം സ്കൂളിന്റെ ഭരണ സാരഥികളായി.ഇപ്പോൾ ഭരണ നേതൃത്വം അലങ്കരിക്കുന്നത് ഫാ.പോൾ അരഞ്ഞാണിയിൽ ആണ് .

2003 ആഗസ്റ്റ് 25 -)o തിയ്യതി സ്കൂളിന്റെ പുരോഗതിക്കായി ആത്മാർത്ഥമായി ശ്രമിച്ച ഫാ.ജോസഫ് ഒറവനാന്തടം ഇഹലോകവാസം വെടിഞ്ഞു.ആ ഓർമ്മക്കു മുൻപിൽ ശിരസ് നമിക്കുന്നു.

തെക്കൻ കേരളത്തിൽ നിന്നും എത്തിയവരായിരുന്നു ടീച്ചർമാർ അധികവും .അതുകൊണ്ടുതന്നെ മദ്രസ പഠനത്തിനു ശേഷം കള്ളിമുണ്ടുടുത്തു ക്ലാസ്സിൽ വരുന്ന കുട്ടികൾ അവർക്കു ഒരു കൗതുകമായിരുന്നു .നാളുകൾക്കു ശേഷമാണ് മദ്രസ പഠനവും അവരുടെ ജീവിത രീതികളും അധ്യാപകർ മനസ്സിലാക്കിയിരുന്നത് . സംസാര രീതികളും ഭാഷാപ്രയോഗങ്ങളും ടീച്ചർമാരെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട് .സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുട്ടികളായിരുന്നു ഭൂരിഭാഗവും .പഠിക്കാൻ സാമർഥ്യമുണ്ടായിട്ടും സാമ്പത്തിക പരാധീനതകൾ മൂലം പഠിപ്പു നിർത്തി കൂലിപ്പണിയെടുത്ത് പുലർത്താൻ ഇറങ്ങി പുറപ്പെട്ട പൂർവ്വവിദ്യാർഥികൾ മനസിന്റെ കോണിൽ നൊമ്പരമായി മാറുന്നു .

428 കുട്ടികളും 13 ടീച്ചർമാരും അടങ്ങുന്ന വിദ്യാലയമായി ചരിത്രം കുറിച്ചു .ആയിരക്കണക്കിന് വിദ്യാർഥികൾ ഈ കാലയളവിനുള്ളിൽ ഉപരിപഠനം തേടി പോയിരിക്കുന്നു.ഉപരിപഠനം സാധിക്കാത്ത കുട്ടികൾ L.P ഘട്ടത്തോടെ പഠിപ്പു നിർത്തിയത് വേദനാജനകമായ സത്യമാണ് .വിദ്യാഭാസത്തിന്റെ അഭാവം മൂലം നിർധനരായ പിന്നോക്ക വിഭാഗ കുട്ടികൾ പലരും മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി വർത്തിക്കുന്നത് ദുഃഖകരമാണ് .പലരും അസാന്മാർഗിക ബന്ധങ്ങളിൽ ഏർപ്പെടുന്നതും സാംസ്കാരികമായ വളർച്ചയുടെ അഭാവം കൊണ്ടാണ് .

ഇതിനിടയിൽ സ്കൂൾ ഒരു യു .പി ,H S ആയി ഉയർത്തുമെന്ന പ്രതീക്ഷയോടെ മാനേജ്‌മന്റ് ഒരു പുതിയ കെട്ടിടം കൂടി പണിതുയർത്തി .എന്നാൽ 1980 കളിലെ സർവ്വേയുടെ അടിസ്ഥാനത്തിൽ ഗവൺമെന്റ് കൈക്കൊണ്ട നയം ഇന്നും ശാപമായി തുടരുന്നു .രണ്ടര പതിറ്റാണ്ടിന്റെ രോദനം കേൾക്കാൻ കാതില്ലാത്ത ഭരണകർത്താക്കൾക്ക് മുന്നിൽ ബലിയാടാകുന്നതോ ഉന്നതവിദ്യാഭ്യാസം നേടാൻ നിവൃത്തിയില്ലാതാകുന്ന കുറെ പിഞ്ചു കുഞ്ഞുങ്ങൾ .

1998 ൽ ഫാ.ജോർജ് വട്ടപ്പാറ മാനേജരായിരുന്ന സമയത് ഈ സ്കൂളിന്റെ അപ്ഗ്രഡേഷനു വേണ്ടി പരിശ്രമിക്കുകയും അതിനായി കോടതിയെ സമീപിക്കുകയും ചെയ്തു .അതിനനുകൂലമായി കോടതി വിധി ഉണ്ടാകുകയും ചെയ്തതാണ് .എന്നാൽ ഗവൺമെന്റിന്റെ നിയമതടസ്സങ്ങൾ അതേപടി തുടരുന്നു .

സബ് ജില്ലയിലെ ഏറ്റവും മികച്ച അഞ്ചു സ്കൂളുകളിൽ ഒന്ന് നമ്മുടെ സ്കൂൾ ആണെന്ന ബഹുമതി വർഷങ്ങൾക്കു മുമ്പേ നേടിയെടുത്തതാണ് .അത് നഷ്ടപ്പെടുത്താതെ നി നിലനിർത്തിക്കൊണ്ടു പോകാൻ ഇവിടുത്തെ ആദ്ധ്യാപകർ ജാഗരൂഗരാണ് .പൊതുവെ നല്ല നിലവാരം പുലർത്തുന്ന ഈ സ്കൂളിന്റെ പേരും പെരുമയും പി ടി എ യുടെ സഹകരണവും നാട്ടുകാർ എടുത്ത് പറയുന്ന സവിശേഷതകളാണ് .

പാഠ്യപദ്ധതിയിൽ മാറ്റങ്ങൾ യഥാസമയത്തു തന്നെ അതിന്റെതായ ഗൗരവത്തിൽ നോക്കി കാണുകയും കുഞ്ഞുങ്ങളെ ആ രീതിയിൽ വളർത്തിയെടുക്കുന്നതിൽ അദ്ധ്യാപകർ വിജയിച്ചിട്ടുണ്ട് .പാഠ്യപദ്ധതി മാറ്റത്തിന്റെ പ്രാരംഭദിശയിൽ തന്നെ സ്കൂളിന്റെ പ്രവർത്തങ്ങൾ വിലയിരുത്തി പ്രത്യേക സബ്ജില്ല അവാർഡ് സ്കൂൾ നേടുകയുണ്ടായി .

കായിക രംഗത്ത് വളരെ അഭിമാനകരമായ നേട്ടങ്ങളുടെ ചരിത്രമാണ് നമുക്കുള്ളത് .പരിമിതമായ സൗകര്യങ്ങളിൽ വേണ്ടത്ര ഗ്രൗണ്ടോ മറ്റു ഭൗതിക സൗകര്യങ്ങളോ ഇല്ലാതിരുന്നിട്ടും കായികരംഗം പലപ്പോഴും ഈ സ്കൂൾ കയ്യടക്കി വച്ചിരുന്നു .2006 -07 ലെ വ്യക്തിഗത ചാമ്പ്യൻഷിപ് എൽ .പി വിഭാഗം (പെൺ )ഈ സ്കൂളിലെ സൗമ്യ നേടുകയുണ്ടായി. എസ് .ടി വിഭാഗത്തിൽ ഉൾപ്പെടുന്ന കുട്ടികളിൽ പലരുടെയും കഴിവുകൾ കണ്ടെത്തി പരിശീലനം നൽകിയതിന്റെ തെളിവാണ് സുനിൽകുമാറിന് കിട്ടിയ പുരസ്‌കാരങ്ങൾ .

പാഠ്യ -പഠ്യേതര പ്രവർത്തങ്ങളിൽ നിന്നും മുൻപന്തിയിൽ നിൽക്കുന്ന സ്കൂൾ ,നാടിന്റെ അഭിമാന സ്തംഭമായി നിലകൊള്ളുന്നു .അനേകം വിദ്യാസമ്പന്നരായ യുവ പ്രതിഭകൾക്ക് ജന്മം നൽകിയ ഈ വിദ്യാലയത്തിന്റെ സന്തതികൾ തന്നെ ഇപ്പോൾ ഇവിടുത്തെ അദ്ധ്യാപകരായി വന്നതും ഒരു നിയോഗം തന്നെ .

25 വർഷക്കാലം അതിന് ചെയ്യാനുള്ളത്രയും കാര്യങ്ങൾ വിജ്ഞാന രംഗത്തും കായിക രംഗത്തും കലാ രംഗത്തും കാഴ്ചവെക്കാൻ സാധിച്ചു എന്നത് അഭിമാനകരമാണ് . ഗവൺമെന്റിൽ നിന്നും ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ഫലപ്രദമായി വിനിയോഗിക്കുന്നുണ്ട് .