ഇതോ സാക്ഷര കേരളം ???
മലയാളി പൊളിയാണ്........!
ഒത്തു നിന്ന് പ്രളയത്തെ തോൽപ്പിച്ച മലയാളി.......
മലയാളികളോട് കളിച്ചാൽ ഇങ്ങനെയിരിക്കും.!
കേരളത്തെ കണ്ട് ഭയന്നോടുന്ന നിപ്പ...
മലയാളിടാ........!!!
കൊറോണയോടും പൊരുതി ജയിക്കാൻ കച്ചകെട്ടി ഇറങ്ങുന്നു......കൊറോണയേയും തുരത്തി ഓടിക്കുന്ന കേരളം....
മുഖപുസ്തകവും വാട്സ്ആപ്പും ഒക്കെ തുറന്നാൽ ഇതൊക്കെയേ കാണാനുളളു..... ഒക്കെ കാണുമ്പോൾ കുളിരു കോരും മലയാളി ആയതിൽ അഭിമാനം തോന്നും.......
ഒക്കെ നല്ലത് തന്നെ പക്ഷെ ഇതൊക്കെ വെറും 'തളളുകൾ' മാത്രമായി പോകുകയാണ് ഈ കൊറോണാ കാലത്ത്.
വിദ്യാഭ്യാസം ഉണ്ടായിട്ടും നമ്മൾ വെറും വിഡ്ഢികളെ പോലെ പെരുമാറുകയാണ്. കൊറോണഭീതിയുടെ പശ്ചാത്തലത്തിൽ ലോകം തന്നെ വിറച്ചു നിൽക്കുമ്പോഴും ഒന്നും തന്നെ ബാധിക്കുന്നതല്ല എന്നൊരു മനോഭാവമാണ് പലർക്കും.
കൊറോണയെ കുറിച്ച് ദിവസവും എന്തൊക്കെ ബോധവത്കരണങ്ങൾ,
മുന്നറിയിപ്പുകൾ...... ഇത്രയൊക്കെ വിശദീകരണം കിട്ടിയിട്ടും രോഗത്തേയും പ്രതിരോധപ്രവർത്തനങ്ങളെയും അതിന്റെ പ്രാധാന്യത്തോടെ കാണാത്തതെന്ത് കൊണ്ടാണ്. ഇത് മനസ്സിലാക്കാനുളള വിവരം പോലുമില്ലാത്തവരാണോ നമ്മൾ മലയാളികൾ.
വിദേശത്ത് നിന്ന് വന്നവർ വീടുകളിൽ തന്നെകഴിയണമെന്ന് ആവർത്തിച്ചാവർത്തിച്ച് പറയുമ്പോഴും നാട്ടിൽ ചുറ്റി നടക്കുന്നവരും, നിരീക്ഷണത്തിലിരിക്കെ ഒളിച്ചോടുന്നവരുമൊക്കെ വിദ്യാഭ്യാസവും വിവരവുമില്ലാത്തവരാകാൻ വഴിയില്ല. രോഗത്തിന്റെ തീവ്രതയെ പറ്റി ഒക്കെ ഇത്രയും ബോധവത്കരണം നടത്തിയിട്ടും സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും നിർദ്ദേശങ്ങൾ ഒന്നും ആരും പാലിക്കുന്നില്ല എന്നതിൽ വിശമം തോന്നുന്നു. ഇത്രക്ക് വിഡ്ഢികളാണോ നമ്മൾ?
നമുക്ക് മാത്രമല്ല നമ്മുടെ കുടുംബത്തിനും സമൂഹത്തിനും..... എന്തിന് നമ്മുടെ രാജ്യത്തെ തന്നെ ഇല്ലാതാക്കാൻ പോകുന്ന ഒരു വൈറസിനെ
ചെറുക്കാൻ നമ്മൾ ഓരോരുത്തരും ഒരുപോലെ ശ്രമിച്ചാലെ സാധിക്കൂ എന്ന ഉത്തമബോധ്യമുണ്ടായിട്ടും ഇങ്ങനെ നിരുത്തരവാദിത്തപരമായി പെരുമാറാൻ എങ്ങനെ കഴിയുന്നു....!
മറ്റു രാജ്യങ്ങളിൽ നിന്ന് കിട്ടുന്ന മുന്നറിയിപ്പുകൾ സൂചിപ്പിക്കുന്നത് കാര്യങ്ങൾ വളരെ ഗൗരവമുളളതാണെന്നാണ്.
ഈ സമയത്തും ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ പരസ്പരം പോരടിക്കുന്നവർ......
എല്ലാ നിർദേശങ്ങളും കാറ്റിൽ പറത്തി ബാറുകൾക്ക് മുന്നിൽ ക്യൂ നിൽക്കുന്നവർ.... ആരാധനാലയങ്ങളിൽ...... ആഘോഷങ്ങളിൽ ഒത്തുകൂടുന്നവർ.....
ഇതാണോ സാക്ഷരകേരളം!!
കൊറോണ നിങ്ങളെ കാത്തിരിക്കുന്നുണ്ടെന്ന് ഓർക്കുക. ആരുടെ രൂപത്തിൽ എന്ന് പോലും നമുക്ക് തിരിച്ചറിയാനാകാത്തവിധം...!
അത് നമ്മളിൽ എത്തുന്നത് വരെ നമ്മൾ ചിന്തിച്ച് തുടങ്ങുകയില്ല....
ചിന്തിച്ച് തുടങ്ങുമ്പോഴേക്കും ഒരുപാട് വൈകിയിരിക്കും.
വിഷമം തോന്നുന്നു .
നമ്മളോട് തന്നെ സഹതാപം തോന്നുന്നു.
ആത്മഹത്യപരമായ കാരൃങ്ങളാണ് നമ്മൾ ചെയ്തു കൊണ്ടിരിക്കുന്നത്...
ഓരോരുത്തരും ഓർക്കുക നമ്മളുടെ ജീവൻ മാത്രമല്ല അടുത്തുളളവന്റെയും ജീവനും നിങ്ങളുടെ കൈയ്യിലാണ്..
അകലം പാലിക്കുക നാം സ്വയം സംരക്ഷിക്കുക മറ്റുള്ളവരേയും.......
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|