എൻ.എസ്.എസ്.ജി.എച്ച്.എസ്.എസ്. പെരുന്ന/അക്ഷരവൃക്ഷം/ഉണങ്ങാത്ത മുറിവുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഉണങ്ങാത്ത മുറിവുകൾ

പാറമടകൾ കേരളത്തിന്റെ ഭൂപ്രകൃതിയിൽ ഉണ്ടാക്കുന്ന മുറിവുകൾ ഉണക്കാനാവാത്തതാണ്.കേരളം പോലൊരു ചെറിയ സംസ്ഥാനത്ത് 6200 പാറമടകൾ പ്രവർത്തിക്കുന്നു എന്നത് ഞെട്ടിക്കുന്ന കാര്യം ആണ്. പശ്ചിമഘട്ടം ഉൾപ്പടുന്ന അഞ്ചു ജില്ലകളിലായി ആയിരത്തിലധികം ക്വാറി കൾ പ്രവർത്തിക്കുന്നു.കേരളത്തിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾക്ക് കരിങ്കല്ല് കൂടിയേ തീരൂ. നല്ല റോഡ്,പാലം,മെട്രോ മോണോ ഹൈ സ്പീഡ് റെയിൽവേകൾ ,ഉപഗ്രഹനഗരങ്ങൾ ,മാൾ, ഫ്ലാറ്റ് ,തുറമുഖം ,സ്മാർട്ട് സിറ്റി ,രമ്യഹർമ്യങ്ങൾ ,വിമാനത്താവളം ,വ്യവസായികഇടനാഴി ,അങ്ങനെ നമ്മുടെ വികസന സ്വപ്നങ്ങൾ അതിരില്ലാതെ വളരുകയാണ്. ഈ വികസന സ്വപ്നങ്ങൾ യാഥാർത്ഥ്യം ആകുമ്പോൾ ആണ് കേരളത്തിൽ ഏറ്റവും വിപണിമൂല്യമുള്ള ഉല്പന്നമായി കരിങ്കല്ല് മാറുന്നത്.മുമ്പ് ഇതേ സ്ഥാനത്ത് മണലായിരുന്നു.അത് ഊറ്റി നമ്മുടെ നദികൾ മരണവക്ത്രത്തിലായി.വടക്കൻ കേരളത്തിൽ ഒടുവിൽ നടന്ന വിമാനത്താവളനിർമ്മാണവുംഅതീവപരിസ്ഥിതി  പ്രാധാന്യമുള്ള വയനാട്ടിൽ വികസനമെന്നും വിനോദമെന്നും പറഞ്ഞു നടത്തിയ നിർമാണപ്രവർത്തനങ്ങളും ഉത്തരകേരളത്തിൽ ഉണ്ടാക്കുന്ന പാരിസ്ഥിതികാഘാതം കനത്തതാണ്. ഇക്കഴിഞ്ഞ പ്രളയം അത് നമ്മെ ബോധ്യപ്പെടുത്തുകയും ചെയ്തു.വിഴിഞ്ഞം തുറമുഖനിർമാണത്തിനായി നിരവധി വൻകിടക്വാറികൾ ആണ് തെക്കൻ കേരളത്തിൽ പ്രവർത്തിക്കുന്നത്. അതുണ്ടാക്കുന്ന പാരിസ്ഥിതികാഘാതം അറിയാൻ അടുത്ത മഴക്കാലം വരെ കാത്തിരുന്നാൽ മതി.നാടിന്റെ വികസനവും പരിസ്ഥിതി സംരക്ഷണവും ഒത്തുപോകില്ല .കടലിന്റെ അടിത്തട്ട് ഇളക്കുന്നതുറമുഖനിർമാണമാണോ അടിയ്കടി കേരളത്തിൽ പ്രളയം ഉണ്ടാക്കുന്നത് എന്ന് അന്വഷിക്കുന്നത് നല്ലതാണ് . വികസനം വേണ്ടായെന്നല്ല.  പരിസ്ഥിതിയ്ക് കനത്ത ആഘാതമുണ്ടാക്കാത്ത വികസനമാണ് അഭികാമ്യം. അല്ലെങ്കിൽ വികസനത്തിന്റെ പേരിൽ ഇളക്കി വെച്ച ഇടങ്ങൾ അടുത്ത മഴക്കാലത്ത് ഉരുളിന്റെ കേന്ദ്രമാകുകയും അതിന്റെ ചുവട്ടിലെ മനുഷ്യരെ നിലവിളിക്കാൻ പോലും അവസരം നല്കാതെ അവസാനിപ്പിക്കുകയും ചെയ്യും. നല്ല വായു ,നല്ല ജലം, നല്ല ഭക്ഷണം  നല്ല ഭൂമി ,അതാവട്ടെ നമ്മുടെ വികസന സ്വപ്നം. അതൊരു യാഥാർത്ഥ്യമായിരുന്ന ഇടവുമായിരുന്നല്ലോ നമ്മുടെ കൊച്ചു കേരളം.

ബിൻസി ജോസഫ്
8 എ എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്. പെരുന്ന
ചങ്ങനാശ്ശേരി‌ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - ലേഖനം