എൻ. എസ്. എസ്. എച്ച്. എസ്. എസ്. കേശവദാസപുരം/അക്ഷരവൃക്ഷം/പരിസ്ഥിതിയും മനുഷ്യനും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയും മനുഷ്യനും

പരിസ്ഥിതി - എത്ര ലാഘവത്തോടെയാണ് നാം ആ വാക്ക് ഉച്ചരിക്കുന്നത് .എന്നാൽ നമ്മൾ ചിന്തിക്കുന്ന അത്ര ലളിതമാണോ പരിസ്ഥിതി ? പരിസ്ഥിതിയിൽ ജീവവും ആജീവവുമായ എല്ലാ ഘടകങ്ങളും എത്ര തന്മയത്വത്തോടെ പരസ്പരപൂരകങ്ങളായി ഒരു ചങ്ങലയിൽ പരസ്പരം കോർക്കപ്പെട്ട കണ്ണികളായി നിലകൊള്ളുന്നു . ഈ കണ്ണികൾക്കിടയിൽ എവിടെയാണ് മനുഷ്യന്റെ സ്ഥാനം ? എപ്പോഴെങ്കിലും നാം അത് ഓർക്കാറുണ്ടോ ? പരസ്പരം കോർക്കപ്പെട്ടു കിടക്കുന്ന ആ അനേകം കണ്ണികളിൽ ഒന്നുമാത്രമാണ് മനുഷ്യൻ . നമ്മൾ മനുഷ്യർ മറ്റു ജീവജാലങ്ങളെക്കാൾ ശ്രെഷ്ഠരൊന്നുമല്ല .മറ്റു ജീവജാലങ്ങൾക്ക് ജീവൻ നിലനിർത്തുന്നതിന് ആവശ്യമായ വായു ഭക്ഷണം ജലം ഒക്കെ പ്രകൃതി നൽകുന്നു .അതുപോലെ മനുഷ്യർക്കും . നമ്മൾ മനുഷ്യർ മാത്രമാണ് ഒന്നിനും തൃപ്തിപ്പെടാത്തവർ . ജീവിത രീതിയും സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനിടയിൽ നമ്മൾ മനുഷ്യർ പ്രകൃതിയെ പ്രകൃതിവിഭവങ്ങളെ എത്ര അധികം മലീമസമാക്കിക്കഴിഞ്ഞിരിക്കുന്നു . ഡൽഹിയിൽ പലപ്പോഴും വിഷപ്പുക നിറയുന്നതു കാരണം മനുഷ്യർ ജീവവായു ലഭിക്കാതെ വീടിനുള്ളിൽ കഴിയേണ്ടി വന്നിരിക്കുന്നു . എന്നിട്ടും നമുക്ക് വികസനം വരണമെന്നാണ് മുറവിളി. ഇതിനിടയിൽ വികസനം തിന്നുതീർത്ത ഗ്രാമീണതയെ കുറിച്ച് നാം മനപ്പൂർവം മറന്നുകളയുകയാണ്. മരങ്ങളും തോടുകളും നിറഞ്ഞ ഗ്രാമങ്ങളിൽ ഇന്ന് ടാറിട്ട റോഡുകൾ മാത്രമായി . നീർച്ചാലുകളും തോടുകളും തണ്ണീർ തടങ്ങളും നികത്തിയും ,കാവുകളും മറ്റും വെട്ടി നശിപ്പിച്ചും മനുഷ്യർ രമ്യഹർമ്യങ്ങൾ പണിതുയർത്തി . ഫലമോ വേനൽക്കാലത്ത് കൊടും വരൾച്ചയും മഴക്കാലത്ത് പ്രളയവും . കര മുഴുവൻ സ്വന്തമാക്കിയിട്ടും മതി വരാത്ത മനുഷ്യന്റെ കരാളഹസ്തങ്ങൾ കടലിലേക്കും കായലിലേക്കും കോൺക്രീറ്റ് നഖങ്ങൾ നീട്ടിത്തുടങ്ങിയിരിക്കുന്നു . അമ്മയായി പരിപാലിച്ച പ്രകൃതി രൗദ്ര ഭാവത്തോടെ പ്രതികരിക്കാൻ തുടങ്ങിയിരിക്കുന്നു .ഇനിയെങ്കിലും നാം സ്വാർത്ഥത വെടിയണം . ഓണക്കാലങ്ങളിൽ ഗ്രാമങ്ങളിൽ നിറയുന്ന ഓണത്തുമ്പികളെ കാണാനില്ല . തുമ്പ പൂക്കൾ , കലമ്പട്ടി , കാളപ്പൊട്ട് , ആടലോടകം , പാഞ്ചി എന്തിന് തൊട്ടാവാടി പോലും ഇന്ന് വിരളം . എന്താവും കാരണം ? മണ്ണിന്റെ മാറ്റമോ അതോ കാലാവസ്ഥയുടെ വ്യതിയാനമോ ? എന്തുതന്നെ ആയാലും അതൊന്നും തന്നെ ശുഭസൂചകമല്ല . അതുകൊണ്ടാകാം സർക്കാരുകൾ ഇന്ന് പരിസ്ഥിതി സംരക്ഷണത്തിനായി പല പദ്ധതികളും നടപ്പിലാക്കി വരുന്നുണ്ട് . പഞ്ചായത്തുകൾ ഉപയോഗശൂന്യമായ പ്ലാസ്റ്റിക് വസ്തുക്കൾ ശേഖരിക്കുന്നുണ്ട് . സ്കൂളുകളിൽ നിന്നും വൃക്ഷതൈകൾ വിതരണം ചെയ്യുന്നുണ്ട് . പല രാജ്യങ്ങളും പരിസ്ഥിതി പുനർനിർമ്മാണത്തിന്‌ തുടക്കം കുറിച്ചിരിക്കുകയാണ് .അതുകൊണ്ടു നമുക്കും സർക്കാരിന്റെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളിയാകാം . നമ്മുടെ വീടും പരിസരവും മാലിന്യ മുക്തമാക്കാൻ നമുക്ക് പ്രയത്‌നിക്കാം . നമ്മൾ ഓരോരുത്തരും ചെയുന്ന ചെറിയ ചെറിയ കാര്യങ്ങൾ ഒന്നായി നമ്മുടെ പരിസ്ഥിതിക്ക് വേണ്ടിയുള്ള ഒരു സംരക്ഷണ കവചമായി മാറട്ടെ . നമ്മുടെ ജീവനേക്കാൾ പ്രധാനപ്പെട്ടതാണ് പ്രകൃതി . പ്രകൃതി ഇല്ലെങ്കിൽ ഒരു ജീവജാലവും ഇല്ല . അത് കൊണ്ട് പ്രകൃതി സംരക്ഷണം നമ്മുടെ ജീവിതശൈലിയുടെ ഭാഗമായി തീരട്ടെ .

ലക്ഷ്മി റോബി
12 എൻ എസ് എസ് എച്ച്‌ എസ് എസ് കേശവദാസപുരം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം




 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം