എൻ.എസ്സ്.എസ്സ്.എച്ച്.എസ്. അകത്തേത്തറ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം നമ്മുടെ മുദ്രാവാക്യം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം നമ്മുടെ മുദ്രാവാക്യം

മനുഷ്യൻ ജൈവപരിണാമ ശൃഖലയിലെ അവസാനത്തെ കണ്ണിയാണെന്നാണ് കണക്കു കൂട്ടൽ.ഭൂമിയും അതിലെ ചരാചരങ്ങളും പ്രപഞ്ചവും ഉൾപ്പെടുന്ന പരിസ്ഥിതിയും ഓരോ ജീവി വർഗത്തിന്റെയും പരിസ്ഥിതിയും തമ്മിലുള്ള ഒരു ജൈവ ബന്ധം നിലനിർത്തുക എന്നതാണ് ഈ ഭൂമിയുടെയും അതിലെ നിവാസികളുടെയും നിലനില്പിനു് കാരണഭൂതമായിരിക്കുന്ന വസ്തുത. അതിനെ ലംഘിക്കുന്ന എന്തും ഓരോ ജീവിയുടെയും നിലനിൽപ്പിനു തന്നെ ദോഷം വരുത്തുകയും പരിസ്ഥിതി പ്രശ്നമായി മാറുകയും ചെയ്യുന്നു.

പരിസ്ഥിതിയും പരിതഃസ്ഥിതിയും രണ്ടാണ്.പരിതഃസ്ഥിതി ഓരോ വ്യക്തിയുടെയും, ഓരോ ജീവി വർഗത്തിന്റെയും ചുറ്റുപാടുകൾ ആണ്.ചുറ്റുപാടുകളും ജീവിവർഗവും ഒന്നുചേർന്ന് പരിതഃസ്ഥിതിയെ സൃഷ്ടിക്കുന്നു.വ്യത്യസ്ത പരിതഃസ്ഥിതികൾ ശരിയായ ക്രമത്തിലും ഘടനയിലും സംയോജിച്ച് പരിസ്ഥിതി സൃഷ്ടിക്കുന്നു.അതിനാൽ പരിസ്ഥിതിയുടെ സന്തുലനാവസ്ഥയ്ക്ക് ഒരു സംഘടിതമായ ശ്രമം തന്നെ ആവശ്യമാണ്.നമ്മുടെ പരിസ്ഥിതി പ്രശ്നമായി മാറുന്ന പ്രത്യക്ഷവും പരോക്ഷവുമായ ഘടകങ്ങൾ ഒട്ടനവധിയുണ്ട്.എങ്കിലും പ്രധാനമായും വന നശീകരണം,മലിനീകരണങ്ങൾ,ജനപ്പെരുപ്പം,ടൂറിസം മേഖലയുടെ അതിപ്രസരം,രാഷ്ട്രീയ-സാമ്പത്തിക-പരിസ്ഥിതി മാറ്റങ്ങൾ,അമിത മത്സര ബുദ്ധി,സ്വാർത്ഥത,സങ്കുചിത മനോഭാവങ്ങൾ എന്നിങ്ങനെ നമുക്ക് വർഗീകരിക്കാം.

ഓരോ വൃക്ഷവും മനുഷ്യരുൾപ്പെടുന്ന ജീവിവർഗ്ഗത്തിന്റെ ശ്വസനേന്ദ്രിയത്തെ കാത്ത് സൂക്ഷിക്കുമ്പോൾ സ്വാർത്ഥലാഭത്തിനായി നമ്മുടെ വനസമ്പത്ത് ധൂർത്തടിക്കുകയുംകാടുകളെ മൊട്ടകുന്നുകളായി മാറ്റുകയും ചെയ്യുന്നു. മനുഷ്യരുടെ ചിന്താരഹിതമായ പ്രവൃത്തികൾ ഈ ജീവിവർഗ്ഗത്തിന്റെ തന്നെ ശവക്കുഴി തോണ്ടുന്നു.ആവാസവ്യവസ്ഥിതിയുടെ ഘടനയ്ക്ക് സംഭവിക്കുന്ന മാറ്റങ്ങളും തകർച്ചചയും നാം ശ്രദ്ധിക്കേണ്ടതാണ്. മലിനീകരണം ഏതു വിധത്തിലായാലും അത് ഭൂമിക്കും ഭൂമിയുൾപ്പെടുന്ന പരിസ്ഥിതിക്കും ജീവജാലങ്ങൾക്കും നാശമുണ്ടാക്കുന്നതാണ്.അന്തരീക്ഷമലിനീകരണം പ്രപഞ്ചത്തിന്റെ തന്നെ ഘടന മാറ്റിയിരിക്കുന്നു. ജലമലിനീകരണം സമുദ്രത്തിന്റെ ആവാസവ്യവസ്ഥ തന്നെ മാറ്റി മറിക്കുന്നു. സമുദ്രങ്ങൾ ഇന്ന് വിഷവാഹിനികൾ ആണ്.ഇതിനു ഒരു പരിഹാരം കണ്ടേ തീരു.ഓസോൺ സുഷിരം വലുതാകുന്നു. ഭൂമിയുടെ ചൂട്, നമ്മുടെ പരിസ്ഥിതിയിൽ കുന്നുകൂടുന്ന ചപ്പുചവറുകളോടൊപ്പം തന്നെ ദിനംപ്രതി വർധിക്കുന്നു. ആണവപരീക്ഷണങ്ങളുടെ ദൂരവ്യാപക ഫലങ്ങൾ തലമുറകൾക്കു തന്നെ ഭീഷണിയാണ്. നിലനിൽപ്പിനു വേണ്ടി ഓരോ ജീവനും പടപൊരുതുന്ന ഇന്നത്തെ കാലത്ത് ജനപ്പെരുപ്പം ഒരു വൻഭീഷണിയാണ്. ബൗദ്ധികമായും സാമ്പത്തികമായും ജീവജാലങ്ങൾ നിലനിൽപിന് വേണ്ടി പൊരുതുന്നു.

ആഗോള പരിസ്ഥിതിക്ക് യോജിക്കുന്ന തരത്തിൽ പരിസ്ഥിതിയെ പാകപ്പെടുത്തേണ്ടത് ഓരോ വ്യക്തിയുടെയും ചുമതലയാണ്. വികസനം എന്ന പേരിൽ മനുഷ്യൻ പടച്ചു വയ്ക്കുന്ന ഓരോമാറ്റവും പരിതഃസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നു.അന്യന്റെ പരിതഃസ്ഥിതി നശിപ്പിച്ച് സ്വന്തം പരിസ്ഥിതി നന്നാക്കി ആഗോള പരിസ്ഥിതിയെ വേരോടെ നശിപ്പിക്കുവാൻ ഇന്നത്തെ ജനത ശ്രമിക്കുന്നു. മനുഷ്യന്റെ സ്വാർത്ഥമോഹങ്ങളും സങ്കുചിത ചിന്തകളും സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ പരിതഃസ്ഥിതിമാറ്റങ്ങളും ഇന്നത്തെ വലിയ പരിസ്ഥിതി പ്രശ്നങ്ങൾ ആണ്.

മലിനീകരണത്തിൽ നിന്നും മുക്തി നേടാൻ ഓരോ വ്യക്തിയും ശ്രമിക്കണം. ആവാസ ശൃംഖലയിലെ വംശനാശം സംഭവിക്കുന്ന ജീവികളെ സംരക്ഷിക്കുകയും ചെയ്യുന്നു. കടംകൊണ്ട പരിതഃസ്ഥികൾ സ്വന്തം പരിതഃസ്ഥികളെ നശിപ്പിക്കും എന്നോർക്കുക.പ്രതികൂല സാഹചര്യങ്ങളോട് പോരാടുവാൻ ഓരോവ്യക്ത്തിയും ശക്തിയാർജ്ജിക്കണം. പരസ്പര വിശ്വാസവും സ്നേഹവും വളർത്തുക. ഒരാളുടെ ശരീരത്തിനും മനസ്സിനും ഒരു പരിസ്ഥിതി ഉണ്ട്. അത് സംരക്ഷിക്കാനും പരിസ്ഥതിഥിയെ കടന്നാക്രമിക്കാതിരിക്കാനുമുള്ള മനസ്സ് എല്ലാവര്ക്കും ഉണ്ടാകണം.ഇല്ലെങ്കിൽ ഇത് ആണവദുരന്തത്തേക്കാൾ ഭാവിക്കൊരു ഭീഷണിയായി പരിണമിക്കും.പരിസ്ഥിതി സംരക്ഷണം നമ്മുടെ മുഖ്യമായ മുദ്രാവാക്യമാകട്ടെ...

ശ്രീവിദ്യ എച്ച്‌
8 A എൻ.എസ്സ്.എസ്സ്.എച്ച്.എസ്. അകത്തേത്തറ
പാലക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം