എസ് ബി വി എസ് ഗവ ഹയർ സെക്കന്ററി സ്കൂൾ പൻമനമനയിൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

കൊല്ലം:ഹരിജൻഫണ്ട് ശേഖരണത്തിന് മഹാത്മാഗാന്ധി പന്മന ആശ്രമം സന്ദർശിച്ചതിന്റെ 75-ാം വാർഷികം 19, 20 തീയതികളിൽ ആഘോഷിക്കുന്നു. ചട്ടമ്പിസ്വാമികളുടെ സമാധിസ്ഥാനമായ പന്മന ആശ്രമത്തിൽ 1934 ജനവരി 19, 20 തീയതികളിലായിരുന്നു രാഷ്ട്രപിതാവിന്റെ ഐതിഹാസികമായ സന്ദർശനം. 'മാതൃഭൂമി'യുടെ കോഴിക്കോട്ടെ ആസ്ഥാനം സന്ദർശിച്ച് ആറുദിവസത്തിനുശേഷം. കുമ്പളത്ത് ശങ്കുപ്പിള്ളയായിരുന്നു ഇവിടെ ആതിഥേയൻ. പന്മന ആശ്രമത്തിൽ ഗാന്ധിജി വരുന്ന വിവരമറിഞ്ഞ് നിരവധിപേർ അവിടെ എത്തിയിരുന്നതായി കുമ്പളത്ത് ശങ്കുപ്പിള്ളയുടെ ആത്മകഥയായ 'കഴിഞ്ഞകാല സ്മരണകളിൽ' വിവരിക്കുന്നു.

ഗാന്ധിജി വൈകുന്നേരമാണ് എത്തിയത്. ആശ്രമത്തിൽ കടന്ന ഗാന്ധിജി ആദ്യമായി ചട്ടമ്പിസ്വാമികളുടെ സമാധിക്ഷേത്രം സന്ദർശിച്ചു. വെള്ളമണൽ വിരിച്ച സ്ഥലത്ത് പിന്നീട് ഗാന്ധിജിയും കൂടെ വന്നവരും ചമ്രംപടിഞ്ഞിരുന്നു. 'രഘുപതി രാഘവ രാജാറാം' പ്രാർഥനാഗാനവും ഭഗവദ്ഗീതയിലെ ഏതാനും വരികളും ഗാന്ധിജി ചൊല്ലിയപ്പോൾ കൂടെയുണ്ടായിരുന്ന എ.വി.താക്കറും ശ്രീമതി ബജാജും മീരാബെന്നും അത് ഏറ്റുചൊല്ലി.

തുടർന്ന് കുശലപ്രശ്‌നമായി. ഗാന്ധിജി ശങ്കുപ്പിള്ളയുടെ പേര് ചോദിച്ചു. അദ്ദേഹം പറഞ്ഞു. 'ഇംഗ്ലീഷ് അറിയാമോ? അറിയില്ലെന്ന് മറുപടി. ഹിന്ദിയോ? അതും അറിയില്ല. ഞാൻ ദുഃഖിക്കുന്നു എന്നായിരുന്നു ഗാന്ധിജിയുടെ പ്രതികരണം. ഈ രണ്ട് ഭാഷയും അറിഞ്ഞിരിക്കണമെന്ന് അദ്ദേഹം ഉപദേശിച്ചു. ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ളയായിരുന്നു ദ്വിഭാഷി. ഭീമമായ തുക സ്വീകരണത്തിനുവേണ്ടി ചെലവഴിക്കുന്നത് ശരിയല്ലെന്ന് ഗാന്ധിജി ഉപദേശിച്ചു. അത്താഴം കഴിച്ച് ഗാന്ധിജി ഉറങ്ങാൻപോയി. തുറസ്സായ സ്ഥലത്തേ കിടന്നുറങ്ങൂവെന്ന് ഗാന്ധി വാശിപിടിച്ചു. ടെറസിലാണ് അദ്ദേഹം കിടന്നത്. ഗാന്ധിജിയുടെ സന്ദർശനത്തിന്റെ ഓർമ്മയ്ക്കായി മീരാബെൻ ഒരു വേപ്പിൻതൈ രാത്രിതന്നെ നട്ടു.

പിറ്റേന്ന് രാവിലെ ഏഴരയ്ക്കായിരുന്നു പൊതുസമ്മേളനം. ആശ്രമത്തിന് തെക്കുവശം തയ്യാറാക്കിയിരുന്ന പ്രസംഗവേദിയിൽ ഗാന്ധിജി ഇരുന്നപ്പോൾ വിശാലമായ വയലും കഴിഞ്ഞ് ആളുകൾ നിരന്നു. അരമണിക്കൂറോളം ഗാന്ധിജി പ്രസംഗിച്ചു. ഹരിജൻ ഫണ്ടിലേക്ക് പിരിച്ചുവച്ചിരുന്ന 500 രൂപയിലധികം വരുന്ന പണക്കിഴി കുമ്പളത്ത് ശങ്കുപ്പിള്ള രാഷ്ട്രപിതാവിനെ ഏല്പിച്ചു. അദ്ദേഹം സന്തോഷത്തോടെ സ്വീകരിച്ചു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം