എസ് എ എൽ പി എസ് കുപ്പാടിത്തറ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
    ബാണാസുരൻ മലനിരകളിൽ നിന്ന് ഉത്ഭവിക്കുന്ന കരമാൻ തോടാണ് പഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ ഒഴുകി വെണ്ണിയോട് പുഴയുമായി കിഴക്കേ അതിരിൽ വച്ചു ചേർന്ന് കബനിയുടെ ജലസ്രോതസായ പനമരം പുഴയുടെ ഭാഗമാകുന്നത്. വെള്ളമുണ്ട പനമരം പഞ്ചായത്തുകളുടെ അതിർത്തി നിർണയിക്കുന്നതും ഈ പുഴകളാണ്. തെക്കുഭാഗത്തെ ബാണാസുരൻ മലനിരകളുടെ വനപ്രദേശങ്ങളാണ് ചക്കിട്ടപ്പാറ   പഞ്ചായത്ത് അതിരുകൾ.വലിയ നെൽവയലുകൾ ഉള്ളത് കുപ്പാടിത്തറ പ്രദേശത്തിൽ ആണ്.ഈ പ്രദേശത്താണ് കുറുമണി കൊറ്റുകുളം  ദേശങ്ങളും ഉള്ളത്.

കുറുമണി എന്ന കൊച്ചു ഗ്രാമം

 വയനാടൻ ചരിത്രരേഖകളിൽ ചരിത്രപരമായും ഐതിഹ്യകഥകളാലും പ്രാധാന്യമുള്ള പ്രദേശമാണ് കുറുമണി. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിൽ 7 ,8 വാർഡുകളിലായി കുപ്പാടിത്തറ,കൊറ്റുകുളം,കുറുമണിപ്രദേശങ്ങൾ വ്യാപിച്ചുകിടക്കുന്നു. തലയുയർത്തി നിൽക്കുന്ന കുറുമ്പാലക്കോട്ട ബാണാസുര മലനിരകൾ ഈ പ്രദേശങ്ങൾക്ക് കാവൽ നിൽക്കുന്നു
കുറുമ്പാലക്കോട്ട മലയുടെ താഴ്‌വാരങ്ങളിലൂടെ ഒഴുകുന്ന കബനീ നദിയുടെ പോഷകനദിയായ വെണ്ണിയോട് പുഴയും വയലേലകളും മറ്റു ധാന്യ വിളകളും ഈ പ്രദേശത്തെ കൂടുതൽ മനോഹരിയാക്കുന്നു.ഐതിഹ്യകഥകൾ നിറഞ്ഞ മുറി പുഴ പ്രദേശത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി  ചെയ്യുന്നു. പാണ്ഡവരുടെ  വനവാസകാലത്ത് പ്രദേശത്ത് അവർ കുറുമണിയിൽ  എത്തുകയും ദാഹം മാറ്റുന്നതിനായി ഭീമൻ തന്റെ ആയുധമുപയോഗിച്ച് ചിറ ഉണ്ടാക്കുകയും മണ്ണ് കോരി യടം മുറിപുഴയും കോരിയെടുത്ത് മണ്ണ് എറിഞ്ഞ് കളഞ്ഞത് ചെറു മലയും ആയി എന്നാണ് ഐതിഹ്യം. മഴക്കാലത്ത് മുറി പുഴ കൂടിച്ചേരുന്നത് കാണാൻ ദൂരെയുള്ള പ്രദേശങ്ങളിൽ നിന്ന് പോലും ആളുകൾ ഇന്നും എത്തിച്ചേരുന്നു.

1924 ലേ വെള്ളപ്പൊക്കത്തിൽ പുഴ ഗതി മാറി ഒഴുകിയതാകാം ആകാം എന്നത് ഇപ്പോഴത്തെ നിഗമനം. പ്രദേശത്തിന്റെ കിഴക്കുഭാഗത്തായി തലയുയർത്തി നിൽക്കുന്ന കുറുമ്പാലകോട്ട ചരിത്രപരമായി ഏറെ പ്രാധാന്യമുള്ളതാണ്.കുറുമ്പാലകോട്ട മലയുടെ അടിവാരത്ത് എന്ന വിഭാഗം ആദിവാസികൾ താമസിച്ചിരുന്നു. അതുകൊണ്ട് കോട്ട എന്നത് ലോപിച്ച് കുറുമ്പാലകോട്ട എന്നായി മാറി. കോട്ടയുടെ മുകൾ ഭാഗത്തു നിന്ന് നോക്കിയാൽ വയനാട് മിക്ക പ്രദേശങ്ങളും കാണുവാൻ സാധിക്കും. അതിനാൽ പഴശ്ശിയുടെ പടയോട്ടക്കാലത്ത് ഇവിടെ ഒളിത്താവളം ആക്കിയിരുന്നു. കോട്ടയിൽ നിന്ന് ശത്രുക്കളുടെ വരവ് വ്യക്തമായി നിരീക്ഷിക്കാൻ അവർക്ക് സാധിച്ചിരുന്നു. ടിപ്പു സുൽത്താനെ പടയോട്ടകാലത്ത് ഈ മലയുടെ മുകളിൽ കയറി ഒളിച്ചാണ് ആളുകൾ രക്ഷപ്പെട്ടിരുന്നു. ഇതിനായി മലയുടെ മുകളിൽ ഒരു ഗുഹ നിർമ്മിക്കുകയും ചെയ്തു.ഇതിന്റെ അവശിഷ്ടങ്ങൾ ഇന്നും അവിടെ കാണുന്നു.

കിഴക്കുവശത്ത് ഒരു അമ്പലവും സ്ഥിതി ചെയ്തിരുന്നു. കുറുമ്പാലക്കോട്ടയിൽ ഉണ്ടായിരുന്ന പ്രസിദ്ധമായ ഭഗവതി ക്ഷേത്രത്തിന് ചുറ്റും നിൽക്കുന്ന പ്രദേശങ്ങൾ പേരിനോട് ചേർന്ന് അറിയപ്പെടുന്നു തെക്കുംതറ പടിഞ്ഞാറുഭാഗം പടിഞ്ഞാറത്തറ കോട്ട നിൽക്കുന്ന പ്രദേശം കോട്ടത്തറ എന്നിങ്ങനെ.
3.സ്ഥലനാമ ചരിത്രം
      കുറുമണി എന്ന സ്ഥലപ്പേര് വരാൻ കാരണം കുറുമ വംശജർ ധാരാളമായി ഇവിടെ താമസിച്ചിരുന്നത് ആവാം കാരണമെന്ന് കരുതപ്പെടുന്നു. കുറുമരുടെ കൊല്ലി അഥവ കുറുമണി കൊല്ലിയിൽ നിന്നുമാണ് കുറുമണി ഉണ്ടായതെന്ന് പറയപ്പെടുന്നു.

 കൊറ്റുകുളം പ്രദേശത്ത് ശങ്കരൻ നായരുടെ ഉടമസ്ഥതയിൽ രണ്ട് ഏക്കറോളം വ്യാപിച്ചു കിടക്കുന്ന കൊല്ലി ഉണ്ടായിരുന്നു. ഇവിടെ ധാരാളം കൊറ്റികൾ വരുമായിരുന്നു അതിനാൽ ആ പ്രദേശം കൊറ്റുകുളം  എന്നറിയപ്പെടാൻ തുടങ്ങി എന്നും പറയപ്പെടുന്നു.

4.ഭൂപ്രകൃതിയും വിഭവങ്ങളും.

    ഭൂരിഭാഗവും വനപ്രദേശമായിരുന്നു വയനാട്ടിൽ നൂറ്റാണ്ടുകൾക്കു മുമ്പു നടന്ന  അതിനിവേശങ്ങളുടെ  ഫലമായി വനം വെട്ടി തെളിച്ച് കാർഷിക വിളകൾ കൃഷി ചെയ്യാൻ ആരംഭിച്ചു. പഴശ്ശി രാജാവിനെ ആധിപത്യത്തിൽ കോട്ടയം രാജകുടുംബത്തിലെ കൈവശമായിരുന്നു വയനാട്.  പിൽക്കാലത്ത് ബ്രിട്ടീഷ് കോളനിഭരണത്തിലായതോടെ തേയിലത്തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളും വ്യാപകമായി. പടിഞ്ഞാറത്തറയിൽ ആദ്യകാലത്ത് ഓറഞ്ച് തോട്ടങ്ങൾ ഉണ്ടായിരുന്നു. കാപ്പി വ്യാപകമാവുകയും അന്തരീക്ഷ താപനിലയിൽ വർധന ഉണ്ടാവുകയും ചെയ്തപ്പോൾ ഓറഞ്ച് തോട്ടങ്ങൾ നാമാവശേഷമായി.
     കുറുമണി കൊച്ചുകുളം കുപ്പാടിത്തറ പ്രദേശങ്ങൾ ജലസമ്പത്താൽ അനുഗ്രഹീതമാണ്. കുളങ്ങളും തോടുകളും പുഴകളും ഈ പ്രദേശത്തെ കനിഞ്ഞ് അനുഗ്രഹിച്ചിരിക്കുന്നു. മാതോത്ത് കൊല്ലിയിൽ നിന്ന് ആരംഭിച്ച മണ്ണാർകുണ്ട് പുഴയിലേക്ക് ഒഴുക്കുന്ന കുറുമണി തോടും, മുറിപുഴയിൽ നിന്നാരംഭിച്ച ചേനക്കയം പുഴ വരെ ഒഴുകുന്ന മാങ്ങലോടിതോടും ആണ് പ്രദേശത്തെ പ്രധാന തോടുകൾ . വൈത്തിരിയിൽ നിന്ന് തുടങ്ങി പനമരം വഴി കബനിയിൽ ചേരുന്ന പനമരം പുഴയും കുറുമണി പ്രദേശത്തെ അതിർത്തി ഗ്രാമമായ വെണ്ണിയോട് പ്രദേശങ്ങളിലൂടെ ഒഴുകുന്ന ചെറുപുഴയും ഈ പ്രദേശത്തെ ജലസമൃദ്ധമാകുന്നു.
 പുഴകളാൽ സമ്പന്നമായതിനാലും താരതമ്യേന താഴ്ന്ന പ്രദേശം ആയതിനാൽ തന്നെ മഴക്കാലമാകുമ്പോൾ ഈ പ്രദേശം വെള്ളം കയറി ഒറ്റപ്പെട്ടു പോകാറുണ്ട് തലയണക്കുന്ന് ,പനിച്ചേടത്തുകുന്ന് , കുറുമണിക്കുന്ന്, പോരാളികുന്ന്, പുലിക്കാട്ട് കുന്ന് , പൂച്ചാളക്കൽ കുന്ന് ,ബാങ്ക് കുന്ന് കണക്കുന്ന്, ചെമ്പകച്ചാൽ കുന്ന് എന്നീ കുന്നുകള ചുറ്റപ്പെട്ടും അവയുടെ ഇടയിലുള്ള വയലുകളും ചേർന്നതാണ് കുറുമണി പ്രദേശം.

കുന്നുകൾക്കിടയിൽ ഉള്ള വയൽ പ്രദേശങ്ങളിൽ വർഷകാലങ്ങളിൽ വെള്ളം കയറുന്നത് കൊണ്ട് ഭൂരിഭാഗവും നെൽകൃഷിയാണ് ചെയ്യുന്നത്. കുന്നുകളിൽ കാപ്പി കുരുമുളക് റബർ മുതലായവ കൃഷി ചെയ്യുന്നു. ഇഞ്ചി കപ്പ ചേന മുതലായ ഇടവിളകളും കൃഷി ചെയ്തു പോരുന്നു.

  വിവിധ ജലസ്രോതസ്സുകൾ ഉണ്ടായിരുന്നതിനാൽ തന്നെ മത്സ്യസമ്പത്ത് കൂടുതലായിരുന്നു. ചക്ക മുള്ളൻ കാരി കൂരി മുഷി തുടങ്ങിയ വ്യത്യസ്ത ഇനം മത്സ്യങ്ങളെ പ്രദേശങ്ങളിൽ കണ്ടിരുന്നു. ആവാസവ്യവസ്ഥയുടെ മാറ്റം ഇത്തരം പ്രകൃതിവിഭവങ്ങളുടെ നാശത്തിന് കാരണമായിട്ടുണ്ട് എന്ന് പഴമക്കാർ വിലയിരുത്തുന്നു. ജലാശയങ്ങൾ നിറഞ്ഞ പ്രദേശമായതിനാൽ തന്നെ വെള്ളത്തെ ആശ്രയിച്ച് കഴിഞ്ഞിരുന്ന പക്ഷികളും ധാരാളം പ്രദേശത്തുണ്ടായിരുന്നു. ആന കുരങ്ങൻ മാൻ തുടങ്ങിയ ജീവികളും പ്രദേശത്ത് കണ്ടിരുന്നതായി പഴമക്കാർ പറയുന്നു. കുടിയേറ്റ കർഷകരുടെ വരവോടെ ഇത് ഇല്ലാതായെന്നും പറയപ്പെടുന്നു.

5.കൃഷിയും ഉപജീവനവും.

                കൃഷിയെ പണം നേടാനുള്ള മാർഗമായി ആരും കണ്ടിരുന്നില്ല. കൃഷി തന്നെയായിരുന്നു പ്രധാന ജീവിതമാർഗ്ഗം. നിത്യോപയോഗ സാധനങ്ങളെല്ലാം തന്നെ കൃഷിചെയ്തിരുന്നു. കൃഷിയിടങ്ങളിലേക്ക് വേണ്ട വളവും പ്രകൃതിയിൽ നിന്നു തന്നെ ഉപയോഗിച്ചു. വയലുകളിൽ തന്നെ പശു പോത്ത് എരുമ തുടങ്ങിയവയെ  കെട്ടി  പോന്നു. ഇതിനെ ബഡാക്ക് എന്ന് പറഞ്ഞിരുന്നു. മഴക്കാലങ്ങളിൽ വയലുകളിൽ വെള്ളം നിറഞ്ഞു കിടന്നിരുന്നതിനാൽ ആ സമയം ദാരിദ്ര്യത്തിന് സമയം കൂടിയായിരുന്നു. കർക്കിടകത്തിലെ തോരാമഴയത്ത് കഴിക്കാനുള്ള ഉണക്ക കപ്പ ഉപ്പും ചേർത്ത് കറി ഉപയോഗിക്കാതെ കഴിച്ചിരുന്നു. വയലുകളിൽ മഴക്കാലങ്ങളിൽ യോജിച്ച നെല്ലിനങ്ങൾ കൃഷി ചെയ്തിരുന്നു. കുംഭമാസത്തിൽ വിതക്കുകയും  മഴക്കാലത്ത് പക്ക അടിക്കുകയും ചെയ്യുന്നു. പക്ക അടിച്ചു  കഴിയുമ്പോൾ ചെടിയുടെ ചുവട് ഇളകുകയും ധാരാളം കാനി  പൊട്ടി കതിരുകൾ  ഉണ്ടാവുകയും ചെയ്യുന്നു.വയലുകൾ എല്ലാ മേഖലകളിൽ പെട്ട ആളുകൾക്കും ഇല്ലാതിരുന്നത് ദാരിദ്ര്യത്തിന് കാരണമായി. കുടിയേറ്റ കർഷകർ വരുന്നതിനുമുമ്പ് ഇപ്പോഴത്തെ വയൽ പ്രദേശങ്ങൾ മരക്കാടുകൾ നിറഞ്ഞതായിരുന്നു. വെള്ളം നിറഞ്ഞ ഈ പ്രദേശം കൊല്ലികൾ എന്നാണ് അറിയപ്പെട്ടിരുന്നത്. ഇത് വെട്ടിത്തെളിച്ച് ആണ് വയലുകൾ ഉണ്ടാക്കുകയും ചെയ്തിരുന്നത്. കൃഷിക്കായി ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ചിരുന്നു. കൃഷിയുമായി ബന്ധപ്പെട്ട കന്നുകാലികളുടെ നാടൻ ഇനങ്ങൾ കർഷകരുടെ സമ്പത്ത് ആയിരുന്നു. കാള പശു എരുമ പോത്ത് എന്നിവ എല്ലാം കർഷക ഭവനങ്ങളിലും ഉണ്ടായിരുന്നു. യാത്ര ചെയ്യുന്നതിനും ചരക്കു നീക്കത്തിനും കാളവണ്ടികൾ ഉപയോഗിച്ചിരുന്നു. കൃഷി അനുബന്ധ മേഖലകളിലെ തൊഴിലവസരങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മുളയും ഈറ്റയും ഉപയോഗിച്ച് നിർമ്മിച്ചിരുന്ന കുട്ടകളും കുടകളും, മരം ഉപയോഗിച്ച് നിർമ്മിക്കുന്ന നിലം പട്ടുന്നതിനുള്ള ഉപകരണങ്ങളും നിർമ്മാണവും വീട് നിർമ്മാണത്തിന് ആവശ്യമായ മരഉരുപ്പടികളും പ്രാദേശികമായി നിർമ്മിക്കപ്പെട്ടിരിക്കുന്നു.

ഇരുമ്പ് ഉപകരണങ്ങൾ നിർമ്മിച്ചിരുന്ന കൊല്ലം പണിക്കാർ സ്വർണ്ണ പണിക്കാർ ബാർബർമാർ ചെറിയ ചായക്കടകൾ എന്നിവ മാത്രമായിരുന്നു കാർഷികേതര തൊഴിലുകൾ.. ആവാസവ്യവസ്ഥയിൽ വന്ന മാറ്റങ്ങൾ

   കുടുംബങ്ങൾ മാറി താമസം തുടങ്ങുകയും അതിനായി സ്ഥലം അളന്ന് തിരിക്കുകയും ചെയ്തു വീടുകൾ ചുടുകട്ടകൾ ഉപയോഗിച്ച് നിർമ്മിക്കാൻ തുടങ്ങി ഭക്ഷണസാധനങ്ങൾ ഉൽപാദിപ്പിക്കുന്ന രീതിയിൽ മാറ്റങ്ങൾ വരുത്തി രാസകീടനാശിനികളുടെ ഉപയോഗം മത്സ്യസമ്പത്ത് പലതരം ജീവജാലങ്ങൾ എന്നിവയുടെ നാശത്തിനു കാരണമായി കൃഷിക്കായി പലതരം ഉപകരണങ്ങൾ കടന്നുവന്നു വയനാട് പ്രത്യേകതയായ കാലത്ത് കുറഞ്ഞുവന്നു കൃഷിരീതിയും മാറ്റിമറിച്ചു വാഹനങ്ങളുടെ കടന്നുവരവ് യാത്ര എളുപ്പമാക്കി പ്രദേശങ്ങളിൽ വയൽ കൃഷിയും വിരളമായി തുടങ്ങി.

മാലിന്യ സംസ്കരണം

സാധനങ്ങൾ വാങ്ങുമ്പോൾ കടലാസിലും ഇലകളിലും ആണ് കെട്ടി കൊടുത്തിരുന്നത് വട്ടയില തേക്കില  മുതലായവ ഇതിനായി ഉപയോഗിച്ചു ഉപഭോഗ സംസ്കാരം ഇല്ലായിരുന്നതിനാൽ തന്നെ മാലിന്യങ്ങളും കുറവായിരുന്നു

6.ആചാരാനുഷ്ഠാനങ്ങൾ

           കാർഷിക ഗ്രാമങ്ങൾ ആയതിനാൽ തന്നെ കൃഷിയുമായി ബന്ധപ്പെട്ട ആചാര അനുഷ്ഠാനങ്ങൾ എല്ലാ കാർഷിക കുടുംബങ്ങളിലും കാണാമായിരുന്നു. നെല്കൃഷിയുമായി ബന്ധപ്പെട്ട കമ്പളനാട്ടി, നെൽക്കതിർ  പൂവിടുന്ന സമയത്തെ തുലാപത്തു , പണിയ വിഭാഗക്കാരുടെ കൂളി കാണൽ ഉത്സവം കൂടാതെ പ്രാദേശിക ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾ, ക്രിസ്ത്യൻ പള്ളികളിലെ പെരുന്നാളുകൾ, വാരാമ്പറ്റ നേർച്ച എന്നിവ കൂടാതെ മന്ത്രവാദികളും നാട്ടുചികിത്സകാരും ഗ്രാമീണ ജനജീവിതത്തിന് ഭാഗമായി ഉണ്ടായിരുന്നു. പെൺകുട്ടികൾ ഋതുമതിയാകുന്ന അതും ആദിവാസി വിഭാഗങ്ങളിൽ ആചാരാനുഷ്ഠാനങ്ങൾക്ക് വിധേയമായ ചടങ്ങുകളോടെ ആഘോഷിച്ചിരുന്നു.

ഓണം വിഷു ക്രിസ്തുമസ് പെരുന്നാൾ കല്യാണം തുടങ്ങിയ ആഘോഷവേളകളിൽ വീടുകളിൽ തന്നെ ഭക്ഷണം ഉണ്ടാക്കി. ഹിന്ദു വിഭാഗത്തിൽ പച്ചക്കറിയുടെ ഉപയോഗം തന്നെയായിരുന്നു കൂടുതലും. മറ്റു മതവിഭാഗക്കാർ ആഘോഷവേളകളിൽ മാംസം ഉപയോഗിച്ചിരുന്നു. പോത്തിനെ അറുത്ത് വീതം വയ്ക്കുന്ന രീതി ആയിരുന്നു ഉണ്ടായിരുന്നത്. മാംസം വാങ്ങി ഉപയോഗിച്ചിരുന്നില്ല. മുത്താറി ചാമ എന്നിവയുടെ ഉത്പാദനവും ഉപയോഗവും ഉണ്ടായിരുന്നു . കല്ലു വെട്ടും താഴെ നടന്നിരുന്ന തിറ ഉത്സവത്തിന് രാത്രികാലങ്ങളിൽ ഭക്ഷണം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ആദിവാസി വിഭാഗത്തിൽപ്പെട്ട ആളുകൾ മുളയരി വിവിധ ഇനം കാട്ടിലകൾ മുളങ്കൂമ്പ് കാട്ടു കിഴങ്ങുകൾ എന്നിവ ഉപയോഗിച്ചിരുന്നു.

7.കുടിയേറ്റവും വികസനവും. 1940കളിൽ ആണ് ഈ പ്രദേശത്തേക്ക് കുടിയേറ്റം ആരംഭിക്കുന്നത് മദ്ധ്യതിരുവതാംകൂറിൽ നിന്നും ഇവിടെ എത്തിച്ചേർന്ന ക്രൈസ്തവ കുടുംബങ്ങളാണ് കുറു മണിയെ ആദ്യകാല കുടിയേറ്റക്കാർ ഇല കൊടിക്കൽ തൊമ്മൻ കുന്നത്ത് ഔസേപ്പ് ആറ്റുമാലിൽ ആന്റണികാനാറി കാവുങ്കൽ ആന്റണി നെടുമല ലൂക്ക് എന്നിവരായിരുന്നു ആദ്യകാല കുടിയേറ്റക്കാർ

ചക്കര ഷേഖ്  ചോമ്പാലൻ മുതുവോടൻ എന്നീ മുസ്ലിം തറവാട്ടുകാരും ഇവിടത്തെ ആദ്യകാല താമസക്കാർ ആയിരുന്നു.

മണിയങ്കോട് ഗൗഡന്റെ കീഴിൽ ആയിരുന്ന കുറുമണി പ്രദേശങ്ങളിൽ നായർ വിഭാഗക്കാരായിരുന്നു താമസിച്ചിരുന്നത് നെല്ലിക്കൽ വരട്ട്യാലുമൽ, കൊറ്റുകുളം, മാങ്ങോട്ടുമൽ എന്നീ നായർ തറവാട്ടുകാർ ആയിരുന്നു .

  പ്രദേശത്തെ സ്കൂൾ ആരംഭത്തോടെ വിജയദശമി മഹാനവമി ആഘോഷങ്ങൾക്ക് സ്കൂൾ വേദിയായി. പുസ്തകങ്ങൾ പ്രദേശവാസികളുടെ ആയുധങ്ങൾ മുതലായവ സ്കൂളിലെ പത്തായത്തിൽ സൂക്ഷിച്ചിരുന്നത് ആയും ആഘോഷത്തിന് അവസാനദിവസം കുട്ടികളും നാട്ടുകാരും ചേർന്ന് അവലും പഴവും കഴിക്കുകയും ചെയ്തിരുന്നു.  
8.ഗതാഗത വികസനം

വയൽ പ്രദേശം കൂടുതൽ ആയതിനാൽ തന്നെ വയൽ വരമ്പുകളിലൂടെയും ഊടുവഴികളിലൂടെയും ആയിരുന്നു ഈ പ്രദേശങ്ങളിലെ ആദ്യകാല യാത്ര. റോഡുകളോ വാഹനങ്ങളോ ഇല്ലാത്ത കാലമായിരുന്നു അതിനാൽ തന്നെ കാൽനടയായും കാളവണ്ടിയും മാത്രമായിരുന്നു ആശ്രയം. എത്തിക്കുന്നതിനായി പുതുശ്ശേരി കടവി ലേക്കും വെണ്ണിയോടേക്കുംആയിരുന്നു പോയിരുന്നത്. കാൽനടയാത്ര കൽപ്പറ്റയിലേക്ക് മാനന്തവാടിയിലേക്കും തുടർന്നു. കന്നിമാസത്തിൽ വിളവെടുപ്പ് നടത്തി കമ്പളക്കാട് വരെ തലച്ചുമടായി ഇഞ്ചിയും മറ്റ് സാധനങ്ങളും കൊണ്ട് കൊടുത്തു. വീട്ടാവശ്യത്തിനുള്ള മറ്റു സാധനങ്ങളുമായി വീണ്ടും തലച്ചുമടായി തിരികെ വന്നിരുന്നു.

കുറുമണി കുന്നിലേക്ക് ആദ്യമായി ഒരു വഴി വെട്ടിത്തുറന്നത് പനച്ചിപ്പുറം അച്ഛന്റെ കാലത്താണ് കുറുമ്പാല ഗവൺമെന്റ് സ്കൂളിന്റെ അടുത്തുകൂടി മാധവത്തുകൊല്ലിയിലേക്ക് കര വഴി എത്താൻ ഉള്ള എളുപ്പ മാർഗം ആയിരുന്നു പുതിയ വഴി എന്നാൽ ഇത് പൂർത്തിയാക്കാൻ പറ്റിയില്ല.

കുറുമണി പ്രദേശത്ത് റോഡുകൾ വെട്ടാൻ ആരംഭിക്കുന്നതും ഒരു വള്ളം പണി കഴിക്കുന്നതും എല്ലാം ശ്രീ മാമ്പള്ളി അച്ഛന്റെ കാലഘട്ടത്തിൽ ആണെന്ന് പ്രദേശത്തുകാർ ഓർമ്മിക്കുന്നു. ശ്രീ ജോർജ്ജ് മാമ്പിള്ളി അച്ഛന്റെ നേതൃത്വത്തിൽ വെണ്ണിയോടുമായി ബന്ധിപ്പിച്ച് റോഡ് നിർമ്മാണം പൂർത്തിയാക്കി. അടുത്ത റോഡ് കുറുമണിയിൽ നിന്നും പടിഞ്ഞാറത്തറ യിലേക്ക് നിർമ്മിക്കാൻ ശ്രമിച്ചെങ്കിലും റോഡ് പണി നടന്നില്ല. തുടർന്ന് 1974 കാലഘട്ടത്തിൽ മാനിയിൽ കുപ്പാടിത്തറ കുറുമണി റോഡ് നിർമ്മിച്ചു. ശ്രീ ജോസ് പുളിന്താനം അച്ഛന്റെ വരവോടുകൂടി ഈ പ്രദേശത്തേക്ക് വൈദ്യുതി എത്തിക്കുവാൻ സാധിച്ചു. ആദ്യകാലങ്ങളിൽ രോഗിയെ വള്ളത്തിൽ ഇരുത്തിയാണ് പനമരത്ത് ഉള്ള ആശുപത്രിയിൽ എത്തിച്ചിരുന്നത്. 1970തിൽ പുതുശ്ശേരി കടവിൽ പാലം നിർമ്മിക്കുകയും തരുവണയിൽ നിന്നും പടിഞ്ഞാറതറ വരെ റോഡ് ടാർ ചെയ്യുകയുമുണ്ടായി. 1985ൽ എടത്തറ കടവിൽ പാലം വന്നതോടെ കൽപ്പറ്റ യിലേക്കും യാത്രാസൗകര്യം ആയി. 1976ലാണ് മാനന്തവാടിയിലേക്കും തരിയോട് വഴി കോഴിക്കോട്ടേക്ക് സ്വകാര്യ ബസ് സർവീസ് ആരംഭിച്ചത്.

9.പൊതു സ്ഥാപനങ്ങൾ, ആരാധനാ കേന്ദ്രങ്ങൾ

 (i)അംഗൻവാടി :  1982 ഇന്ത്യയിലുടനീളം അംഗനവാടികൾ സ്ഥാപിതമായ അതിന്റെ ഭാഗമായാണ് കുറുമണിയിലും അംഗൻവാടി ആരംഭിക്കുന്നത്. പല താൽക്കാലിക കെട്ടിടങ്ങളിൽ ആയി പ്രവർത്തിച്ച കൊണ്ടിരുന്ന അംഗനവാടിക്ക് സ്വന്തമായി കെട്ടിടം ലഭിക്കുന്നത് 1984ലാണ്. പൂളകണ്ടി തറവാട്ടുകാരാണ് സംഭാവനയായി അംഗൻവാടിക്ക് സ്ഥലം നൽകിയത് .ഇതിനുശേഷമാണ് കൊറ്റംകുളം ചെമ്പകചാലും അംഗനവാടികൾ പ്രവർത്തനം ആരംഭിച്ചത്. കൊറ്റുകുളം പ്രദേശത്ത് കമ്മ്യൂണിറ്റി ഹാളും പ്രവർത്തിക്കുന്നുണ്ട്.
(ii)അമ്പലം: കുറുമണിയിൽ നിന്ന് പടിഞ്ഞാറത്തറയിലേക്ക് റോഡ്നിർമ്മിക്കാൻ ആരംഭിച്ച സമയത്ത് പലതരം വിഗ്രഹങ്ങൾ കണ്ടെടുക്കുകയുണ്ടായി. ഇതിനെ തുടർന്ന് ഇപ്പോഴുള്ള അമ്പലതോട്  ചേർന്നു പോകേണ്ടിയിരുന്ന പാത ദിശമാറ്റി ഇപ്പോഴുള്ള പാതയായി രൂപപ്പെടുകയാണ് ഉണ്ടായത്.  പിന്നീട് ഈ വിഗ്രഹങ്ങൾ എല്ലാം ചേർത്ത് 1950കളിൽ  അമ്പലം പുനർനിർമ്മിക്കുകയും  ചെയ്തു. വരട്ടിയാലുമേൽ കണാരൻ നായരുടെ നേതൃത്വത്തിലാണ് ആദ്യകാല പുല്ലുമേഞ്ഞ അമ്പലം സ്ഥാപിതമായത്. പിന്നീടുള്ള വർഷങ്ങളിൽ പല വ്യക്തികളുടെയും നാട്ടുകാരുടെയും സഹായ സഹകരണത്തോടുകൂടി പുനർനിർമാണം നടത്തി. ഇന്നത്തെ രീതിയിൽ മാറ്റി തീർക്കുകയും ചെയ്തു
(iii)ക്രിസ്തീയ ദേവാലയം: 1940കളിൽ കുറു മണി  പ്രദേശത്തേക്ക് കുടിയേറ്റം ആരംഭിച്ചതായി പറയപ്പെടുന്നു. 1960-64 ആയപ്പോഴേക്കും കുറുമണി പ്രദേശത്ത് ഏതാണ്ട് 33 കുടുംബങ്ങൾ കൂടി കുടിയേറി. 1973 മെയ് ഒന്നിന് മാനന്തവാടി രൂപത നിലവിൽ വന്നു. അതോടൊപ്പം തന്നെ മെയ് മാസത്തിൽ കുറുമണിയിലും പുതിയ ക്രിസ്തീയ ദേവാലയം പണിയുകയുണ്ടായി 
.
(iv)മാലിയിൽ ജുമാമസ്ജിദ്:  വടക്കേ മലബാർ മേഖലയായ നാദാപുരം കല്ലാച്ചി പ്രദേശങ്ങളിൽ നിന്നും കുടിയേറിയ വരായിരുന്നു കുറുമണി പ്രദേശത്ത് താമസമാക്കിയ ആദ്യകാല മുസ്ലിം ജനവിഭാഗം.1396 ഹിജ്റ വർഷത്തിൽ ആണ് മാലിയിൽ ജുമാമസ്ജിദ് സ്ഥാപിതമായത്. ചോബാലൻ അമ്മദ് ഹാജി ശൈഖ് ഉമ്മർ ഹാജി എന്നിവരായിരുന്നു ആദ്യകാലങ്ങളിൽ നേതൃത്വം വഹിച്ചവർ. വളരെ പഴക്കമേറിയ ഈ പള്ളിയിൽ നിന്നും മറ്റ് പ്രദേശങ്ങളിലേക്ക് പുതിയ പള്ളികൾ സ്ഥാപിതമായി. മുണ്ടക്കുറ്റി, നടമ്മൽ, കുപ്പാടിത്തറ എന്നീ പള്ളികൾ മാനിൽ ജുമാമസ്ജിദിൽ നിന്നും  പുതിയതായി രൂപം കൊണ്ട പള്ളികളാണ്.

മദ്രസ പഠനവും ഇവിടെ നടന്നിരുന്നു. സ്ത്രീകളും മദ്രസ പഠനത്തിൽ ഏർപ്പെട്ടിരുന്നു ദർഫ് പഠനത്തിനായി പുറം പള്ളികളിൽ നിന്ന് കുട്ടികൾ ഇവിടെ വന്നു താമസിച്ചു പഠിച്ചിരുന്നു. ഇത്തരം കുട്ടികൾക്ക് ഓരോ വീടുകളിൽ നിന്നും ഭക്ഷണം നൽകി പോന്നിരുന്നു. വൈത്തിരിയിൽ നിന്ന് പോലും ഈ പള്ളിയിൽ മയ്യത്ത് കൊണ്ട് വന്നിരുന്നതായി പഴമക്കാർ ഓർക്കുന്നു. (v)കമ്മ്യൂണിറ്റിഹാൾ: കൊറ്റുകുളം പ്രദേശത്ത് കമ്മ്യൂണിറ്റി ഹാളും പ്രവർത്തിക്കുന്നുണ്ട്. (vi) വായനശാല: കുപ്പാടിത്തറ എസ്.എ എൽ പി സ്കൂളിന്റെ സമീപത്ത് ഇ.കെ നായനാർ സ്മാരക വായനശാലയും പ്രവർത്തിച്ച് വരുന്നു.