എസ് എം ടി ജി എച്ച് എസ് എസ് ചേലക്കര/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സ്കൂളിന്റെ ആരംഭം

സ്കൂൾ ആരംഭിച്ച ശക്തൻ തമ്പുരാന്റെ കൊട്ടാരം (അമ്മക്കോവിലകം)
ശക്തൻ തമ്പുരാൻ കൊട്ടാരത്തിന്റെ ആകാശ വീക്ഷണം

ചേലക്കര വില്ലേജാഫീസ് കെട്ടിടത്തിൽ 1891 ആരംഭിച്ച ലോവർ പ്രൈമറി സ്ക്കൂൾ അപ്ഗ്രേഡ് ചെയ്താണ് ഈ സ്ക്കൂൾ നിലവിൽ വന്നത്. ചേലക്കരയിലെ പൗര പ്രമുഖരുടെ അഭ്യർത്ഥന മാനിച്ച് രാമ വർമ്മ മഹാരാജാവാണ് (ശക്തൻ തമ്പുരാൻ) 1931 ൽ ഹൈസ്ക്കൂൾ അനുവദിച്ചത്. സ്ക്കൂളിനായി ചേലക്കരയിൽ ഉണ്ടായിരുന്ന കൊട്ടാരവും വിട്ടുകൊടുത്തു പ്രജാവത്സലനായ മഹാരാജാവ്. അങ്ങനെ, 1931 ൽ ആദ്യത്തെ ഹെഡ‍്മാസ്റ്ററായ ശ്രീ. ആർ. കല്യാണ കൃഷ്ണയ്യരുടെ കീഴിൽ എൽ.പി-ഹൈസ്ക്കൂൾ വിഭാഗങ്ങൾ ഒന്നു ചേർന്ന് പ്രവർത്തിച്ചു വന്നു. കൊച്ചിയിൽ തീപ്പെട്ട ശ്രീമൂലം തിരുന്നാൾ രാമവർമ്മ മഹാരാജാവിന്റെ സ്മരണ നിലനിർത്തുന്നതിനായിട്ടാണ് ശക്തൻ തമ്പുരാൻ സ്ക്കൂളിന് ശ്രീമൂലം തിരുന്നാൾ ഹൈസ്ക്കൂൾ എന്ന് നാമകരണം ചെയ്തത്.

1961 ൽ എൽ.പി-ഹൈസ്ക്കൂള് വിഭാഗങ്ങൾ വേർതിരിക്കപ്പെട്ടു. എൽ.പി വിഭാഗം നാലുകെട്ടിലും ഹൈസ്ക്കൂൾ വിഭാഗം മറ്റു കെട്ടിടങ്ങളിലുമായി പ്രവർത്തിച്ചു വന്നു. 1988 ൽ എൽ.പി വിഭാഗം നാലുകെട്ടിൽ നിന്നും പുതിയതായി പണികഴിപ്പിച്ച സ്വന്തം കെട്ടിടത്തിലേക്കു മാറി പ്രവർത്തിച്ചു തുടങ്ങി. ചരിത്ര പ്രാധാന്യമുള്ള കെട്ടിട നിർമ്മിതിയാണ് നാലുകെട്ടിന്റെ സവിശേഷത. രാജകീയപ്രൗഢിയുള്ള ധാരാളം മരപ്പണികൾ ഇവിടെ കാണാം. പ്രത്യേക ആവശ്യങ്ങൾക്കായുള്ള നിലവറ (രക്ഷപ്പെടാനുള്ള രഹസ്യമാര്ഗ്ഗവും ഉള്ളതായി പറയപ്പെടുന്നു) എടുത്തു പറയത്തക്ക സവിശേഷതകള്ളതാണ്.

ഒരു ദാരുണസംഭവം

നിർഭാഗ്യകരമെന്നു പറയട്ടെ, 1978 ൽ രാമദേവൻ എന്ന വിദ്യാർത്ഥിയുടെ ദാരുണമായ കൊലപാതകം ഈ നിലവറയ്ക്കുള്ളിലാണത്രെ നടന്നത്. അതിനുശേഷം നിലവറയും അതിലേക്കുള്ള പ്രവേശന മാർഗങ്ങളും സ്ഥിരമായി അടച്ചിടേണ്ടി വന്നു. ഇപ്പോഴും ആ നില തുടരുന്നു.

പുതിയ കെട്ടിടം

ഹയർസെക്കൻഡറിയുടെ ആരംഭം

സ്ക്കൂളിന് പേരും പെരുമയും ഉണ്ടെങ്കിലും സ്ഥല സൗകര്യം പരിമിതമാണ്. കെട്ടിടങ്ങളുടെ ബാഹുല്യം കുട്ടികൾക്ക് കളിസ്ഥലം പോലും ഇല്ലാതെയാക്കുന്നു. ഒന്നര ഏക്കറോളം വരുന്ന മൈതാനമാകട്ടെ ഒരു കിലോമീറ്റർ അകലെ മുഖാരിക്കുന്നിലുമാണ‍്. ഈ മൈതാനത്ത് മിനി സ്റ്റേഡിയം പണിയാനുള്ള തയ്യാറെടുപ്പുകൾ പഞ്ചായത്തും സ്പോർട്സ് മന്ത്രാലയവും ചേർന്ന് തുടങ്ങിക്കഴിഞ്ഞു. ചരിത്ര സ്മാരകമായ നാലുകെട്ടിനെ അതേപടി നിലനിർത്തുകയും മറ്റു പഴയ കെട്ടിടങ്ങൾ പൊളിച്ച് ബഹുനിലക്കെട്ടിടങ്ങൾ നിർമ്മിക്കുകയുമാണ് സ്ഥലസൗകര്യം വർദ്ധിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം. ചേലക്കര പഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്ക്കൂൾ ആയതുകൊണ്ടുതന്നെ 1997 ൽ ഇവിടെ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു. ആരംഭ കാലത്ത് ഹൈസ്ക്കൂൾ-ഹയർ സെക്കന്ററി വിഭാഗങ്ങളുടെ തലവൻ ഹെഡ‍്മാസ്റ്റർ തന്നെ ആയിരുന്നു. പിന്നീട് അതിനു മാറ്റം വന്നു. ഹൈസ്ക്കൂൾ വിഭാഗം പ്രവർത്തിച്ചിരുന്ന രണ്ടുനിലക്കെട്ടിടവും മറ്റു ചില ക്ലാസ്സ് മുറികളും ഹയർ സെക്കന്ററി വിഭാഗത്തിനു നല്കി.