എസ്. സി. എസ്. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/അക്ഷരവൃക്ഷം/ പരിസ്ഥിതി, ശുചിത്വം, പ്രതിരോധം

പരിസ്ഥിതി, ശുചിത്വം, പ്രതിരോധം

ലോകത്തിലെ ഏതൊരു അത്ഭുതത്തേക്കാളും മഹത്തായ അത്ഭുതമാണ് പ്രകൃതി അഥവാ പരിസ്ഥിതി. നഷ്ടപ്പെടുത്തിയാൽ പിന്നീടൊരിക്കലും തിരിച്ചു കിട്ടാത്ത അപൂർവ്വ സമ്പത്തിൻെറ കലവറയാണ് നമ്മുടെ പരിസ്ഥിതി. എന്നാൽ ഏറ്റവും പരിഷ്കൃതർ എന്നവകാശപ്പെടുന്നവരാണ് ഏറ്റവും അധികം പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. പ്രകൃതിയുടെ സന്തുലിതാവസ്ഥ തകർന്നാൽ ഒരു ജീവിക്കും ഭൂമിയിൽ ജീവിക്കാൻ ആവില്ല.വനനശീകരണം, ജലമലിനീകരണം, കൃത്രിമ വളങ്ങൾ, കീടനാശിനികൾ, വ്യവസാശാലകളിൽ നിന്നു പുറത്തു വിടുന്ന മാലിന്യങ്ങൾ, പ്ലാസ്റ്റിക്ക് , അമിത ശബ്ദം, അന്തരീക്ഷത്തിൽ പുക സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ഇവയെല്ലാം പരിസ്ഥിതിക്ക് ഹാനി വരുത്തുന്നു.

ഇന്ന് ആരും പ്രകൃതിയെ സ്നേഹിക്കുന്നില്ല. വികസനത്തി ൻെറ പേരിൽ പ്രപഞ്ചത്തിൻെറ സുസ്ഥിതി തന്നെ തകർക്കുന്ന ആധുനിക മനുഷ്യൻ പല മാരക രോഗങ്ങളും വിളിച്ചു വരുത്തുന്നു. കാലം തെറ്റിയ മഴയും കടുത്ത വരൾച്ചയുമെല്ലാം അതി ൻെറ ഭാഗമാണ്. പരിസ്ഥിതിയുടെ താളം മനുഷ്യൻ ചിന്താരഹിതമായി പ്രവർത്തിക്കുന്ന കാര്യങ്ങൾ പ്രകൃതിക്ക് വിപത്തായി മാറുന്നു. കീടനാശിനി പ്രയോഗം മൂലം സസ്യങ്ങളും ഫലങ്ങളും വിഷമയമായിത്തീരുന്നു. കാസർഗോട്ടെ എൻഡോസൾഫാൻ ദുരന്തം നാം നേരിട്ടനുഭവിച്ചറിഞ്ഞതാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് മൂന്നാം ലോക രാജ്യങ്ങളിൽ പ്രതിവർഷം അഞ്ചു ലക്ഷത്തോളം പേരാണ് കീടനാശിനി വിഷബാധയ്ക്ക് വിധേയരാകുന്നത്.

അതുപോലെ തന്നെ പ്രകൃതിയുടെ താളം തെറ്റിക്കുന്ന ഒരു വസ്തുവാണ് പ്ലാസ്റ്റിക്ക്. പ്ലാസ്റ്റിക്കില്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാൻ പോലും ആവില്ല. നൂറ്റാണ്ടുകളോളം നശിക്കാതിരിക്കുന്ന പ്ലാസ്റ്റിക്ക് പരിസ്ഥിതി മലിനീകരണത്തിന് കാരണമാകും. 1986-ൽ അമേരിക്കയിലെ പരിസ്ഥിതി സംരക്ഷണ ഏജൻസി അപകടകരങ്ങളായ 20 രാസവസ്തുക്കളുടെ പട്ടിക പുറത്തു വിട്ടു. അതിൽ ആദ്യത്തെ അഞ്ചെണ്ണവും പ്ലാസ്റ്റിക്ക് വ്യവസായത്തിന് ഉപയോഗിക്കുന്നവ ആയിരുന്നു.

പരിസ്ഥിതിയുടെ തകർച്ച പ്രാപഞ്ചിക ജീവിതത്തി ൻെറ തകർച്ചയാണെന്ന് മനസ്സിലാക്കി നാം പ്രവർത്തിക്കേണ്ടിയിരിക്കുന്നു. വിദ്യാലയങ്ങളിലും കലാലയങ്ങളിലും പരിസ്ഥിതി സംരക്ഷണത്തേക്കുറിച്ച് ബോധവത്കരണം നടത്തണം. ധനമോഹത്താൽ പ്രകൃതിനാശം വരുത്തുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. അന്തരീക്ഷം വിഷമയമാക്കി നമുക്കൊരു നേട്ടവും വേണ്ടെന്ന് ഓരോ പൌരനും പ്രതിജ്ഞയെടുക്കണം.പരിസ്ഥിതി സംരക്ഷണത്തിനു മാത്രം നാം മുൻതൂക്കം നൽകിയാൽ പോര. ശുചിത്വം ഇന്ന് പ്രധാന ഘടകമായി മാറുന്നു. ലോക രാജ്യങ്ങൾ മുഴുവൻ കോവിഡ്-19 എന്ന മഹാമാരിക്ക് മുന്നിൽ പകച്ചു നിൽക്കുകയാണ്. ഈ രോഗത്തെ പ്രതിരോധിക്കാൻ നാം ആദ്യം എടുക്കേണ്ട മുൻകരുതലും ശുചിത്വമാണ്. ഇടവിട്ട് ഇടവിട്ട സമയങ്ങളിൽ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം. ശുചിത്വകേരളം എന്ന ലക്ഷ്യം പൂർത്തിയാക്കാൻ ഓരോ വ്യക്തിയും മുൻകൈയെടുത്ത് ശുചിത്വം പാലിക്കണം. വ്യക്തി ശുചിത്വം മാത്രം പോരാ, പരിസര ശുചിത്വവും , പൊതുസ്ഥല ശുചീകരണവും കൂടി ലക്ഷ്യമാക്കണം.

കൊറോണ വൈറസ് ലോകം മുഴുവൻ കത്തിപടരുമ്പോൾ നമുക്ക് അതിനെ പ്രതിരോധിച്ചേ മതിയാവൂ. അതിന് നമ്മൾ ആദ്യം ചെയ്യേണ്ടത് സർക്കാരിൻെറയും ആരോഗ്യവകുപ്പിൻെറയും നിർദേശങ്ങൾ പാലിക്കുക എന്നതാണ്. പുറത്തിറങ്ങുമ്പോൾ മുഖാവരണം ഉപയോഗിക്കുക. കൈകൾ ഹാൻഡ് വാഷും, സോപ്പും ഉപയോഗിച്ച് കഴുകുക. കൈകൾകൊണ്ട് മൂക്കിലും വായിലും കണ്ണിലും സ്‍പർശിക്കാതെ ഇരിക്കുക കൃത്യമായ സാമൂഹിക അകലം പാലിക്കുക ജലദോഷം, ചുമ, പനി എന്നിവ ഉള്ളവരുമായി സമ്പർക്കം പുലർത്താതിരിക്കുക. ലോകം മുയുവൻ നിശ്ചലമാക്കാൻ കഴിഞ്ഞ കോവിഡ്-19 നെ പ്രതിരോധത്തിലൂടെ നമുക്ക് തടയിടാം. ഈ മഹാമാരിക്ക് മുന്നിൽ പകച്ചുനിൽക്കാതെ അതിനെ പിടിച്ചു കെട്ടാൻ നമുക്ക് ഒത്തൊരുമയോടെ ശ്രമിക്കാം. മഹാപ്രളയത്തെ അതിജീവിച്ച കേരള ജനതക്ക് ഈ മഹാവ്യാധിയേയും അതിജീവിക്കാൻ കഴിയും. പ്രാർത്ഥനയോടെ നല്ലൊരു നാളേക്കായി നമുക്ക് കാത്തിരിക്കാം….

ആദിത്യൻ എം
9 D എസ്. സി. എസ്. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം