എസ്. വി. ജി. വി. ഹയർസെക്കണ്ടറി സ്കൂൾ കിടങ്ങന്നൂർ/എൻറെ പുഴ

Schoolwiki സംരംഭത്തിൽ നിന്ന്

ഏഷ്യാനെറ്റ് ന്യൂസിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ 14 ജില്ലകളിലെയും സ്കൂൾ കുട്ടികൾക്ക് നദീ സംരക്ഷണ പരിപാടിയുടെ ഭാഗമായി വിവിധ പുഴകളെപ്പറ്റി അറിയാൻ 'എന്റെ പുഴ' എന്ന പേരിൽ ഒരു പരിപാടി നടത്തി. നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾക്കായി തിരഞ്ഞെടുത്തത് പുണ്യനദിയായ പമ്പ ആയിരുന്നു. നാലു ദിവസം ദൈർഘ്യമുള്ള ഒരു പരിപാടിയായിരുന്നു ഇത്. പരിപാവനമായ, പുണ്യസങ്കേതമായ ശബരിമലയിലെ പമ്പയുടെ ഭാഗത്തുനിന്നും ആണ് നമ്മുടെ യാത്ര ആരംഭിച്ചത്. മരതക മലനിര പെയ്തു ഒഴുകുന്ന ഒരു പുണ്യ ത്തിന്റെ ലാവണ്യങ്ങളും അശാന്തികളും തൊട്ടറിഞ്ഞു വിളംബരംചെയ്ത ആ യാത്ര വളരെ വിജ്ഞാനപ്രദം ആയിരുന്നു. തീർത്ഥാടനം എന്ന ഒരൊറ്റ ഒഴികെടുവിൽ ചെയ്ത പാപങ്ങളും തിന്ന കറുപ്പും വിസർജ്ജിച്ച് ഇടാനുള്ള ഒരു കുപ്പത്തൊട്ടി ആക്കി മാറ്റിയ പാവം പമ്പയുടെ അവശേഷിക്കുന്ന തെളിമയുടെ തീരങ്ങളിലൂടെ പുതിയ തലമുറയുടെ കൈ പിടിച്ചു നടന്ന ഏഷ്യാനെറ്റിന്റെ ഉദ്യമം എന്തുകൊണ്ടും പ്രശംസനീയമാണ്. കുട്ടികൾക്ക് അറിവിന്റെ നേർക്കാഴ്ചകൾ അനുഭവവേദ്യമാക്കാൻ അക്ഷീണം പരിശ്രമിക്കുന്ന ജ്യോതിഷ് ബാബു സാറിന്റെ മേൽനോട്ടത്തിലായിരുന്നു ഈ യാത്ര. ഡോക്ടർ വി. രവികുമാർ സാർ രചിച്ച് ഈ സ്കൂളിലെ സംഗീത അധ്യാപികയായ സുശീല ടീച്ചർ സംഗീത സംവിധാനം നിർവഹിച്ച നാടൻ പാട്ട് കുട്ടികൾ ഏറ്റുപാടി. പ്രശസ്ത കവയിത്രി ആറന്മുള ക്കാരുടെ സ്വന്തം സുഗതകുമാരി ടീച്ചർ, വിവിധ പരിസ്ഥിതി പ്രവർത്തകർ എന്നിവർ കുട്ടികൾക്ക് എങ്ങിനെയാണ് പുഴകൾ വറ്റി വരളാൻ ഉള്ള സാഹചര്യങ്ങൾ ഉണ്ടാകുന്നതെന്ന് വിശദീകരിച്ചു. പുഴയുടെ ദുരിതങ്ങളിൽ നിന്നും അവർ യാത്ര ആരംഭിച്ചു. കാണാതായ പുഴകളെ തേടുകയാണ് 20 കുട്ടികളും അധ്യാപകരും അടങ്ങിയ നമ്മുടെ സംഘം ചെയ്തത്. പമ്പാ സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ എൻ.കെ.സുകുമാരൻ നായർ സാർ ചർച്ച ചെയ്തു. രണ്ടാം ദിവസം പെരുന്തേനരുവിയിലെ കാഴ്ചകൾ കണ്ടിറങ്ങിയപ്പോൾ മുൻ കളക്ടർ ഹരികിഷോർ സാറുമായി സംവദിക്കാൻ കുട്ടികൾക്ക് അവസരം ലഭിച്ചു. അത്തിക്കയ ത്തുവെച്ച് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ലളിതൻ സാറിനെ പരിചയപ്പെടാൻ സാധിച്ചു. ചെറുകോൽപ്പുഴ പമ്പാ മണപ്പുറത്ത് വച്ച് പടയണിയുടെ അവതരണം കടമ്മനിട്ട ഗോത്രകലയുടെ നേതൃത്വത്തിൽ നടത്തി. മൂന്നാം ദിവസം വരട്ടാ റിന്റെ പുനർജനി തേടി കുട്ടികൾ യാത്രയായി. അവർ വരട്ടാറിന്റെ മധ്യത്തിൽ നിന്നു. അപ്പോൾ അവിടെ ഒരു തുള്ളി വെള്ളം പോലും ഇല്ലായിരുന്നു. അവിടെ മുഴുവൻ പച്ച പുല്ലുകളും കുറ്റിക്കാടുകളും നിറഞ്ഞിരിക്കുന്നു. വരട്ടാർ മരിച്ചിരിക്കുന്നു എന്ന അറിവാണ് അവർക്ക് കിട്ടിയത്. ഭൂഗർഭത്തിലേക്ക് ആണ്ട് പോകുന്ന പുഴകൾ ഭയാനകമായ ഒരു സങ്കല്പമാണ് എന്ന തിരിച്ചറിവ് കുട്ടികൾക്ക് ഉണ്ടായി.കേരള ഫോക്‌ലോർ അക്കാദമി ചെയർമാൻ ആയിരുന്ന സി ജെ കുട്ടപ്പൻ സാറും സംഘവും നയിച്ച നാടൻപാട്ടോടുകൂടി എന്റെ പുഴയ്ക്ക് ഒപ്പം ഉള്ള യാത്ര പര്യവസാനിച്ചു.