എസ്. ഡി. പി. വൈ. കെ. പി. എം. എച്ച്. എസ്. എടവനക്കാട്/അക്ഷരവൃക്ഷം/കൃഷിക്കാരനും മൂന്നു മക്കളും

Schoolwiki സംരംഭത്തിൽ നിന്ന്
കൃഷിക്കാരനും മൂന്നു മക്കളും

ഒരിക്കൽ ഒരിടത്ത് ഒരു ധനികനായ കൃഷിക്കാരൻ ജീവിച്ചിരുന്നു. അയാൾക്ക് മൂന്നു മക്കൾ ഉണ്ടായിരുന്നു. മടിയന്മാരായിരുന്നു അവർ മൂന്നു പേരും. ഒരുദിവസം പോലും അച്ഛനെ ജോലിയിൽ സഹായിക്കാൻ മക്കൾ തയ്യാറായില്ല. അച്ഛൻ കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പത്തിന്റെ സുഖലോലുപതയിൽ മുഴുകി അവരങ്ങനെ ജീവിച്ചു.

തനിക്ക് ഇനി അധികകാലം ഇല്ലെന്നു മനസിലാക്കിയ കൃഷിക്കാരൻ തന്റെ മക്കളെ അടുത്തേക്ക് വിളിപ്പിച്ചു. അയാൾ മക്കളോട് പറഞ്ഞു. എനിക്ക് നിങ്ങളോടൊരു കാര്യം പറയാനുണ്ട്. നമ്മുടെ പൂർവികർ മുതൽ കൈമാറിവരുന്ന ഭൂമിയാണ് ഇതെല്ലാം അതൊന്നും നിങ്ങൾ വിൽക്കരുത്. അതിലേതോ ഒരു സ്ഥലത്ത് നിധി ഉണ്ട്. പക്ഷെ ശെരിക്കുമുള്ള സ്ഥലം ഏതാണ് എന്ന് എനിക്കറിയില്ല. തീർച്ചയായും എവിടെയോ അത് ഉണ്ട്. നിങ്ങൾ നിധി അന്വേഷിക്കുമ്പോൾ ഒരു കാര്യം ശ്രദ്ധിക്കണം. ഒരു സ്ഥലവും നശിപ്പിക്കരുത്.

അധികദിവസങ്ങൾ കഴിയുന്നതിന് മുമ്പായി കർഷകൻ മരിച്ചു. അധികം താമസിയാതെ മക്കൾ മൂന്നുപേരും നിധിക്കായി പുറപ്പെട്ടു. ആർക്ക് നിധി കിട്ടിയാലും അത് മൂന്നായി ഭാഗിക്കണം എന്നതായിരുന്നു നിബന്ധന. മൂവരും കൂടി വയലെല്ലാം കിളച്ചു നോക്കാൻ തീരുമാനിച്ചു. മറ്റാരെയും സഹായത്തിന് കൂട്ടിയതുമില്ല.

ഒരു സ്ഥലം പോലും വിടാതെ അവർ എല്ലായിടത്തും കിളച്ചു മറിച്ചു. അങ്ങനെ രണ്ട് മൂന്ന് തവണ വയലെല്ലാം കിളച്ചു മറിച്ചു. ഇത്രയേറെ അധ്വാനിച്ചിട്ടും അവർക്കൊരു നിധി പോലും കണ്ടെടുക്കാനായില്ല. പിന്നീടവർ തങ്ങൾ കഠിനാധ്വാനം ചെയ്ത കൃഷിസ്ഥലത്ത് ധാന്യങ്ങൾ വിതച്ചു. വിളവെടുപ്പ് കഴിഞ്ഞപ്പോൾ അവർക്ക് എല്ലാ കണക്കുകളും തീർത്തു കഴിഞ്ഞിട്ടും ലാഭമായി ധാരാളം പണം ലഭിച്ചു.

ആ നാട്ടിൽ ആർക്കും ലഭിക്കാത്തത്ര പണമാണ് അവർക്ക് ലഭിച്ചത്. അവർക്കപ്പോഴാണ് മനസിലായത് തങ്ങളുടെ പിതാവ് പറഞ്ഞ നിധി എന്താണെന്ന്. അധ്വാനത്തിന്റെ ഫലമായി ലഭിച്ച അതിശക്തമായ വിളവ്. അങ്ങനെ അവരുടെ കൃഷിസ്ഥലത്തു നിന്നു തന്നെ അവർക്ക് നിധി കണ്ടെടുക്കാൻ കഴിഞ്ഞു.

നന്ദു രാജേഷ്
8 C എസ്.ഡി.പി.വൈ കെ.പി.എം.എച്ച്.എസ്
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കഥ