എസ്. എൻ. വി. യു. പി. എസ്. മരുതമൺപള്ളി/അക്ഷരവൃക്ഷം/രോഗ പ്രതിരോധം
രോഗ പ്രതിരോധം
മലയാളികൾക്ക് ഹർത്താൽ ഒരു പുതുമയല്ല, എന്നാൽ ലോകമൊന്നടക്കം ഒരേ സമയം ഒരു ഹർത്താൽ സംഭവിച്ചാലോ? എന്നു തീരുമെന്ന് തീർച്ചയില്ലാതെ അനിശ്ചിതമായി നീളുന്ന ഒരു ഹർത്താൽ. അങ്ങനെ ഒരു ദുരിതാവസ്ഥയിലാണ് ഇന്ന് ലോകം. കൊറോണ വൈറസ് പടർത്തുന്ന കോവിഡ്-19 എന്ന രോഗം ലോകത്തെ അക്ഷരാർത്ഥത്തിൽ ലോക്ഡൗൺ ആക്കിയിരിക്കുകയാണ്. ലോകം മുഴുവൻ പടർന്നു പിടിച്ച കോവിഡ് എന്ന രോഗത്തെ കുറിച്ചും അതിന്റെ പ്രതിരോധമാർഗങ്ങളെകുറിച്ചുമുള്ളതാണ് ഈ ലേഖനം.
ഈ നൂറ്റാണ്ടിലെ ആദ്യ മഹാമാരിയാണ് കോവി ഡ് - 19. 2019 ഡിസംബർ 31 ന് സ്ഥിതീകരിക്കപ്പെടുകയും ഈ വർഷം ലോകമെങ്ങും കാട്ടുതീ പോലെ പടരുകയും ചെയ്ത ഈ രോഗത്തെ 2020 മാർച്ച് 11 നാണ് WHO മഹാമാരിയായി പ്രഖ്യാപിച്ചത്. ചൈനയിൽ ഹ്യൂ ബെ പ്രവിശ്വയുടെ തലസ്ഥാനമായ വുഹാനിലാണ് ഇപ്പോഴത്തെ കൊറോണ വൈറസ് ബാധയുടെ ഉത്ഭവം. സാധാരണ പകർച്ചപ്പനി പോലെയുള്ള രോഗം തന്നെയാണ് കോവി ഡ് - 19. മനുഷ്യരിലും മൃഗങ്ങളിലും ഒരു പോലെ കഴിയാൻ ശേഷിയുള്ള കുടുംബമാണ് കൊറോണ വൈറസിന്റേത്. ഈ രോഗത്തിന് മരുന്നോ പ്രതിരോധ വാക്സിനോ കണ്ടെത്തിയിട്ടില്ല എന്നതാണ് ഈ ലോകത്തിന് മുന്നിലുള്ള ഏറ്റവും വലിയ ഭീഷണി.
ശ്വസന കണങ്ങളിലൂടെയാണ് കോവി ഡ് - 19 രോഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്. രോഗി ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ പുറന്തള്ളുന്ന കണങ്ങൾ മറ്റൊരാളിലേക്ക് പ്രവേശിച്ചാൽ രോഗം ബാധിക്കും. മരുന്നോ പ്രതിരോധമോ ഇല്ലാത്തതിനാൽ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ രോഗിയാവൂ എന്നതു മാത്രമേ വഴിയുള്ളു. രോഗ സാധ്യതയുള്ളവർ 14 ദിവസം വരെ ഒറ്റപ്പെട്ടു കഴിയുക എന്നതാണ് പ്രതിവിധി . കടുത്ത രോഗ സാധ്യതയുള്ളവരും രോഗികളും 28 ദിവസം വരെ ഒറ്റപ്പെട്ടു നിൽകണമെന്നതാണ് ഏറ്റവും സുരക്ഷിതമായ കരുതൽ നിർദേശം.
വൈറസിനെ നമ്മുടെ ശരീരത്തിൽ പ്രവേശിക്കാൻ അനുവദിക്കാതിരിക്കലാണ് ഏറ്റവും നല്ല മാർഗം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലയോ ടിഷ്യു പേപ്പറോ കൊണ്ട് മുഖം മറയ്ക്കണം. വ്യക്തികളുമായി സുരക്ഷിത അകലം പാലിക്കുക. രോഗം സംശയിച്ചാൽ സ്വയം ഒറ്റപ്പെട്ട് കഴിയുക എന്നിവയും ചെയ്യേണ്ടതാണ്. കൈ അനാവശ്യമായി മുഖത്തും കണ്ണിലും വായിലുമൊക്കെ സ്പർശിക്കുന്നത് ഒഴിവാക്കണം. കൂടെക്കൂടെ സോപ്പിട്ട് കൈ കഴുകുന്നത് വൈറസിനെ തുരത്താൻ സഹായിക്കും. ആൽക്കഹോൾ അടിസ്ഥാനമാക്കിയുള്ള സാനിറ്റൈസർ ഉപയോഗിച്ചും കൈ ശുദ്ധിയാക്കാം. മാസ്ക് ധരിക്കുന്നത് വൈറസ് ബാധയെ ചെറുക്കും എന്നതിനാൽ രോഗിയും അയാളെ പരിചരിക്കുന്നവരും മാസ്ക് ധരിക്കുന്നത് നല്ലതാണ്. 'എൻ 95' എന്ന മാസ്‌കാണ് ഏറ്റവും സുരക്ഷിതം.
അണകെട്ടിയും, അതിർത്തിതിരിച്ചും മനുഷ്യൻ സൃഷ്‌ടിച്ച പ്രതിബന്ധങ്ങളെയൊക്കെ തകർത്തെറിഞ്ഞുകൊണ്ടാണ് രണ്ട് വർഷം മുൻപ് കേരളത്തിൽ പ്രളയം എത്തിയത്. ഒന്നിരുട്ടി വെളുക്കുന്ന നേരം കൊണ്ട് നാം കെട്ടിപ്പൊക്കിയ പലതും അതിൽ കടപുഴകി. ഇപ്പോഴിതാ കണ്ണടച്ചു തുറക്കുന്ന നേരത്തിൽ നമ്മുടെ നാട്ടിലൊരു മഹാമാരി പടർന്നു പിടിക്കുന്നു. ഒന്ന് തുമ്മാനെടുക്കുന്ന സമയം അത്രയും മതിയാ വൈറസിന്. ലോകത്തിന്റെ അതിർത്തികളെ ഒന്നാകെ അവഗണിച്ചുകൊണ്ട് അതങ്ങനെ ആളിപടരുകയാണ്. പ്രളയകാലത്ത് ചിലർ വീടുവിട്ടിറങ്ങാതിരുന്നതാണ് സമൂഹത്തിനും സർക്കാരിനും തലവേദനയായതെങ്കിൽ വീട്ടിലിരിക്കാൻ കൂട്ടാക്കാത്തവരാണ് ഈ നാടിന് ബാധ്യത ആകുന്നത്. നിറവും മനവും സ്വത്തും പദവിയും ഭാഷയും രാജ്യവും നോക്കാതെ മനുഷ്യനെ കീഴടക്കുന്ന ആ മഹാമാരിയെ തടുക്കാൻ ഒരൊറ്റ വഴിയാണ് ഇപ്പോൾ നമുക്ക് മുന്നിലുള്ളത്. വീട്ടിലിരിക്കുക, സമൂഹവുമായി അകലം പാലിക്കുക അതിലൂടെ നാടിനൊപ്പം ചേരുക. മഹാപ്രളയത്തിൽ ഒന്നിച്ചു നിന്നവരാണ് നാം. ഈ മഹാമാരിയിലും നമുക്ക് അങ്ങനെ തന്നെ തുടരാം.
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വെളിയം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വെളിയം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 06/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം