എസ്. എൻ. വി.സംസ്കൃത ഹൈസ്കൂൾ തിരുവല്ല/അക്ഷരവൃക്ഷം/ മനസ്സിന്റെ വിതുമ്പൽ

Schoolwiki സംരംഭത്തിൽ നിന്ന്
മനസ്സിന്റെ വിതുമ്പൽ

ആശുപത്രിയിലെ രോഗികളുടെ ഇടയിൽ നിന്ന് കുറച്ചുനേരത്തേക്ക് ഒരു ഇടവേളയിൽ മഞ്ജു ജനലഴികളിലൂടെ നോക്കി. ചീറിപ്പായുന്ന ആംബുലൻസുകളും വിരലിൽ എണ്ണാവുന്ന ആളുകളുടെ വരവും പോക്കും. റോഡുകൾ പലതും വിജനം. അതിനിടയിൽ അങ്ങകലെ കൊച്ചു കേരളത്തിന്റെ മണ്ണിൽ ഒരു വാടക വീട്ടിൽ തന്റെ അച്ഛനും, അമ്മയും, മകളും ഏത് അവസ്ഥയിൽ ആയിരിക്കും എന്ന് അവൾ ചിന്തിച്ചു. മകളോടൊപ്പം ഉള്ള ഓരോനിമിഷങ്ങളും, അവളുടെ വികൃതികളും, കിലുകിലെയുള്ള ചിരിയും, അമ്മ സ്നേഹത്തിൽ ചാലിച്ചു നൽകിയ മധുരപലഹാരങ്ങളും, അച്ഛന്റെ കരുതലും, സ്നേഹവും എല്ലാം ഇന്ന് വെറും ഓർമ്മകളായി എന്ന് അവൾക്ക് തോന്നി. നഴ്സ് എന്ന പദവിയുമായി കടൽകടന്ന് വലിയ പ്രതീക്ഷയുമായി വന്ന തന്റെ ജീവിതം കോവിഡ് 19 എന്ന മഹാമാരി തകർക്കുമോ എന്ന ഭയം അവളെ അലട്ടിക്കൊണ്ടിരുന്നു. തന്റെ മനസ്സിന്റെ വിതുമ്പലിന്റെ ശബ്ദം കാതുകളിൽ മുഴങ്ങുന്നത് പോലെ തോന്നി. നെടുവീർപ്പിട്ടു.

പെട്ടെന്ന് പിറകിൽ നിന്ന് ഒരു കൈ അവളെ സ്പർശിച്ചു അതു മഞ്ജുവിന്റെ സഹപ്രവർത്തിക നീതു ആയിരുന്നു." നീ എന്ത് ഓർത്ത് നിൽക്കുവാ" അവൾ ചോദിച്ചു. ഒരു ഞെട്ടലോടെ അവൾ ചിന്തകളിൽ നിന്ന് തിരിച്ചുവന്നു. എല്ലാം മറന്ന് അവൾ വീണ്ടും അവളുടെ കർത്തവ്യത്തിലേക്ക് പ്രവേശിച്ചു.

കോവിഡ് 19 ബാധിച്ച രോഗികളുടെ വാർഡിൽ ആയിരുന്നു മഞ്ജുവിന് ജോലി. സുരക്ഷിതമല്ലാത്തതും ഏതുനിമിഷവും തനിക്കും രോഗം പിടിപെടാം എന്ന ഉറപ്പുണ്ടായിട്ടും അവൾക്ക് ജോലിയോടുള്ള ആത്മാർത്ഥത മൂലം കർത്തവ്യം നിർവഹിച്ചു കൊണ്ടിരുന്നു. ശ്വസിക്കാൻ പോലും ബുദ്ധിമുട്ടുന്ന രോഗികളുടെ വിഷമത്തോളം വരില്ല തന്റെ സങ്കടങ്ങൾ എന്നവൾ ചിന്തിച്ചു. അവരുടെ ആഗ്രഹങ്ങളും, ഇഷ്ടങ്ങളും ഒക്കെ അവൾ സാധിച്ചു കൊടുത്തു കൊണ്ടിരുന്നു. മരിക്കും എന്ന് ഉറപ്പുള്ള അവരുടെ ഓരോ ചോദ്യത്തിനും ഉത്തരംമുട്ടി പോകാതെ അവൾ മറുപടി നൽകിക്കൊണ്ടിരുന്നു. ജനിച്ചിട്ട് മാസങ്ങൾ മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞുങ്ങൾ വരെ വേദന അനുഭവിക്കുന്നത് അവർ കണ്ടു നിന്നു. വെന്റിലേറ്ററിൽ നിന്ന് ആളുകളെ മാറ്റിക്കൊണ്ടേയിരിക്കുന്ന ദൃശ്യം തുടർന്നുകൊണ്ടേയിരുന്നു. ഇതൊക്കെ കണ്ട് മരവിച്ച അവസ്ഥയായിരുന്നു മഞ്ജുവിന്റെയും സഹപ്രവർത്തകരുടെയും. ജീവനു വേണ്ടി പോരാടുന്ന ഒരു കൂട്ടം മനുഷ്യരുടെ വേദന അവൾ മനസ്സിലാക്കി. സ്വയം എത്ര വേദന അനുഭവിക്കുന്നുണ്ടെങ്കിലും മറ്റുള്ളവരുടെ ജീവനു വേണ്ടി പോരാടുന്നതിന് ഒരു നേഴ്സ് എന്ന നിലയിൽ മഞ്ജുവിന് അഭിമാനമായിരുന്നു. ' ഈ മഹാമാരിയിൽ ഇന്ന് ലോകത്തെ മുഴുവൻ രക്ഷിക്കണേ ദൈവമേ'. എന്ന് അവൾ പ്രാർത്ഥിച്ചു.

"ഒരായിരം ജീവനുകൾ ഇല്ലാതാകുമ്പോഴും ഒരു ജീവനെങ്കിലും രക്ഷിച്ചെടുക്കുന്നതാണ് ഏറ്റവും വലിയ ധർമ്മം".

ഒറ്റക്കെട്ടായി നിന്ന് നമുക്കേവർക്കും ഈ വൈറസിനെതിരെ പോരാടാം എന്ന് അവർ മനസ്സിൽ പ്രതിജ്ഞയെടുത്തു.

അപർണ രാജ്
10 B എസ് എൻ വി എസ് എച്ച് എസ് തിരുവല്ല
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ