എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/കേരളപ്പിറവിദിനാഘോഷം

Schoolwiki സംരംഭത്തിൽ നിന്ന്

എസ് ഡി പി വൈ ബോയ്സ് സ്കൂളിൽ കേരളപ്പിറവിദിനം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു.കേരളപ്പിറവിദിന പ്രതിജ്ഞയോടൊപ്പം കേരളപ്പിറവി ദിന പ്രഭാഷണം,കേരള ഗാനമാലിക, മഹിതം മലയാളം ഭാഷണം, പതിനാലു ജില്ലകളിലൂടെയുള്ള മാനസയാത്ര, കവിതയുടെ സ്വരഭേദങ്ങൾ- കാവ്യാലാപന ശിൽപ്പശാലഎന്നിവയും സംഘടിപ്പിക്കുകയുണ്ടായി.ദിനാചരണത്തിന്റെ ഭാഗമായി പ്രത്യേകം അസംബ്ലി സംഘടിപ്പിച്ചു. പ്രധാനാധ്യാപിക എസ് ആർ ശ്രീദേവിയുടെ അധ്യക്ഷതയിലാണ് പരിപാടികൾ നടത്തിയത്.യു പി വിഭാഗം കുട്ടികൾ കേരളത്തിലെ പതിനാലു ജില്ലകളുടെയും പ്രത്യേകതകൾ ഉൾക്കൊള്ളിച്ചുകൊണ്ട് നടത്തിയ പരിപാടി ഏറെ ശ്രദ്ധേയമായി.കൂടാതെ കേരള ഗാനങ്ങൾ കോർത്തിണക്കിക്കൊണ്ട് ഒരു കേരള ഗാനമാലികയും അവതരിപ്പിച്ചു. ഒമ്പത് ബിയിലെ നിവേദ്കൃഷ്ണ കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് പ്രഭാഷണം നടത്തി. മാതൃഭാഷാവാരാചരണത്തിന്റെ ഭാഗമായി അർജുൻ സി പി മാതൃഭാഷയുടെ പ്രാധാന്യത്തെക്കുറിച്ചും വിദ്യാഭ്യാസത്തിലും, വ്യക്തിത്വ വികസനത്തിലും മാതൃഭാഷക്കുള്ള നിർണായകമായ പങ്കിനെക്കുറിച്ചും ലഘുഭാഷണം നടത്തി. വള്ളത്തോളിന്റെ പ്രസിദ്ധമായ വരികളാണ് ചിന്താവിഷയമായി ആകാശ് എൻ വി അവതരിപ്പിച്ചത്.കാവ്യാലാപന ശില്പശാല ഉച്ചക്ക് ഒന്നരമണിക്ക് സംഘടിപ്പിക്കുകയുണ്ടായി.മലയാളം അധ്യാപികയായ എം കെ നിഷയാണ് ശില്പശാലക്ക് നേതൃത്വം നൽകിയത്.എട്ട്,ഒമ്പത് ക്ലാസുകളിലെ കുട്ടികളാണ് ഇതിൽ പങ്കെടുത്തത്.ഭാഷാവൃത്തങ്ങളായ കേക,കാകളി,മഞ്ജരി,നതോന്നത,തരംഗിണി എന്നീ അഞ്ചുവൃത്തങ്ങളിലെ കവിതകളുടെ അക്ഷരവ്യവസ്ഥയും താളക്രമവുമാണ് കുട്ടികൾ ആസ്വദിച്ച് മനസിലാക്കിയത്.അതോടൊപ്പം കവിതകളുടെ ആലാപനവും നടത്തി.എട്ട് എയിലെ കുട്ടികളാണ് കവിതകൾ ആലപിച്ചതും താളം പിടിച്ചതും.എട്ടാം ക്ലാസ്സിൽ കുട്ടികൾക്ക് പഠിക്കാനുള്ള സാന്ദ്രസൗഹൃദം, എന്റെ ഗുരുനാഥൻ,വേദം,ധ്രുവചരിതം തുള്ളൽ എന്നീ കവിതകളും പത്താം ക്ലാസിലെ ലക്ഷ്മണ സാന്ത്വനത്തിലെ വരികളുമാണ് കാവ്യാലാപനത്തിനായി തെരഞ്ഞെടുത്തത്.ഒരു മണിക്കൂർ നീണ്ടുനിന്ന ശിൽപ്പശാല രണ്ടര മണിക്ക് അവസാനിച്ചു.