എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/റൂമിനുള്ളിലെ കൊറോണ രോഗി

Schoolwiki സംരംഭത്തിൽ നിന്ന്
റൂമിനുള്ളിലെ കൊറോണ രോഗി


മാർക്കറ്റിൽ പോയി റൂമിലേക്ക് കയറുന്നതിനിടെയാണ് റൂമിന് പുറത്ത് നിൽക്കുന്ന ജോണേട്ടനെ ശ്രദ്ധിച്ചത് ,അദ്ദേഹം ദുഖിതനാണ്

എന്താ ഇവിടെ നിൽക്കുന്നത്? റൂമിൽ കയറുന്നില്ലേ?

നീ അവിടെ ഒന്ന് നിന്നേ?

എന്താ, എന്താ കാര്യം?

നമ്മുടെ കരീമിന് നല്ല പനി, ചുമയുമുണ്ട്, എനിക്കെന്തോ പേടി?

ഹേയ്, അത് പേടിക്കാനൊന്നും ഉണ്ടാകില്ലെന്നെ

അങ്ങനെ സമാധാനിക്കാം, പക്ഷേ നമ്മൾ ഈ റൂമിൽ പത്ത് പേരാണ്, ഒരാൾക്ക് വന്നാൽ മതി, അറിയാല്ലോ.

ജോണേട്ടന്റെ പേടിച്ചരണ്ട മുഖം കണ്ടതും ഞാനാകെ അസ്വസ്ഥനാകാൻ തുടങ്ങി.

കരീമിക്കക്ക് എന്റെ ഉപ്പയുടെ പ്രായമുണ്ട്, എല്ലാവരോടും മാന്യമായും സൗമ്യമായും മാത്രമേ അദ്ദേഹം സംസാരിക്കാറുള്ളൂ.വെറുമൊരു സംശയംകൊണ്ട് മാത്രം അദ്ദേഹത്തെ അകറ്റി നിർത്തുന്നത് ക്രൂരതയാണെന്ന് എനിക്ക് തോന്നി, പക്ഷേ ശരിക്കും അദ്ദേഹം രോഗ ബാധിതനാണെങ്കിലോ..

ഞാൻ കുടുംബത്തെ കുറിച്ചോർത്തു, മക്കളെ കുറിച്ചോർത്തു..

ബെഡിൽ കിടന്നുറങ്ങുന്ന കരീമിക്കയെ ഉണർത്താതെ ഞാൻ അടുക്കളയിലേക്ക് ചെന്നു, പലചരക്കു സാധങ്ങളെല്ലാം അവിടെ വെച്ചതിനു ശേഷം റൂമിന് പുറത്തേക്ക് പതിയെ ചുവട് വെച്ച് നടക്കാൻ തുടങ്ങിയതും..

റാഫിയെ, ഇജെങ്ങോട്ടാ, ഈ നേരത്ത്.. ഒന്നൂല്ല ഇക്ക, ഞാനൊന്ന് കാറ്റ് കൊള്ളാൻ.. ആരെയും കാണുന്നില്ലല്ലോ, അവരെല്ലാം എവിടെപ്പോയി?

അവരാരും വന്നിട്ടില്ല, ഇങ്ങള് കിടന്നോളീ, ഞാനിപ്പോൾ വരാം.

റൂമിന് പുറത്തേക്കെത്തിയതും റൂമിലെ മറ്റു എട്ട് പേരും ആശങ്ക നിറഞ്ഞ മുഖഭാവത്തോടെ പുറത്ത് നിൽക്കുന്നുണ്ടായിരുന്നു, എല്ലാവരുടെയും പ്രിയങ്കരനായ, സ്നേഹ സമ്പന്നനായ ഒരു പാവം വൃദ്ധനെ അവഗണിക്കേണ്ടി വന്നതിന്റെ നിരാശ എല്ലാവരുടെയും മുഖത്തുണ്ട്..

റാഫിയെ, ഇനി എന്താടാ ചെയ്യേണ്ടേ, ആരെയാ വിളിക്കേണ്ടെ?

എനിക്കറിയില്ല, കുറച്ച് സമയം കൂടെ കാത്തുനിൽക്കാം, എന്തായാലും പുള്ളിയിതിപ്പോൾ അറിയേണ്ട..

ഇത്തരം സന്ദർഭങ്ങളിൽ വിളിച്ചു പറയേണ്ടവരുടെ നമ്പറുകൾ എല്ലാവരുടെയും കയ്യിലുണ്ട്, ഞങ്ങൾ മൊബൈൽ ഫോണെടുത്ത് ആ നമ്പറുകളെല്ലാം സ്ക്രോൾ ചെയ്തു നോക്കി, വിളിക്കാനെന്തോ ഒരു മടിപോലെ..

പെട്ടെന്നാണ് എന്റെ മൊബൈലിലേക്ക് കരീമിക്കയുടെ ഒരു വാട്സാപ്പ് സന്ദേശം എത്തിയത്..

റാഫിയെ, വിളിക്കേണ്ടവരെ ഞാൻ വിളിച്ചിട്ടുണ്ട്, നിങ്ങള് അതാലോചിച്ചു സങ്കടപ്പെടേണ്ട, നിങ്ങളിപ്പോൾ ചെയ്യുന്നതാണ് ശരി,ഇപ്പോൾ വലുത് നിങ്ങളുടെ സുരക്ഷിതത്വമാണ്, ഞാൻ പോയിക്കഴിഞ്ഞാൽ നിങ്ങള് റൂമൊക്കെ നന്നായി വൃത്തിയാക്കണം, പുറത്തേക്കൊന്നും ഇറങ്ങരുത് , ഇനി എനിക്കെന്തെങ്കിലും സംഭവിച്ചാൽ തന്നെ എന്നെ കാണാനോ തൊടാനോ വരരുത്..

കരീമിക്കയുടെ മെസ്സേജ് വായിച്ചതും ഞങ്ങളെല്ലാവരും കണ്ണീരൊഴുക്കി, തലതാഴ്ത്തി നിന്നു..

എല്ലാവർക്കും നാട്ടിലേക്ക് മടങ്ങണമെന്നുണ്ട്, ഇവിടെ കിടന്ന് മരിക്കുമെന്ന പേടി ഉള്ളത് കൊണ്ടല്ല, പരസ്പരം ഇങ്ങനെ അവഗണിച്ചും സംശയിച്ചും ജീവിക്കാൻ വയ്യാ, സ്വാതന്ത്ര്യത്തോടെ ഒന്നുച്ചത്തിൽ ചുമക്കാൻ വരെ പേടിയാകുന്നു..എത്രയും വേഗം ഇതിനൊരു മരുന്ന് കണ്ടെത്തിയിരുന്നെങ്കിൽ..

സ്നേഹിത്ത് സാനു വി
9 A എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ