എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ/അക്ഷരവൃക്ഷം/കരിമലക്കാടും മഞ്ഞണിപ്പുഴയും

Schoolwiki സംരംഭത്തിൽ നിന്ന്
കരിമലക്കാടും മഞ്ഞണിപ്പുഴയും


“മുത്തശ്ശി ഉറക്കം വരുന്നില്ല, ഒരു കഥ പറഞ്ഞുതാ, കാടിന്റെ യും , പുഴയുടെയുമൊക്കെ ഒരു നല്ല കഥ.” മണിക്കുട്ടി പറഞ്ഞു. “ശരി ഞൻ പറഞ്ഞു തരാം മണിക്കുട്ടി കേട്ടോളു.”

“കരിമലക്കാടിനടുത്തുള്ള വലിയൊരു പുഴയാണ് മഞ്ഞണിപുഴ. കാട്ടിലെ എല്ലാ ജീവികളും പുഴയെ ആശ്രയിച്ചാണ് ജീവിച്ചിരുന്നത്. സിംഹവും പുലിയും കരടിയും മാനും മയിലും ഒക്കെയുള്ള ഒരു വലിയ കാടായിരുന്നു അത്. ചുരുക്കം ചില നായാട്ടുകാർ അല്ലാതെ മറ്റാരും ആ കാടിനെപ്പറ്റി കേട്ടിട്ടുമില്ല. അതുകൊണ്ടുതന്നെ ആ കാട്ടിലെ മൃഗങ്ങൾ കായ്കനികൾ തിന്നും പുഴയിലെ വെള്ളം കുടിച്ചും വിശേഷങ്ങൾ പങ്കുവെച്ചും സന്തോഷത്തോടെ കഴിഞ്ഞു. അങ്ങനെയിരിക്കെ കുറച്ച് ആളുകൾ വഴിതെറ്റി കരിമലക്കാട്ടിലെത്തിയത്. അപ്പോൾ അവിടെയുള്ള മൃഗങ്ങളെല്ലാം പരിഭ്രാന്തിയിലായി. അവർ തങ്ങളെ ഉപദ്രവിക്കുമോ എന്ന് അവർ ഭയപ്പെട്ടു. എന്നാൽ കാട്ടിലുള്ള ഒന്നിനെയും അവർ ഉപദ്രവിച്ചില്ല. അതുപോലെതന്നെ കാട്ടിൽലുള്ള ജീവികൾ അവരെയും ഉപദ്രവിച്ചില്ല. പൂക്കളുടെ സുഗന്ധം പരക്കുന്ന കാട് അവർക്ക് നന്നേ ഇഷ്ടപ്പെട്ടു. അങ്ങനെയവർ നടന്ന് മഞ്ഞണി പുഴയുടെ തീരത്ത് എത്തി. ദാഹം ഉണ്ടായിരുന്നതിനാൽ കുറച്ച് വെള്ളം കുടിച്ചു. നല്ല തണുത്ത വെള്ളം, അവരുടെ ദേഹമാകെ കോരിത്തരിച്ചു. അങ്ങനെ അവർ ആ ദിവസം ആ കാട്ടിൽ ചിലവഴിച്ചു. വിശന്നപ്പോൾ അവർ കാട്ടു കനികൾ ഭക്ഷിച്ചു. നേരം പുലർന്നു, അവർ ഉറക്കമുണർന്നു. നല്ല തണുപ്പ്. ജീവിതത്തിൽ ഇതുപോലെ നല്ല ഊഷ്മളമായ വായു ശ്വസിച്ചിട്ടില്ല എന്ന് അവർക്ക് തോന്നി. മാത്രമല്ല അന്നവർ സുഖമായി അന്തിയുറങ്ങി. ഇത്രയും വലിയ കാട്ടിൽ ഇനിയും നിന്നാൽ കുഴപ്പമാകുമെന്ന് വിചാരിച്ച് അവർ യാത്രതിരിച്ചു. വഴിയിലൂടെ ചിത്രശലഭങ്ങൾ പാറിനടന്നു. പൂക്കളുടെ സുഗന്ധം അവരുടെ മനംകവർന്നു. കരിമലക്കാടിനു യാത്ര പറഞ്ഞ് അവർ നടന്നകന്നു. അവർ പോയപ്പോഴാണ് കാട്ടിലെ ജീവികളുടെ ശ്വാസം നേരെയായത്.

എല്ലാവരും പതിവുപോലെ പുഴക്കരയിൽ ഒത്തുകൂടിയപ്പോൾ കിട്ടു മുയൽ പറഞ്ഞു, ‘ഇതുവരെ വന്നവരെല്ലാം നമ്മുടെ കൂട്ടുകാരെ ഉപദ്രവിച്ചു. പക്ഷേ, ഇന്നലെ വന്നവർ…’, കിട്ടു പറഞ്ഞുതീരും മുമ്പേ ചിപ്പുമാൻ ഇടയ്ക്കുകയറിപ്പറഞ്ഞു, ‘എല്ലാമനുഷ്യരും ഒരേപോലെയാകണമെന്നില്ലല്ലോ. നല്ലവരുമുണ്ട്, ദുഷ്ടരുമുണ്ട്. ഇന്നലെ വന്നവർ നല്ല മനുഷ്യരാ. നായാട്ടിനു വരുന്ന ദുഷ്ടന്മാരെയാണ് നമ്മൾ പേടിക്കേണ്ടത്. മാത്രമല്ല, നമ്മുടെ മഞ്ഞണിപ്പുഴയെ നശിപ്പിക്കാനായി കുറേ മനുഷ്യർ മാലിന്യം കൊണ്ടിടുന്നുണ്ട്. ഇത് പുഴയിലെ മീനുകൾക്ക് ദോഷകരമാണ്. ഇവിടെയല്ല, പുഴയുടെ അങ്ങേയറ്റത്ത്. അവിടെ ജീവികളൊന്നും അധികം ഇല്ലാത്തതിനാൽ എന്നും ആരോ മാലിന്യം അവിടെ തള്ളുന്നുണ്ട്. നമ്മുക്കൊരുമിച്ചു ഒരു തീരുമാനമെടുക്കണം. ഈ പുഴയെയും കാടിനേയും സംരക്ഷിക്കേണ്ടതു നമ്മുടെ കടമയാണ്.’ ചിപ്പു പറഞ്ഞു നിർത്തി. ചിപ്പുവിന്റെ തീരുമാനം എല്ലാവരും ശെരിവെച്ചു. സിംഹരാജാവ് അവർക്ക് ഓരോ നിർദ്ദേശങ്ങൾ നൽകി. ആദ്യം മാലിന്യം എല്ലാം പുഴയിൽ നിന്നും നീക്കണം. എല്ലാവരും ഒത്തുചേർന്നു മാലിന്യങ്ങൾ നീക്കി. ‘ഇനി നമ്മുടെ മഞ്ഞണിപ്പുഴയെ മലിനമാക്കുന്നവരെ പിടികൂടണം. നമുക്ക് ഇന്ന് രാത്രി കാത്തിരിക്കാം.’ അങ്ങനെ ഒരു രാത്രി അവർ കാവലിരുന്നു. അപ്പോഴാണ് അകലെനിന്നും വെട്ടവും തെളിച്ച്, വലിയ ചാക്ക് കെട്ടുകളുമായി കുറച്ചു മനുഷ്യർ വരുന്നത് അവർ കണ്ടത്. അവർ അടുത്തു വന്നതും സിംഹം ഉറക്കെ ഗർജ്ജിച്ചു. ‘ഗർർ……’ മാലിന്യവുമായി വന്നവർ ഭയന്നോടി. മൃഗങ്ങളെല്ലാം പൊട്ടിച്ചിരിച്ചു. ‘മണ്ടന്മാർ ഇനി ഇതുവഴി വരട്ടെ’ എന്നും പറഞ്ഞ് അവർ അവിടെ കിടന്നുറങ്ങി. പിറ്റേ ദിവസം അവർ വീണ്ടും മഞ്ഞണിപ്പുഴക്കരയിൽ ഒത്തുകൂടി സന്തോഷം പങ്കിട്ടു. അപ്പോൾ എവിടെയോ നിന്ന് വെടിയുതിർക്കുന്ന ഒച്ച കേട്ടു. നായാട്ടുകാരാണെന്നു അവർക്കു മനസിലായി. അവരെല്ലാം ഒന്നിച്ചു നായാട്ടുകാരെയും നേരിട്ടു. മഞ്ഞണിപ്പുഴ സന്തോഷത്താൽ ആർത്തലച്ചൊഴുകി. മീനുകൾ ഓളപ്പരപ്പിൽ ഊഞ്ഞാലാടി. കരിമലക്കാടിനെ തഴുകികൊണ്ട് ഒരു ഇളംകാറ്റ് വീശി. ചിത്രശലഭങ്ങളും കിളികളും മധുരമായ ശബ്ദത്തോടെ പാറിനടന്നു.”

മുത്തശ്ശി പറഞ്ഞു തീർന്നപ്പോഴേക്കും മണിക്കുട്ടി ഉറങ്ങി. മണിക്കുട്ടിയെ കെട്ടിപ്പിടിച്ച് മുത്തശ്ശിയും ഉറങ്ങി. മണിക്കുട്ടിയുടെ സ്വപ്നങ്ങളിൽ കരിമലക്കാടും മഞ്ഞണിപ്പുഴയും തിളങ്ങിനിന്നു. പിന്നെ കരിമലക്കാടിന്റെ കൂട്ടുകാരും.


ലിറ്റീന ബാബു
8 B, സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്കൂൾ കരിമണ്ണൂർ
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ