എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

നന്ദി എഴുതിയാൽ തീരാത്ത


തെയ്സീർ മുഹമ്മദ് സിറാജ്

നന്ദി എന്ന രണ്ടക്ഷരത്തിൽ എഴുതികൊണ്ട് അവസാനിക്കാനുള്ളതല്ല സഖാഫത്തിനോടുള്ള ആത്മബന്ധം .

ഈ നിമിഷം മുതൽ ഞാൻ അല്ല ഞങ്ങൾ സഖാഫത്തിന്റെ പൂർവ്വവിദ്യാർഥികളാണ് . രേഖകളിൽ മാത്രം , മനസ്സ് കൊണ്ട് ജിവിതകാലം മുഴുവൻ സഖാഫത്തിന്റെ വിദ്യാർഥികൾ  .

ഒരു വിദ്യാർത്ഥിയുടെ ജീവിതത്തിൽ അവനെ സ്വാധീനിക്കുന്ന അതുമല്ലെങ്കിൽ അവനെന്ന പൗരനെ  ഉയരങ്ങളിലെത്തിക്കുന്ന ഘടകങ്ങൾ  പലതുണ്ടാവാം. അതിൽ എന്റെ ജീവിതത്തിലെ പരമ പ്രധാനിയാണ്  സഖാഫത്ത് . കേവലം കുറച്ചു മാസങ്ങൾ എന്നു തന്നെ പറയാം അത്രമാത്രമായിരുന്നു എന്റെ സഖാഫത്തിയൻ ജീവിതം .

കൊറോണയെന്ന പേമാരിയുടെ ശീതക്കാറ്റുകൾ അന്തരീക്ഷത്തിലുള്ളപ്പോഴായിരുന്നു എന്റെയും സഖാഫത്തിലേക്കുള്ള കാൽവെപ്പ് .

ഒരിക്കലും കിനാവിൽ പോലും കണാത്ത ഒരു ഉന്നത കലാലയത്തിലേക്കുള്ള  അപ്രതീക്ഷിത കാൽവെപ്പ് . മൺസൂൺ കാലത്തെ മുഴുത്തു നിന്ന കാർമേഘങ്ങൾ പോലെ മനസും ക്ലാവ് പിടിച്ചിരുന്നു . മറ്റുള്ളവരെ പോലെ അത്ര പെട്ടെന്ന് ഇഴകിച്ചേരാനുള്ള പ്രകൃതമായിരുന്നില്ല എന്റേത് എങ്കിലും

ഇന്ന് സഖാഫത്തിൽ നിന്നു വേദനയോടെ പടിയിറങ്ങുമ്പോൾ ഈയൊരു വിദ്യാഭ്യാസ സമുച്ഛയവുമായി വളരെയധികം ഇണങ്ങി ചേർന്നിരിക്കുന്നു  . ഇന്നവിടെ  എനിക്ക് കുറെ നല്ല ഓർമകളുണ്ട് , ജീവിത പാഠങ്ങളുണ്ട് , അധ്യാപകരുണ്ട് , സുഹൃത്തുക്കളുണ്ട് പരിചയക്കാരുണ്ട് .

കുറഞ്ഞ കാലയളവിൽ സഖാഫത്തുൽ ഇസ്ലാം എന്നിൽ അദ്ഭുതം സൃഷ്ടിച്ചു . ഞാനും ഏറെ മാറ്റങ്ങൾക്കു വിധേയമായിരുന്നു. സഖാഫത്തും മാറുകയാണ് പുതിയ ചരിത്രം സൃഷ്ടിച്ചു കൊണ്ട് .

പണ്ടൊരു കവി പറഞ്ഞത് പോലെ 'ടീച്ചറിപ്പോഴും രണ്ടാം ക്ലാസിലാണ് '. പുതിയ മക്കളെയും കാത്ത് പുതിയ കാലത്തു പുതുമയോടെ എന്റെ പ്രിയപ്പെട്ട അദ്ധ്യാപകർ .

എഴുതാൻ വാക്കുകൾ കിട്ടുന്നില്ല , പറഞ്ഞറിയിച്ചാൽ തീരുകയുമില്ല . അത്രമാത്രം ആഴങ്ങളിലാണ്‌  സഖാഫത്തുമായുള്ള ആത്മബന്ധം .

ഇതെന്റെ കാര്യം മാത്രമല്ല മറ്റുള്ളവരുടെയുമാണ് . കാലം സാക്ഷി സഖാഫത്തിന് തെറ്റിയിട്ടില്ല, തങ്ങളെടുക്കുന്ന തീരുമാനങ്ങളിൽ

യാതൊരു വിധ വിവേചനവുമില്ലാത്ത സത്യത്തിന്റെ തീരുമാനങ്ങൾക്ക് .

അനുഭവസ്ഥനാണ് ഞാൻ , എന്റെ ഈ കലാലയ ജീവിതവും സാക്ഷി . അനവധി നിരവധി  അവസരങ്ങൾ ഒരു അപരിചിതനായ എനിക്ക് നൽകിയിട്ടുണ്ട് .   ഒരോ കലാമേളകളും മറ്റും .

വേർതിരിവും വിവേചനവുമില്ലാതെ എടുക്കുന്ന ഒരോ തീരുമാനങ്ങൾക്കും മാനേജ്മെന്റിനും അധ്യാപകർക്കും ബിഗ് സലൂട്ട് .

വർണങ്ങളുടെയും സന്തോഷങ്ങളുടെയും തിരിച്ചറിവിന്റെയും കാലഘട്ടമാണ് സ്കൂൾ കാലഘട്ടം . ആ കാലഘട്ടം സഖാഫത്തിലൂടെ അവസാനിച്ചതിൽ സന്തോഷം മാത്രം . തിരിച്ചറിവിന്റെ കാലത്ത് നിങ്ങൾ  നല്കിയ നല്ല പാഠങ്ങൾ ജീവിതത്തിൽ ഉപകരിക്കാതിരിക്കില്ല .

ആരുടെയും പേര് എഴുതുന്നില്ല മറന്നിട്ടല്ല അതിനൊരു അനന്തതയുമുണ്ടാവില്ല എന്നത് കൊണ്ടാണ് അത്രയ്ക്കും എന്നെ എന്റെ അധ്യാപകരും സുഹൃത്തുക്കളും പരിചയക്കാരും ഈ ഒരു ചെറിയ സമയങ്ങളിൽ സ്വാധീനിച്ചിട്ടുണ്ട് .

വാക്കുകൾ അവസാനിപ്പിക്കുകയാണ്‌ എഴുതിയാൽ തീരാത്ത നന്ദിയുമായി .....

മറക്കില്ലൊരിക്കലും .....

ഈ സുന്ദര കലാലയത്തെ.