എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കോഴിക്കോട് ജില്ലയിലെ ചെക്യാട് ഗ്രാമ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ഉമ്മത്തൂർ. മയ്യഴിപ്പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഉമ്മത്തൂർ കോഴിക്കോട് കണ്ണൂർ ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന അതിർത്തി ഗ്രാമം കൂടിയാണ്. കേരളത്തിലെ ആദ്യത്തെ ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ സഖാഫത്തുൽ ഇസ്ലാം അറബിക് കോളേജും അതിന്റെ കീഴിലുള്ള 7 പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത് ഈ ഗ്രാമത്തിലാണ്.

ഉമ്മത്തൂർ എന്ന പേര് പ്രദേശത്തിന് വരാൻ കാരണമായി പ്രധാനമായും 3 അനുമാനങ്ങൾ ഉണ്ട്. 1) ഉമ്മം എന്ന പേരിൽ അറിയപ്പെടുന്ന ഔഷധസസ്യം മുൻ കാലത്ത് ഈ പ്രദേശത്ത് സുലഭമായത് കാരണം. 2) ഉമ്മളങ്ങൾ അഥവാ ഉപ്പ് കുറുക്കുന്ന സ്ഥലങ്ങൾ മുമ്പ് ഉണ്ടായിരിക്കാം, അങ്ങിനെ ഉപ്പ് കുറുക്കുന്ന സ്ഥലമെന്ന നിലയിൽ ഉമ്മളത്തൂരായി. അത് പ്രായേണ ഉമ്മത്തൂരായി. 3. ഉമ്മയുടെ അല്ലെങ്കിൽ ഉമ്മത്തിൻ്റെ ഊര് എന്ന നിലയിൽ ആവാം. ഏതായാലും ഉമ്മത്തൂർ പ്രദേശത്തിന്റെ പ്രാദേശിക ചരിത്രം അനാവരണം ചെയ്യാനുള്ള പരിശ്രമങ്ങൾ നടന്നു വരുന്നുണ്ട്.