എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/അക്ഷരവൃക്ഷം/കൂട്ടിൽ അകപ്പെട്ട തത്ത..

Schoolwiki സംരംഭത്തിൽ നിന്ന്
കൂട്ടിൽ അകപ്പെട്ട തത്ത

ഈ വർഷവും പരീക്ഷയ്ക്ക് നല്ലവണ്ണം തന്നെ ഞാൻ പഠിച്ചിരുന്നു.... എന്നാൽ.. നമ്മുടെ നാടിനെ ബാധിച്ചിട്ടുള്ള മഹാമാരി നിമിത്തം ഗവൺമെന്റ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് കാരണം സ്കൂൾ പൂട്ടിയെന്നും, ആരും പുറത്തിറങ്ങരുതെന്നും, വീട്ടിൽ തന്നെ ഇരിക്കണമെന്നുമുള്ള വാർത്ത വരികയും, മുഴുവൻ പരീക്ഷകളും നടക്കാതെ പോവുകയും ആണല്ലോ ഉണ്ടായത്.

റോഡിലൂടെ പോലീസ് തലങ്ങും വിലങ്ങും പായുന്നു... അച്ഛൻ ജോലിക്ക് പോകാൻ കഴിയാതെ വീട്ടിലിരുന്ന് ടി.വി-യിൽ വാർത്തകൾ മാത്രം കാണുന്നു.... കൊറോണ എന്ന മഹാമാരി നമ്മുടെ രാജ്യത്തെയും നന്നായി ബാധിച്ചതായി ഞാനും ദിനപത്രത്തിലൂടെ വായിച്ചറിഞ്ഞു.ജോലി ഭാരം കുറഞ്ഞതു കൊണ്ടാണോ.. എന്തോ..? അമ്മ എന്റെ പുറകേ കൂടി.. നിനക്കെന്താ പുസ്തമെടുത്തു വായിച്ചു കൂടെ.. ഇങ്ങനെ വെറുതെ ഇരിക്കണോ..? എന്നൊക്കെയുള്ള ചോദ്യങ്ങളുമായി... എന്തിനാ അമ്മേ... ഇനി പാഠം പുസ്തകം വായിക്കുന്നേ...? ഇനി പരീക്ഷയൊന്നും... ഇല്ലല്ലോ...!! എന്നാലും നിനക്ക് വേറെ എന്തെങ്കിലും പുസ്തകം വായിച്ചൂടേ... എന്നായി അമ്മ. രാവിലെ തന്നെഇതു കേട്ട് അമർഷത്തോടെ ഇരിക്കുമ്പോഴാണ് മാളു വന്ന് കളിക്കാൻ വിളിച്ചത്.. പിന്നെ ഒന്നും നോക്കാതെ അമ്മ കാണാതെ ഒരറ്റ ഓട്ടം... നേരെ ജാനകേട്ടിയുടെ പറമ്പിലേക്ക്.. സാധാരണ ഒന്നിച്ച് കളിക്കാനുണ്ടായിരുന്ന അപ്പുവേട്ടനും, കിരണും, സീതേച്ചിയും വന്നു കാണുന്നില്ല..

കഴിഞ്ഞ ദിവസം അമ്മയുടെ വാട്ട്സ് അപ്പീൽ ദൂരെ എവിടെയോ രാത്രികാലങ്ങളിൽ പ്രത്യക്ഷപ്പെട്ട പ്രേതത്തിനെ കുറിച്ചായി എന്റെയും മാളുവിന്റെയും സംസാരം... ഈ സമയത്ത് മാളു പറമ്പിന്റെ ഒരു മൂലയിലേക്ക് നടന്ന് എന്തോ കണ്ടു... എന്നെ വിളിച്ചു... അമ്മൂ.... എന്തേ മാളൂ.. ഞാൻ വിളി കേട്ടു. അമ്മൂ നീയിങ്ങ് വന്നേ.. ദേ നോക്കിയേ.. ഒരു തത്തമ്മ...!!. തത്തയോ..! ഞാൻ നോക്കുമ്പോ തത്തമ്മ ഒരു പൂമരത്തിലെ കായകൾ കൊത്തി തിന്നുന്നു.... ഒരു സുന്ദരി തത്തമ്മ.. അതിനെ പിടിച്ചാലോ എന്നായി ഞാൻ.അപ്പുവേട്ടനും കിരണും അറിയണ്ടേ.. എന്ന് മാളു. വേണ്ട... അവരോട് പറയണ്ട മാളൂ....

അധികം ആയാസ്സമില്ലാതെ തന്നെ തത്തമ്മയെ എന്റെ കയ്യിൽ കിട്ടി... പിന്നെ ഒരോട്ടമായിരുന്നു.. വീട്ടിലേക്ക്. കഴിവർഷം അച്ഛൻ ദുബായിയിൽ നിന്നു വരുമ്പോ സാധനങ്ങൾ കെട്ടി കൊണ്ടു വന്നിരുന്ന ഒരു വലിയ കാർഡ് ബോഡിന്റെ പെട്ടി എടുത്ത് കൂട് ഉണ്ടാക്കി തത്തമ്മയെ അതിനുള്ളിലാക്കി.അമ്മയെ കാണാതെ ചോറെടുത്തു കൊടുത്തു... എന്നും അമ്മയുടെ ഒരു കണ്ണ് എന്റെ പിറകേ ഉണ്ടായിരുന്നതുകൊണ്ട് ഞങ്ങളുടെ കള്ളക്കളി അമ്മ കയ്യോടെ പിടികൂടി..

അമ്മ തത്തമ്മയെ കണ്ടതോടു കൂടി അമ്മയ്ക്കും സന്തോഷമായി... തത്തമ്മ... എന്റെമമയ്ക്കും എന്നും ഒരു ഹരമായിരുന്നു.... കൊറോണ കാരണം പുറത്തിറങ്ങാനും പറ്റില്ല ടൌണിലെ ഒരു കടകളും തുറക്കുകയുമില്ലല്ലോ... ഈ മഹാമാരിയൊക്കെ മാറി എല്ലാം പഴയതുപോലെ ആയിക്കഴിഞ്ഞാൽ ഒരു നല്ല കൂട് ഞാൻ വാങ്ങി തരാം എന്നു പറഞ്ഞപ്പോൾ എനിക്ക് ഭയങ്കര സന്തോഷമായി.

ഞാൻ എന്റെ തത്തമ്മയ്ക്ക് 'കിങ്ങിണി' എന്ന് പേരിട്ടു വിളിച്ചു... ഇതിനിടയ്ക്ക് അവൾ എന്നോടും മാളുവിനോടും നല്ല കൂട്ടായി കഴിഞ്ഞിരുന്നു.

അങ്ങനെയിരിക്കെ പെട്ടെന്നൊരുദിവസം കാര്യമായിട്ടൊരു കാര്യം അമ്മ എന്നോട് പറഞ്ഞു... ആദ്യം എനിക്ക് ദ്യേഷ്യം തോന്നി... അമ്മയെ തല്ലുകയും കുത്തുകയും ചെയ്തു... മിണ്ടാതെ ഭക്ഷണം കഴിക്കാതെ ചൊടിച്ചിരുന്നു...

അമ്മയ്ക്ക് എന്തേ..ഇപ്പോ.. ഇങ്ങനെ തോന്നാൻ...? കാര്യം പറയുവാനായി ഞാൻ മാളുവിന്റെ വീട്ടിലേക്കോടി... മാളൂ... അമ്മ കിങ്ങിണിയെ പറത്തി വിടാൻ പറഞ്ഞു.. പറത്താനോ..!!എന്താ അമ്മു നീ പറയുന്നേ...? അവൾക്ക് സങ്കടമായി..

എവിടെയും പോകാനാകാതെ ഭക്ഷണത്തിനു പോലും വകയില്ലാതെ ഒരു പാട് പേർ ഈ ലോകത്ത് ജീവിക്കുന്നുണ്ട്.. വീട്ടിലിരുന്ന് മടുത്ത് എവിടേക്കെങ്കിലും ഇറങ്ങി പോകാൻ തോന്നുന്നു എന്ന തോന്നൽ വ്യാപകമാകുന്ന ഈ കാലത്ത്.. ആലോചിച്ചപ്പോൾ എനിക്കും തോന്നി... കൂട്ടിലിടച്ച പക്ഷി.. തത്തമ്മയെ.. സ്വതന്ത്രമാക്കുന്നതാകും നമുക്ക് ഈ ദിനങ്ങളിൽ ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല പുണ്യ പ്രവൃർത്തി...

സങ്കടത്തോടെയാണെങ്കിലും ഞാനും... എന്റെ,.. കിങ്ങിണിയെ തുറന്നു വിട്ടു..

അവൾ പറന്നു.. പറന്നു.. പോയി.. അവൾ സ്വതന്ത്രയായി...


മീനാക്ഷി .പി.
6 C എസ്.എ.ബി.ടി.എം. ഹയർ സെക്കന്ററി സ്‌കൂൾ തായിനേരി
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ