എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/അക്ഷരവൃക്ഷം/രോഗവും രോഗപ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
രോഗവും രോഗപ്രതിരോധവും

രോഗവും രോഗപ്രതിരോധവും: നമുക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങളും


      മനുഷ്യരെല്ലാവരും രോഗത്തിൽ നിന്ന് മുക്തി നേടാൻ ആഗ്രഹിക്കുന്നവരാണ്. ഈ ലോകത്ത് ഒരുപാട് രോഗങ്ങൾ ഉണ്ട്. ഇവയിൽ എല്ലാ രോഗങ്ങളെയും നമുക്ക് പ്രതിരോധിക്കാൻ കഴിയില്ല പക്ഷെ അത് വരാതിരിക്കാൻ നമുക്ക് കുറേ മുൻകരുതലുകൾ എടുക്കാൻ കഴിയും.

രോഗം

    എന്താണ് രോഗം? നമ്മുടെ ശരീരത്തിന്റെയോ മനസ്സിന്റെയോ അനാരോഗ്യകരമായ അവസ്ഥയേയാണ് രോഗം എന്ന് പറയുന്നത് .കൃത്യമായ രോഗലക്ഷണങ്ങളുള്ളപ്പോഴാണ് ഒരു രോഗത്തെ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്. ശരീരത്തിലെ തന്നെ സംവിധാനങ്ങളുടെ കുഴപ്പം മൂലം രോഗങ്ങൾ ഉണ്ടാകാറുണ്ട്. പകർച്ചവ്യാധികൾ മൂലം രോഗങ്ങൾ ഉണ്ടാകാം. രോഗംമൂലം മനുഷ്യരിൽ വേദനയോ, അസ്വസ്ഥതയോ, ശരീരത്തിലെ അവയവങ്ങൾക്ക് തകരാറോ ,ചിലപ്പോൾ മരണമോ സംഭവിക്കാം. പകർച്ചവ്യാധികൾ മൂലം രോഗങ്ങൾ ഉണ്ടാകുന്നത് നമ്മുടെ ശരീരത്തിൽ ബാക്ടീരിയകളോ വൈറസുകളോ അകത്തു പ്രവേശിക്കുമ്പോഴാണ്. രോഗങ്ങളെ കുറിച്ചുള്ള പഠനമാണ് പാത്തോളജി. ഇന്ന് ലോകത്തെ മുഴുവൻ മുൾമുനയിൽ നിർത്തിയ ഒരു രോഗമാണ് കോവിഡ് 19. പക്ഷേ ഈ രോഗം ഒരു കുഞ്ഞൻ വൈറസുമൂലമാണ് ഉണ്ടാകുന്നത് എന്ന് അറിയുമ്പോൾ നമുക്ക് ആശ്ചര്യം തോന്നുന്നു. ഈ വൈറസിന്റെ പേരാണ് കൊറോണ വൈറസ് .ഈ വൈറസ് മൂലമുണ്ടാകുന്ന രോഗം പൊതുവേ ശ്വാസനാളത്തിലാണ് ബാധിക്കുന്നത്. മൂക്കൊലിപ്പ്, ചുമ ,തൊണ്ടവേദന, തലവേദന, പനി എന്നിവയാണ് രോഗലക്ഷണങ്ങൾ. കൂടുതലും വൃദ്ധരെയും കുട്ടികളെയുമാണ് ഈ രോഗം വേഗത്തിൽ പിടിപെടുന്നത്.

രോഗ പ്രതിരോധം

        രോഗത്തെ പ്രതിരോധിക്കുക എന്നാണ് രോഗ പ്രതിരോധം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. നമ്മുടെ ശരീരത്തിൽ രോഗാണുക്കൾ കയറാതിരുന്നാൽ നമുക്ക് ആ രോഗത്തെ പ്രതിരോധിക്കാനാകും. നമ്മുടെ ശരീരത്തിനുണ്ടാകുന്ന ആന്റിബോഡികൾ ആണ് രോഗത്തെ പ്രതിരോധിക്കുന്നത്. രോഗപ്രതിരോധശേഷിയുള്ളവരിൽ ആന്റിബോഡികൾ ഉണ്ടാകും. നല്ല ആരോഗ്യമുള്ള ശരീരമാണെങ്കിലാണ് നല്ല രീതിയിൽ ആന്റി ബോഡികൾ ഉണ്ടാകുകയുള്ളൂ. ശരീരത്തിൽ ആന്റിബോഡികൾ ഇല്ലാതാകുമ്പോഴാണ് രോഗങ്ങൾ പിടിപെടുന്നത്. ധാരാളം പച്ചക്കറികളും പഴങ്ങളും കഴിച്ചാൽ പ്രതിരോധശേഷി വർദ്ധിപ്പിക്കാം. എപ്പോഴും വൃത്തിയായിരുന്നാൽ രോഗങ്ങളുടെ പിടിയിൽ നിന്ന് രക്ഷപ്പെടാം.

പ്രതിരോധിക്കാം:കൊറോണയെ

    കൊറോണ വൈറസ് അഥവാ കോവിഡ് 19 നെ പ്രതിരോധിക്കാൻ നമുക്ക് കഴിയും. പക്ഷേ ഇതിന് മരുന്നുകൾ ഒന്നും കണ്ടുപിടിക്കാത്തതു കൊണ്ട് ഇത് വരാതിരിക്കുവാൻ മുൻകരുതൽ എടുക്കുകയേ നിവർത്തിയുള്ളു. ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് 20 സെക്കന്റ് നേരം കഴുകുക. സോപ്പ് അഥവാ ഹാൻഡ് വാഷിന് കൊറോണ വൈറസിനെ നശിപ്പിക്കാനാകും.അനാവശ്യമായി പുറത്തിറങ്ങാതിരിക്കുക, പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക. കൊറോണ വൈറസിന് മാസ്കിലെ തുണിയിലെ സൂക്ഷ്മ ദ്വാരത്തിനേക്കാൾ വലിപ്പമുള്ളതിനാൽ അതിന് അകത്തേക്ക് പ്രവേശിക്കുവാൻ കഴിയില്ല.പുറത്തു പോയി വന്നയുടനെ കൈകൾ സോപ്പോ ഹാൻഡ് സാനിറ്റൈസറോ പുരട്ടി വൃത്തിയാക്കുക എന്നീ മുൻകരുതലുകൾ എടുത്താൽ രോഗത്തെ പ്രതിരോധിക്കാം.

നമുക്ക് ചെയ്യാവുന്നത്

രോഗവ്യാപനം തടയുന്നതൊടൊപ്പം നമ്മുടെ രാജ്യത്തെ ശക്തിപ്പെടുന്നതിനുള്ള അവസരമാക്കി നമുക്ക് ഈ കൊറോണക്കാലത്തെ മാറ്റാം. അതിനായി ഓരോ മേഖലയിലും ഇനി പറയുന്ന കാര്യങ്ങൾ ചെയ്യാവുന്നതാണ്.

1. ആരോഗ്യ ശീലം ആരോഗ്യം സമ്പത്താണ്. ആരോഗ്യമുള്ള ജനതയെയാണ് നമുക്ക് ആവശ്യം. പക്ഷേ ഇപ്പോൾ വിഷം കലർത്തിയാണ് നമുക്ക് എല്ലാ ഭക്ഷ്യവസ്തുക്കളും ലഭിക്കുന്നത്. പഴങ്ങളിലും പച്ചക്കറികളിലും എന്റോസൾഫാൻ പോലുള്ള രാസവസ്തുക്കളാണ് ചേർക്കുന്നത്.ഇതെല്ലാം നമ്മുടെ ശരീരത്തിന് വളരെയധികം ദോഷകരമാണ്.ഇതിനെ ചെറുത്തുനിർത്താൻ നമുക്കാവുന്ന ചിലകാര്യങ്ങൾ....

   • പഴങ്ങളും പച്ചക്കറികളും പരമാവധി കഴുകി ഉപയോഗിക്കുക.
   • കഴിവതും വീട്ടിൽ തന്നെ പഴങ്ങളും പച്ചക്കറികളും നട്ടുവളർത്തി അത് ഉപയോഗിക്കുക.
   • എല്ലാ വീടുകളിലും പച്ചക്കറിത്തോട്ടം നിർമ്മിക്കുക.

2. ലഹരി ഉപയോഗം ലഹരി മരുന്നുകൾ ഉപയോഗിക്കുന്നതും, അത് വിൽക്കുകയും ചെയ്യുന്നത് ശിക്ഷാർഹമാണ്.ലഹരി മരുന്നുകൾ അത് ഉപയോഗിക്കുന്ന ആളെ മാത്രമല്ല ഒരു സമൂഹത്തെയും നശിപ്പിക്കുന്നു.ഈ ലഹരി മരുന്നുകൾ പല മാർഗ്ഗങ്ങളിലൂടെ കുട്ടികളിലേക്കും എത്തുന്നത് വളരെ വിഷമകരമായ ഒന്നാണ്. ഇതിനെതിരെ നമുക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ....

   • ലഹരി മരുന്നുകൾ ഉപയോഗിക്കുകയോ കൊടുക്കുകയോ ചെയ്യാതിരിക്കുക.
   • ലഹരിക്കെതിരായ ബോധവത്കരണ ക്ലാസ്സുകളെ പ്രോത്സാഹിപ്പിക്കുക.
   • ലഹരി ഉപയോഗിക്കുന്നവരെ ഒറ്റപ്പെടുത്തുക. കൗൺസിലിംഗ് നൽകുക. 

3. ശുചിത്വബോധം കൊറോണക്കാലത്തിനുശേഷവും ശുചിത്വബോധം നമുക്കുണ്ടാവണം. വ്യക്തിശുചിത്വത്തോടൊപ്പം പരിസര ശുചിത്വത്തിനും പ്രാധാന്യം നൽകണം. നമ്മുടെ രാജ്യത്തെ മാലിന്യമുക്തമാക്കി മാറ്റേണ്ടത് നമ്മുടെ കടമയാണ്. മാലിന്യം തുടച്ചു നീക്കി നമ്മുക്ക് ഇന്ത്യയെ ശുചിത്വമുള്ളതാക്കാം. ഇതിലൂടെ പല പല രോഗങ്ങൾ നമുക്ക് ഒഴിവാക്കാം.

   • വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
   • വീട്ടിലുള്ള ജൈവ മാലിന്യങ്ങൾ കമ്പോസ്റ്റിലോ ബയോ ഗ്യാസ് പ്ലാന്റിലോ നിക്ഷേപിക്കുക
   • പൊതുവഴികളിൽ മാലിന്യങ്ങൾ നിക്ഷേപിക്കാതിരിക്കാം. അങ്ങനെ ചെയ്യുന്നവർക്ക് കർശനശിക്ഷ നൽകുക.

4. സ്ത്രീ സുരക്ഷ സ്ത്രീകൾക്കെതിരെ ഇന്ന് നമ്മുടെ രാജ്യത്ത് വളരെയധികം അക്രമങ്ങൾ നടകുന്നുണ്ട്. ഇതിനെതിരെ നമുക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ....

   • സ്ത്രീകളെ ബഹുമാനിക്കുന്ന ശീലം വളർത്തിയെടുക്കണം. 
   • സ്ത്രീ ശാക്തീകരണ പരിപാടികളെ പ്രോത്സാഹിപ്പിക്കുക.
   • സ്ത്രീപുരുഷ വ്യത്യാസമില്ലാതെ ജോലികൾ ചെയ്യുക.

5. സോഷ്യൽ മീഡിയ ഇന്ന് ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന മാധ്യമമാണ് സോഷ്യൽ മീഡിയ. പക്ഷെ, ഇത് സാമൂഹിക വിരുദ്ധർ അവരുടെ താവളമാക്കിയിരിക്കുകയാണ്. ഇവർ വ്യാജ വാർത്തകളും ചിത്രങ്ങളും അപ്ലോഡ് ചെയ്യുന്നു. വൈറസിനേക്കാൾ വേഗത്തിൽ പടരുന്ന ഒന്നാണ് വ്യാജ വാർത്തകൾ. ഇത്തരം സൈബർ ക്രിമിനൽസിനെതിരെ നടപടിയുണ്ടാവണം. ഇവ നിയന്ത്രിക്കാൻ നമുക്ക് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ....

   • വ്യാജ വാർത്തകളുെ മറ്റും ഷെയർ ചെയ്യാതിരിക്കുക.
   • ഇത്തരം പ്രവൃത്തികൾ പ്രോത്സാഹിപ്പിക്കാതിരിക്കുകയും, ഇവർക്കെതിരെ പ്രവർത്തിക്കുകയും ചെയ്യുക.
   • സൈബർ ക്രൈമിനെ പറ്റിയുള്ള ബോധവത്കരണ ക്ലാസ്സുകളെ പ്രോത്സാഹിപ്പിക്കുക.
     

ആരോഗ്യവും വിദ്യാഭ്യാസവുമുള്ള ജനതയാണ് മഹത്തായ രാഷ്ട്രത്തെ കെട്ടിപ്പടുക്കുന്നതിന് അടിസ്ഥാനം. കേരളത്തിലെ ഇത്തരം സംവിധാനങ്ങൾ ഏറ്റവും ശക്തമായതുകൊണ്ടാണ് നമുക്ക് രോഗവ്യാപനം തടയാൻ കഴിയുന്നതും ലോകത്തിൽ ഒന്നാം നമ്പർ ആകാൻ കഴിയുന്നതും.ഇത്തരം മാതൃകകൾ ശക്തിപ്പെടുത്തിക്കൊണ്ട് മികച്ച രാഷ്ട്രമായി ഇന്ത്യയ്ക്ക് മാറാൻ കഴിയും.

അഭിനവ് ബി
9 G എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം